ഉള്ളതു ചൊന്നതിതെന്നാലന്യൂനം
ഉള്ളതു ചൊന്നതിതെന്നാലന്യൂനം നവ-
പല്ലവതുല്യാംഗി, തവകല്യാണം;
നല്ലതു നല്ലതിനോടേ ചേരേണം; തവ
വല്ലഭനപരൻ തുല്യൻ നഹി നൂനം.
മേഘവാഹനനെക്കാൾ ബലവാൻ,
മോഹനാംഗനവനതിഗുണവാൻ;
കമനി, രത്നകനകങ്ങളുടെ
ഘടനയേ ഘടന നിങ്ങളുടെ;
വിഷ്ണു രമയ്ക്കു നിശയ്ക്കു ശശാങ്ക-
നുമയ്ക്കു ഹരൻ നളനോർക്കിൽ നിനക്കും...
പദത്തിന്റെ സാരം: സുന്ദരീ, ഈ പറഞ്ഞതു സത്യമാണെങ്കിൽ നിങ്ക്കു മംഗളം ഭവിക്കും. നല്ലതു നല്ലതിനോടുതന്നെ ചേരണം. നിനക്കു യോജിച്ചവനായി മറ്റൊരു ഭർത്താവില്ല. ഇന്ദ്രനെക്കാളും ബലവാനും സുന്ദരനും ഗുണവാനുമാണവൻ. രത്നവും സ്വർണവും ചേരുന്ന ഘടനയാണ് നിങ്ങളുടേത്. ലക്ഷ്മിക്കു വിഷ്ണുവും രാത്രിക്കു ചന്ദ്രനും പാർവതിക്കു ശിവനും നളൻ നിനക്കും യോജിച്ചവരാകുന്നു.