ഉത്തമപുമാനുടയ ഹസ്തതലമുക്തനായ്
പദം
ഉത്തമപുമാനുടയ ഹസ്തതലമുക്തനായ്
എത്രയും രണശിരസി വിലസുന്ന നീ
മത്തരിപു ഗളഗളിത രക്തരക്താകൃതേ
പ്രത്യുഷസി സമുദിതവികർത്തനൻ പോലെ
ജയ ജയ രഥാംഗവര! ദീനബന്ധോ!
ദുഗ്ദ്ധാബ്ധിമദ്ധ്യമതിൽ മുഗ്ദ്ധാഹിവരശയനം
അദ്ധ്യാസിതനായ പത്മനാഭൻ
ബദ്ധാദരമെന്നിൽ പ്രീതനെന്നാകിലിന്നു
അത്രിതനയൻ താപമുക്തനാകും
വിഷ്ണുഭഗവാന്റെ കൈത്തലത്തിൽനിന്നും അയയ്ക്കപ്പെട്ട് യുദ്ധക്കളത്തിൽ അഹങ്കാരികളായ ശത്രുക്കളുടെ കഴുത്തിൽനിന്നും ഒഴുകുന്ന രക്തംകൊണ്ട് തുടുത്ത ആകൃതിയോടുകൂടിയവനേ, പ്രഭാതത്തിലെ ഉദയസൂര്യനെപ്പോലെ ഏറ്റവും ശോഭിക്കുന്നവനേ, പാലാഴിമദ്ധ്യത്തിൽ മനോഹരമായ സർപ്പമെത്തയിൽ വസിക്കുന്ന വിഷ്ണുഭഗവാൻ എന്നിൽ ഏറ്റവും സന്തുഷ്ടനാണെങ്കിൽ ഇപ്പോൾ ദുർവ്വാസാവ് ദുഃഖം ഒഴിഞ്ഞവനാകും.
ഉത്തമപുമാനുടയ ഹസ്തതലമുക്തനായ്:- പദം കലാശിച്ച് അംബരീഷൻ കൈകൾകൂപ്പി കണ്ണുകളടച്ച് പ്രാർത്ഥിക്കുന്നു. സുദർശനം പിന്നിലേയ്ക്കുമാറി നിഷ്ക്രമിക്കുന്നു. അതുകണ്ട് ദുർവ്വാസാവ് ആശ്ചര്യപ്പെടുകയും ആശ്വസിക്കുകയും ചെയ്തിട്ട് പദം അഭിനയിക്കുന്നു.