മതി ചൂതുചതുരംഗവും

താളം: 
കഥാപാത്രങ്ങൾ: 
മതി ചൂതുചതുരംഗവും; രാക്ഷസരെന്തു
ചതിയോ ചൊന്നതു നേരോ?
 
ക്ഷിതിയിലുള്ളൊരു നാരി അതിരൂപിണി - എന്നാലും
ത്രിദശവാസികൾക്കേവം രതി വന്നതതികുതുകം
മരിച്ചുപോയ്‌ മഹാലക്ഷ്മി മനുഷ്യഭുവനേ ചെന്നു
ജനിച്ചാളല്ലയോ എന്നു നിനച്ചാലുണ്ടവകാശം.
 
തനിച്ച നിദ്ര കണ്ടേറ്റം അനിച്ഛ വന്നിതു വിഷ്ണൗ,
ഗുണജ്ഞയ്ക്കില്ലനർഗ്ഗളം ഇണക്കം നിർവ്വികാരനിൽ

 

അർത്ഥം: 

ചൂതും ചതുരംഗവും മതി. രാക്ഷസർ പറഞ്ഞത് നുണയോ സത്യമോ? ഭൂമിയിൽ ഉള്ള ഒരു സ്ത്രീ ഏറെ സുന്ദരി എങ്കിലും ദേവന്മാർക്ക് ഇങ്ങനെ പ്രേമം വന്നതിൽ കൗതുകം ഏറ്റവും ഉണ്ട്. മഹാലക്ഷ്മി മരിച്ച് പോയി മനുഷ്യകുലത്തിൽ ജനിച്ചവൾ ആണോ ആ സുന്ദരി എന്ന് സംശയിക്കാൻ അവകാശമുണ്ട്. വിഷ്ണു എപ്പോഴും ഉറക്കമാണെന്നതിനാൽ വിഷ്ണുവിൽ ഇഷ്ടക്കേട് തോന്നി(യിട്ടുണ്ടാകാം മഹാലക്ഷ്മിയ്ക്ക്). ഗുണങ്ങളെ അറിയാങ്കഴിവുള്ള ഒരു സ്ത്രീയ്ക്ക് വികാരരഹിതനായ പുരുഷനിൽ ഇഷ്ടം തോന്നുകയില്ലല്ലൊ.