തോല്ക്കും, വാതു പറഞ്ഞു
ശ്ലോകം.
.
തോല്ക്കും, വാതു പറഞ്ഞു നേർക്കുമുടനേ
ഭൂയോ നിരത്തും നളൻ,
നോക്കും പുഞ്ചിരിയിട്ടു പുഷ്കര, നിരി-
ക്കുമ്പോൾ രസിക്കും വൃഷം,
വായ്ക്കും ദൈവഗതിക്കു നീക്കമൊരുനാ-
ളുണ്ടോ? ധനം രാജ്യവും
ശീഘ്രം തച്ചു പറിച്ചുകൊണ്ടു നളനോ-
ടിത്യുചിവാൻ പുഷ്കരൻ.
നളൻ തോല്ക്കുകയും പണയം പറഞ്ഞ് വീണ്ടും നേർക്കുകയും കരുക്കൾ നിരത്തുകയും ചെയ്യുന്നു. ഇതെല്ലാം നോക്കി പുഷ്കരൻ ഇരിക്കുമ്പോൾ അയാളുടെ കാളയായി വന്ന കലി രസിക്കുകയായിരുന്നു. ഈശ്വരകല്പനക്കു മാറ്റമുണ്ടാകുമോ? ധനവും രാജ്യവും എല്ലാം പിടിച്ചുപറിച്ച് നളനോട് പുഷ്പരൻ ഇങ്ങനെ പറഞ്ഞു.
കളി അവസാനിച്ചു. നളൻ പരാജിതനായിരിക്കുന്നു. വിജിഗീഷുവായ പുഷ്കരൻ നളനെ നാട്ടിൽനിന്ന് ആട്ടിപ്പായിക്കുന്നു.