നാരദ, ഭവാനെന്തുഭാവമിപ്പോൾ?

താളം: 
കഥാപാത്രങ്ങൾ: 

അഥ തദാ ശതമന്യുരഖിന്നധീ-
രഖിലദൈവതയൗവതസേവിതഃ
സഹ പുലോമജയാപ്യനുലോമയാ
നിജഗൃഹേ ജഗൃഹേ സ സുഖാസികാം.

നളേനുഷക്താമപബുദ്ധ്യ പുത്രീം
സ്വയംവരോദ്യോഗിനി ഭീമഭൂപേ
സുപർവ്വലോകാഭിമുഖം പ്രയാന്തം
സ പർവ്വതോ നാരദമാബഭേഷേ

പർവതൻ: നാരദ, ഭവാനെന്തുഭാവമിപ്പോൾ?
നാരദൻ: നാകായഗമിക്കുന്നേൻ പർവ്വത, ഞാൻ.
പർവതൻ: എന്തൊരുകാര്യമിപ്പോൾ നാകലോകേ?
നാരദൻ: ഇന്ദ്രനെക്കണ്ടുചിലവാർത്തചൊൽവാൻ.
പർവതൻ: എന്തതെന്നോടിപ്പോൾ ചൊല്ലിടാമോ?
നരദൻ: ഹന്ത! ഭവാൻ കൂടെപ്പോന്നുകൊൾക.
പർവതൻ: നിഷ്പ്രയോജനമുണ്ടോ പോരുന്നു ഞാൻ?
നാരദൻ: സദ്ഭടരണാന്വേഷം ചെയ്യാമല്ലോ.
പർവതൻ: സമരം ഭൂമിയിലില്ലേ ഭൂപാലാനാം?
നാരദൻ: ദമയന്തീകാമുകന്മാർ രാജാക്കന്മാർ.

അർത്ഥം: 

ശ്ലോകാർത്ഥം (രണ്ടാം ശ്ലോകം): തന്റെ പുത്രി നളനിൽ അനുരക്തയാണെന്നറിഞ്ഞ്‌ ഭീമരാജാവ്‌ അവളുടെ സ്വയംവരത്തിനായുള്ള ഒരുക്കങ്ങൾ കൂട്ടി. അപ്പോൾ ദേവലോകത്തേക്കു പോകുന്ന പർവ്വതൻ നാരദനോട്‌ ഇങ്ങനെ പറഞ്ഞു.
 

സാരം: 
പർവതൻ : നാരദാ എന്താണ്‌ അങ്ങയുടെ ഭാവം ? 
നാരദൻ : പർവതാ ഞാൻ സ്വർഗ്ഗത്തിലേക്കു പോകുന്നു. 
പർവതൻ : സ്വർഗ്ഗത്തിൽ എന്താണു കാര്യം ? 
നാരദൻ : ഇന്ദ്രനെ കണ്ടു ചില വാർത്ത പറയണം. 
പർവതൻ : എന്താണ്‌ അതെന്ന്‌ എന്നോടു പറയാമോ ? 
നാരദൻ : ഹേ, അങ്ങും എന്റെ കൂടെ പോന്നുകൊള്ളുക. 
പർവതൻ : ഞാൻ വരുന്നതുകൊണ്ടു പ്രയോജനമുണ്ടാകുമോ ? 
നാരദൻ : ഒന്നുമില്ലെങ്കിലും നല്ല ഭടന്മാർ ചെയ്യുന്ന യുദ്ധത്തെക്കുറിച്ചെങ്കിലും അന്വേഷിക്കാമല്ലോ. 
പർവതൻ : എന്താ ഭൂമിയിലെ രാജാക്കന്മാർ തമ്മിൽ യുദ്ധമൊന്നുമില്ലേ ? 
നാരദൻ : ദമയന്തീകാമുകന്മാരായിരിക്കുന്നു രാജാക്കന്മാർ. അവർക്കു യുദ്ധതാല്പര്യമൊന്നുമില്ലെന്നു ചുരുക്കം. 

 

അരങ്ങുസവിശേഷതകൾ: 

നാരദനും പർവതനും തമ്മിലുള്ള സംഭാഷണ രൂപേണയാണ് ഈ പദങ്ങൾ. ഒറ്റവരി സംഭാഷണമാണ് എന്നതിനാൽ എല്ലാം കൂടെ ഒന്നിച്ച് ഒരു പേജിൽ ചേർത്തതാണ്.
ഒരു കിടതകിധീംതാം. നാരദനും പർവതനും ഇരുവശത്തുനിന്നും പ്രവേശിച്ച്‌ കണ്ടുമുട്ടി, പദം. വേറെ വേറെ പദത്തിനു മുദ്രകാട്ടുകയും കലാശം ഒരുമിച്ചെടുക്കുകയും ചെയ്യുക.

 

അനുബന്ധ വിവരം: 

ഇനി ഇന്ദ്രനെ പോയി കാണുക തന്നെ` എന്നു കാട്ടി ഇരുവരും മാറിപോരിക.