അരികിൽ വന്നു നിന്നതാരെ,ന്തഭിമതം?

താളം: 
കഥാപാത്രങ്ങൾ: 

ശ്ലോകം.

കോപമത്സരവശംവദഃ കലിർ-
ദ്വാപരേണ സഹ മേദിനീം ഗതഃ
സ്വാപദേ സ്വയമചോദയജ്ജളം
സ്വാപതേയഹരണായ പുഷ്കരം.

പല്ലവി.

അരികിൽ വന്നു നിന്നതാരെ,ന്തഭിമതം?
അഖിലമാശുചൊൽക.
അനുപല്ലവി.
അറികയില്ലെങ്കിലും അഭിമുഖന്മാരെക്കണ്ടെൻ-
മനതാരിലുണ്ടൊന്നുന്മിഷിതം ഝടിതി.

ചരണം. 1

ധരണിയിലുള്ള പരിഷകൾ നളനെച്ചെന്നു കാണും,
അവർക്കു വേണ്ടും കാര്യം നളനും സാധിപ്പിക്കും,
ദൂരത്തുന്നാരും വരികയില്ല നമ്മെക്കാണ്മാൻ.

ചരണം. 2

നമുക്കില്ലാ നാടും നഗരവും കുടയും ചാമരവും
അമിത്രവീരന്മാരെ അമർക്കും വൻപടയും,
ബാഹുജനെന്നുള്ളതേ നമുക്കൊന്നുള്ളു മുറ്റും.

ചരണം. 3

പഴുതേ ഞാനെന്തേ പലവക പറഞ്ഞു കേൾപ്പിക്കുന്നു?
നളനു വേറെ കർമ്മം നമുക്കു കർമ്മം വേറെ;
നമ്മെക്കൊണ്ടുപകാരം നിങ്ങൾക്കെന്തോന്നുവേണ്ടൂ?

അർത്ഥം: 

ശ്ലോകസാരം: കോപത്തിനും ഈർഷ്യയ്ക്കും വശംവദനായ കലി ദ്വാപരനോടുകൂടി ഭൂമിയിൽ ചെന്ന്‌ തന്റെതന്നെ നാശത്തിനു കാരണമാകുംവണ്ണം ജളനായ പുഷ്കരനെ നളന്റെ സ്വത്ത്‌ അപഹരിക്കുന്നതിനു പ്രേരിപ്പിച്ചു.

സാരം: അരികിൽ വന്നുനിന്ന നിങ്ങൾ ആരാണ്‌? എന്താണു വേണ്ടത്‌? നിങ്ങളെ അറിയുകയില്ലെങ്കിലും അഭിമുഖന്മ​‍ാരായ നിങ്ങളെ കണ്ട്‌ എന്റെ മനസ്സ്‌ തെളിഞ്ഞിരിക്കുന്നു. സാധാരണയായി നാട്ടിലുള്ളവർ നളനെ ചെന്നു കാണുകയാണു പതിവ്‌. അവരുടെ ആവശ്യങ്ങൾ നളൻ സാധിപ്പിച്ചു കൊടുക്കുകയും ചെയ്യും. ദൂരത്തുനിന്നാരും നമ്മെ കാണാൻ വരാറില്ല. നമുക്കു നാടും നഗരവും കുടയും ചാമരവും ശത്രുവീരന്മ​‍ാരെ അമർക്കുന്ന വൻപടയും ഒന്നുമില്ലല്ലോ. ഒരു ക്ഷത്രിയനായി പിറന്നുവെന്ന കേമത്തമൊക്കെയേ നമുക്കുള്ളു. വെറുതേ ഞാൻ എന്തിനാണ്‌ ഓരോന്നു പറഞ്ഞു കേൾപ്പിക്കുന്നത്‌? നളന്റെ കർമ്മം വേറെ; നമ്മുടെ കർമ്മവും വേറെ. ഇപ്പോൾ നമ്മേക്കൊണ്ടു നിങ്ങൾക്കെന്തുപകാരമാണു വേണ്ടത്‌?

 

അരങ്ങുസവിശേഷതകൾ: 

പുഷ്കരന്റെ സമീപത്തേക്ക്‌ കലിദ്വാപരന്മാർ പ്രവേശിക്കുന്നു.