തീർന്നു സങ്കടം
പല്ലവി:
തീർന്നു സങ്കടം, സാമ്പ്രതം വന്നുചേർന്നു മഗലം പൂർണ്ണമായ്.
അനുപല്ലവി:
പുണ്യപുമാനിന്നു ഞാനെന്നു തെളിഞ്ഞു മന്യേ.
ചരണം 1:
ഏതൊരുകാര്യത്തിനും വേണം പൂമകൾ കാന്തൻ-
പാദകമലയുഗദ്ധ്യാനം; എന്നാലൊഴിയും
ബാധകളുണ്ടാകിലും നൂനം; ചിന്തിതമെല്ലാം
സാധിക്കും; തീരുമപമാനം വരുമഭിമാനം.
2
താർത്തരുണീരമണൻ തന്റെ ആജ്ഞാകാരിണി
ആർത്തിഹാരിണീ, ദേവി, നിന്റെ കുങ്കുമശോണം
കാൽത്തളിരിണ പണിയുന്നേൻ; വർണ്ണയ ജന-
സാർത്ഥഗുണഗണം; ഞാൻ നിന്നെ വിശ്വസിക്കുന്നേൻ.
(ദമയന്തിയെവിളിച്ച്)
3
ബാലേ, തനയേ, ദമയന്തി, ഹന്ത! നിനക്കൊ-
രാളിയിതല്ലോ വന്നു കാൺക, വന്നിരിക്കുന്ന
മാലോകരെ അറിഞ്ഞു ചൊന്നാൽ, വേണുന്നവരെ
മാലയിട്ടു വരിക്ക നന്നായ്, മാൽ തീരുമെന്നാൽ.
സാരം: ഇന്നു സങ്കടമെല്ലാം തീർന്നു. മംഗളമായിരിക്കുന്നു കാര്യങ്ങൾ. ഞാൻ ഭാഗ്യശാലിയാണ്. വിഷ്ണുഭഗവാന്റെ ആജ്ഞാകാരിണിയായ ദേവിയുടെ കുങ്കുമംപോലെ ചുവന്ന കാലടികൾ കൂപ്പുന്നു. ജനങ്ങളിൽ ഓരോരുത്തരുടെയും ഗുണഗണങ്ങൾ വർണ്ണിക്കുക. ഞാൻ നിന്നെ ആശ്രയിക്കുന്നു. മകളേ ദമയന്തീ, നിനക്ക് ഒരു സഖി ഇതാ വന്നിരിക്കുന്നു. ഓരോരുത്തരെയായി അറിഞ്ഞു പറഞ്ഞുതരുമ്പോൾ വേണമെന്നു തോന്നുന്നയാളെ മാലയിട്ടു വരിക്കുക.
`ബാലേ തനയേ` എന്നിടത്ത് ദമയന്തി ഇടതുവശത്തുകൂടി വന്ന് വന്ദിച്ചു നിൽക്കുക. പദം കഴിഞ്ഞാൽ ദമയന്തിയെ സരസ്വതിയുടെ സവിധത്തിലേയ്ക്ക് നീക്കി നിർത്തി, ഭീമരാജാവ് മാറിപ്പോരുക.