സാമ്യമകന്നോരുദ്യാനം
കാന്തൻ കനിഞ്ഞു പറയുന്നൊരു ചാടുവാക്യം
പൂന്തേൻതൊഴും മൊഴി നിശമ്യ വിദർഭകന്യാ
ധ്വാന്തം ത്രപാമയമപാസ്യ നിശേന്ദുനേവ
സ്വാന്തർമ്മുദാ പുരവനേ സഹ തേന രേമേ.
പല്ലവി:
സാമ്യമകന്നോരുദ്യാനം എത്രയുമാഭി-
രാമ്യമിതിനുണ്ടതു നൂനം;
അനുപല്ലവി.
ഗ്രാമ്യം നന്ദനവനമരമ്യം ചൈത്രരഥവും
സാമ്യം നിനയ്ക്കുന്നാകിൽ കാമ്യമല്ലിതുരണ്ടും.
ചരണം. 1
കങ്കേളിചമ്പകാദികൾ പൂത്തുനില്ക്കുന്നു,
ശങ്കേ വസന്തമായാതം.
ഭൃംഗാളി നിറയുന്നു പാടലപടലിയിൽ
കിം കേതകങ്ങളിൽ മൃഗാങ്കനുദിക്കയല്ലീ?
ചരണം. 2
പൂത്തും തളിർത്തുമല്ലാതെ ഭൂരുഹങ്ങളിൽ
പേർത്തുമൊന്നില്ലിവിടെക്കാണ്മാൻ,
ആർത്തുനടക്കും വണ്ടിൻചാർത്തും കുയിൽക്കുലവും
വാഴ്ത്തുന്നു മദനന്റെ കീർത്തിയെമറ്റൊന്നില്ല.
ചരണം. 3
സർവ്വർത്തുരമണീയമേതത് പൊന്മയക്രീഡാ-
പർവ്വതമെത്രയും വിചിത്രം;
ഗർവ്വിതഹംസകോകം ക്രീഡാതടാകമിതു,
നിർവൃതികരങ്ങളിലീവണ്ണം മറ്റൊന്നില്ല.
ശ്ലോകസാരം: മധുവാണിയായ ദമയന്തി, പ്രിയതമന്റെ കനിവു കലർന്ന ചാടുവാക്യം കേട്ടിട്ട് ലജ്ജയാകുന്ന ഇരുളിമയെ നീക്കി, രാത്രി ചന്ദ്രനോട് എന്നപോലെ, നളനോടൊത്ത് ഉദ്യാനത്തിൽ ഇരുന്നു രമിച്ചു.
സാരം: ഈ ഉദ്യാനത്തിന് സമമായി മറ്റൊന്നില്ല. ഇന്ദ്രോദ്യാനം ഇതിനുമുന്നിൽ നിസ്സാരം. കുബേരന്റെ ഉദ്യാനത്തിനും ഇത്ര ഭംഗിയില്ല. എതു സ്വീകരിക്കണമെന്നു ചിന്തിക്കുമ്പോൾ ഇവയ്ക്കു രണ്ടിനും ഈ ഉദ്യാനത്തോടു സാദൃശ്യമേയില്ല. അശോകം, ചമ്പകം തുടങ്ങിയവ പൂത്തുനില്ക്കുന്നു. വസന്തം വന്നുവോ എന്നു ഞാൻ ശങ്കിക്കുന്നു. പാതിരിപ്പൂങ്കുലയിൽ വണ്ടുകൾ നിറയുന്നു. കൈതത്തൈകളിൽ ചന്ദ്രൻ ഉദിക്കുകയാണോ? പൂത്തും തളിർത്തുമല്ലാതെ ഇവിടെ ഒരു വൃക്ഷവും കാണാനില്ല. മുരളുന്ന വണ്ടുകളും പാടുന്ന കുയിലുകളും കാമദേവന്റെ കീർത്തിയെ വാഴ്ത്തുകയാണ്. എല്ലാ ഋതുക്കളും ഒത്തുചേർന്ന് രമണീയവും പൊന്മയവുമായ ഈ ക്രീഡാപർവതം വിചിത്രമായിരിക്കുന്നു. ഗർവിതരായ ഹംസങ്ങളും ചക്രവാകങ്ങളും ക്രീഡിക്കുന്ന തടാകം നിർവതീകരമാണ്. ഈ ഉദ്യാനത്തിനു സമമായി മറ്റൊന്നില്ല.