കോമളസരോജമുഖി
കോമളസരോജമുഖി! മാമകഗിരം കേള്‍ക്ക
എന്നോമല്‍ കരയായ്ക ബാലേ!
പോമഴലിതാശു മേലില്‍ ആമോദകാരണമാം
കാമിതവും വന്നുകൂടും വല്ലഭേ!
പുത്രശവവും കൊണ്ടു ഞാന്‍ തത്ര യാദവസഭയില്‍
സത്വരംചെന്നിദാനീം ആര്‍ത്തനായ് വിലാപിക്കുമ്പോള്‍
അത്തലകറ്റീടുമൊരു വാര്‍ത്തയുണ്ടായതു കേള്‍ക്ക നീ വല്ലഭേ!
ഭുവനപതി മാധവന്റെ ഭഗിനിയുടെ പതിയായ
ഭുവനൈകവീരന്‍ പാര്‍ത്ഥന്‍ ഭവതിയിനി പെറും ഉണ്ണിയെ
അവനംചെയ്തുതരാമെന്നു സവിധ മേത്യ സമയംചെയ്തൂ വല്ലഭേ!
ഇത്ഥം പാർത്ഥപ്രതിജ്ഞാം:
ഇപ്രകാരം അർജ്ജുനൻ ചെയ്ത പ്രതിഞ്ജകേട്ട് ധൈര്യമാർജ്ജിച്ച ബ്രാഹ്മണൻ, ഭാര്യയുടെ ഗർഭം പൂർണമായൽ ഉടൻ ഇവിടെ വന്ന് കൊള്ളാം എന്ന് അർജ്ജുനനോട് പറഞ്ഞ്, സ്വഗൃഹത്തിലെത്തി ദുഃഖവിവശയായ പത്നിയോട് തേനിനേക്കാൾ മധുരമായ വാക്കുകൾ കൊണ്ട് ആശ്വസിപ്പിച്ച് ഇങ്ങനെ പറഞ്ഞു.
പദം:-മൃദുലമായ താമരപ്പൂവിനൊത്ത മുഖത്തോടുകൂടിയവളേ, എന്റെ വാക്കുകൾ കേൾക്കുക. എന്റെ ഓമലാളേ, ബാലികേ, കരയരുത്. വല്ലഭേ, ദുഃഖമെല്ലാം ഉടനെ പോകും. മേലിൽ സന്തോഷകാരണമായ നമ്മുടെ അഗ്രഹവും സാധിക്കും. വല്ലഭേ, പുത്രശവവുംകൊണ്ട് ഞാൻ അവിടെ യാദവസഭയിൽ പെട്ടന്നുചെന്ന് ദുഃഖിതനായി വിലപിക്കുമ്പോൾ ദുഃഖമകറ്റുന്ന ഒരു സംഭവമുണ്ടായത് കേൾക്കു. വല്ലഭേ, ലോകനാഥനായ ശ്രീകൃഷ്ണന്റെ സഹോദരിയുടെ ഭർത്താവും, ലോകൈകവീരനുമായ അർജ്ജുനൻ ഭവതി ഇനി പ്രസവിക്കുന്ന ഉണ്ണിയെ രക്ഷിച്ചുതാരാമെന്ന് എന്റെ മുന്നിൽ വന്ന് സത്യംചെയ്തു.
പ്രസന്നവദനനായി വലതുഭാഗത്തുകൂടി 'കിടതകധീം,താം'മേളത്തിനൊപ്പം പ്രവേശിക്കുന്ന ബ്രാഹ്മണനെ കണ്ട് ഇടത്തുഭാഗത്തായി ദുഃഖഭാവത്തിൽ പീഠത്തിൽ ഇരിക്കുന്ന ബ്രാഹ്മണപത്നി എഴുന്നേറ്റ് കൈകൂപ്പിവന്ദിക്കുന്നു. പത്നിയെ അനുഗ്രഹിച്ച് ആശ്വസിപ്പിച്ചശേഷം ബ്രാഹ്മണൻ പദാഭിനയം ആരംഭിക്കുന്നു.