കഥകളിയുടെ സൌന്ദര്യസാരം വെളിപ്പെട്ട നളചരിതത്തിന്‍റെ അരങ്ങൊരുക്കം
എങ്ങനെയൊക്കെ ശ്രമിച്ചിട്ടും ഇരട്ടിയക്ഷരം പറഞ്ഞിട്ടും ഭാഗം താളത്തില്‍ ഒതുങ്ങുന്നില്ല. രഥയാത്രയായതിനാല്‍ മുറിയടന്ത താളം മാറ്റുന്നതിനും കഴിയില്ല. ഋതുപര്‍ണ്ണന്‍റെ വരികള്‍ താളത്തിലൊതുങ്ങി. അതിനാല്‍ ഇതും താളത്തിലാകുമെന്ന പ്രതീക്ഷയോടെ ശ്രമം തുടര്‍ന്നു. ചൊല്ലിയാട്ടം നിര്‍ത്തി. ഈ വരികള്‍ക്കുമുകളില്‍ അവിടെയുള്ളവര്‍ ഓരോരുത്തരും അഭിപ്രായം പറഞ്ഞു തുടങ്ങി. പാട്ടറിയാത്ത ഞാനും പാടിനോക്കാതിരുന്നില്ല. അപ്പോഴാണ് ഏഴുമാത്രകളുടെ അഞ്ചുഖണ്ഡങ്ങളാണ് ഓരോ വരിയും എന്ന് രാജാനന്ദന്‍ ചൂണ്ടിക്കാട്ടിയത്. അടുത്ത നിമിഷം ബാബു പാടി.