മാനിനിമാരടികൂപ്പും ഭാമിനിമാർ നിങ്ങൾ
രാഗം:
താളം:
കഥാപാത്രങ്ങൾ:
തദനു മദനരൂപം ഭിക്ഷുമക്ഷീണഭാവം
ഹരിസുതമിതി ബുദ്ധ്വാ ഭദ്രയാ സംസ്മൃതോസൗ
ഹരിരഥ പരിതുഷ്ടഃ സോദരീ ചേഷ്ടിതം തൽ
രഹസി മധുരമുചേ വല്ലഭേ മല്ലവൈരിഃ
മാനിനിമാരടികൂപ്പും ഭാമിനിമാർ നിങ്ങൾ
സാദരം ശ്രവിച്ചീടേണം സോദരീചരിതം
നമ്മുടെ നഗരേ വാഴും ധന്യനാം സംന്യാസി
കന്യയോടു പരമാർത്ഥം ചൊന്നാനിന്നുതന്നെ
"ഭിക്ഷുവല്ല മല്ലനത്രേ! ഭീമസേനൻ തന്റെ
സോദരൻ ഞാനെന്നറിക മാധവനറിഞ്ഞു;
മുല്ലബാണൻ കൊല്ലും മുൻപെ ഗാന്ധർവ്വ വിവാഹമിപ്പോൾ
തന്നെ ചെയ്ക"എന്നു നിർബന്ധിക്ക മൂലം
ബാലയും വിവശയായെന്നെ നിനക്കുന്നു
പാണ്ഡവനും പാകാരിയെചിന്തിക്കുന്നുവല്ലോ
പാകാശസനനും സുരവൃന്ദമശേഷവും
മല്പുരേ വന്നിറങ്ങീടും ദേവ നാരിമാരും
ഇപ്പോൾ തന്നെ ഗമിക്കേണം
ബോധിപ്പിക്ക നിങ്ങൾ
താതനോടും മാതാവോടും ഗൂഢമാകുംവണ്ണം
അർത്ഥം:
ശ്ലോകസാരം:-കാമസുന്ദരനും ഊർജസ്വലനുമായ സന്യാസി അർജ്ജുനനാണെന്നറിഞ്ഞ സുഭദ്ര ശ്രീകൃഷ്ണനെ മനസ്സുകൊണ്ട് ശരണം
പ്രാപിച്ചു. സന്തുഷ്ടനായ ശ്രീകൃഷ്ണൻ സോദരിയുടെ അവസ്ഥയെപറ്റിയറിഞ്ഞ് രഹസ്യമായി ഭാര്യയോട് പറഞ്ഞു.
പദസാരം:- സുന്ദരിമാർ പാദം വന്ദിക്കുന്ന പത്നിമാരായ നിങ്ങൾ സഹോദരിയുടെ വർത്തമാനം വഴിപോലെ കേട്ടാലും. നമ്മുടെ ഗൃഹത്തിൽ താമസിക്കുന്നതായ, യോഗ്യനായ ആ സന്യാസി കന്യകയോട് (സുഭദ്രയോട്) "ഞാൻ സന്യാസി അല്ല, താമരക്കണ്ണീ (സംബോധന). ഭീമസേനന്റെ അനുജൻ (അർജ്ജുനൻ) ആണ്. ഈക്കാര്യം ശ്രീകൃഷ്ണൻ അറിഞ്ഞിരിക്കുന്നു" എന്ന സത്യം പറഞ്ഞു. കാമദേവൻ കൊല്ലുന്നതിനു മുൻപ് ഗന്ധർവ വിവാഹം വേഗം ചെയ്യുക എന്ന് നിർബന്ധിക്കുന്നത് മൂലം സുഭദ്രയും വിവശയായി എന്നെത്തന്നെ ധ്യാനിച്ചിരിക്കുകയുമാണ്. അർജുനൻ ഇന്ദ്രനേയും സ്മരിക്കുന്നുണ്ട്. ഇന്ദ്രാദിദേവകൾ എല്ലാം ഇപ്പോൾ എത്തും. ആയതിനാൽ ഇപ്പോൾ തന്നെ ദ്വാരകയിലേക്ക് പോകേണം. അച്ഛനേയും അമ്മയേയും നിങ്ങൾ രഹസ്യമായി വിവരങ്ങൾ എല്ലാം അറിയിക്കേണം.
അരങ്ങുസവിശേഷതകൾ:
തിരശ്ശീല നീങ്ങുമ്പോൾ രുഗ്മിണി (ഇടത്ത്), സത്യഭാമ (വലത്ത്) എന്നിവരുടെ കൈകൾ തന്റെ മാറോടു ചേർത്തു കോർത്തുപിടിച്ച്, ശൃംഗാരഭാവത്തിൽ നേരെ നോക്കി, കാല്പരത്തി താണു നിന്നുകൊണ്ട് ശ്രീകൃഷ്ണൻ പ്രവേശികുന്നു. പിന്നീട് "കിടതകധീം, താം" (32 മാത്ര) എന്ന എണ്ണത്തോടൊപ്പം വലം ഇടം ഭാഗങ്ങളിലേക്ക് സാവധാനത്തിൽ ഭംഗിയായി ഉലഞ്ഞുനിവർന്ന് വലം ഇടം കാലുകൾ മുന്നോട്ടു തൂക്കി വച്ച് പത്നിമാരെ യഥാക്രമം വലം ഇടം ഭാഗങ്ങളിലേക്ക് വിട്ടു നിർത്തി ഇടം കോണിലേക്കു തിരിഞ്ഞ് കലാശത്തോടെ വലം കാൽ പരത്തിച്ചവിട്ടുന്നു. ഇതോടെ പദവും നോക്കിക്കാണലും തുടങ്ങുന്നു.
ആദ്യം രുഗ്മിണേയും പിന്നെ അതുപോലെ അത്യഭാമയേയും നോക്കി കാണുക. മുഖം, പാദം, വീണ്ടും മുഖം ഇങ്ങനെ ഓരോ ഭാഗത്തും നോക്കിക്കാണുവാൻ ഈരണ്ടു താളവട്ടം വേണം. അങ്ങനെ നാലുതാളവട്ടം കൊണ്ട് നോക്കിക്കാണൽ കഴിഞ്ഞ് നേരെ തിരിഞ്ഞു നിന്ന് മുദ്രാഭിനയം തുടങ്ങുക. ഈ പദത്തിലുള്ള വരികളെല്ലാം ഏഴുതാളവട്ടം വീതമുള്ള ചരണങ്ങൾ ആണ്. ഒരു ചരണം നാലുഖണ്ഡമായി മുറിയുന്നു. ആദ്യത്തെ മൂന്നു ഖണ്ഡങ്ങൾ ഈ രണ്ടു താളവട്ടവും നാലാം ഖണ്ഡം ഒരുവട്ടവും ഇരട്ടിക്കുമുമ്പുള്ള കലാശത്തിനു ഒരു വട്ടവും കൂട്ടിയാൽ ഏഴു താളവട്ടം ആകും. പിന്നെ ഒന്നാം ഇരട്ടിക്ക് 2, രണ്ടാം ഇരട്ടിക്ക് 1, മൊന്നാം ഇരട്ടിക്കും കലാശത്തിനും കൂടി 1 - ഇങ്ങനെ ആകെ നാലു താളവട്ടം. ഇപ്രകാരം ഓരോ ചരണത്തിനും ഇരട്ടി, കലാശം എന്നിവയടക്കം ആദ്യന്തം പന്ത്രണ്ട് താളവട്ടം വരുന്നു. ചരണത്തിലെ നാലു ഖണ്ഡങ്ങളുൽ ഒന്നും മൂന്നും രണ്ടു തവണയും ഈരണ്ടു താളവട്ടമായി പാടും. എന്നാൽ രണ്ടും നാലും ഖണ്ഡങ്ങൾ ആദ്യത്തെ തവണ ഒരു താളവട്ടമായും രണ്ടാമത്തെ തവണ മുറിച്ചു രണ്ടുവട്ടമായും പാടുന്നു. ഇത് ചെമ്പടപദങ്ങളുടെ സാമാന്യനിയമമാൺ. ഈ പദത്തിൽ നാലാം ഖണ്ഡം പൊന്നാനിയും ശങ്കിടിയും പാടുന്നത് ഓരോ താളവട്ടം കൊണ്ടാകുന്നു.