ഭീഷിതരിപുനികര
പ.
ഭീഷിതരിപുനികര, നൈഷധ! നീ കേള്‍ക്കവീര!
ഊഴിതന്‍നായകനാം നീ പാഴിലാക്കീടൊല്ലാജന്മം
ചരണം 1
നാഴിക തികച്ചൊരുനാള്‍ വാഴുവേനല്ലൊരേടത്തും
ഏഷണയ്ക്കുനടപ്പന്‍ ഞാന്‍ ഏഴുരണ്ടുലോകത്തിലും.
ചരണം 2
കുണ്ഡിനപുരിയിലുണ്ടു സുന്ദരീ ദമയന്തീതി
കന്യകാരത്ന, മവളില്‍ വൃന്ദാരകന്മാര്‍ക്കും മോഹം.
ചരണം 3
രത്നമെല്ലാം നിനക്കുള്ളൂ, യജ്ഞമേ ദേവകള്‍ക്കുള്ളൂ,
യത്നമേതദര്‍ത്ഥം നൃപസത്തമ, നിനക്കുയോഗ്യം.
പദത്തിന്റെ സാരം: ശത്രുസമൂഹങ്ങളെ ഭയപ്പെടുത്തുന്നവനായ അല്ലയോ നൈഷധാ, ഭൂമീപതിയായ നീ നിന്റെ ജന്മം പാഴിലാക്കരുത്. കുണ്ഡിനപുരിയിൽ ദമയന്തി എന്നു പേരായ ഒരു സുന്ദരിയുണ്ട്. അവളെ ദേവന്മാർ പോലും കൊതിക്കുന്നു. എങ്കിലും ഭൂമിയിലുണ്ടാകുന്ന രത്നങ്ങൾക്ക് അവകാശി നീയാണ്. യജ്ഞഭാഗത്തിനുള്ള അർഹതയേ ദേവന്മാർക്കുള്ളു. അതുകൊണ്ട് അവളെ നേടാനായി യത്നിക്കുക എന്നതാണ് നിനക്കു യോജിച്ച കാര്യം.
നാരദമഹർഷിയെ വന്ദിച്ച് അദ്ദേഹം തന്റെ ഗൃഹത്തിൽ വന്നതു തന്റെ പുണ്യമാണെണെന്നു നളൻ പറയുന്നു. ദേവന്മാർ പോലും ആഗ്രഹിക്കുന്ന ദമയന്തിയെ തനിക്കു ലഭിക്കുമോ എന്ന ഉത്കണ്ഠ പ്രകടിപ്പിക്കുന്നു. ആഗ്രഹം സാക്ഷാത്കരിക്കും എന്നനുഗ്രഹിച്ച് നാരദൻ യാത്രയാകുന്നു.