യാമി യാമി ഭൈമീ, കാമിതം

താളം: 
കഥാപാത്രങ്ങൾ: 

പല്ലവി:
യാമി യാമി ഭൈമീ, കാമിതം ശീഘ്രം സാധയി-
ഷ്യാമി, സാമി സാധിതം മയാ.

അനല്പല്ലവി:
നാമിഹ സേവിച്ചു നില്പൂ,ഭീമരാജൻ ചൊല്ലൂ കേൾപ്പൂ
നീ മതിമുഖി! പീഡിപ്പൂ! നാമിളകാതെ ഇരിപ്പൂ!

ച.രണം 1:
രാപ്പകൽ നടന്നാലില്ലാ മേ കാൽ‌പരിശ്രമം
ഓർപ്പനേ നിന്നഴലെല്ലാമേ,
ബാഷ്പമെല്ലാം നില്ക്ക, നിന്നെച്ചേർപ്പനേ കാന്താനോടിപ്പോൾ;
താല്പരിയം മറ്റൊന്നില്ല, മേല്പുടവയെടുക്കേണം.

2
എത്രവഴി മണ്ടി നടന്നു പണ്ടു നിന്നെക്ക-
ണ്ടെത്തുവോളം ഞങ്ങൾ തളർന്നു.
അത്തലില്ല അതുകൊണ്ടാർക്കും, ഇത്രമാത്രത്തിനെന്തുള്ളൂ?
ഉത്തരകോസലരാജ്യം ദ്വിത്രിദിനപ്രാപ്യമല്ലോ.

3
ദീനതയെനിക്കില്ല ബാലേ, സാകേതത്തിനു
ഞാനറിയും വഴി വഴിപോലെ.
ദാനവരെവെല്ലും ചൈത്രഭാനവകുലീനം നൃപം
ഞാനറിയുമെന്നല്ലവൻനൂനമെന്നെയുമറിയും.

4
“ആളയച്ചിട്ടുണ്ടെന്മാനില്ലാ ഇല്ലെന്മാനില്ലാ,
നീളെനിന്നു വന്നു കളിയല്ലാ,
ആളകമ്പടികളോടും മേളവാദ്യഘോഷത്തോടും
വാളുമാടമ്പുള്ളോരെത്തി വേളി നാളെ“ യെന്നും ചൊല്ലാം.

അർത്ഥം: 
സാരം: ഞാൻ പോകുന്നുണ്ട്‌.  പോകുന്നുണ്ട്‌.  നിന്റെ ആഗ്രഹത്തെ ഞാൻ വേഗത്തിൽ നിറവേറ്റും. പകുതി നിറവേറ്റപ്പെട്ടുവെന്നു കരുതിക്കൊള്ളൂ.  ഞാനിവിടെ സേവിച്ചു നിൽക്കാറുണ്ട്‌.  ഭീമരാജാവിന്റെ ആജ്ഞ കേൾക്കാറുമുണ്ട്‌. എന്നിട്ടും സുന്ദരിയായ നീ ദുഃഖിതയായിരിക്കുമ്പോൾ ഞാൻ ഒന്നുംചെയ്യാതെ ഇരിക്കുമോ.
രാവും പകലും നടന്നാലും എന്റെ കാലുകൾക്ക്‌ ക്ഷീണമില്ല.  നിന്റെ ദുഃഖമെല്ലാം ഞാൻ ഓർത്തുകൊള്ളും. കരയരുത്‌. നിന്നെ നിന്റെ കാന്തനോട്‌ ചേർക്കുക എന്നല്ലാതെ മറ്റൊരു താല്പര്യവും എനിക്കില്ല.  രാണ്ടാംമുണ്ട്‌ എടുക്കേണ്ടതാമസം മാത്രം.
പണ്ടു നിന്നെ കണ്ടെത്താൻ ഞങ്ങൾ എത്ര വഴി മണ്ടി നടന്ന്‌ തളർന്നു.  എന്നുവെച്ച്‌ അതുകൊണ്ട്‌ ആർക്കും മനസ്താപമില്ല.  ഇപ്പറഞ്ഞത്‌ നിസ്സാരമാണ്‌.  വടക്കൻ കോസലരാജ്യം (ഋതുപർണ്ണരാജധാനി) രണ്ടോ മൂന്നോ ദിവസം കൊണ്ട്‌ എത്തിച്ചേരാവുന്നതാണ്‌.
എനിക്ക്‌ ഈ യാത്രകൊണ്ട്‌ ഒരു ക്ളേശവുമില്ല.  സകേതത്തിലേക്കുള്ള വഴി നേരാംവണ്ണം അറിയാം.  അസുരന്മ​‍ാരെ ജയിക്കുന്ന സൂര്യവംശശ്രേഷ്ഠനായ രാജാവിനെ ഞാൻ അറിയും എന്നുതന്നെയല്ല, അദ്ദേഹം എന്നെയും അറിയും.  
ആളുകളെ അയച്ചിട്ടുണ്ട്‌ എന്ന്‌ വിചാരിക്കാൻ നിർവാഹമില്ല.  അയച്ചിട്ടില്ല എന്നു നിഷേധിക്കാനും വയ്യ.  പരക്കെ എല്ലാ ദേശങ്ങളിൽ നിന്നും ജനങ്ങൾ എത്തിച്ചേർന്നു.  തമാശയല്ല. കാലാൾ തുടങ്ങിയ അകമ്പടി വർഗത്തോടുകൂടിയും, വാദ്യഘോഷത്തോടെയും ക്ഷത്രിയൻമാർ എത്തി. വേളി നാളെ എന്നും പറയാം.
അരങ്ങുസവിശേഷതകൾ: 

പദശേഷം ദമയന്തി സുദേവനെ യാത്രയാക്കുന്നു.