ദേവനം വിനോദനായ ദേവനിർമ്മിതം
ശ്ലോകം.
	 
ആവിഷ്ട:കലിനാ ഖലേന ഹൃദയേ
	പര്യസ്തധീർന്നൈഷധഃ
	പാപിഷ്ഠേന സ പുഷ്കരണേ വിജിതോ
	ദ്യുതായ ഭൂയോ രതഃ
	ഹാ! കഷ്ടം! കിമിദം ബതേ,തി രുദതീം
	കാന്താഞ്ചനോസാന്ത്വയ-
	ന്നേദിഷ്ഠാൻ നഗരൗകസോപി സചിവാൻ
	നാപശ്യദാപദ്ഗതഃ
	 
പല്ലവി.
ദേവനം വിനോദനായ ദേവനിർമ്മിതം
അനുപല്ലവി.
	ഏവനിതിനു വിമുഖനറികിൽ
	ദേവദൈത്യമാനുഷേഷു?
(കളിക്ക്‌ഇടയിലാണ് ഈ ഭാഷണം)
ചരണം. 1
	വാതുചൊല്ലിപ്പൊരുതുചൂതു, കൈതവമില്ലേതു മേ,
	അപജയപ്പെട്ടായോ പഴുതായോ കൊതി?
	ഭൂയോ യദി വാതുചൊൽക.
ചരണം. 2 (നളൻ)
	വാഹനങ്ങൾ ബഹുധനങ്ങൾ ഗോധനവും നൽകുവൻ;
	ഇനിജ്ജയം വരായ്കിൽ ഇതു ചൊല്ലാം
	ചതിയല്ലാ ശൃണു പുഷ്കര, നീ.
ചരണം 3 (പുഷ്കരൻ)
	ദൈവദോഷം നിനക്കു വന്നു ഭാവമിളപ്പെട്ടില്ലയോ?
	ഇനിപ്പൊരുന്നതാകിൽ വനവാസം ചെയ്ക;
	തോറ്റാൽ ജയിച്ചോർക്കു നാടും.
ശ്ലോകസാരം: ഹൃദയത്തിൽ കലി ആവേശിച്ചു കഴിഞ്ഞ നളൻ, പുഷ്കരൻ തുടർച്ചയായി ജയിച്ചിട്ടും ചൂതിലുള്ള ആസക്തി കുറച്ചില്ല. കരയുന്ന പ്രിയതമയെ സാന്ത്വനിപ്പിക്കുകയോ ആപത്തിൽപ്പെട്ട നഗരവാസികളെയും രാജ്യകാര്യങ്ങൾക്കായി അടുത്തെത്തിയ മന്ത്രിമാരെയും ശ്രദ്ധിക്കുകയോ ചെയ്തില്ല.
സാരം: ചൂതുകളിയെന്നത് വിനോദാർത്ഥം ദേവന്മാർ നിർമ്മിച്ചിട്ടുള്ളതാണ്. ദേവന്മാർ, അസുരന്മാർ, മനുഷ്യർ തുടങ്ങിയവരിൽ ആരാണതിൽ വിമുഖരായവർ?
സാരം: വാതു പറഞ്ഞു നടത്തിയ ചൂതുകളിയിൽ കള്ളത്തരങ്ങളില്ല. ഇപ്പോൾ പരാജയപ്പെട്ടോ? ആഗ്രഹങ്ങൾ പാഴിലായോ? അവ വീണ്ടുമുണ്ടെങ്കിൽ പണയം പറയുക.
സാരം: ഇനി ഞാൻ ജയിച്ചില്ലെങ്കിൽ വാഹനങ്ങൾ, ബഹുധനങ്ങൾ, ഗോധനം ഇവ തരാം. ഇപ്പറയുന്നതിൽ ചതിയില്ല. പുഷ്കര, നീ കേൾക്കുക.
	സാരം: നിനക്കു ദൈവദോഷം വന്നിരിക്കുന്നു. അഹങ്കാരം ശമിച്ചില്ലയോ? ഇനി കളിച്ചു തോല്ക്കുന്നയാൾ വനവാസം ചെയ്യണം. ജയിച്ചയാൾ രാജ്യം ഭരിക്കും.
	(തുടർന്ന് ചൂതു കളിക്കുന്നു. നളൻ പരാജയപ്പെടുന്നു.)
നളനും പുഷ്കരനും ചൂതിനുള്ള കരുക്കൾ നിരത്തുമ്പോൾ ശ്ളോകം.