വിഫലം തേ വൈരസേനേ
ശ്ലോകം:
കൃത്യാ പരോക്ഷതനുരേവ മഹോക്ഷമൂർത്തി:
സദ്വാപരോക്ഷകലിതസ്ഥിതിരിഷ്ടസിദ്ധം
ധൃത്വാ സുവർണ്ണശകുനത്വമതീവ ദുഷ്ടോ
ഹൃത്വാംബരം ച ദിവമേത്യ നളം നൃഗാദീത്
പക്ഷികൾ:
പല്ലവി.
വിഫലം തേ വൈരസേനേ, വാഞ്ഛിതം സാമ്പ്രതം
അനുപല്ലവി.
വിഭവം തേ ഹൃതമായി,
വ്രീളയിതിനില്ലാഞ്ഞോ, വേലയിതെല്ലാം?
ചരണം. 1
വികൃതഹൃദയ, ഞങ്ങൾ വികിരങ്ങളല്ലാ,
വെറുതേ ഞങ്ങളെക്കൊൽവാൻ തവതരമില്ലാ;
വിരവിൽ നിന്നെച്ചതിച്ച വിരുതുള്ള ഞങ്ങളെല്ലാം
വിപുലമഹിമ തേടും ചൂതുകൾ ചൊല്ലാം.
ചരണം. 2
വിസ്തൃതം നിന്റെ രാജ്യം വിവിധമാം ധനവും
വസ്തുസമ്പത്തുകളും, വരിച്ചു വഞ്ചനവും
നിസ്ത്രപ, ഞങ്ങൾ ചെയ്തതറിക നിൻ കദനവും
വസ്ത്രമിതു പറിപ്പാൻ വന്നിതിജ്ജനവും.
ചരണം. 3
വിരസത വരുത്തി നീ സുരപതിക്കുടനേ,
സ്മരപരവശനായി മരുവി തൻ സദനേ,
വരുവതതിനിതെന്നുമറിക നീ ഇതിനേ,
മരവുരി ധരിച്ചു നീ മരുവുക വിപിനേ.
സാരം: വീരസേനപുത്രാ, നിന്റെ ആഗ്രഹം വിഫലമാണ്. സ്വത്തുക്കൾ മുഴുവൻ നഷ്ടമായിട്ടും ലജ്ജയില്ലാതെ പക്ഷികളെ പിടിക്കാൻ ഒരുങ്ങുന്നുവല്ലോ. വികൃതഹൃദയമുള്ളവനേ, ഞങ്ങൾ കേവലം പക്ഷികളല്ല. ഞങ്ങളെ അങ്ങനെയങ്ങു കൊല്ലാൻ കഴിയുകയുമില്ല. നിന്നെ ചതിച്ച വിരുതന്മാരായ ഞങ്ങളെ മഹിമ കലർന്ന ചതുരംഗക്കളത്തിലെ കരുക്കൾ എന്നു കരുതുക.
നളൻ വസ്ത്രമെടുത്തു വിരിക്കുന്നു. പക്ഷികൾ വന്ന് വസ്ത്രമെടുത്ത് പദത്തിനു നൃത്തം ചെയ്യുന്നു.
പദശേഷം വസ്ത്രവും കൊണ്ട് പക്ഷികൾ മറയുന്നു.