അല്ലല്‍ വളര്‍ന്നീടുന്നല്ലോ
പരിതാപമിതാഃ പരന്തപാസ്തേ
പരമാരണ്യഗതാശ്ചിരം ചരന്തഃ
തരുമൂലതലേ നിഷേദുരാര്‍ത്താ
ഹരിണാക്ഷീ നിജഗാദ ഭീമസേനം
പല്ലവി
അല്ലല്‍ വളര്‍ന്നീടുന്നല്ലോ വല്ലാതെയുള്ളില്‍
അല്ലല്‍ വളര്‍ന്നീടുന്നല്ലോ
ചരണം 1
മുല്ലസായകനോടു തുല്യന്മാരാകുമെന്റെ
വല്ലഭന്മാരേ കേള്‍പ്പിന്‍ മെല്ലവെ സല്ലാപങ്ങള്‍
ചരണം 2
ഉത്തമവിപ്രന്മാര്‍ക്കു നിത്യ സഞ്ചാരം ചെയ്‌വാന്‍
അത്തല്‍ കണ്ടീടുകയാല്‍ ഉള്‍ത്താരിലെനിക്കേറ്റം
ചരണം 3
ആതപംകൊണ്ടുടലില്‍ ആധി വളര്‍ന്നീടുന്നു
പാദചാരം ചെയ്‌വാനും പാരമരുതായ്കയാല്‍
പരിതാപമിതാഃ
ശത്രുക്കളെ പീഡിപ്പിക്കുന്നവരായ പാണ്ഡവര്‍ കൊടുംകാട്ടിലൂടെ വളരെ സഞ്ചരിക്കുകയാല്‍ ക്ഷീണിതരായി ഒരു വൃക്ഷച്ചുവട്ടില്‍ വിശ്രമിച്ചു. അപ്പോള്‍ മാന്‍മിഴിയാളായ പാഞ്ചാലി ഭീമസേനനോട് പറഞ്ഞു.
അല്ലൽ വളർന്നീടുന്നല്ലോ:
ഉള്ളില്‍ വല്ലാതെ സങ്കടം വളര്‍ന്നീടുന്നല്ലോ. കാമതുല്യന്മാരായ എന്റെ വല്ലഭന്മാരേ, എന്റെ വാക്കുകളെ ശ്രദ്ധയോടെ കേട്ടാലും. ബ്രാഹ്മണോത്തമന്മാര്‍ക്ക് ഇങ്ങിനെ നിത്യം സഞ്ചരിക്കുവാനുള്ള വിഷമം കാണുകയാല്‍ എന്റെ ഉള്ളില്‍ ഏറ്റവും സങ്കടം. വെയിലുകൊണ്ട് ഉടലില്‍ ആധി വളരുന്നു. നടക്കുവാന്‍ തീരെ വയ്യാത്തതിനാലും സങ്കടമേറുന്നു.
ഇടത്തുവശത്തുകൂടി പ്രവേശിക്കുന്ന ദു:ഖിതയായ പാഞ്ചാലി സാവധാനം മുന്നോട്ടുവന്ന് വലതുഭാഗത്തായി ഗദകുത്തിപ്പിടിച്ചുകൊണ്ട് പീഠത്തിലിരിക്കുന്ന ഭീമസേനനെ കാണുന്നതോടെ പദാഭിനയം ആരംഭിക്കുന്നു.