സാനന്ദം നടന്നു മന്ദം ഗാന്ദിനീ നന്ദനൻ
രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
വിക്രാന്തം യുധി ശുക്രശിഷ്യമഹിതം ഹത്വാ തുരംഗാകൃതീം
ശക്രാദ്യൈർനിജമന്ദിരം ഗതവതി പ്രസ്തൂയമാനേ ഹരൗ
അക്രൂരസ്ത്വഥ ചക്രപാണിചരണാംഭോജം പരം ഭാവയൽ
നിഷ്ക്രാമത് പുളകാവൃതാഞ്ചിത തനു ഭക്ത്യാ പ്രതസ്ഥേ മുദാ
സാനന്ദം നടന്നു മന്ദം ഗാന്ദിനീ നന്ദനൻ പര-
മാനന്ദ മൂർത്തിയെ മുദാ ചിന്ത ചെയ്തു
കണ്ടാലാനന്ദമുണ്ടാകും കൊണ്ടൽവർണ്ണരാമന്മാരെ
കണ്ടിടാമഹോ നിതരാം ശോഭനം ഭജേ
ചഞ്ചലമണികുണ്ഡല പുഞ്ചിരി കടാക്ഷങ്ങളാ-
ലഞ്ചിതമാം തിരുമുഖം കണ്ടീടുന്നേൻ
ഗോപികാകുചകുങ്കുമശോഭിതമാം തിരുമാറും
ശോഭന കടീതടവും കണ്ടീടുന്നേൻ
ഈശാനവിരിഞ്ചവൃന്ദാരേശവന്ദിതങ്ങളാകും
കേശവപാദയുഗളം കണ്ടീടുന്നേൻ
ദുർമ്മതി കംസൻ നമുക്കു നന്മയത്രേ ചെയ്തു നൂനം
ചിൻമയനെ കാൺമാറായി നന്ദിയോടെ
അക്രൂരവന്നാലുമെന്നു തൃക്കൈകൊണ്ടുപിടിച്ചെന്നെ
സൽക്കരിച്ചങ്ങിരുത്തീടും പുഷ്കരാക്ഷൻ
ഏവമോർത്തു ഗോകുലത്തിൽ വേഗമോടു ചെന്നനേരം
ദേവദേവന്മാരെക്കണ്ടു കൈവണങ്ങിനാൻ
അർത്ഥം:
ശ്ലോകസാരം:-ശുക്രാചാര്യരുടെ ശിഷ്യപ്രമുഖനും കുതിരയുടെ രൂപംധരിച്ചെത്തിയവനുമായ കേശിയെ ഘോരയുദ്ധത്തിൽ വധിച്ചിട്ട് ഇന്ദ്രാദികളാല്‍ സ്തുതിയ്ക്കപ്പെട്ട് ശ്രീകൃഷ്ണൻ സ്വഗൃഹത്തിലേയ്ക്ക്പോയി. ആ സമയത്ത് അക്രൂരന്‍ ഭക്തിപൂർവ്വം വിഷ്ണുപാദപത്മങ്ങളെ ധ്യാനിച്ചുകൊണ്ട് പുളകാവൃതനായി സന്തോഷത്തോടെ അമ്പാടിയിലേയ്ക്ക് പുറപ്പെട്ടു.
പദസാരം:-ഗാന്ദിനീനന്ദനനായ അക്രൂരൻ ആനന്ദത്തോടുകൂടി മെല്ലെ സഞ്ചരിച്ചുകൊണ്ട് സന്തോഷപൂർവ്വം ആനന്ദമൂർത്തിയായ ശ്രീകൃഷ്ണനെ ചിന്തിച്ചു. ഹോ! ആനന്ദമുണ്ടാക്കുന്നവരായ ശ്രീകൃഷ്ണബലരാമന്മാരെ ഇന്ന് കാണാം. ഏറ്റവും ശുഭമായതിനെ ഭജിക്കുന്നു. ചലിക്കുന്ന രത്നകുണ്ഡലങ്ങളാലും, പുഞ്ചിരിയാലും, കടാക്ഷത്താലും ശോഭിക്കുന്നതായ ആ തിരുമുഖം കാണുന്നുണ്ട്. ഗോപികകളുടെ കുചങ്ങളിലെ കുങ്കുമത്താൽ ശോഭിക്കുന്നതായ തിരുമാറും, ശോഭനമായ കടീതടവും കാണുന്നുണ്ട്. ശിവനാലും, ബ്രഹ്മാവിനാലും, ഇന്ദ്രനാലും വന്ദിക്കപ്പെടുന്നവയായ ശ്രീകൃഷ്ണപാദങ്ങളും കാണുന്നുണ്ട്. ദുർമ്മനസ്സായ കംസൻ തീർച്ചയായും എനിക്ക് നന്മയാണ് ചെയ്തത്. അതിനാൽ ആനന്ദസ്വരൂപനായ ശ്രീകൃഷ്ണനെ സുഖമായി കാണുവാൻ സംഗതിയായി. 'അക്രൂരാ, വന്നാലും' എന്നുപറഞ്ഞ് തൃക്കൈകൊണ്ട് പിടിച്ചിരുത്തി ആ താമരക്കണ്ണൻ എന്നെ സൽക്കരിക്കും. ഇപ്രകാരം ചിന്തിച്ചുകൊണ്ട് ഗോകുലത്തിൽ ചെന്നസമയത്ത് ദേവദേവന്മാരെ കണ്ട് അക്രൂരൻ വേഗത്തിൽ കൈവണങ്ങി.
അരങ്ങുസവിശേഷതകൾ:
രംഗമദ്ധ്യത്തിൽ ചമ്മട്ടിയേന്തി രഥം തെളിക്കുന്ന ഭാവത്തിൽ നിൽക്കുന്ന അക്രൂരൻ സഞ്ചാരത്തിനിടയിൽ ചിന്തിക്കുന്നതായി പദം അഭിനയിക്കുന്നു.
ശേഷം ആട്ടം:-
ഗോകുലത്തിൽ എത്തിയതായി ഭാവിച്ച് അക്രൂരൻ രഥത്തിൽ നിന്നും താഴെയിറങ്ങുന്നു.
അക്രൂരൻ:(പുളകം നടിച്ചിട്ട്)'ഈ പുണ്യഭൂമിയിൽ സ്പർശിച്ചപ്പോൾത്തന്നെ ആനന്ദം വർദ്ധിക്കുന്നു.' ('അഡ്ഡിഡ്ഡിക്കിട'ചവുട്ടിനിന്ന്, കാളിന്ദിയെ കണ്ടിട്ട്)'ഭഗവാൻ ശ്രീകൃഷ്ണനും കൂട്ടുകാരും നിത്യവും ക്രീഡകൾ ചെയ്യുന്നതായ ഈ കാളിന്ദീനദി ഗംഗയേക്കാൾ പുണ്യവതിയാണ്.'
അക്രൂരൻ യമുനയിലിറങ്ങി ജലം കോരി ശരീരത്തിൽ തളിച്ച് കോൾമയിർകൊണ്ടിട്ട് 'അഡ്ഡിഡ്ഡിക്കിട'വെച്ച് മുന്നോട്ടുനീങ്ങവെ മധുരമായി ഗാനം ചെയ്യുന്ന കുയിലുകളാലും, മനോഹരമായി നൃത്തംവയ്ക്കുന്ന മയിലുകളാലും ശോഭിക്കുന്ന ഗോവർദ്ധനപർവ്വതം കണ്ട് വന്ദിക്കുന്നു. വീണ്ടും 'അഡ്ഡിഡ്ഡിക്കിടചവുട്ടി മുന്നോട്ട് നീങ്ങുന്ന അക്രൂരൻ പശുക്കളുടെ കൂട്ടങ്ങളേയും, കൃഷ്ണസ്തുതികൾ പാടിക്കൊണ്ട് ഒരോരോ പ്രവർത്തികളിൽ ഏർപ്പെട്ടിരിക്കുന്നവരായ ഗോപസ്ത്രീകളേയും കാണുന്നു.
അക്രൂരൻ:'ഈ കൃഷ്ണസ്തുതികൾ കേട്ടതോടെതന്നെ ഞാൻ പുണ്യവാനായിത്തീർന്നിരിക്കുന്നു. ഇനി ഭഗവാനെ ഒന്ന് ദർശ്ശിക്കുകകൂടി കഴിഞ്ഞാൽ ഞാൻ ഏറ്റവും ധന്യനായിതീരും.'
'അഡ്ഡിഡ്ഡിക്കിട'വെച്ച് വീണ്ടും മുന്നോട്ടുനിങ്ങവെ അക്രൂരൻ മണ്ണിൽ പതിഞ്ഞുകിടക്കുന്ന കാൽപ്പാദങ്ങൾ ശ്രദ്ധിക്കുന്നു. താമര, യവം, അംകുശം മുതലായ ചിഹ്നങ്ങൾ കണ്ട്, ഇത് ശ്രീകൃഷ്ണഭഗവാന്റെ കാൽപ്പാടുകൾ തന്നെയാണന്ന് മനസ്സിലാക്കുന്ന അക്രൂരൻ ആ പാദരേണുക്കൾ ശിരസ്സിലണിഞ്ഞ് ആനന്ദതുന്തിലനായിത്തീരുന്നു. വീണ്ടും 'അഡ്ഡിഡ്ഡിക്കിട' ചവുട്ടിനിന്ന് അക്രൂരൻ മുന്നിലായി നന്ദഭവനവും, അവിടെ ഗോക്കൾക്കൊപ്പം നിൽക്കുന്ന രാമകൃഷ്ണന്മാരേയും ദർശ്ശിക്കുന്നു.
അക്രൂരൻ:'ഇനി വേഗം നന്ദഭവനത്തിലേയ്ക്ക് കടന്നുചെന്ന് ആ ദേവദേവന്മാരെ വണങ്ങുകതന്നെ.'
നാലാമിരട്ടിയെടുത്ത് കലാശിച്ചിട്ട് അക്രൂരൻ ആനന്ദഭാവത്തിൽ പിന്നിലേയ്ക്കു് കാൽകുത്തിമാറി നിഷ്ക്രമിക്കുന്നു.
-----(തിരശ്ശീല)-----
[അക്രൂരൻ ഗോകുലത്തിലെത്തി കാഴ്ച്ചകൾ കാണുന്നതായ ഈ ആട്ടം അഞ്ചാം രംഗത്തിന്റെ അന്ത്യത്തിൽ കാണിക്കുകയും, ഇവിടെ പദത്തിന്റെ ഒടുവിൽ വലത്തുഭാഗത്തായി തിരശ്ശീല താഴ്ത്തി രാമകൃഷ്ണന്മാർ പ്രത്യക്ഷരാകുകയും, അങ്ങിനെ ഇവിടെവെച്ച് ഏഴാം രംഗം തിരശ്ശീലയും ശ്ലോകവും ഒഴിവാക്കി എട്ടാം രംഗത്തിലേയ്ക്ക് സംക്രമിക്കുകയും ചെയ്യുന്ന ഒരു അവതരണസമ്പ്രദായം നിലവിലുണ്ട്.]