ചിന്തിതമചിരാൽ

രാഗം: 
താളം: 
കഥാപാത്രങ്ങൾ: 

പല്ലവി:
ചിന്തിതമചിരാൽ വരുമേ നിനക്കൊ-
രന്തരായമില്ല നൃപതേ!

അനുപല്ലവി:
അന്തരംഗേ തവ വാഴുന്നവൻ കലി
വെന്തുനീറിടുന്നു മേ വിഷശിഖിനാ.

ചരണം 1:
ഏതെന്നാകിലുമിവൻ വിടുമുടനേ, പിന്നെ
നീ തന്നെ വേണം തവ ഗുണഘടനേ.
പേ തന്നെ തോന്നുന്നതുമിഹ ഗഹനേ വിട്ടു
ഭൂതനായകനെ നീ ഭജ മൃഡനെ.

സാകേതം തന്നിലെ പോയ്‌ ഋതുപർണ്ണനെ
നീ കണ്ടു സേവകനായ്‌ വാഴ്ക ഗൂഢം
പോമിണ്ടലതുമൂലമായി വൈകിടാതെ
കണ്ടു ഭവിതാമേ സംഗതിയും ഭൂപാലാ

ബാഹുജഭാവത്തെ നീ നീക്കിക്കൊള്ളൂ - ഇനി
ബാഹുകനെന്നു പേരുമാക്കിക്കൊള്ളൂ.
സാകേതപതിയെ സ്വാമിയാക്കിക്കൊള്ളൂ - പാർത്താൽ
സാധുതയവനേ ഇന്നു മഹിയിലുള്ളൂ
വിശ്വാസഭാജനമായ്‌ വന്നാൽ പിന്നെ
അശ്വഹൃദയം അവനായ്‌ നല്കീടുകിൽ
അക്ഷഹൃദയം വശമായ്‌വരും തവ,
അക്ഷമനാം കലിയും അന്നൊഴിയും

വന്നൊരു മുനിവരശാപമതും, വന-
വഹ്നിയിൽവീണു മമ ദാഹമതും,
നിന്നോടെനിക്കു വന്ന യോഗമിതും, നൃപ,
പിന്നെയും നമ്മിലെസ്സല്ലാപമിതും.
നിത്യമായ്‌ ചിന്തിപ്പവൻ ഭൂലോകത്തിൽ
അത്യന്തം മോദിപ്പവരെന്നുള്ളതും
സത്യം മയാ കഥിതം; പോക നീയും; എങ്കിൽ
അസ്തു പുനർദർശനം രിപുകർശന!

അർത്ഥം: 

സാരം: ചിന്തിക്കപ്പെട്ടത്‌ കാലതാമസം കൂടാതെ സംഭവിക്കും എന്നതിന്‌ അല്ലേയോ രാജാവേ യൊതൊരു വിഘ്നവും ഇല്ല. നിന്റെ അന്തരംഗത്തിൽ വാഴുന്ന കലി എന്റെ വിഷാഗാനിയിൽ വെന്തു നീറിക്കൊണ്ടിരിക്കുന്നു.
എന്തായാലും ഇവൻ ഉടനെതന്നെ നിന്നെ വിട്ടുകളയും.  പിന്നെ നിനക്ക്‌ ഗുണം ചേർക്കുന്ന വിഷയത്തിൽ നീ തന്നെ ഏർപ്പെടണം.
ഈ കാട്ടിൽ വെച്ച്‌ പേ ആയി മാത്രം തോന്നുന്നതിനെ ഉപേക്ഷിച്ച്‌ നീ ഭൂതനായകനായ ശിവനെ ഭജിച്ചാലും.  സാകേത്തിൽ ചെന്ന്‌ ഋതുപർണനെക്കണ്ട്‌ സേവകനായി വസിച്ചാലും.  അതു കാരണം ദു:ഖം എല്ലാം നീങ്ങും.  എന്റെ സംഗമവും അചിരേണ സംഭവിക്കും.
ക്ഷത്രിയന്റെ ഭാവത്തെ നീക്കിക്കൊള്ളൂ.  ബാഹുകൻ എന്ന്‌ പേരും ആക്കിക്കൊള്ളൂ.  സാകേതപതിയെ സ്വാമിയാക്കിക്കൊള്ളൂ.  ഈ ഭൂമിയിൽ (നിന്നെ ഭൃത്യനാക്കാനുള്ള) യോഗ്യത അവനേയുള്ളൂ.
വിശ്വാസത്തിന്‌ പാത്രം എന്നനിലവന്നു കഴിഞ്ഞാൽ നീ അവന്‌ അശ്വഹൃദയം (ദിവ്യമന്ത്രം) നൽക്കുക.. നൽകിയാൽ നിനക്ക്‌ അക്ഷമനായ കലി നിന്റെ ഹൃദയം വിട്ടുമാറും.

അരങ്ങുസവിശേഷതകൾ: 

പദം കഴിഞ്ഞ്‌ കാർക്കോടകനെ നമസ്കരിച്ച്‌ കാർക്കോടകൻ കൊടുത്ത വസ്ത്രം വാങ്ങി ഭക്തിയോടെ വീണ്ടും വന്ദിക്കുമ്പോൾ കാർക്കോടകൻ മറയുന്നു.
സർപ്പശ്രേഷ്ഠന്റെ നിർദ്ദേശപ്രകാരം ബാഹുകൻ ഋതുപർണ്ണരാജധാനിയിലേക്ക്‌ യാത്ര തിരിക്കുന്നു.  കൊടുംകാട്ടിൽ പ്രിയതമയെ ഉപേക്ഷിച്ചതിന്റെ മനസ്താപവും, കവിയോടുള്ള അമർഷവും, മറ്റൊരു രാജാവിനെ ഭജിക്കേണ്ടിവന്നതിന്റെ ലജ്ജയും ഉണ്ടെങ്കിലും ഭൈമീസമാഗമത്തിനുള്ള അവസരം ലഭിക്കുമെന്ന ഉറച്ച വിശ്വാസത്തിൽ വനത്തിലൂടെ സഞ്ചരിച്ച്‌ ഋതുപർണ്ണരാജധാനിയിലെത്തുന്നു.   ഇനി രാജാവിനെ ചെന്നു കാണുകതന്നെ എന്നു കാണിച്ച്‌ രംഗം വിടുന്നു.

ബാഹുകന്റെ ആട്ടം
(ഗോപിയാശാന്റെ പുസ്തകത്തിൽ നിന്നും)
 
കാർകോടകന്റെ ‘ചിന്തിതമചിരാൽ’ പദത്തിനു ശേഷം,
ബാഹുകൻ: ‘അല്ലേ നാഗശ്രേഷ്ഠാ, എനിക്ക് ഈ കാട്ടിൽ അങ്ങയെ കാണാൻ സാധിച്ചതും, എനിക്കു സംഭവിച്ച കാര്യങ്ങൾ അങ്ങു പറഞ്ഞു അറിയാൻ സാധിച്ചതും, ശ്രീപരമേശ്വരന്റെ കാരുണ്യം കൊണ്ടു തന്നെ. സംശയമില്ല. ഇനി ഞാൻ അങ്ങു കൽപ്പിക്കുന്നതു പോലെ ചെയ്തുകൊള്ളാം.’
കാർകോടകൻ: ‘അല്ലേ രാജശ്രേഷ്ഠാ! മനുഷ്യനായി ജനിച്ചാൽ സുഖദുഃഖങ്ങൾ മാറി മാറി വരും. ഇതു തടുക്കാൻ ആർക്കും സാധ്യമല്ല. അതുകൊണ്ട് സങ്കടമെല്ലാം കളഞ്ഞ് ധൈര്യം അവലംബിച്ച് മേലിൽ ചെയ്യേണ്ട കർമ്മങ്ങൾ വേണ്ടും വിധം ചെയ്യാൻ പ്രയത്നിച്ചാലും. ഞാൻ അങ്ങേയ്ക്ക് രണ്ട് വസ്ത്രം തരാം.ഇതിൽ ഒന്ന് ഇപ്പോൾ ധരിക്കുക. മറ്റേത് താങ്കളുടെ സത്യമായ രൂപം കിട്ടേണ്ട സമയം ആസന്നമാകുമ്പോൾ എന്നെ വിചാരിച്ച് ധരിച്ചാൽ താങ്കളുടെ സ്വന്തം രൂപം താങ്കൾക്ക് കിട്ടും. ഇനി വേഗം ഋതുപർണരാജാവിനെ കണ്ട് സേവകനായി നിന്ന് സ്വന്തം കാര്യലബ്ധിക്കായി ശ്രമിച്ചാലും.’ 
ബാഹുകൻ: ‘അങ്ങയുടെ കല്പന പോലെ തന്നെ.’
(കാർകോടകൻ കൊടുത്ത വസ്ത്രം ഭക്തിയോടെ ബാഹുകൻ വാങ്ങിയ ശേഷം, കാർകോടകൻ മറഞ്ഞതിനു ശേഷം ആത്മഗതം) ‘അത്ഭുതം! ആ നാഗശ്രേഷ്ഠൻ ഈ വസ്ത്രം തന്ന് പെട്ടന്ന് മറഞ്ഞു. എന്റെ ജീവിതത്തിനു ആധാരമായ ഈ വസ്ത്രം ഇനി ആരും കാണാതെ സൂക്ഷിച്ചു വെക്കുക തന്നെ.’ (കൈയ്യിലുള്ള തുണി പിന്നിലേക്ക് മറച്ച്, മറ്റേ വസ്ത്രം അരയിൽ ഉടുക്കുന്നതായി കാണിച്ച്, പീഠത്തിൽ വന്ന് ഇരുന്നതിനു ശേഷം ആത്മഗതം) ‘കഷ്ടം ചൂതുകളി കാരണം രാജ്യാദി സർവസമ്പത്തുകളും പോയി. ഇപ്പോൾ കാർകോടകദംശനത്താൽ എന്റെ ശരിയായ രൂപവും നഷ്ടപ്പെട്ടു. ഇതിലധികം ഒരു മനുഷ്യനായ എനിക്ക് എന്താണ് സംഭവിക്കാനുള്ളത്? എല്ലാം വിധി. ആകട്ടെ ഈ വനത്തിൽ സഞ്ചരിക്കുക തന്നെ.’
(കുറച്ച് സഞ്ചരിച്ച് വനം ചുറ്റി നോക്കിക്കണ്ട് ) ‘ഈ വനം ഏറ്റവും ഭയങ്കരം തന്നെ. എങ്കിലും എല്ലാം ശാന്തമായി കാണുന്നു. (കുറച്ച് സഞ്ചരിച്ച് ദൂരെ കണ്ട്) ‘ഇതാ ഒരു കൊമ്പനാന പിടിയാനയുടെ തുമ്പിക്കൈ പിടിച്ച് സാവധാനം ചേർന്ന് നടക്കുന്നു.’ (ചിന്തിച്ച്) ‘ഇതു പോലെ പ്രിയതമയുടെ കൈകോർത്തുപിടിച്ച് ഉദ്യാനത്തിൽ ഞങ്ങൾ സന്തോഷിച്ചിരുന്നത് ഇനി എങ്ങനെ സാധിക്കും?’ (വീണ്ടും സഞ്ചരിച്ച് ഒരു പൊയ്ക കണ്ട്) ’ഇതാ ഒരു പൊയ്ക. ഇതിൽ അനവധി താമരകൾ വിടർന്നു നിൽക്കുന്നു. ഈ താമര പോലെ ശോഭിക്കുന്ന എന്റെ പ്രിയതമയുടെ മുഖം എനിക്ക് ഇനി എന്നാണ് കാണാൻ സാധിക്കുക? ഇതാ ഒരു മാൻ കുട്ടി പൊയ്കയിൽ നിന്ന് വെള്ളം കുടിക്കുന്നു. പെട്ടെന്ന് എന്നെ കണ്ട് ഭയത്തോടു കൂടി കണ്ണുകൾ ചലിപ്പിച്ച് ഇങ്ങനെ നിൽക്കുന്നു. ഈ മാനിന്റെ കണ്ണു പോലെ ചലിക്കുന്ന കണ്ണുകളോടുകൂടിയ എന്റെ പ്രിയതമയെ എന്ന് കാണും.. ആ എല്ലാം താമസിയാതെ എല്ലാം സാധിക്കുമെന്ന് സർപ്പശ്രേഷ്ഠൻ പറഞ്ഞുവല്ലോ! അതുകൊണ്ട് ഇനി ഓരോന്ന് വിചാരിച്ച് മനസ്സ് വിഷാദിച്ചിരിക്കാതെ ഋതുപർണ്ണരാജാവിനെ കാണാൻ ശ്രമിക്കുക തന്നെ.’ (പിന്നെയും സഞ്ചരിച്ച്) ‘ഇതാ പക്ഷികളുടെ ശബ്ദം കേൾക്കുന്നു, സൂര്യപ്രകാശം വരുന്നു, അതുകൊണ്ട് വനം അവസാനിച്ചു എന്ന് തോന്നുന്നു. (ചുറ്റും നോക്കിക്കൊണ്ട്) ഇതാ ഒരു രാജ്യം വിശാലമായി കാണുന്നു. ഇനി ഇതിൽ കടന്ന്  സഞ്ചരിക്കുക തന്നെ. ’ (ചില വഴിപോക്കരായ ബ്രാഹ്മണരോട്) ‘ഒരു കാര്യം ചോദിക്കട്ടെ, ഋതുപർണ്ണരാജാവിന്റെ രാജധാനിയിലേക്കുള്ള വഴിയേതാണ്? (കേട്ട്) ഇതിലേ ചെന്നാൽ കാണാമെന്നോ? അത്യോ? ശരി’ (വീണ്ടും നടന്ന് കണ്ട്) ‘ഇതാ നടപ്പാതയിലൂടെ ഭടന്മാർ കുതിരകളുടെ പുറത്തുകയറി പോകുന്നു’. (വീണ്ടും നടന്ന്  ദൂരെ മുകളിൽ കണ്ട്) ‘ഇതാ കൊടിമരം ഏറ്റവും ഉയർന്നു കാണുന്നു. ഈ കൊടിമരത്തിൽ കെട്ടിയ കൊടിക്കൂറ കാറ്റത്തിളകുന്നത് കണ്ടാൽ - (ഋതുപർണ്ണൻ എന്ന ഭാവേന) ഏയ് , സഞ്ചരിച്ച് ക്ഷീണിതരായവരേ, നിങ്ങൾ ഒട്ടും സങ്കടപ്പെടണ്ട, നിങ്ങളെ ഞാൻ രക്ഷിക്കാം, എന്റെ സമീപത്തേക്ക് വരൂ വരൂ എന്നിങ്ങനെ വിളിക്കുകയാണെന്ന് തോന്നും. .അഹോ! ഋതുപർണ്ണരാജാവിന്റെ മഹിമ ഈ കൊടിക്കൂറ കണ്ടാൽ തന്നെ അറിയാം. (പിന്നെയും സഞ്ചരിച്ച് ചുറ്റും വെവ്വേറെ കണ്ട്) ഇതാ ചുറ്റും തടിച്ച് ഉയർന്ന മതിലുകളും ഉയർന്ന ഗോപുരങ്ങളോടും കൂടി ഋതുപർണ്ണ രാജധാനി ശോഭിച്ചു കാണുന്നു. ആകട്ടെ ഇനി ഉള്ളിൽ കടക്കണം.. ഈ ഗോപുരവാതിൽക്കൽ ചില ഭടന്മാർ കാവൽ നിൽക്കുന്നു. ഇവരോട് അനുവാദം വാങ്ങി അകത്ത് കടക്കാം.’ (അടുത്ത് ചെന്ന് ദൂതന്മാരോട് എന്ന ഭാവേന) ‘എനിക്ക് ഋതുപർണ്ണ രാജാവിനെ ഒന്നു കണ്ട് വന്ദിക്കണമെന്ന് ആഗ്രഹമുണ്ട്. ഉള്ളിൽ കടന്നോട്ടെ?’ (അനുവാദം കിട്ടി ഉള്ളിലേക്ക് കടന്ന് സഞ്ചരിച്ച്, സിംഹാസനത്തിൽ രാജാവ് ഇരിക്കുന്നത് കണ്ട്) ‘ഋതുപർണ മഹാരാജാവ് സ്വർണസിംഹാസനത്തിൽ ഏറ്റവും യോഗ്യതയോടെ ഇരിക്കുന്നു. സമീപത്ത് രണ്ട് ദൂതന്മാരും  നില്പുണ്ട്. അനവധി രാജാക്കന്മാരിൽ നിന്ന് കപ്പം വാങ്ങി, അവരെയെല്ലാം അനുഗ്രഹിച്ചയച്ച ഞാൻ ഇപ്പോൾ വേറൊരു രാജാവിന്റെ ദാസനായി വസിക്കേണ്ടി വന്നല്ലോ- ഹാ കഷ്ടം! അല്ലേ പ്രിയേ, നിന്നെ ഒന്നു കാണുവാനുള്ള ആഗ്രഹം കൊണ്ട് ഭവതിയുടെ ഭർത്താവായ ഈ നളൻ മറ്റൊരു രാജാവിന് ദാസനായി  വസിപ്പാൻ തുടങ്ങുന്നു. പ്രിയേ, എന്റെ ആഗ്രഹം സാധിക്കാൻ വേഗം സംഗതി വരണേ. ആകട്ടെ ഇനി വേഗം രാജാവിനെ കണ്ട് കാര്യം ധരിപ്പിക്കുക തന്നെ.’ ഇരട്ടിവട്ടം കൊട്ടിമാറി പിന്മാറുക.