കുവലയവിലോചനേ

രാഗം: 
താളം: 
കഥാപാത്രങ്ങൾ: 

സുരേന്ദ്രൈസ്സംപ്രീതൈരിഹ സദസി ദത്താനഥ വരാ-
നവാപ്തോ ദുഷ്പ്രാപാൻ നിഷധനൃപതിസ്താം പ്രിയതമാം
മുദാ പാണൗ കൃത്യ ശ്വശുരനഗരാദാത്മനഗരം
ഗതോ രേമേ ഭൈമീം രഹസി രമയംശ്ചാടുവചനൈഃ

പല്ലവി:
 
കുവലയവിലോചനേ, ബാലേ, ഭൈമീ,
കിസലയധാരേ, ചാരുശീലേ,
 
അനുപല്ലവി:
 
നവയൗവനവും വന്നു നാൾതോറും വളരുന്നു
കളയൊല്ലാ വൃഥാ കാലം നീ.
 
ചരണം. 1
 
ഇന്ദ്രാദികളും വന്നു വലച്ചു നമ്മെ,
ഇടയിൽ വന്നിടരെല്ലാം നിലച്ചു,
ഇന്ദുവദനേ, നിന്നെ ലഭിച്ചു, ഇതിനാൽ
എനിക്കു പുരാപുണ്യം ഫലിച്ചു;
ഇനിയോ നിൻ ത്രപയൊന്നേ എനിക്കു വൈരിണീ മന്യേ
തനിയേ പോയതുമൊഴിയാതോ?
 
ചരണം. 2
 
തവ മുഖമഭിമുഖം കാണ്മേൻ, തന്വി,
തളിരൊളിമെയ്യിതൊന്നു പൂണ്മേൻ
ധന്യനായതു ഞാനോ പാർമേൽ, ഏവ-
മൊന്നല്ല മനോരഥം മേന്മേൽ,
എന്നിരിക്കവേ നീയെന്തെന്നിൽ വഹസി വാമ്യം?
ഇതിനാലുണ്ടതിവൈഷമ്യം.
 
ചരണം. 3
 
കലയും കമലയുമെപ്പോലേ തവ
കലയ മാമപി നീയപ്പോലേ.
കുലയുവതികൾമൗലിമാലേ, ശങ്ക
കളക രമിക്ക വഴിപോലേ.
മത്തകോകിലമായൊരുദ്യാനമതിൽ ചെന്നൊ-
രത്തലെന്നിയേവാഴ്ക നാം. 
 
 

അർത്ഥം: 

ശ്ലോകത്തിന്റെ സാരം: ഇന്ദ്രൻ നല്കിയ വരങ്ങൾകൊണ്ട്‌ സന്തുഷ്ടനായ നളൻ, ദമയന്തിയെ പാണിഗ്രഹണം ചെയ്ത്‌ കുണ്ഡിനത്തിൽനിന്ന്‌ നിഷധരാജ്യത്തെത്തി, വിജനത്തിൽ ദയിതയെ പ്രിയവാക്കുകൾകൊണ്ട്‌ രമിപ്പിച്ചു.

സാരം: നീലത്താമരയിതൾ പോലെയുള്ള കണ്ണുകളോടുകൂടിയ ബാലികയായ അല്ലയോ ഭീമരാജപുത്രീ, തളിരുപോലത്തെ അധരങ്ങളുള്ളവളേ, നല്ല ശീലങ്ങളുള്ളവളേ! നവയൗവനവും വന്നു നിന്നിൽ നാൾതോറും വളരുകയാണ്‌. ഇനി വെറുതേ കാലം കളയരുതേ. ഇന്ദ്രാദികൾ വന്നു നമ്മെ വല്ലാതെ വലച്ചുവെങ്കിലും നമുക്കിടയിൽ വന്ന തടസ്സങ്ങളെല്ലാം അവസാനിച്ചു. ചന്ദ്രശോഭയുള്ള മുഖമുള്ളവളേ, നിന്നെ ലഭിച്ചതിനാൽ എനിക്കു പൂർവജന്മപുണ്യം ഫലിച്ചു. ഇനിയോ, നിന്റെ ലജ്ജയൊന്നുമാത്രമാണ്‌ എനിക്കു ശത്രു. അതും തനിയേതന്നെ പോയൊഴിയുകയില്ലേ?

അരങ്ങുസവിശേഷതകൾ: 

ലജ്ജാനമ്രമുഖിയായ ദമയന്തിയുടെ കൈ പിടിച്ചുകൊണ്ട്‌ നളൻ പ്രവേശിക്കുന്നു. ശൃംഗാരഭാവത്തിൽ പ്രിയയെ നോക്കിക്കണ്ട്‌ നളൻ പദമഭിനയിക്കുന്നു.
രണ്ടും മൂന്നും ചരണങ്ങൾ അരങ്ങത്ത് പതിവില്ല.