പാർത്ഥ മമ സഖേ

രാഗം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 

 

പാർത്ഥ മമ സഖേ കോപിക്കരുതേ നീ
കിമർത്ഥം മരിക്കുന്നു നീ
നിന്റെ ചിത്തേ നിരൂപിച്ച കാര്യങ്ങളൊക്കെയും
ഹസ്തേവരുത്തുവൻ ഞാൻ
 
കുണ്ഠത വേണ്ട കുമാരന്മാരൊക്കെയും
ഉണ്ടതി പുണ്യവാന്മാർ ഒരു-
കുണ്ഠത കൂടാത്ത ദിക്കിലിരിക്കുന്നു
കൊണ്ടുപോരാമവരെ ക്ഷണാൽ
അർത്ഥം: 

പാർത്ഥാ, എന്റെ സഖാവേ, കോപിക്കരുതേ. കാര്യമില്ലാതെയാണ് നീ മരിക്കുന്നത്. നിന്റെ മനസ്സിൽ വിചാരിച്ച കാര്യമൊക്കെയും ഞാൻ സാധിപ്പിക്കുന്നുണ്ട്. മൗഢ്യം വേണ്ട. ഏറ്റവും പുണ്യവാന്മാരായ കുമാരന്മാരൊക്കെയും ഒരു ദുഃഖവും ബാധിക്കാത്ത ഒരിടത്തുണ്ട്. നമുക്ക് അവരെ കൊണ്ടുപോരാം.

അരങ്ങുസവിശേഷതകൾ: 
ശേഷം ആട്ടം-
അർജ്ജുനൻ ശ്രീകൃഷ്ണന്റെ കാൽക്കൽ നമസ്ക്കരിക്കുന്നു.
ശ്രീകൃഷ്ണൻ:(അനുഗ്രഹിച്ച്, അർജ്ജുനനെ പിടിച്ച് എഴുന്നേൽപ്പിച്ച് നിർത്തിയിട്ട്)'ഇപ്പോൾ സമാധാനമായില്ലെ?'
അർജ്ജുനൻ:'സ്വാമിൻ, ദുഃഖത്താൽ അന്ധനായിതീർന്ന ഞാൻ പലതും പറഞ്ഞുപോയി. എല്ലാം ക്ഷമിക്കേണമേ'
ശ്രീകൃഷ്ണൻ:'സാരമില്ല. നിന്റെ മനോഗതം എനിക്കറിയില്ലെ? ഇതാ എന്റെ രഥം കൊണ്ടുവന്നിരിക്കുന്നു. വരൂ, നമുക്ക് അതിൽ കയറി വൈകുണ്ഡത്തിലേയ്ക്ക് പോകാം'അർജ്ജുനൻ:'പ്രഭോ, എല്ലാം അവിടുത്തെ കാരുണ്യം പോലെ'
നാലാമിരട്ടിയെടുത്ത് കലാശിക്കുന്നതിനൊപ്പം കൃഷ്ണാർജ്ജുനന്മാർ കൈകോർത്തുപിടിച്ചുകൊണ്ട് ഒരുമിച്ച് രഥത്തിൽ കയറുന്നതായി ഭാവിച്ചിട്ട്, ഇരുവരും സഞ്ചരിക്കുന്നതായി നടിച്ചുകൊണ്ട് പിന്നിലേയ്ക്ക് കാൽകുത്തിമാറി നിഷ്ക്രമിക്കുന്നു.