ശിവശിവ എന്തുചെയ്‌വൂ ഞാൻ
ശ്ലോകം
അനക്കം കൂടാതേ നരവരനണഞ്ഞാശു കുതുകാ -
ദനർഘസ്വർണ്ണാഭം ശയിതമരയന്നപ്പരിവൃഢം
ഇണക്കാമെന്നോർത്തങ്ങിതമൊടു പിടിച്ചോരളവിലേ
കനക്കും ശോകം പൂണ്ടവനഥ രുരോദാതികരുണം.
പ.
ശിവശിവ! എന്തുചെയ്‌വൂ ഞാൻ! എന്നെ-
ച്ചതിച്ചു കൊല്ലുന്നിതു രാജേന്ദ്രൻ.
അനു.
വിവശം നിരവലംബം മമ കുടുംബവുമിനി
ച.1
ജനകൻ മരിച്ചു പോയി, തനയൻ ഞാനൊരുത്തനെൻ-
ജനനി തന്റെ ദശയിങ്ങനെ; അപിചമമദയിതാ കളിയല്ല-
നതിചിരസൂതാ പ്രാണൻ കളയുമതിവിധുരാ;
എന്നാൽ കുലമിതഖിലവുമറുതിവന്നിതു.
ച.2
ചെറുതും പിഴ ചെയ്യാത്തോരെന്നെക്കൊന്നാൽ ബഹു-
ദുരിതമുണ്ടു തവ ഭൂപതേ; മനസിരുചിജനകം
എന്റെ ചിറകുമണികനകം ഇതുകൊ-
ണ്ടാകാ നീ ധനികൻ - അയ്യോ!
ഗുണവുമനവധി ദോഷമായിതു.
ശ്ലോകാർത്ഥം: വേഗത്തിൽ അനക്കം കൂടാതെ ചെന്ന് നളൻ സ്വർണ്ണവർണ്ണമായതും ഉറങ്ങുന്നതുമായ ആ ഹംസത്തെ ഇണക്കാമെന്ന് വിചാരിച്ച് സൌകര്യം പൂർവം പിടിച്ചപ്പോൾ അവൻ കടുത്ത ദുഃഖം കൊണ്ട് അതിദയനീയമായി കരഞ്ഞു.
പദത്തിന്റെ സാരം: ശിവ ശിവ! ഞാനെന്താണു ചെയ്യുക! ഈ രാജാവ് എന്നെ ചതിച്ചു കൊല്ലുന്നു. എന്റെ കുടുംബത്തിന് ഇനി മറ്റൊരാശ്രയമില്ല. അച്ഛൻ മരിച്ചുപോയി. പുത്രനായി ഞാനൊരാൾ മാത്രം. അമ്മയുടെ അവസ്ഥ ഇങ്ങനെയായി. കൂടാതെ എന്റെ പത്നി പ്രസവിച്ചിട്ട് അധികകാലമായില്ല. വിരഹിണിയായ അവൾ ജീവൻ വെടിയും. എന്റെ കുലംതന്നെ അവസാനിച്ചുപോകും. (നളനോട്) ചെറിയ പിഴ പോലും ചെയ്യാത്ത എന്നെക്കൊന്നാൽ അങ്ങേയ്ക്കു പാപമുണ്ടാകും. മനസ്സിനു സന്തോഷം നല്കുന്ന എന്റെ ചിറക് കനകവർണമാണ്. ഇതുകൊണ്ടു നീ ധനികനാവുക! (ഇതുകൊണ്ടാകാ നീ ധനികൻ-ഇതുകൊണ്ടു നീ ധനികനാവുകയില്ല- എന്നും എടുത്തു പാടാറുണ്ട്) അയ്യോ! ഗുണംതന്നെ ഇവിടെ ദോഷമായിത്തീർന്നല്ലൊ.
നളൻ പിടിച്ചപ്പോൾ സംഭീതനായ ഹംസം വിലപിക്കുന്നു.