ആരഹോ ഹരിദാസവിപ്രിയ
ശ്ലോകം
സംഗ്രാമോത്ഭടദൈത്യപുംഗവചമൂചക്രച്ഛിദാലമ്പടം
ചക്രം ചക്രകുടുംബബാന്ധവഘനജ്യോതിച്ഛടാ ഡംബരം
സന്ദിഷ്ടം നൃപരക്ഷണായ ഹരിണാ ദുർവാസസാ നിർമ്മിതാം
നിർമ്മാന്തീം ജഗദട്ടഹാസമുഖരം ബാധാ ബബാധേതരാം
പദം
ആരഹോ ഹരിദാസവിപ്രിയ മാചരിപ്പതിനിന്നിഹ
ഘോരവീര്യ മദേന മാമവിചാര്യ ഝടിതി അടുത്തതും
പ്രളയദിനകര നികര രുചിഭര ഭാസുരാരഹുതാശനേ
വിലയമവനുപയാതി ലോല പലാലകുലമതു പോലവേ
പുണ്ഡരീകദളാക്ഷനുടെ ഭുജദണ്ഡമണ്ഡിതമായുധം
ചണ്ഡവിമത ശിരോധിഷണ്ഡക ദുഷ്ണശോണിതരൂഷിതം
ഖണ്ഡപരശു വിധാതൃമുഖസുര മണ്ഡലേന നിഷേവിതം
ഖണ്ഡയതി തവ കണ്ഠമിഹ വിസകാണ്ഡഖണ്ഡമതറിക നീ.
സംഗ്രാമോത്ഭടദൈത്യപുംഗവ:- യുദ്ധത്തിൽ പരാക്രമികളായ അസുരശ്രേഷ്ഠന്മാരുടെ സേനാസമൂഹത്തെ നശിപ്പിക്കുന്നതിൽ സാമർത്ഥ്യമുള്ളതായും സൂര്യന്റെ കടുത്ത പ്രകാശപ്രസരത്തിനൊപ്പം തീഷ്ണമായും രക്ഷയ്ക്കായി അംബരീഷരാജാവിന് മഹാവിഷ്ണുവിനാൽ നൽകപ്പെട്ടതായുമിരിക്കുന്ന സുദർശനചക്രം ദുർവ്വാസാവിനാൽ സൃഷ്ടിക്കപ്പെട്ടവളും അട്ടഹാസംകൊണ്ട് ലോകത്തെ മുഴക്കുന്നവളുമായ ആ കൃത്യയെ ഏറ്റവും ഉപദ്രവിച്ചു.
ആരഹോ ഹരിദാസവിപ്രിയ:- എന്നെ വിചാരിക്കാതെ വിഷ്ണുദാസനെ ഉപദ്രവിക്കുവാനായി അഹങ്കാരത്തോടെയും ഘോരവീര്യത്തോടേയും പാഞ്ഞടുത്തതാര്? അവൻ പ്രളയകാലസൂര്യന്റെ തേജസ്സോടുകൂടിയ ചക്രമുനകളിലെ അഗ്നിയിൽ വൈക്കോൽത്തുരുമ്പുപോലെ നശിച്ചുപോകും. മഹാവിഷ്ണുവിന്റെ ബലിഷ്ഠമായ കരത്തിൽ കറങ്ങുന്നതും ക്രൂരന്മാരായ ശത്രുക്കളുടെ കഴുത്തുകളിൽനിന്നും ഒഴുകുന്ന ചുടുരക്തം പുരണ്ട് നിറംമാറ്റം വന്നതും ബ്രഹ്മാവ്, മഹേശ്വരൻ തുടങ്ങിയ ദേവസമൂഹത്താൽ സേവിക്കപ്പെടുന്നതുമായ ചക്രായുധം താമരത്തണ്ടുമുറിക്കുന്നതുപോലെ ഉടനെ നിന്റെ കഴുത്തറുക്കുമെന്ന് അറിയുക.
ശ്ലോകം കൊട്ടിക്കലാശിക്കുന്നതോടെ പിന്നിലെ തിരനീക്കി സുദർശ്ശനം പ്രത്യക്ഷനാകുന്നു. ഇരുകൈകളിലും എരിയുന്ന പന്തങ്ങളുമായി എടുത്തുകലാശത്തോടെ മുന്നോട്ടുവരുന്ന സുദർശനം 'അഡ്ഡിഡ്ഡിക്കിട'വെച്ചുനിന്ന് അംബരീഷനെ ഉപദ്രവിക്കാൻ തുനിയുന്ന കൃത്യയെ കണ്ട്, കോപത്തോടെ എതിർക്കുന്നു. സുദർശനത്തെ കണ്ട്, വണങ്ങിയശേഷം അംബരീഷൻ പിന്നോട്ടുമാറി നിഷ്ക്രമിക്കുന്നു. 'നോക്കിക്കോ' എന്നുകാട്ടി നാലാമിരട്ടിയെടുത്ത് കലാശിച്ചിട്ട് സുദർശനം പദത്തിന് ചുവടുവയ്ക്കുന്നു.
ശേഷം ആട്ടം-
പദം കലാശിക്കുന്നതോടെ സുദർശനം കൃത്യയെ നേരിടുന്നു. കുറച്ചുസമയം എതിർത്തുനോക്കുന്നു. എങ്കിലും സുദർശനത്തിന്റെ അസഹ്യമായ ചൂടേറ്റ് എരിപൊരികൊണ്ട് കൃത്യ വീണുചാകുന്നു. ഈ സമയത്ത് വലതുഭാഗത്തുകൂടി പ്രവേശിക്കുന്ന ദുർവ്വാസാവ് കൃത്യയുടെ നാശം കണ്ട്, അത്ഭുതപ്പെട്ട് നിൽക്കുന്നു. കൃത്യയെ നശിപ്പിച്ചശേഷം സുദർശനം 'അഡ്ഡിഡ്ഡിക്കിട'വെച്ചുനിന്ന് ദുർവ്വാസാവിനെ കണ്ട്, അദ്ദേഹത്തിന്റെനേരെ ചെല്ലുന്നു.
ദുർവ്വാസാവ്:(ചൂടുസഹിക്കായ്കയാൽ ക്ഷോഭിച്ച്)'പോ, പോ'
തന്റെ ആജ്ഞ വകവെയ്ക്കുന്നില്ലെന്നുകണ്ട് അരിശം മുഴുത്ത് 'എന്നാൽ കാണട്ടെ' എന്നഭാവത്തിൽ കൈകെട്ടിനിൽക്കുന്നു. ചൂട് സഹിക്കാനാവാതെവരുമ്പോൾ ദുർവ്വാസാവ് സുദർശനത്തെ ശപിക്കുന്നു. ശാപവും ഏൽക്കുന്നില്ല എന്നുകാണുന്നതോടെ ദുർവ്വാസാവിന്റെ വാശിയും ശുണ്ഠിയും ഇല്ലാതാകുന്നു. ചൂടും ഒപ്പം ഭയവും ഏറിവരുന്നതിനാൽ ദുർവ്വാസാവ് ഇരുവശങ്ങളിലേയ്ക്കും ഒഴിഞ്ഞുമാറുന്നു.
ദുർവ്വാസാവ്:(കൈകൂപ്പി തൊഴുതിട്ട്)'അരുതേ, അരുതേ'
തൊഴുത് ഏത്തമിട്ടിട്ടും സുർശനം തന്നെവിട്ടുമാറുന്നില്ല എന്നുകണ്ട് പ്രാണഭയത്താൽ ഓടി ദുർവ്വാസാവ് ഇടതുഭാഗത്തുകൂടി നിഷ്ക്രമിക്കുന്നു. ദുർവ്വാസാവിനെ പിന്തുടർന്നോടുന്ന സുദർശ്ശനവും പുറകെ നിഷ്ക്രമിക്കുന്നു.