വാഴേങ്കട കുഞ്ചു നായർ

ഔചിത്യദര്‍ശനത്തിലൂന്നി, കഥകളിയുടെ ആവിഷ്കാരത്തെയും അദ്ധ്യയനത്തെയും കൂടുതല്‍ പരിഷ്കരണങ്ങള്‍ക്കു വിധേയമാക്കുകയും, സ്വകീയമായ അരങ്ങുമാര്‍ഗത്തിലൂടെ ശ്രദ്ധേയനാവുകയും ചെയ്ത മഹാനടനും മനീഷിയുമാണ് വാഴേങ്കട കുഞ്ചുനായര്‍. പട്ടിയ്ക്കാം തൊടി കളരിയുടെ ഏറ്റവും ഉല്‍കൃഷ്ടമായ സല്‍ഫലങ്ങളൊലൊന്നായ വാഴേങ്കട കുഞ്ചുനായര്‍ ഒരേ സമയം കഥകളിദാര്‍ശനികനും നടനും അദ്ധ്യാപകനും ആയിരുന്നു. രംഗഭാഷ്യത്തിന്റെ ഉള്ളടരുകളിലേക്കു ചൂഴ്ന്നിറങ്ങുന്ന ഔചിത്യബോധം, സൂക്ഷ്മതലസ്പര്‍ശിയായ പാത്രസങ്കല്‍പ്പനം, രംഗപ്രൗഡി, മിതത്വലാവണ്യം,ചിന്തനീയമായ മനോധര്‍മ്മവിലാസം,രങ്ങിലെ പ്രത്യുല്‍പ്പന്നമതിത്വം. കണക്കൊത്തതും മനോഹരവുമായ ചൊല്ലിയാട്ടം, പരിമിതമെങ്കിലും ചേതോഹരമായ ഉപാംഗാഭിനയം - ഇങ്ങനെനനേകം സിദ്ധിവൈഭവങ്ങളുടെ വിളനിലമായിരുന്നു വാഴേങ്കട കുഞ്ചുനായര്‍.

ജീവചരിത്രം


നെടുമ്പത്ത് വീട്ടില്‍ ഗണപതി നായരുടേയും ചേനമ്പുറത്ത് വീട്ടില്‍ ഇട്ടിച്ചിരി അമ്മയുടേയും പുത്രനായാണ് പാലക്കാട് ജില്ലയിലെ  ചെര്‍പ്പുളശ്ശേരിക്കടുത്ത് കാറല്‍മണ്ണ എന്ന ഗ്രാമത്തില്‍ വാഴേങ്കട കുഞ്ചുനായര്‍ ജനിച്ചത്. ഗോകുലാഷ്ടമി നാളില്‍ജനിച്ചതുകൊണ്ട് "കൃഷ്ണന്‍" എന്ന പേരാണ് ആദ്യം മാതാപിതാക്കള്‍ ഇട്ടത്. കുഞ്ചു എന്നത് വിളിപ്പേരായിരുന്നു. പിന്നീടത് സ്ഥിരമാക്കപ്പെടുകയായിരുന്നു. കാറല്‍മണ്ണയാണ് മാതൃഗൃഹമെങ്കിലും അമ്മയുടെ ജ്യേഷ്ഠത്തിയോടൊന്നിച്ച് ജ്യേഷ്ഠത്തിയുടെ ഭര്‍തൃഗൃഹം സ്ഥിതിചെയ്യുന്ന അടുത്ത ഗ്രാമമായ വാഴേങ്കടയിലായിരുന്നു കുഞ്ചു നായര്‍ തന്റെ ശൈശവം ചെലവിട്ടത്. വാഴേങ്കട മലപ്പുറം ജില്ലയില്‍ തൂതപ്പുഴയുടെ തീരത്ത് ഉള്ള ഒരു ചെറു ഗ്രാമം ആണ്. കുഞ്ചുനായര്‍ക്ക് ഏകദേശം ഒന്നര വയസ്സുള്ളപ്പോള്‍ അമ്മയുടെ ജ്യേഷ്ഠത്തി മരണപ്പെട്ടു. തുടര്‍ന്ന് അദ്ദേഹം അമ്മയും ജ്യേഷ്ഠന്‍ നാരായണനുമൊന്നിച്ച് സ്വഗ്രാമമായ കാറല്‍മണ്ണയിലേക്ക് മടങ്ങി. വെള്ളിനേഴി ഹയര്‍ എലിമന്ററി സ്കൂളില്‍ ആറാം തരെ വരെ പ്രാഥമിക പഠനം നടത്തി. വാഴേങ്കട നരസിമഹമൂര്‍ത്തി ക്ഷേത്രത്തിന്റെ നാല് ഊരാളന്മാരില്‍ പ്രമാണിയും കഥകളിരസികനുമായിരുന്ന  കോങ്ങാട് മല്ലിശ്ശേരി ഭട്ടതിരിപ്പാട് അവിടെ കഥകളിക്കളരിയുടെ ഏര്‍പ്പാടുകള്‍ ചെയ്തത് അക്കാലത്താണ്, പ്രസ്തുതകളരിയില്‍ കൊല്ലവര്‍ഷം 1100 എടവം 26ന് (1925 ജൂണ്‍ 28) കരിയാട്ടില്‍ കോപ്പന്‍ നായരുടെ ശിക്ഷണത്തില്‍ കുഞ്ചുനായര്‍ കഥകളി പഠനം ആരംഭിച്ചു. കോപ്പന്‍ നായര്‍ “ആശാരി കോപ്പന്‍” എന്ന പേരില്‍ പ്രസിദ്ധനായ കഥകളി നടനായിരുന്നു. ബകവധത്തില്‍ ആശാരി ആയിരുന്നു അദ്ദേഹത്തിന്റെ പ്രസിദ്ധവേഷം. അതിനാല്‍ ആശാരി കോപ്പന്‍ നായരായി. തുടര്‍ന്ന് കല്ലുവഴി ഗോവിന്ദപ്പിഷാരടിയുടെ കീഴിലും 2 വര്‍ഷത്തോളം കഥകളി അഭ്യസിച്ചു. 1925 ഡിസംബര്‍ 20ന് (കൊല്ലവര്‍ഷം 1101 ധനു 6) വാഴേങ്കട നരസിംഹമൂര്‍ത്തി ക്ഷേത്രസന്നിധിയില്‍ വെച്ചാണ് കുഞ്ചുനായര്‍ അരങ്ങേറ്റം നടത്തിയത്. പുറപ്പാടിലെ കൃഷ്ണവേഷവും തുടര്‍ന്നുള്ള സുഭദ്രാഹരണം കളിയിലെ കൃഷ്ണവേഷവുമായിരുന്നു അന്ന് കുഞ്ചു നായര്‍ കെട്ടിയത്. ഗുരുനാഥന്‍ പട്ടിക്കാംതൊടി രാവുണ്ണിമേനോനായിരുന്നു കൂട്ടുവേഷമായ അര്‍ജ്ജുനന്‍ കെട്ടിയിരുന്നത്. തുടര്‍ന്നുണ്ടായ പട്ടിയ്ക്കാംതൊടി രാവുണ്ണിമേനോന്റെ കീഴിലെ ശിക്ഷണമാണ് കഞ്ചുനായരുടെ കലാജീവിതത്തിന്റെ ഊടും പാവും മാറ്റിപ്പണിതത്.  കൊല്ലവര്‍ഷം 1108 തുലാം മാസത്തില്‍ അഭ്യാസം പൂര്‍ത്തിയായപ്പോഴേയ്ക്കും, മികച്ച ഒരു കഥകളികലാകാരന്‍ ജന്മമെടുത്തുകഴിഞ്ഞിരുന്നു. ആദ്യകാലത്ത് കോപ്പന്‍ നായരുടെ കളിയോഗത്തില്‍ കുട്ടിത്തരം വേഷങ്ങള്‍ ചെയ്തിരുന്ന കുഞ്ചുനായര്‍, തുടര്‍ന്ന് നായരമ്പലത്തുകാരന്‍ ഗോവിന്ദക്കുറുപ്പ്, ഏഴിക്കര ഗോപാലപ്പണിക്കര്‍, കാവുങ്ങല്‍ ശങ്കരപ്പണിക്കര്‍, കുതിരവട്ടത്ത് ശങ്കരന്‍ തമ്പാന്‍, വെങ്കിച്ചന്‍ സ്വാമി എന്നിവരുടെ കളിയോഗങ്ങളില്‍ ഇടത്തരവും ആദ്യാവസാനവേഷവുമായി കുഞ്ചുനായരുണ്ടായിരുന്നു.

പട്ടിയ്ക്കാംതൊടി രാവുണ്ണിമേനോന്‍ കോട്ടക്കല്‍ പി എസ് വി നാട്യസംഘത്തില്‍ നിന്നു പോന്ന ഒഴിവിലേക്ക് വാഴേങ്കട കുഞ്ചുനായര്‍ നിയമിതനായി. തുടര്‍ന്ന് കലാമണ്ഡലത്തിലേക്കു പോവുകയും, കലാമണ്ഡലത്തിന്റെ പ്രഥമപ്രിന്‍സിപ്പാള്‍ ആയി സ്ഥാനമേല്‍ക്കുകയും ചെയ്തു. 1972ല്‍ കുഞ്ചുനായര്‍ കലാമണ്ഡലത്തില്‍ നിന്നു റിട്ടയര്‍ ചെയ്തു. 1981 ജനുവരി 19ന് കുഞ്ചുനായര്‍ അന്തരിച്ചു.

പ്രസിദ്ധവേഷങ്ങള്‍

ഏറ്റവും പ്രിയപ്പെട്ട വേഷമായി കുഞ്ചുനായര്‍ അഭിപ്രായപ്പെട്ടിട്ടുള്ളത് നളചരിതം മൂന്നാം ദിവസത്തിലെ ബാഹുകനാണ്. ഒന്ന്, രണ്ട്, ദിവസങ്ങളിലെ നളനും നാലാം ദിവസത്തിലെ ബാഹുകനും മികച്ച വേഷങ്ങളാണ്. കാലകേയവധം അര്‍ജ്ജുനന്‍, കിര്‍മീരവധം ധര്‍മ്മപുത്രര്‍, രാവണോല്‍ഭവം രാവണന്‍, ബാലിവിജയം രാവണന്‍, കീചകവധം കീചകന്‍, നരകാസുരവധം ചെറിയ നരകാസുരന്‍, സന്താനഗോപാലം ബ്രാഹ്മണന്‍, ദുര്യോധനവധം കൃഷ്ണന്‍, ഉത്തരാസ്വയംവരം ബൃഹന്ദള, രുഗ്മിണീസ്വയംവരം സുന്ദരബ്രാഹ്മണന്‍, ബാലിവിജയം നാരദന്‍, സീതാസ്വയംവരം പരശുരാമന്‍, രുഗ്മാംഗദചരിതം രുഗ്മാംഗദന്‍, ദക്ഷയാഗം ഒന്നാം ദക്ഷന്‍ എന്നിവ മികച്ച വേഷങ്ങളാണ്.

സവിശേഷതകള്‍

പട്ടിയ്ക്കാംതൊടി രാവുണ്ണിമേനോന്റെ പരിഷ്കരണങ്ങളില്‍ തന്നെ 'ഔചിത്യചിന്ത' ലീനമായിരുന്നെങ്കില്‍ ഔചിത്യദര്‍ശനത്തിലൂന്നി, കഥകളിയുടെ രംഗപാഠത്തെ ആഴത്തില്‍ പരിശോധിക്കുകയും ആവശ്യമുള്ള മാറ്റങ്ങള്‍ വരുത്തുകയും ചെയ്തത് വാഴേങ്കട കുഞ്ചുനായരാണ്. അന്നത്തെ കഥകളിക്കാരില്‍ അപൂര്‍വ്വമായ ഭാഷാപാണ്ഡിത്യവും സൈദ്ധാന്തികചിന്തയും കുഞ്ചുനായരിലുണ്ടായിരുന്നു. രാവുണ്ണിമേനോന്‍ വരെയുള്ള കല്ലുവഴിക്കളരിയിലെ ആചാര്യന്മാര്‍ കോട്ടയം കഥകളിലും ചിട്ടപ്പെട്ട മറ്റു കഥകളികളിലും വളര്‍ത്തിക്കൊണ്ടുവന്ന ഔചിത്യബോധത്തേയും അരങ്ങുകാഴ്ച്ചപ്പാടിനേയും മുന്‍നിര്‍ത്തി, നളചരിതവും രുഗ്മാംഗദചരിതവും പോലുള്ള ചിട്ടപ്പെടുത്താത്ത കഥകള്‍ക്കു കൂടി ഔചിത്യപൂര്‍ണ്ണമായ ഒരു രംഗപ്രകാരനിര്‍മ്മിതി സാക്ഷാത്കരിക്കുകയാണ് ചെയ്തത്. ശാസ്ത്രീയവും ഉറപ്പുള്ളതുമായ സിദ്ധാന്തങ്ങളുടെ പി‌ന്‍ബലത്തോടെ, നടത്തിയ പരിഷ്കരണങ്ങള്‍ക്കെല്ലാം വിശദീകരണങ്ങള്‍ നല്‍കാന്‍ കുഞ്ചുനായര്‍ക്കു കഴിഞ്ഞു. രാജസൂയത്തിലെ ശിശുപാലന്റെ ആട്ടം, സീതാസ്വയംവരത്തിലെ പരശുരാമന് പ്രവേശം എന്നിവയില്‍ കുഞ്ചുനായര്‍ സ്വീകരിച്ച സ്വകീയമാര്‍ഗം അന്ന് ഏറെ ചര്‍ച്ചകള്‍ക്കു വഴി തെളിച്ചിട്ടുണ്ട്. മിതത്വവും സര്‍ഗ്ഗാത്മകതയും ചേര്‍ന്ന ആവിഷ്കാരരീതിശാസ്ത്രം വികസിപ്പിച്ചെടുത്തതില്‍ കുഞ്ചുനായരുടെ പങ്ക് സുപ്രധാനമാണ്. " പട്ടിയ്ക്കാംതൊടിയുടെ വേഷങ്ങള്‍ കണ്ടിട്ടില്ലാത്തവര്‍ക്ക്  അദ്ദേഹത്തിന്റെ അനന്യലഭ്യമായ ചൊല്ലിയാട്ടത്തിന്റെ ഒരു സാമാന്യരൂപം കുഞ്ചുനായരുടെ വേഷങ്ങളില്‍ ദര്‍ശിക്കാന്‍ കഴിയും" എന്ന് കെ പി എസ് മേനോന്‍ കഥകളിരംഗത്തില്‍ കുഞ്ചുനായരെ പ്രശംസിച്ചിട്ടുണ്ട്. കെ പി എസ് മേനോന്‍ കുഞ്ചുനായരുടെ ശരീരപ്രകൃതി ഇപ്രകാരം വിസ്തരിച്ചിരിക്കുന്നു:

"കുഞ്ചുനായര്‍ക്ക് ഉയരം അഞ്ചരയടി ഉണ്ടെങ്കിലും വേഷത്തിനു വലിപ്പം കുറവായിട്ടു തന്നെ തോന്നിയ്ക്കുമെന്നൊരു ന്യൂനതയുണ്ട്. മൂക്ക് അല്‍പ്പമൊരു പതിഞ്ഞിട്ടായതിന്റെ ഭംഗിക്കുറവ് പച്ചവേഷങ്ങളില്‍ കാണും. മുഖത്തിനു താഴെ കണ്ഠം കാണാതിരിക്കുന്നതും വേഷഭംഗിയെ കുറയ്ക്കുന്നു. തലയെടുപ്പില്‍ പ്രകൃത്യാ ഗളഗ്രഹമുണ്ടെന്നു ശങ്കിച്ചുപോകുമെങ്കില്‍ ആട്ടം തുടങ്ങിയാല്‍ ഈ വൈരൂപ്യമത്ര കാണുകയില്ല. കണ്ണുകള്‍ക്ക് ആകൃതിഗുണം കുറവാണെങ്കിലും സാധകസിദ്ധികൊണ്ട് ആശയപ്രകാശനത്തില്‍ അവയ്ക്കൊരു കോട്ടവുമില്ല എന്‍നു പറയാം."

കഥകളിയിലെ പ്രമേയത്തിന്റെ സങ്കീര്‍ണ്ണതകളെപ്പറ്റി ഇത്രമേല്‍ ആഴത്തില്‍ ചിന്തിച്ച അധികം നടന്മാരില്ല. നളചരിതം നാലാം ദിവസത്തിന്റെ സമാഗമരംഗത്തെക്കുറിച്ച് വാഴേങ്കട കുഞ്ചുനായര്‍ എഴുതിയ കുറിപ്പുകളും കത്തുകളും ഇവയ്ക്ക് സാക്ഷ്യം വഹിയ്ക്കുന്നു. കാലകേയവധം അര്‍ജ്ജുനന്റെ "കുടിലതയകതാരില്‍" എന്ന ഭാഗത്ത് മുന്‍പുണ്ടായിരുന്ന രീതി മാറ്റി അസ്ത്രങ്ങള്‍ എയ്യുന്ന രീതിയില്‍ പുനര്‍നിര്‍മ്മിച്ചതുപോലെ പലയിടത്തും സങ്കേതത്തെ ആവിഷ്കരണപ്രമേയവുമായി കുഞ്ചുനായര്‍ കൂട്ടിയിണക്കി. സ്ഥൂലമല്ല, സൂക്ഷ്മമായിരുന്നു കുഞ്ചുനായരുടെ ആവിഷ്കരണശൈലി.  " സാകൂതമായ ഒരു നോട്ടത്തിലോ സാഭിപ്രായമായ ഒരലര്‍ച്ചയിലോ മണിക്കൂറുകള്‍ ആടിയാലും ഫലിയ്ക്കാത്ത ഭാവകോടികളെ ഒതുക്കിക്കാട്ടുന്ന കൂറടക്കം" എന്ന് വെള്ളിനേഴി നാണുനായരെ പ്രശംസിച്ച് കുഞ്ചുനായര്‍ എഴുതിയ വാചകം, അദ്ദേഹത്തിന്റെ കാര്യത്തില്‍ സര്‍വ്വഥാ അനുയോജ്യമായിരുന്നു. മൂന്നാം ദിവസത്തിലെ ബാഹുകന്റെ സാകേതയാത്ര പൂര്‍ത്തിയാകുമ്പോള്‍ ഹംസത്തിന്റെ സ്മരണയോടെ അവസാനിപ്പിയ്ക്കുന്നതു പോലെ ഉള്ള ഭാവതീവ്രമായ മനോധര്‍മ്മങ്ങള്‍ കുഞ്ചുനായരുടെ പ്രതിഭ കഥകളിയിലിണക്കിച്ചേര്‍ത്തു.

കത്തുകള്‍

കുഞ്ചുനായര്‍ അനേകം പണ്ഡിതര്‍ക്ക് എഴുതിയ കത്തുകള്‍ പ്രസിദ്ധീകൃതമായിട്ടുണ്ട്. സ്വന്തം കലയോടുള്ള കര്‍ത്തവ്യബോധം, സ്വപ്രത്യയസ്ഥൈര്യം, പാണ്ഡിത്യം എന്നിവ ആ കത്തുകളില്‍ തിളങ്ങുന്നു. സന്താനഗോപാലം ബ്രാഹ്മണനേയും നളചരിതം നാലാംദിവസം ബാഹുകനേയും സംബന്ധിച്ച നിരീക്ഷണങ്ങളും ആശങ്കകളും പല കത്തുകളിലും കാണാം.  അന്നത്തെ മലയാളകാവ്യലോകത്തിലെ ചക്രവര്‍ത്തിയായിരുന്ന മഹാകവി ജി ശങ്കരക്കുറുപ്പ് കഥകളി കണ്ട് പറഞ്ഞ അഭിപ്രായങ്ങളെ അധികരിച്ച് കുഞ്ചുനായര്‍ അദ്ദേഹത്തിനെഴുതിയ കത്ത്  ആ കലാകാരന്റെ നിര്‍ഭയത്വവും സ്വക്ഷേത്രത്തിലുള്ള അഭിമാനവും ജ്വലിക്കുന്നതാണ്. പ്രസ്തുത സന്ദേശത്തില്‍ നിന്ന്:

" മഹാകവി ജി.ശങ്കരക്കുറുപ്പിന്: കോട്ടക്കല്‍ 19-11-50 നായത്തോട്ടമ്പലത്തില്‍ വെച്ച് കിര്‍മീരവധം ധര്‍മ്മപുത്രരെ കളിയരങ്ങത്തു കണ്ടുകൊണ്ടിരിപ്പാന്‍ താങ്കള്‍ക്കു പ്രയാസം നേരിട്ടതിന് ഒന്നേ അര്‍ത്ഥമുള്ളൂ;ശങ്കരക്കുറുപ്പിന് കളികാണാറായിട്ടില്ല.
നൃത്തഗീതമേളങ്ങളുടെ സമീചീനമായ സമ്മേളനസ്ഥലമാണ് കളിയരങ്ങ്.അവതരണശില്‍‌പ്പത്തിലാണ് കഥകളിയുടെ അപൂര്‍വ്വത കുടികൊള്ളുന്നത്.അതിന്റെ സാങ്കേതികസങ്കീര്‍ണ്ണതകളില്‍ താല്പര്യവും വിവരവുമുള്ളവര്‍ പിന്നെയും പിന്നെയും കാണാന്‍ കൊതിക്കുന്ന വേഷമാണ് കിര്‍മീരവധം ധര്‍മ്മപുത്രര്‍.
രുഗ്മാംഗദനും നളനും ബാഹുകനുമൊക്കെയാണ് അരങ്ങത്തു വേണ്ടത്,കോട്ടയം കഥകള്‍ കളരിയില്‍ ഒതുങ്ങട്ടെ എന്ന അഭിപ്രായം ഒരിക്കലും സ്വീകരിക്കവയ്യ.കഥകളിയുടെ ശില്‍‌പ്പബന്ധം നടന് മന:പാഠമാവണമെങ്കില്‍ സങ്കേതസങ്കീര്‍ണ്ണങ്ങളായ കോട്ടയം കഥകള്‍ ആടിയാടി തഴക്കം വരണം.കാണികള്‍ക്കും അതേ; അവ കണ്ടു പഴകിയാലേ കളി കാണാനാവൂ.
പിന്നീടാണ് നളനും ബാഹുകനും കെട്ടേണ്ടതും കാണേണ്ടതും.എന്റെ ആത്മാര്‍ത്ഥമായ അഭിപ്രായത്തില്‍ നളചരിതം കഥകളിയിലെ ഒഅനന്വയമാകുന്നു.അതിനു കൃത്യമായ ചിട്ടയും നിശ്ചയിച്ചിട്ടില്ല,താരതമ്യേന വൈകി മാത്രം പ്രചാരത്തില്‍ വന്നതുകൊണ്ട്.അതുകൊണ്ട് ആര്‍ക്കും ആ വേഷം കെട്ടാമെന്നും,ആ വേഷം കെട്ടിയാല്‍ എന്തും കാട്ടാമെന്നും ആയിത്തീര്‍ന്നിട്ടുണ്ട് ഇപ്പോള്‍.വിദഗ്ധരായ കലാകാരന്മാരും ആസ്വാദകപണ്ഡിതന്മാരും ഒരുമിച്ചിരുന്ന് നളചരിതത്തിന് ഒരവതരണശില്‍‌പ്പം നിശ്ചയിക്കേണ്ടതാണ്.
എനിക്ക് നളചരിതത്തോട് പ്രത്യേക താല്പര്യമുണ്ട്.എന്നാല്‍ കോട്ടയം കഥകളോട് അതിരുകവിഞ്ഞ ആദരവുമുണ്ട്.
സ്വന്തം
കുഞ്ചുനായര്‍."

ശിഷ്യന്മാര്‍

ആധുനികകഥകളിലോകത്തിലെ മഹാരഥന്മാരായ ശിഷ്യരെ വാര്‍ത്തെടുത്ത ആചാര്യനാണ് വാഴേങ്കട കുഞ്ചുനായര്‍. സ്ത്രീവേഷത്തിന്റെ വ്യാകരണം പുതുക്കിപ്പണിത കോട്ടയ്ക്കല്‍ ശിവരാമന്‍, പുരുഷവേഷങ്ങളിലെ നിറസാന്നിദ്ധ്യമായ കലാമണ്ഡലം വാസുപ്പിഷാരടി, താടിവേഷങ്ങളിലെ അഗ്രിമസ്ഥാനമലങ്കരിക്കുന്ന നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി, നായകവേഷങ്ങളില്‍ പ്രശസ്തനായ കോട്ടക്കല്‍ ചന്ദ്രശേഖരവാര്യര്‍, കോട്ടക്കല്‍ കളരിയുടെ ദീര്‍ഘകാലത്തെ അദ്ധ്യാപകനും നടനുമായിരുന്ന കോട്ടക്കല്‍ കൃഷ്ണന്‍കുട്ടിനായര്‍, മികച്ച അദ്ധാപകനും നടനുമായ കോട്ടക്കല്‍ ഗോപി നായര്‍ എന്നിവര്‍ വാഴേങ്കട കുഞ്ചുനായരുടെ പ്രധാനശിഷ്യരാണ്. പുത്രനായ വാഴേങ്കട വിജയന്‍ കുഞ്ചുനായരുടെ യശസ്സുയര്‍ത്തിയ ശിഷ്യനും കൂടിയാണ്.

അനുസ്മരണസംഘടന

വാഴേങ്കട കുഞ്ചുനായരുടെ സ്മരണയെ ശാശ്വതീകരിക്കാനും, കഥകളിയുടെ ഉല്കര്‍ഷത്തിനുമായി പ്രവര്‍ത്തിക്കുന്ന വാഴേങ്കട കുഞ്ചുനായര്‍ സ്മാരക ട്രസ്റ്റ് എന്ന സംഘടന്‍ കുഞ്ചുനായരുടെ ഓര്‍മ്മകള്‍ക്ക് ശിഷ്യരും സഹൃദയരും നല്‍കിയ ഏറ്റവും വലിയ പ്രണാമമാണ്. കഥകളിയുടെ സര്‍വ്വാംഗീണമായ പുരോഗതിയില്‍ കാര്യമായ പങ്ക് വഹിക്കാനായ സംഘടനയാണ് കുഞ്ചുനായര്‍ സ്മാരക ട്രസ്റ്റ്. പാലക്കാട് ജില്ലയിലെ ചെര്‍പ്പുളശ്ശേരിക്കടുത്ത് കുഞ്ചുനായരുടെ ജന്മസ്ഥലമായ കാറല്‍മണ്ണയിലാണ് കുഞ്ചുനായര്‍ സ്മാരക ട്രസ്റ്റിന്റെ ആസ്ഥാനം.

കല്ലുവഴിസമ്പ്രദായത്തിന്റെയും സര്‍വ്വോപരി കഥകളിയുടെ ശയസ്സുയര്‍ത്തിയ മനീഷിയും, അനന്യസാധാരണനായ ആചാര്യനും, പ്രഗത്ഭനായ നടനുമായിരുന്നു വാഴേങ്കട കുഞ്ചുനായര്‍. കഥകളിയില്‍ അദ്ദേഹം ചെയ്തുവെച്ചുപോയ സംഭാവനകള്‍ എന്നും കഥകളിയ്ക്ക് മുതല്‍ക്കൂട്ടായിരിക്കും.

പൂർണ്ണ നാമം: 
വാഴേങ്കട കുഞ്ചു നായർ
സമ്പ്രദായം: 
ജനന തീയ്യതി: 
Thursday, September 9, 1909
മരണ തീയ്യതി: 
Monday, January 19, 1981
ഗുരു: 
കരിയാട്ടിൽ കൊപ്പൻ നായർ (ആശാരി കോപ്പൻ)
കല്ലുവഴി ഗോവിന്ദപ്പിഷാരടി
നാട്യാചാര്യൻ പട്ടിക്കാംതൊടി രാമുണ്ണി മേനോൻ
കളിയോഗം: 
കലാമണ്ഡലം
കോട്ടക്കൽ പി.എസ്.വി നാട്യസംഘം
മുഖ്യവേഷങ്ങൾ: 
ബാഹുകൻ, നളൻ,രു‌ഗ്മാംഗദൻ, കാലകേയവധം അർജ്ജുനൻ, കിർമീരവധം ധർമ്മപുത്രർ, ബകവധം ഭീമൻ, സൗഗന്ധികം ഭീമൻ
സന്താനഗോപാലം ബ്രാഹ്മണൻ
കീചകൻ, ചെറിയ നരകാസുരൻ, രാവണോൽഭവം, ബാലിവിജയം എന്നിവയിലെ രാവണന്മാർ, ഉത്തരാസ്വയംവരം ദുര്യോധനവധം എന്നിവയിലെ ദുര്യോധനൻ.
പുരസ്കാരങ്ങൾ: 
പദ്മശ്രീ 1971
വിലാസം: 
വാഴേങ്കട, പാലക്കാട് ജില്ല