പട്ടിക്കാംതൊടി രാവുണ്ണി മേനോൻ

പട്ടിക്കാംതൊടി രാവുണ്ണി മേനോൻ

കഥകളിചരിത്രം ദർശിച്ച യുഗപ്രഭാവനായ ആചാര്യനും നടനും പരിഷ്കർത്താവും ആണ് പട്ടിയ്ക്കാം തൊടി രാവുണ്ണിമേനോൻ. ഒളപ്പമണ്ണക്കളരിയിൽ ബീജാവാപം കൊണ്ട കല്ലുവഴിക്കളരിയെ കൂടുതൽ ശാസ്ത്രീയവും സമഗ്രവുമായിക്കിത്തീർത്തത് രാവുണ്ണിമേനോന്റെ പ്രയത്നമാണ്. ഇരുപതാം നൂറ്റാണ്ടിലെ കഥകളിയുടെ ഭാഗധേയത്തെ പുനർനിർമ്മിച്ച കലാകാരന്മാരിൽ രാവുണ്ണിമേനോൻ പ്രഥമഗണനീയനാണ്. കൊടുങ്ങല്ലൂർ തമ്പുരാക്കന്മാർക്കു കീഴിലെ നാട്യശിക്ഷണത്തിനു ശേഷം രാവുണ്ണിമേനോൻ നടപ്പാക്കിയ പരിഷ്കരണങ്ങളുടെ സൽഫലമാണ് കല്ലുവഴിക്കളരിയുടെ സർവ്വാംഗീണമായ സൗന്ദര്യത്തിനു നിദാനമായിത്തീർന്നത്.

ജനനം, വളർച്ച

പാലക്കാട് ജില്ലയിലെ ചെത്തല്ലൂരിൽ പട്ടിക്കാംതൊടി തറവാട്ടിലെ നാരായണിയമ്മയ്ക്കും അവിടെ അടുത്തുള്ള രാമൻ തൃക്കോവിലിലെ ശാന്തിക്കാരനായിരുന്ന മാധവൻ എമ്പ്രാന്തിരിക്കും മകനായി 1056 കന്നിമാസം 12ന് (1880 സെപ്റ്റംബർ) ഞായറാഴ്ച്ച പകൽ പതിനഞ്ച് നാഴിക പതിനഞ്ച് വിനാഴിക സമയത്ത് രാമൻ എന്ന രാമുണ്ണി മേനോൻ ജനിച്ചു. രാമുണ്ണി എന്നത് ഓമനപ്പേരാണ്. ഒളപ്പമണ്ണ മനയ്ക്കലെ അഞ്ചാം തമ്പുരാന്റ് നീലകണ്ഠൻ നമ്പൂതിരിപ്പാടിന്റെ വാല്യക്കാരനായിരുന്നു അമ്മാമൻ രാമൻ നായർ. രാമുണ്ണി പിഞ്ചു കുഞ്ഞായിരിക്കുമ്പോൾ തന്നെ അമ്മ ദീനം വന്ന് മരിച്ചു. 1885ൽ അമ്മാമൻ രാമൻ നായർ രാമുണ്ണിയേയും രണ്ട്‌ സഹോദരിമാരേയും അവരുടെ രണ്ട്‌ ആൻ‌മക്കളേയും വെള്ളിനേഴിക്കുകൊണ്ടുവന്ന് ചങ്ങലിയോട്ട് എന്ന വീട്ടിലെ പത്തായപ്പുരയിൽ താമസമാക്കി.

കഥകളി വിദ്യാഭ്യാസം

1065 (1890) ഇടവത്തിൽ ദ്വിതീയ മുതൽ ഒളപ്പമണ്ണ അച്ഛൻ തമ്പുരാൻ മനക്കൽ സ്വകാര്യചെലവിൽ കഥകളി അഭ്യസൻ ആരംഭിച്ചു. കല്ലുവഴി ചിട്ടയിൽ പ്രസിദ്ധിയാർജ്ജിച്ച കുയിൽത്തൊടി ഇട്ടിരാരിച്ച മേനോനായിരുന്നു അവിടത്തെ ആചാര്യൻ. സഹായത്ത് അദ്ദേഹത്തിന്റെ ശിഷ്യനായ ഒതേനത്ത് രാമൻ നായരുമുണ്ടായിരുന്നു. പാട്ടിൽ കല്ലുവഴി കുഞ്ഞൻ പിഷാരടി ആയിരുന്നു. ചങ്ങലിയോട്ട് കളരിയിലായിരുന്നു അഭ്യാസം.

ചങ്ങലിയോട്ട് തറവാട്ടിന് പണ്ടേ ആയോധനക്കളരിയും കളരിയഭ്യാസ പാരമ്പര്യമൊക്കെയുണ്ട്. ആ വീട്ടിലെ പുരുഷന്മാരെ കുറുപ്പച്ഛൻ എന്നാണ് വിളിക്കുക. ദേശത്തെ പ്രമാണിമാരായിരുന്നു അവർ. അവിടത്തെ കഥകളി കളരിയിൽ കച്ചകെട്ടാൻ ആദ്യം വന്നത് രാമുണ്ണിയുടെ വലിയമ്മയുടെ മകൻ നാരായണനും കരിയാട്ടിൽ ഉണ്ണാമൻ നായരുമായിരുന്നു. അപ്പോഴേക്കും രാമുണ്ണിയുടെ മൂന്നാം ക്ലാസ് വിദ്യഭ്യാസം പൂർത്തിയായിരുന്നു. സ്വന്തം ഉത്സാഹം കൊണ്ട് രാമുണ്ണി അവിടെ കഥകളി അഭ്യസിക്കാൻ തുടങ്ങി.

മലങ്കാട്ടിൽ ശങ്കുണ്ണിനായർ, കരിയാട്ടിൽ കോപ്പൻ (ആശാരി കോപ്പൻ എന്ന് പില്ക്കാലത്ത് അറിയപ്പെട്ടിരുന്നു.) എന്നിവർ അവിടെ രാവുണ്ണിമേനൊന്റെ സഹപാഠികളായിരുന്നു. 1066 (1891) വൃശ്ചികമാസത്തിൽ വെള്ളിനേഴി കാന്തള്ളൂർ വിഷ്ണുക്ഷേത്രത്തിലെ ഉത്സവകാലത്ത് നരകാസുരവധത്തിലെ ശ്രീകൃഷ്ണനായി (ചഞ്ചലാക്ഷിമാരെ എന്ന പദം)  ആയിരുന്നു രാവുണ്ണിമേന്റെ അരങ്ങേറ്റം . കഥകളി അഭ്യാസം ആറുമാസവും പ്രായോഗിക പരിശീലനം ആറ് മാസവും എന്നായിരുന്നു ചിട്ട. 1071 (1896) ആം മാണ് ആയപ്പോഴേക്കും രാമുണ്ണി കുട്ടിത്തരം, ഇടത്തരം ആദ്യാവസാനത്തിലെ രണ്ടാംതരം എന്നീ ഇനങ്ങളിലെപ്പെട്ട വേഷങ്ങളെല്ലാം ചൊല്ലിയാടിച്ച് ഉറപ്പിച്ച് കഴിഞ്ഞിരുന്നു. പിന്നീട്‌ അടുത്തകൊല്ലം മുതൽ ആദ്യാവസാനവേഷങ്ങൾ ചൊല്ലിയാടിക്കാൻ തുടങ്ങി. 1072 (1897) ശക്തൻ വല്യഫൻ തമ്പുരാന്റെ പ്രത്യേക താൽ‌പ്പര്യപ്രകാരം ഒളപ്പമണ്ണ മന വകയായി ഒരു കളിയോഗം തുടങ്ങി. രാമുണ്ണി കളിയോഗത്തിൽ ചേർന്ന് അരങ്ങ് പരിചയം നേടി.1075 (1900) ഓണക്കാലത്തോടെ രാമുണ്ണിയുടെ അഭ്യാസം പൂർണ്ണമായി.

പത്ത് വർഷക്കാലം രാവുണ്ണിമേനോൻ ഏക ആചാര്യനായ ഇട്ടിരാരിച്ചമേനോന്റെ കീഴിൽ കഥകളി അഭ്യസിച്ചു. 1078 (1903) ചിങ്ങ മാസത്തിൽ ആചാര്യൻ ഇട്ടിരാരിച്ചമേനോൻ അന്തരിച്ചു.

അദ്ധ്യാപകവൃത്തിയും ശിഷ്യസമ്പത്തും

രാവുണ്ണിമേനോൻ 1076 (1901) കന്നി മാസത്തിൽ എടത്തറ മൂത്തേടത്ത് മനക്കൽ വെച്ച് തേക്കിൻ‌കാട്ടിൽ രാവുണ്ണിനായരെ കഥകളി അഭ്യസിപ്പിക്കാൻ തുടങ്ങി. അങ്ങനെ രാമുണ്ണി ആശാനായി. അന്നദ്ദേഹത്തിന് ഏകദേശം ഇരുപത് വയസ്സാണ്. മൂത്തേഅത്ത് മനയ്ക്കലേക്ക് അചാര്യനായി ഇട്ടിരാരിശ്ശമേനോനെ ക്ഷണിച്ചപ്പോൾ അദ്ദേഹം പകരം തന്റെ ശിഷ്യനായ രാവുണ്ണിമേനെ അയക്കുകയായിരുന്നു. അങ്ങനെയാണ് തന്നെക്കാൾ വെറും രണ്ടോ നാലോ വയസ്സ് മാത്രം പ്രായം കുറഞ്ഞ തേക്കിൻ‌കാട്ടിൽ രാവുണ്ണിനായരെ രാമുണ്ണിക്ക് ശിഷ്യനായി കിട്ടിയത്. പിന്നീട് 1077 (1902)ൽ രാമുണ്ണി നായർ പൂമുള്ളി മന കളിയോഗത്തിൽ വേഷക്കാരനായി. അക്കാലത്ത് വാതരോഗം പിടിപെട്ട് അവശനായപ്പോൾ സഹായിച്ചതും ശുശ്രൂഷിച്ചതുമെല്ലാം തേക്കിങ്കാട്ടിൽ രാവുണ്ണി നായരായിരുന്നു.1078 (1903) വൃശ്ചികത്തിൽ കാന്തള്ളൂർ അമ്പലത്തിൽ ഉത്സവത്തിന് ആദ്യവസാനം കെട്ടാൻ ഇട്ടിരാരിച്ചമേനോൻ പുലയായതിനാൽ പറ്റിയില്ല. അപ്പോൾ പകരക്കാരനായി രാമുണ്ണി മേനോൻ വന്നു. അന്ന് മുതൽ അദ്ദേഹം ആദ്യാവസാനവേഷക്കാരനായി. 1078 (1903) ചിങ്ങമാസത്തിൽ ആചാര്യൻ ഇട്ടിരാരിച്ചമേനോൻ അതിസാരരോഗം ബാധിച്ച് അന്തരിച്ചു. മരിക്കുമ്പോൾ അതുവരെ സ്വന്തമായി ഉപയോഗിച്ചുരുന്ന കിരീടവും കോപ്പുകളും ഇട്ടിരാരിച്ചമേനോൻ പ്രിയശിഷ്യൻ രാമുണ്ണിക്ക് നൽകി. 1079 (1904)ൽ നെടുമ്പുരയ്ക്കൽ കളിയോഗത്തിൽ ആദ്യവസാനവേഷത്തിന് രാമുണ്ണിമേനോനും പൊന്നാനിപാട്ടിണ് വെങ്കിടകൃഷ്ണഭാഗവതരും ആയിരുന്നു. 1081-82 (1906-07) ചെത്തല്ലൂർ ഇടമന കളിയോഗത്തിൽ ആദ്യാവസാനവേഷക്കാരനായിരുന്നു. ആ സമയത്താണ് ഗുരുകുഞ്ചുക്കുറുപ്പിനെ കമലദളം ചൊല്ലിയാടിപ്പച്ചത്.

കൊടുങ്ങല്ലൂർ വിദ്യാഭ്യാസം

അക്കാലത്ത് പല പണ്ഡിതന്മാരും "രാമുണ്ണിമേനോന്റെ കളി കേമാണ്, പക്ഷെ മുഖത്ത് എന്തെങ്കിലും പുറപ്പെട്ടിരുന്നെങ്കിൽ കുറച്ചുകൂടി കൂടെ നന്നാവുമായിരുന്നു" എന്ന് അഭിപ്രായപ്പെട്ടത് കേട്ട് (മുഖത്ത് രസഭാവങ്ങൾ വരുന്നില്ല എന്നതാണ് വിവക്ഷ) അദ്ദേഹം കളിയോഗം പിരിച്ചുവിട്ട് കൊടുങ്ങല്ലൂർ ചെറിയ കൊച്ചുണ്ണി തമ്പുരാന്റെ  അടുത്ത് ചെന്ന് നാട്യശാസ്ത്രവിധികൾ സ്വായത്തമാക്കി. കൊച്ചുണ്ണിത്തമ്പുരാന്റെ മേൽ‌നോട്ടത്തിൽ കുഞ്ഞുണ്ണി തമ്പുരാനായിരുന്നു അഭ്യസിപ്പിച്ചിരുന്നത്. മുഖം ഉഴിച്ചിൽ, കണ്ണ് സാധകം എന്നിവയോടൊപ്പമാണ് നാട്യപരിശീലനം തുടങ്ങിയത്. കൊടുങ്ങല്ലൂരിലെ അഭ്യാസത്തിൽ രസാഭിനയരീതികൾ, പാത്രസ്വഭാവം, കഥകളിരീതിയിൽ അവയെ ആവിഷ്കരിക്കേണ്ടവിധം, സ്ഥായീഭാവത്തിന്റെ പ്രാധാന്യം, ഒഴിവാക്കെണ്ടുന്ന അനൌചിത്യങ്ങൾ ഇങ്ങനെ പലവിഷയങ്ങളും ഉൾപ്പെട്ടിരുന്നു. കൂടാതെ വിവിധ കഥകളിൽ സന്ദർഭോചിതമായി ആടുവാൻ കൊടുങ്ങല്ലൂർ തമ്പുരാക്കന്മാർ എഴുപത്തഞ്ചോളം ശ്ലോകങ്ങൾ ഉണ്ടാക്കി എഴുതിക്കൊടുത്തു. ഇതിൽ അറുപത്തിയാറോളം  ചെറിയ കൊച്ചുണ്ണിത്തമ്പുരാനും ബാക്കിയുള്ളവ കുഞ്ഞുക്കുട്ടൻ തമ്പുരാനും രചിച്ചതാണ്. സംഗീതശാസ്ത്രവും രാമുണ്ണി മേനോൻ അവിടെ നിന്നും അഭ്യസിച്ചു.   രാമുണ്ണി മേനോൻ പഠിക്കുന്ന കാലത്ത് പതാക, മുദ്രാഖ്യം, കടകം, മുഷ്ടി എന്നീ നാലുമുദ്രകളെകൊണ്ടുള്ള അറുപത്തിനാല് സംജ്ഞകളായിരുന്നു കഥകളിയിൽ പ്രധാനമായും നടപ്പ്. അതിന് പകരമായി ഹസ്തലക്ഷണദീപികയും നാട്യശാസ്ത്രത്തിലെ പ്രസക്ത ഭാഗങ്ങളും തമ്പുരാക്കന്മാർ പകർത്തികൊടുത്തു. കീചകന്റെ മരണം അവിടെ നിന്നദ്ദേഹം പ്രത്യേകം അഭ്യസിച്ചിട്ടുണ്ട്. തേക്കിങ്കാട്ടിൽ രാവുണ്ണിനായരേയും (ശിഷ്യൻ) രാമുണ്ണിമേനോൻ കൊടുങ്ങല്ലൂർക്ക് അഭ്യസനത്തിനായി കൊണ്ടുപോയി. ഏകദേശം ഒരുകൊല്ലത്തോളം രാവുണ്ണിനായരും അവിടെ അഭ്യസിച്ചു.

അദ്ധ്യാപനവും പരിഷ്കരണങ്ങളും

1099 (1924) ഒളപ്പമണ്ണ വകയായി വെള്ളിനേഴിയിൽ കഥകളി അഭ്യസനം തുടങ്ങി. അപ്പോഴാണ് കീഴ്പ്പടം കുമാരൻ നായർ, കരിയാട്ടിൽ കുമാരൻ എന്നിവരെ കളിക്ക് കച്ചകെട്ടിച്ചത്.1103 മുതൽ 1109 (1928-34) വരെ രാമുണ്ണി മേനോൻ വാഴേങ്കട ക്ഷേത്രസന്നിധിയിൽ കഥകളി അഭ്യസിപ്പിച്ചിരുന്നു. അന്ന് വാഴേങ്കട കുഞ്ചുനായർ, പൂളക്കുന്നത്ത് കുഞ്ഞുണ്ണിനായർ, കണ്ണത്തു നാരായണൻ നായർ എന്നിവരെ അഭ്യസിപ്പിച്ചു. കുഞ്ചുനായർ കോപ്പൻ നായരുടെ കീഴിൽ ആദ്യം തന്നെ അഭ്യസിച്ചിരുന്നതിനാൽ ആദ്യാവസാനവേഷങ്ങളായിരുന്നു രാമുണ്ണി മേനോൻ ചൊല്ലിയാടിച്ചിരുന്നത്. 1932 ജൂണിൽ കലാമണ്ഡലത്തിൽ പ്രധാനാധ്യാപകനായി. അന്നത്തെ വിദ്യാർത്ഥികൾ ആനന്ദശിവറാം, ജയശങ്കർ, ഹരിദാസൻ നായർ, കേളുനായർ, മാധവൻ നായർ എന്നിവരായിരുന്നു. കുഞ്ചുകുറുപ്പിന്റെ മകനായിരുന്ന ഹരിദാസൻ നായർ ഒഴികെ എല്ലാവരും പിൽക്കാലത്ത് നർത്തകരായി. പിൽക്കാലത്ത് മഹാകവി വള്ളത്തോളുമായി ഉണ്ടായ ഒരു ചെറിയ പ്രശ്നത്തിൽ അദ്ദേഹത്തെ കലാമണ്ഡലത്തിൽ നിന്നും പിരിച്ചുവിട്ടു. 1936 വെള്ളിനേഴിയിൽ സഹൃദയസംഘം എന്ന പേരിൽ ഒരു സംഘടനയുണ്ടാക്കി കളി അഭ്യസിപ്പിക്കാൻ തുടങ്ങി. അവിടെയാണ് കലാമണ്ഡലം രാമൻ കുട്ടിനായരും പിണ്ടാലിൽ കുമാരൻ നായരും അഭ്യാസം തുടങ്ങിയത്. പിന്നീട് വള്ളത്തോൾ കലാമണ്ഡലത്തിന്റെ പുരോഗതിയിൽ അസംതൃപ്തനായി രാമുണ്ണിമേനോനെ 1937ൽ തിരിച്ചുവിളിച്ചു. അപ്പോഴാണ് കലാമണ്ഡലം കൃഷ്ണൻ നായരെ കഥകളി ചൊല്ലിയാടിച്ചത്. കൃഷ്ണൻ നായർ വടക്കൻ കേരളത്തിൽ നിന്നും ചന്തുപ്പണിക്കരുടെ കീഴിൽ കഥകളി അഭ്യസിച്ചിരുന്നു. തുടർന്ന് രാമങ്കുട്ടി നായർ, കുമാരൻ നായർ,പദ്മനാഭൻ നായർ തുടങ്ങിയ സ്വശിഷ്യരെ അദ്ദേഹം കലാമണ്ഡലത്തിൽ ചേർത്തു പഠിപ്പിച്ചു. അവിടെ നൃത്തവിദ്യാർത്ഥിനിയായിരുന്ന കല്യാണിക്കുട്ടിയമ്മയെ കിർമ്മീരവധത്തിലെ ലളിത ചൊല്ലിയാടിച്ചു. കലാമണ്ഡലം ഗവണ്മെന്റിലേക്ക് വിട്ടുകൊടുത്തതിന്റെ തുടർന്ന് 1941ൽ വൈദ്യരത്നം പി.എസ്.വി നാട്യസംഘത്തിൽ കഥകളി അഭ്യസിപ്പിക്കാനായി രാമുണ്ണിമേനോൻ ചേർന്നു. നാലുമാസത്തോളം അവിടെ അഭ്യസിപ്പിച്ചു. പിന്നീട് ഗവണ്മെന്റ് കൽ‌പ്പനകിട്ടിയതിനാൽ അദ്ദേഹം വീണ്ടും കലാമണ്ഡലത്തിൽ ജോലിയിൽ പ്രവേശിച്ചു. ജീവിക്കാനുള്ള വേതനം ലഭിക്കാത്തതിനാൽ അദ്ദേഹം കലാമണ്ഡലത്തിൽ നിന്നും രാജിവെച്ച് വീണ്ടും പി.എസ്.വി നാട്യസംഘത്തിൽ ചേർന്നു.

കുടുംബജീവിതം

1099 (1924) ഒളപ്പമണ്ണവകയായി വെള്ളിനേഴിയിൽ കഥകളി അഭ്യസനം തുടങ്ങിയകാലത്ത് മനക്കലെ തെക്കെ പത്തായപ്പുരയുടെ മൂന്നാം നിലയിൽ ഒരു മുറി രാമുണ്ണിമേനോന് താമസത്തിനായി കൊടുത്തു. മനക്കലെ ഒരംഗത്തെ പോലെ ആയിരുന്നു അവർ രാമുണ്ണിമേനോനെ കണക്കാക്കിയിരുന്നത്.

1084 (1909)ൽ മേനോൻ കാറൽമണ്ണ കിഴക്കെ ചെറുകുന്നത്ത് കാളിക്കുട്ടിയമ്മയെ വിവാഹം ചെയ്തു. ഇതിൽ സന്താനങ്ങളൊന്നുമുണ്ടായിരുന്നില്ല്ല. 1097 (1922)ൽ ഈ വിവാഹബന്ധം അവസാനിച്ചു. വെള്ളിനേഴിയിലെ പൊന്നുള്ളിമഠത്തിലെ ലക്ഷ്മിക്കുട്ടിയമ്മയെ വീണ്ടും വിവാഹം ചെയ്തു. അവരിലുണ്ടായ മകൾ നാണിക്കുട്ടിയമ്മ കലാമണ്ഡലം നീലകണ്ഠൻ നമ്പീശന്റെ ഭാര്യയായിരുന്നു. ഈ വിവഹബന്ധവും അചിരേണ അവസാനിച്ചു. 1103 (1928)ൽ നാമുണ്ണിമേനോൻ വെള്ളിനേഴിക്കടുത്തുള്ള കുറുവട്ടൂരിലെ ചെറുകണ്ടത്ത് അമ്മുക്കുട്ടിയമ്മയെ വിവാഹം ചെയ്തു. അമ്മുക്കുട്ടിയമ്മയിൽ അദ്ദേഹത്തിന് ഉണ്ടായ മക്കളാണ് പദ്മനാഭൻ നായർ, ശിവരാമൻ, നാരായണൻ, പത്മാവതി എന്നിങ്ങനെ നാലുപേർ. മൂത്തമകൻ പദ്മനാഭൻ നായർ അച്ഛന്റെ കീഴിൽ കഥകളി അഭ്യസിച്ച് കലാമണ്ഡലം പദ്മനാഭൻ നായർ എന്ന് പേരെടുത്തു. ശിവരാമൻ വെള്ളിനേഴി സ്കൂളിൽ സംഗീതാധ്യാപകനായി. മൂന്നാമത്തെ മകൻ ഡോ.സി.എൻ നായർ അമേരിക്കയിലെ ജോർജ്ജിയ യൂണിവേഴ്സിറ്റിയിൽ മൈക്രോബയോളജി പ്രൊഫസറായിരുന്നു. പദ്മാവതിയമ്മ ഒരു വീട്ടമ്മയായി കഴിഞ്ഞുകൂടി. 1166 (1991(ൽ അമ്മുക്കുട്ടിയമ്മ അന്തരിച്ചു.

പുരസ്കാരങ്ങൾ

1080 (1905)ൽ മഞ്ചേരികോവിലകം കളിയോഗത്തിൽ സുഭദ്രാഹരണത്തിൽ അർജ്ജുനൻ കെട്ടിയതിന് കോവിലകത്തെ വലിയതമ്പുരാൻ ഒരു മുദ്രമോതിരം നൽകി. അതായിരുന്നു ആദ്യത്തെ സമ്മാനം. പിന്നീട്‌ കോട്ടക്കൽ കിഴക്കെ കോവിലകത്തെ രണ്ടരങ്ങ് കളിയിൽ രണ്ടാം ദിവസം ഒളപ്പണ്ണ മനക്കൽ ശക്തൻ വലിയഫൻ തമ്പുരാന്റെ ശുപാർശക്കത്ത് പ്രകാരം ഏറാൾപ്പാട് തിരുമേനി (അടുത്ത സാമൂതിരിയാകേണ്ട ആൾ) രാമുണ്ണിക്ക് മേനോൻ സ്ഥാനം കൽ‌പ്പിച്ചുനൽകി. അങ്ങനെ രാമുണ്ണിനായർ പട്ടിക്കാംതൊടി രാമുണ്ണിമേനോൻ ആയി. 1104 വൃശ്ചികമാസത്തിൽ വെള്ളിനേഴിയിൽ വെച്ച് നാട്ടുകാരുടേയും ഒളപ്പമണ്ണ മനക്കൽ തമ്പുരാക്കന്മാരുടേയും ഉത്സാഹത്തിൽ എട്ട് പവൻ തൂക്കമുള്ള അട്ടമുറിയൻ എന്ന് പേരുള്ള വീരശൃംഘല സമ്മാനിച്ചു. ഈ സമയത്ത് മേനോന്റെ ആരാധകനായ ഒരു നമ്പൂതിരിപ്പാട്‌ ഒരു അഭിനന്ദനശ്ലോകം എഴുതി സമ്മാനിച്ചു. ശ്ലോകമിതാണ്:

ആട്ടക്കാരുണ്ടസംഖ്യം പുനരവരവനീ ഭാരതന്മാരതെല്ലാം
പോട്ടേ, കാണുനവർക്കുള്ളലിയുമഭിനയം കൂട്ടുവാനിന്നു പാർത്താൽ
നാട്ടാരാകെപ്പുകഴ്ത്തും ബഹുമതിമതിമാൻ ഇട്ടിരാരിച്ചമേനോൻ
കോട്ടം വിട്ടഭ്യസിപ്പിച്ചവരിലൊരുവനാം രാമനേ കേമനുള്ളൂ

ശ്ലോകത്തിൽ അവസാനം പറയുന്ന രാമൻ, (രമനേ കേമനുള്ളൂ എന്നതിലെ) എന്നാൽ രാമുണ്ണിമേനോൻ ആണ്.1123 മീനം 28ന് കേരളകലാമണ്ഡലത്തിൽ വെച്ച് വള്ളത്തോളിന്റെ അദ്ധ്യക്ഷതയിൽ ശിഷ്യന്മാരുടെ സംഭാവനയായി 1101 ക.യുടെ ഒരു പണക്കിഴി അദ്ദേഹത്തിന് സമ്മാനിക്കുകയുണ്ടായി.

1124 കന്നി 3ആം തീയ്യതി പട്ടിക്കാംതൊടി രാമുണ്ണിമേനോൻ അന്തരിച്ചു.

പ്രധാനവേഷങ്ങൾ

ആദ്യവസാനപ്രാധാന്യമുള്ള പച്ചയും കത്തിയുമാണ് സാധാരണ കെട്ടാറുള്ളത്. കോട്ടയം കഥകളിലെ നായകവേഷങ്ങൾക്ക് (പ്രത്യേകിച്ചും കിർമ്മീരവധത്തിലെ ധർമ്മപുത്രർ) പുറമേ ഒന്നാമത്തെ ദക്ഷൻ, രണ്ടാം ദിവസത്തിലെ നളൻ, സുഭദ്രാഹരണത്തിലെ അർജ്ജുനൻ, ചെറിയ നരകാസുരൻ, ബാലിവധം,ഉത്ഭവം,കാർത്തവീര്യാർജ്ജുനവിജയം,ബാലിവിജയം എന്നിവയിലെ രാവണൻ, കീചകവധത്തിലെ കീചകൻ, ഉത്തരാസ്വയംവരം ദുര്യോധനൻ തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രസിദ്ധ വേഷങ്ങൾ ആണ്. കൂടാതെ രുഗ്മിണീസ്വയംവരം, സന്താനഗോപാലം എന്നീകഥകളിലെ ബ്രാഹ്മണനും അംബരീഷചരിതത്തിലെ ദുർവ്വാസാവും അദ്ദേഹം കെട്ടിയിരുന്നു. സങ്കേതസൗന്ദര്യം നിറഞ്ഞ, സനിഷ്കർഷമായ കളരിപാഠമുള്ള കഥാപാത്രങ്ങളിലാണ് രാവുണ്ണിമേനോൻ പ്രധാനമായും തിളങ്ങിയിരുന്നത്. കിർമീരവധം ധർമ്മപുത്രർ പോലെ അത്യന്തം നാട്യധർമ്മിയായ കഥാപാത്രങ്ങളും നരകാസുരൻ പോലെ കടുത്ത അഭ്യാസബലം വേണ്ട കഥാപാത്രങ്ങളും രാവുണ്ണിമേനോനിൽ സുരക്ഷിതമായിരുന്നു. 'കമലദള'ത്തോടു കൂടിയ ബാലിവിജയം രാവണൻ പ്രസിദ്ധമായ വേഷമാണ്.

പ്രത്യേകതകൾ

അഞ്ചര അടിയിൽ അല്പം കൂടിയ പൊക്കം. അതിനൊത്ത വണ്ണം, വലിയ പരന്ന മുഖം, ചെറിയ കണ്ണുകൾ, വിശാലമായ മാറിടം, കാഴ്ച്ചയിൽ വലുതെങ്കിലും ആടുമ്പോൾ ചെറുതെന്നു തോന്നിയിരുന്ന വയർ - ഇതായിരുന്നു രാമുണ്ണിമേനോന്റെ ദേഹപ്രകൃതി. പ്രകൃത്യാ ശുദ്ധനും അല്പരസക്കാരനുമായി ആണ് കെ.പി.എസ്. മേനോൻ കഥകളിരംഗത്തിൽ രാമുണ്ണിമേനോനെ പറ്റി പറഞ്ഞിരിക്കുന്നത്. ഈശ്വരഭക്തിയും ഗുരുഭക്തിയും കൃത്യനിഷ്ഠയും വിനയവും എല്ലാം അദ്ദേഹത്തിനുണ്ടായിരുന്നു. എന്നാലും ജന്മികളോടുള്ള ആശ്രിതഭാവം തെല്ലുമില്ലായിരുന്നു. മാത്രമല്ല അദ്ദേഹത്തിന്റെ മുഖഭാവത്തിലും നോട്ടത്തിലും സ്വരത്തിലുമെല്ലാം അല്പം അഹങ്കാരഭാവം ഉണ്ടെന്നുകൂടെ അപരിചിതന്മാർ ശങ്കിച്ചുപോവുമെന്ന് കെ.പി.എസ് മേനോൻ പറയുന്നു. മേളത്തിലും സഗീതത്തിലും അദ്ദേഹത്തിന് അവഗാഹം ഉണ്ടായിരുന്നു. മാത്രമല്ല വേണ്ടിവന്നാൽ ചേങ്ങലയോ ചെണ്ടയോ എടുത്ത് അരങ്ങ് നിവർത്തിക്കുവാനുള്ള കഴിവുമുണ്ടായിരുന്നു.

വേഷപ്പകർച്ച കഥകളിക്കാരുടെ ഭാഷയിൽ മനയോലപ്പറ്റ് തീരെ ഇല്ലായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ സുദീർഘവും കൃത്യവുമായ പരിശീലനം, ചൊല്ലിയാട്ടം, സന്ദർഭോചിതമായ നിലകൾ എന്നിവകൊണ്ട്‌ ഈ കുറവിനെ അദ്ദേഹം മറികടന്നിരുന്നതായി കെ.പി.എസ് മേനോൻ കഥകളിരംഗത്തിൽ എഴുതിയിട്ടുണ്ട്. “ ചൊല്ലിയാട്ടം കൊണ്ട് രസാഭിവ്യഞ്ജനം സാധിക്കും. ഉത്സാഹം, ശോകം, ആനന്ദം ഈ സ്ഥായിഭാവങ്ങളോട് കൂടിയ വീരകരുണഭക്തിരസങ്ങളുടെ അഭിനയങ്ങൾക്ക് കൂടുതൽ സാക്ഷാത്ക്കാരം സാധിച്ചിരുന്നു. അതുകൊണ്ടാണ് രാമുണ്ണിമേനോന്റെ ഏറ്റവും മികച്ച വേഷം ധർമ്മപുത്രർ ആണെന്ന് ജനങ്ങൾ പറഞ്ഞിരുന്നത്. കറതീർന്ന കയ്യിന്റേയും മുറചേർന്ന മെയ്യിന്റേയും നൈപുണ്യം കൊണ്ട് ക്രോധസ്ഥായിത്വമുള്ള രൌദ്രരസപ്രധാനവേഷങ്ങളും നന്നാകാറുണ്ട്. ദുർവ്വാസാവിന്റെ ഭാഗം ഇത്രയും തന്മയത്വത്തോടെ ആടി ഫലിപ്പിച്ചിട്ടുള്ള നടന്മാർ ഏറെ ഉണ്ടായിട്ടില്ല. ദശമുഖന്റെ തപസ്സാട്ടത്തിൽ അത്ര കണക്കും ചിട്ടയും വേറൊരു വേഷക്കാരനുമുണ്ടായിരുന്നില്ലെന്ന് പറയുന്നതിൽ അപാകതയുമില്ല. ‘ദ്വിജവരമൌലേ’, ‘വഴിയിൽ നിന്നു പോകാ വൈകാതെ’ മുതലായ ഇടക്കാലപദങ്ങൾ ആടുമ്പോൾ അദ്ദേഹം മുദ്രകാണിക്കുന്ന രീതിയുടെ ഭംഗി എന്റെ മധുരസ്മരണകളിൽ ഒന്നാണ്. “ (കെ.പി.എസ് മേനോൻ, കഥകളി രംഗം. രണ്ടാം പതിപ്പ്, പുറം 226)

ശ്രുതി ചേർന്ന അലർച്ചയുടെ ഗുണം രാമുണ്ണിമേനോനു സവിശേഷമായുണ്ടായിരുന്നു എന്നും കെ.പി.എസ് മേനോൻ സ്മരിക്കുന്നു. സന്ദർഭാനുസരണം ശബ്ദത്തിന്റെ രീതിയും കനവും നിയന്ത്രിക്കുന്നതിൽ രാമുണ്ണിമേനോൻ ശ്രദ്ധിച്ചിരുന്നു. തപസ്സട്ടത്തിൽ രാവണന്റെ അലർച്ചയുടെ കാഠിന്യം അദ്ദേഹത്തിന്റേത് ഒന്നു വേറേ തന്നെയാണ്. കെ.പി.എസ്. മേനോൻ തുടരുന്നു. സദസ്സിനേ നോക്കാതെ ആടുകയാണ് പതിവ്‌ എന്നുകൂടെ കെ.പി.എസ് മേനോൻ പറയുന്നു. ഇതിനർഥം സദസ്സിൽ ജ്ഞാനികളുണ്ടോ ഇല്ലയോ എന്ന് നോക്കാതെ എല്ലായ്പ്പോഴും ഒരേപോലെ തനിക്ക് കഴിയുന്നവിധത്തിൽ നല്ലതായി ആടുക അദ്ദേഹത്തിന്റെ ശീലമായിരുന്നു എന്ന് കണക്കാക്കാം. അതുപോലെ പാത്രസ്വഭാവം വിടാതെ കഥാപാത്രങ്ങൾക്കനുസരിച്ച് കൂട്ടുകഥാപാത്രങ്ങളുമായി ചെറുസംഭാഷണത്തിൽ ഏർപ്പെടുകയും അദ്ദേഹത്തിന്റെ പതിവാ‍ണ്. അപ്രകൃതവും അസ്ഥാനസ്ഥവുമായ ആശയപ്രകടനങ്ങളോ, രസവിച്ഛേദം വരുത്തുന്ന രംഗങ്ങളോ രാമുണ്ണിമേനോന്റെ ആട്ടത്തിൽ കാണുകയില്ല എന്ന് കെ.പി.എസ് മേനോൻ സാക്ഷ്യപ്പെടുത്തുന്നു.

അചാര്യപർവ്വം

കല്ലുവഴിക്കളരിയുടെ ആധുനികകാലഘട്ടത്തിലെ സൽഫലങ്ങളെല്ലാം രാവുണ്ണിമേനോൻ കളരിയുടെ സംഭാവനകളാണ് എന്നു പറയാം. ഗുരുനാഥൻ ഏൽപ്പിച്ചുനൽകിയ കളരിയിൽ നിന്ന് ആദ്യം അഭ്യസിപ്പിച്ച തേക്കിൻകാട്ടിൽ രാവുണ്ണിനായർ മുതൽ, പുത്രനായ കലാ. പത്മനാഭൻ നായർ വരെയുള്ള പ്രതിഭാശാലികളായ പട്ടിയ്ക്കാംതൊടി ശിഷ്യരും അവരുടെ പ്രശിഷ്യരുമാണ് ഇരുപതാം നൂറ്റാണ്ടിലെ കല്ലുവഴിക്കളരിയുടെ ഭാഗധേയം നിർണ്ണയിച്ചത്.

കളരിയുടെ ദൈനം ദിന പ്രവർത്തനങ്ങളിൽ ചില സാരമായ മാറ്റങ്ങൾ രാവുണ്ണിമേനോൻ വരുത്തിയിട്ടുണ്ട്. ഉപാംഗാഭിനയസിദ്ധി കൈവരാനായുള്ള പരിശീലനങ്ങളിൽ ശ്രദ്ധയൂന്നുന്നത് രാവുണ്ണിമേനോനാണ്. കൊടുങ്ങല്ലൂർ പാഠശാലയുമായുള്ള സമ്പർക്കത്തിനു ശേഷം, നാട്യശാസ്ത്രത്തിന്റെ വെളിച്ചത്തിൽ രാവുണ്ണിമേനോൻ കഥകളിയുടെ ബോധനശാസ്ത്രം പുതുക്കിപ്പണിതു.

ശിക്ഷണപടുവായ ഗുരുനാഥനായി രാവുണ്ണിമേനോന്റെ ശിഷ്യർ അദ്ദേഹത്തെ സാക്ഷ്യപ്പെടുത്തുന്നു. രാവുണ്ണിമേനോൻ കളരിയുടെ മറ്റൊന്നിനും പകരം വെയ്ക്കാനാവാത്ത മേന്മ തിരിച്ചറിഞ്ഞാണ് വള്ളത്തോൾ കലാമണ്ഡലത്തിലേക്ക് അദ്ദേഹത്തെ തിരിച്ചുവിളിയ്ക്കുന്നത്.

കൊടുങ്ങല്ലൂർ പാഠശാലയിലെ അഭ്യസനത്തിനു മുൻപ് പഠിപ്പിച്ച പ്രധാനശിഷ്യനാണ് തേക്കിൻകാട്ടിൽ രാവുണ്ണിനായർ. രാവുണ്ണിനായരിലും രാവുണ്ണിനായരുടെ ശിഷ്യരിലും കൊടുങ്ങല്ലൂർ പരിഷ്കരണങ്ങൾക്കു മുൻപുള്ള കളരിപ്രകാരത്തിന്റെ അടയാളങ്ങൾ ദർശിക്കാം.

തേക്കിൻകാട്ടിൽ രാവുണ്ണി‌നായർ, വാഴേങ്കട കുഞ്ചുനായർ, കീഴ്പ്പടം കുമാരൻനായർ, കലാ. കൃഷ്ണൻനായർ, കലാ. രാമൻകുട്ടിനായർ, കലാ. പത്മനാഭൻ നായർ എന്നിവർ രാവുണ്ണിമേനോന്റെയും കല്ലുവഴിക്കളരിയുടേയും യശസ്സുയർത്തിയ പ്രധാനശിഷ്യരാണ്.

സംഭാവനകൾ

കൊടുങ്ങല്ലൂർ കോവിലകത്തെ അഭ്യാസം രാമുണ്ണിമേനോന്റെ കലാജീവിതത്തിലും കഥകളിയുടെ പിൽക്കാലചരിത്രത്തിലും വലിയ വഴിത്തിരിവായിരുന്നു. ഇട്ടിരാരിച്ചമേനോനിൽ നിന്നും കിട്ടിയ പിഴക്കാത്ത അഭ്യാസബലവും കൊടുങ്ങല്ലൂർ തമ്പുരാക്കന്മാർ നൽകിയ നാട്യശാസ്ത്ര സിദ്ധാന്തങ്ങളിലെ ഉൾക്കാഴച്ചയും ചേർന്നപ്പോൾ കഥകളി ചരിത്രം തന്നെ മാറി. അതുവരെ നൃത്യകലയായി മാത്രം കണ്ടിരുന്ന കഥകളിയെ നാട്യകലയാക്കി രാമുണ്ണി മേനോൻ ഉയർത്തി. പല പദങ്ങളും പദാഭിനയം എന്നതിൽനിന്ന് സ്ഥായീ ഭാവത്തിലൂന്നിയ വാക്യാഭിനയമായി മാറി. നാട്യത്തിനനുസരിച്ച് പാട്ട് എന്ന് അദ്ദേഹം നിഷ്കർഷിച്ചു. കഥകളി സർവ്വാംഗാഭിനയം ആയിരിക്കണം എന്ന് അദ്ദേഹം ശഠിച്ചു. നൃത്യാംശമായ കലാശങ്ങൾ രസാഭിനയത്തിന് അനുഗുണമായിരിക്കണം എന്നദ്ദേഹം വിധിച്ചു. നാട്യശാസ്ത്രദർശനം ഉപയോഗിച്ച് സമഗ്രമായി കഥകളിയെ നവീകരിക്കാനുള്ള ശ്രമം കല്ലുവഴി ചിട്ടയിൽ നടന്നത് പട്ടിക്കാംതൊടിയുടെ ശ്രമഫലം ആയിട്ടാണ്.

ഇതിനർത്ഥം നാട്യശാസ്ത്ര ദർശനം കഥകളിയിൽ പട്ടിക്കാംതൊടിക്ക് മുൻപ് ഉപയോഗിച്ചിരുന്നില്ല എന്നല്ല. പക്ഷെ ഇത്രയും സമഗ്രത വന്നിരുന്നില്ല എന്നാണ്. തെക്കൻ കേരളത്തിൽ അതേ കാലത്ത് ജീവിച്ചിരുന്ന മാത്തൂർ കുഞ്ഞുപ്പിള്ള പണിക്കർ, പന്നിശ്ശേരി നാണുപ്പിള്ള മുതലായവർ നാട്യശാസ്ത്രാവഗാഹം നേടിയവരാണ്. “കഥകളി പ്രവേശിക”യും “കഥകളിപ്രകാര”വും അതിനു ദൃഷ്ടാന്തങ്ങളായി എം.പി.എസ് നമ്പൂതിരി, കിള്ളിമംഗലം വാസുദേവൻ നമ്പൂതിരിപ്പാട് എന്നിവർ ചേർന്നെഴുതിയ കഥകളിയുടെ രംഗപാഠചരിത്രം (പുറം 96) എന്ന പുസ്തകത്തിൽ ചൂണ്ടിക്കാണിക്കുന്നു.

കഥകളിയുടെ സങ്കേതപ്രകാരങ്ങൾക്കുള്ളിൽ നിരവധി അഴിച്ചുപണികൾ രാവുണ്ണിമേനോൻ നടത്തിയിട്ടുണ്ട്. കോട്ടയം കഥകളുടെ ആവിഷ്കാരരീതിശാസ്ത്രം കൂടുതൽ സൗന്ദര്യാത്മകമായത് രാവുണ്ണിമേനോന്റെ പരിഷ്കരണങ്ങളോടെയാണ്. നിരന്തരം പുനർനവീകരിക്കപ്പെട്ടു കൊണ്ടിരുന്ന മനീഷയും വിട്ടു‌വീഴ്ച്ചയില്ലാത്ത മെയ്യും രാവുണ്ണിമേനോനെ അനനുകരണീയനാക്കി മാറ്റി.

ദർശനം

ഡയറിക്കുറിപ്പുകൾ എഴുതിവെയ്ക്കുന്ന ശീലം രാവുണ്ണിമേനോനുണ്ടായിരുന്നു. പല സുപ്രധാന കഥകളിദർശനങ്ങളും അവ പങ്കുവെയ്ക്കുന്നുണ്ട്. നാട്യധർമ്മി - ലോകധർമ്മി സംജ്ഞകളെക്കുറിച്ചുള്ള ചിന്തകൾ, കിർമീരവധം ധർമ്മപുത്രർ, ബാലിവിജയം രാവണൻ തുടങ്ങിയ കഥാപാത്രങ്ങളെക്കുറിച്ചും രംഗപ്രകാരത്തെക്കുറിച്ചുമുള്ള ആലോചനകൾ, കഥകളിയുടെ ഭാവിയെക്കുറിച്ചും ശിഷ്യരുടെ പ്രകടനങ്ങളെക്കുറിച്ചുമുള്ള അഭിപ്രായങ്ങൾ എന്നിവയെല്ലാം ഡയറിക്കുറിപ്പുകളിൽ ഉണ്ട്. " അഭ്യാസിയ്ക്ക് വാസനക്കാരനെ ജയിക്കാനാവും, എന്നാൽ വാസനക്കാരന് അഭ്യാസിയെ ജയിപ്പാൻ സാദ്ധ്യമല്ല" എന്ന് രാവുണ്ണിമേനോൻ അഭിപ്രായപ്പെട്ടു.  അക്ഷീണമായ പ്രയത്നവും ബലിഷ്ഠമായ മനസ്സും കൊണ്ട് കളിയരങ്ങിനെ പുനർനിർമ്മിച്ച ചരിത്രമാണ് രാവുണ്ണിമേനോന്റെ ജീവിതം.

സമ്പ്രദായം: 
ഗുരു: 
കുയിൽതൊടി ഇട്ടിരാരിച്ച മെനോൻ
കളിയോഗം: 
ഒളപ്പമണ്ണ മന
മുഖ്യവേഷങ്ങൾ: 
പച്ച കത്തി തുടങ്ങിയ എല്ലാം.