കരണീയം ഞാനൊന്നു ചൊല്ലുവൻ
ഇതി നിജജനയിത്രീമങ്ങൊരോ വാർത്ത ചൊല്ലി-
ത്തദനുമതിയെ വാങ്ങിത്താതനും ബോധിയാതെ
സപദി കില സുദേവം സാരനാമദ്വിജേന്ദ്രം
സകുതുകമിതി ചൊന്നാൾ സാ സമാനായ്യ ഭൈമീ.
പല്ലവി:
കരണീയം ഞാനൊന്നു ചൊല്ലുവൻ കേൾക്ക സുദേവ,
ചരണം 1:
ധരണിയിൽ മണ്ടിപ്പണ്ടു താതശാസനം കൈക്കൊണ്ടു
തദനു ചേദിപുരി പുക്കുകൊണ്ടു നീയെന്നെക്കണ്ടു.
2
അവിടന്നെന്നെക്കൊണ്ടുപോന്നു താതപാദസന്നിധി ചേർത്തു,
ആരതോർത്തു ദൈവഗതിയല്ലേ മേദിനീദേവ.
3
ഇന്നിയുമപ്പോലെൻനിമിത്തമെൻ മാതാവിൻ നിയോഗത്താൽ
ഇനിയും നിന്നാലൊന്നുണ്ടു വേണ്ടൂ കേൾക്ക സുദേവ.
4
ഇവിടെ നിന്നു നടകൊണ്ടു ഋതുപർണ്ണഭൂപനെക്കണ്ടു
സ പരിതോഷം പൂജ കൈക്കൊണ്ടു സാരസ്യം പൂണ്ടു.
5
സമയഭേദം നോക്കിക്കൊണ്ടു സഭയിലൊന്നു ചൊല്ലിക്കൊണ്ടു
സാധുശീല, വരിക നീ വീണ്ടും വൈകാതെകണ്ടു.
6
നമുക്കതുകൊണ്ടുപകാരം നൈഷധദർശനം സാരം
നിനക്കല്ലേ നീരസം പാരം നിത്യസഞ്ചാരം.
7
സത്വരം നീ നിർവ്വിചാരം സാധയ മേ കാര്യഭാരം
സത്തുക്കൾക്കന്യാധിസംഹാരം സർവ്വാധികാരം.
സാരം: ഇപ്രകാരം സ്വമാതാവിനോട് ഓരോ വൃത്താന്തങ്ങൾ പറഞ്ഞ്, അവരുടെ അനുവാദം വാങ്ങി, അച്ഛൻ പോലും അറിയാൻ ഇടവരാതെ ഉടനെ സുദേവൻ എന്നു പേരുള്ള കാര്യവിവരമുള്ള ബ്രാഹ്മണനെ വരുത്തിയിട്ട് മനസ്സിന്റെ സന്തോഷം പ്രകടമാക്കി ഇപ്രകാരം പറഞ്ഞു.