ബാലേ! സദ്ഗുണലോലേ
താതവാഗ്ഭരിതി ജാതമോദഭരമാതൃചോദിതവധൂജനൈഃ
സ്ഫീതവാദ്യരവമേദുരാരചിതകൗതുകാപ്ളവമനോഹരാ
നൂതനാംശുകനിവീതമൂർത്തിരഥ ജാതരൂപശിബികാസ്ഥിതാ
സാതിലോലയുവയൂഥഗാ വചനനാഥയാകഥി നൃപാത്മജാ.
പല്ലവി:
ബാലേ! സദ്ഗുണലോലേ, മംഗല-
ശീലശാലിനി, കേൾ നീ.
അനുപല്ലവി:
പ്രാലേയരുചിമുഖി, ദമയന്തി,
മാലകൊണ്ടൊരുവനെ വരിച്ചീടു നീ.
ചരണം 1:
സമസ്തജനകൃതയശസ്തവം ഏക-
മമർത്ത്യപരിഷയിൽ വരിക്ക നീ, അല്ലെ-
ന്നിരിക്കിലസുരരുണ്ടിരിക്കുന്നൂ, ലോക-
മമർത്തു സുഖിക്കുന്നു സമർത്ഥരായ്,
പന്നഗവരരിതല്ലോ, ചാരണ-
കിന്നരവരരുമിതാ, യദി തവ
ചൊന്നതിൽ നഹി കുതുകം,
കാൺക നീ മന്നവർപരിഷകളെ;
ഇവൻ കേൾ പുഷ്കരദ്വീപാധിപൻ;
ഇവനല്ലോ ശാകദ്വീപനായകൻ;
ക്രൗഞ്ചദ്വീപേശ്വരനോ വാഞ്ഛിതൻ? ഭജിക്കനീ
കുശദ്വീപനാഥനെ, ക്കണ്ടാലുമെടോ
ശാല്മലദ്വീപാധീശം നിർമ്മലസുപ്രകാശം,
പ്രേക്ഷിതനായോ നിന്നാൽ പ്ളക്ഷമഹാദ്വീപേന്ദ്രൻ?
നിന്മൂലം വന്നിരിക്കുന്ന ജംബുദ്വീപഭൂപന്മാരിൽ
കൺമുനയങ്ങയയ്ക്ക നീ കമ്രുമുഖി, ദമയന്തി.
2
അനന്തഗുണനിധി പരന്തപൻ - ഇവ-
നവന്തിജനപദപുരന്ദരൻ - നിന-
ക്കിവങ്കലഭിരുചി ലവം ന ചേത്, പുന-
രിമം കലിംഗനെ വരിക്ക നീ;
കാശീനൃപമഥവാ സുമശരദേശീയം വപുഷാ കുടിലസു-
കേശീകുലകലികേ, ശാരദരാജീവാഭമുഖീ,
ഇവനല്ലോ ദിനകരകുലോദ്വഹൻ,
ഋതുപർണ്ണനെന്നു ലോകവിശ്രുതൻ;
ഗൗഡനൃപതിയിവൻ വീര്യവാൻ, ഇവനല്ലോ
ലാടധരണീശ്വരൻ കന്ദർപ്പനിഭൻ;
പാണ്ഡ്യക്ഷിതിപൻ വീരൻ,ചോളവിനേതാ ശൂരൻ,
ഭീഷിതവൈരിസാരൻ നൈഷധനല്ലോ സോഅയം;
ഇന്ദ്രനഗ്നിയമൻ പാശി എന്ന നാലരിതാ, നളൻ-
തന്നരികിൽ മരുവുന്നൂ സുന്ദരീ, തത്സ്വരൂപന്മാർ.
ശ്ലോകാർത്ഥം: അച്ഛന്റെ വാക്കുകൾ കേട്ട് സന്തോഷത്തോടെ മാതാവ് ആജ്ഞാപിച്ചതനുസരിച്ച് സ്ത്രീജനങ്ങൾ വാദ്യഘേഷങ്ങൾ മുഴക്കി. ദമയന്തിയെ അവർ സ്നാനം ചെയ്യിച്ച് ആഭരണങ്ങളും കോടിവസ്ത്രങ്ങളും അണിയിച്ചു. പ്രണയലോലന്മാരായിരിക്കുന്ന യുവനൃപന്മാരുടെ നടുവിൽ സ്വർണ്ണപ്പല്ലക്കിലേറി ദമയന്തി എത്തിയപ്പോൾ സരസ്വതി അവളോടു പറഞ്ഞു.
സാരം: സൽഗുണലോലയും മംഗലശീലയുമായ അല്ലയോ ബാലികേ, കേൾക്കുക. ചന്ദ്രശോഭയാർന്ന മുഖത്തോടുകൂടിയ ദമയന്തീ, നീ മാലകൊണ്ട് ഇതിൽ ഒരുവനെ വരിക്കുക. ഇവനാണ് സൂര്യവംശശ്രേഷ്ഠനും ലോകവിശ്രുതനുമായ ഋതുപർണ്ണരാജാവ്. ഇവൻ വീര്യവാനായ ഗൗഡനൃപതി. ഇവൻ കാമസമനായ ലാടധരണീശ്വരൻ. ഇതു വീരനായ പാണ്ഡ്യരാജാവ്. ഇതു ശൂരനായ ചോളരാജാവ്. ശത്രുക്കൾക്കു ഭയമുണ്ടാക്കുന്ന അറിവും ശക്തിയുമുള്ള നിഷധരാജാവ് നളനാണിവൻ. ഇന്ദ്രൻ, അഗ്നി, യമൻ, വരുണൻ എന്നിവർ നളന്റെ സ്വരൂപത്തോടെ അവനരികിൽ ഇരിക്കുന്നു.
ദേവന്മാരുടെ മധ്യത്തിൽ നളൻ വലതുവശത്തായി ഇരിക്കുന്നു. ഇടതുവശത്ത് ഭീമ രാജാവ് നില്ക്കുന്നു. നടുവിൽ ദമയന്തിയും ദമയന്തിയുടെ ഇടതുവശത്ത് സരസ്വതി യുമായി പ്രവേശിക്കുന്നു. ഒരു കിടതകിധിംതാം. ദമയന്തിയുടെ കയ്യിൽ വരണമാല്യം ഉണ്ട്.