അനല്പം വാമസ്തു ഭവ്യം
അഥ!ബത!ദമയന്തീചിന്തയാ ദൈവഗത്യാ
സപദി ഹരിദധീശാ ഭേജിരേ സ്വസ്വചിഹ്നം;
തദനു നളഗളാന്തേ ബാലയാ ന്യാസി മാലാ;
പ്രമുദിതമനസസ്തേ വാചമാചക്ഷതൈവം.
പല്ലവി:
അനല്പം വാമസ്തു ഭവ്യം മമ പ്രസാദേന
അനുപല്ലവി:
വിദർഭനൈഷധവംശതിലകൗ യുവാനൗ
ചരണം 1:
ബുദ്ധിക്ഷയമില്ലേതും ബോധിക്ക ശുഭചിത്ത-
ശുദ്ധിക്ഷപിതദോഷ, ശൂര, നൈഷധഭൂമി-
ക്കദ്ധ്യക്ഷ, നീ ചെയ്യുന്ന യജ്ഞേഷു ഹവിർഭാഗം
പ്രത്യക്ഷം ഭുജിപ്പൻ ഞാൻ, പ്രഥതാം തേ ശിവസായുജ്യം.
ശ്ലോകാർത്ഥം: ആശ്ചര്യം! ദമയന്തിയുടെ പ്രാർത്ഥനയുടെ ഫലമായി ഇന്ദ്രാദികൾ തങ്ങളുടെ ചിഹ്നങ്ങളെ തെളിയിച്ചു. ദമയന്തി, നളന്റെ കഴുത്തിൽ മാല ചാർത്തി. സന്തുഷ്ടരായ ദേവന്മാർ ഇങ്ങനെ അനുഗ്രഹിച്ചു.
സാരം: എന്റെ പ്രസാദംകൊണ്ട് വിദർഭത്തിലെയും നൈഷധത്തിലെയും രാജവംശങ്ങൾക്ക് അലങ്കാരങ്ങളായ നിങ്ങൾ ഇരുവർക്കും അനല്പമായ മംഗളം ഭവിക്കട്ടെ. നല്ലമനസ്സുള്ള ശൂരനായ നളമഹാരാജാവേ, നിന്റെ ബുദ്ധി ഒരിക്കലും ക്ഷയിക്കുകയില്ല. നീ ചെയ്യുന്ന യാഗത്തിൽ ഹവിർഭാഗം ഞാൻ പ്രത്യക്ഷമായി സ്വീകരിക്കും. നിനക്കു ശിവസായൂജ്യമുണ്ടാകട്ടെ.