കഥകളിയുടെ സൌന്ദര്യസാരം വെളിപ്പെട്ട നളചരിതത്തിന്റെ അരങ്ങൊരുക്കം

Friday, August 30, 2013 - 13:58
Photo by Aniyan Mangalassery

ഒരു കാവ്യമെന്ന നിലയില്‍ കഥകളിയരങ്ങിനോട് എന്നും കയര്‍ത്തുനില്‍ക്കുന്ന നളചരിതം ആട്ടക്കഥ, പക്ഷെ, അതിന്‍റെ രംഗസംവിധാനവേളയില്‍ മറ്റൊരു ആട്ടക്കഥയ്ക്കും കഴിയാത്ത വിധത്തില്‍ അത്ഭുതാനുഭവങ്ങള്‍ നല്‍കുന്നെവെന്നുള്ളത് വീണ്ടും ബോധ്യമായിരിക്കുന്നു. അരങ്ങത്ത് പതിവില്ലാത്ത രംഗങ്ങള്‍ ഗായകരും മേളക്കാരുമായി ചര്‍ച്ച ചെയ്ത് ഇതിനു മുമ്പും രംഗത്ത് അവതരിപ്പിച്ചിട്ടുണ്ട്. എട്ടുവര്‍ഷം മുമ്പ് കോട്ടയം കളിയരങ്ങില്‍ നളചരിതം ഒന്നാം ദിവസം ഒന്നാം രംഗം മുതല്‍ നാലാം ദിവസം അവസാനരംഗം വരെ പത്തുദിവസത്തെ അരങ്ങുകളായി നടത്തിയപ്പോള്‍ പത്തുദിവസവും നള-ബാഹുക വേഷങ്ങള്‍ അവതരിപ്പിക്കാനുള്ള അപൂര്‍വഭാഗ്യം എനിക്കു ലഭിച്ചിരുന്നു. അവതരിപ്പിക്കാറില്ലാത്ത രംഗങ്ങളുടെ സംവിധാനസാധ്യതകള്‍ അന്നു തോന്നിയിരുന്നു. എന്നാല്‍ ശ്രീ കലാമണ്ഡലം വാസുപ്പിഷാരോടിയാശാന്‍റെ നേതൃത്വത്തില്‍ 'തിരനോട്ടം' സംഘടിപ്പിച്ച നളചരിതരംഗസംവിധാന ശില്‍പ്പശാലയിലെ അനുഭവം തികച്ചും പ്രതീക്ഷയില്‍ കവിഞ്ഞതായിരുന്നു. ഡോ.പി. വേണുഗോപാലന്‍, കെ. ബി രാജാനന്ദന്‍ തുടങ്ങിയവരുടെ സാന്നിദ്ധ്യം കൂടിയുണ്ടായിരുന്ന ശില്‍പശാല, കഥകളിയെന്ന രംഗകലയുടെ സൌന്ദര്യസാരത്തിലേക്ക് അനേകം ഉള്‍ക്കാഴ്ച്ചകള്‍ നല്‍കുന്ന ഒന്നായിരുന്നു. വാസു ആശാനെ പോലെ തീയറ്ററിന്‍റെ മര്‍മ്മം അറിഞ്ഞ ഒരു സംവിധായകനും വേണുസാറിനെ പോലെ വാക്കിന്‍റെ ധ്വനി തലങ്ങളില്‍ മുങ്ങിത്തപ്പി രത്നഖനികള്‍ കണ്ടെത്തുന്ന ആസ്വാദകനും തമ്മിലുണ്ടാകുന്ന ചൂടേറിയ ചര്‍ച്ചകളും രാജാനന്ദിന്‍റ ഉല്‍ഗ്രഥനാത്മകമായി ഇരുവരേയും ഉള്‍ക്കൊള്ളുന്ന ഇടപെടലുകളും മറ്റും ശില്‍പ്പശാലയെ ഉന്മിഷത്താക്കി. പരീക്ഷിക്കുക (ഉമ്പര്‍പരിവൃഢന്മാര്‍ നിങ്ങള്‍ എന്നെ സമ്പ്രതി പരീക്ഷിപ്പാനല്ലീ?), സാക്ഷി (കൂടസാക്ഷിയല്ലയോ നീ ജള!) ഇങ്ങനെ എത്രയോ പുതിയ മുദ്രകള്‍ വാസുവാശാന്‍ ചെയ്യുന്നതുകണ്ടു! അതെല്ലാം അപ്പോള്‍ തന്നെ പഠിക്കുകയും 'മുദ്രാപീഡിയ'യില്‍ ഉള്‍പ്പെടുത്താന്‍ ഉറയ്ക്കുകയും ചെയ്തിട്ടുണ്ട്. ഒന്നാം ദിവസത്തിലെ രാക്ഷസദാനവന്മാരുടെ രംഗത്തിന്‌ ആശാന്‍ നിര്‍ദ്ദേശിച്ച രംഗപാഠം, കത്തി (ദാനവര്‍), താടി (രാക്ഷസര്‍) എന്നീ വേഷങ്ങള്‍ തമ്മിലുള്ള പുതിയ തരം പാരസ്പര്യത്തെ കാട്ടുന്നതാണ്‌. ശ്രീ കലാമണ്ഡലം ഉണ്ണികൃഷ്ണന്‍റെ നിര്‍ദ്ദേശത്തില്‍ ചമ്പ, പഞ്ചാരി എന്നീ താളങ്ങളുടെ സവിശേഷ വിനിയോഗത്തോടെ ഒരു പടപ്പുറപ്പാട്‌ ചിട്ട ചെയ്തിട്ടുണ്ട്. വാസുവാശാന്‍റെ സാന്നിധ്യത്തില്‍ ശ്രീ കോട്ടയ്ക്കല്‍ ദേവദാസി(രാക്ഷസന്‍) നൊപ്പം ആ പടപ്പുറപ്പാട്‌ പലവട്ടം ആവര്‍ത്തിച്ചെടുത്ത് ഉറപ്പിക്കാന്‍ കഴിഞ്ഞത് മറക്കാനാവാത്ത അനുഭവമാണ്‌. നളചരിതത്തിലും ഇത്തരം ചിട്ടപ്പെടുത്തലുകള്‍ക്ക്‌ പ്രസക്തിയുണ്ടെന്ന തിരിച്ചറിവ്‌ ആഹ്ളാ ദജനകമാണ്‌..

Photo by Aniyan Mangalassery

മൂന്നാം ദിവസത്തില്‍ ബാഹുകനും കലിയുമായുള്ള രംഗം, നാലാം ദിവസത്തില്‍ നളനും പുഷ്കരനുമായുള്ള രംഗം, ഇവയെല്ലാം ഒന്നാം തരം മേളത്തിനുള്ള സന്ദര്‍ഭങ്ങളാണ്‌. നാലാം ദിവസത്തിലെ പുനഃസമാഗമത്തിനുശേഷം  ഋതുപര്‍ണ്ണന്‌ അശ്വഹൃദയം ഉപദേശിച്ച് വാര്‍ഷ്ണേയനെ കൂട്ടി അയച്ചതിനുശേഷം നളന്‍, പുഷ്കരനെ ചൂതിനു വിളിക്കുന്നതുമുതലുള്ള ഭാഗം വാസുവാശാന്‍ ചിട്ടപ്പെടുത്തിയതിന്‍റെ കഥകളിത്തം നിറഞ്ഞ മനോഹാരിത അവര്‍ണ്ണനീയമാണ്‌. അതിദീര്‍ഘമായ സംഭാഷണഗാനങ്ങളെ നിശിതമായി എഡിറ്റ് ചെയ്യാന്‍ ആശാന്‍ മടിച്ചില്ല. നളനും പുഷ്കരനുമായുള്ള സംഭാഷണത്തില്‍ ഗാനങ്ങളുടെ ക്രമം തന്നെ മാറ്റി മറിച്ചിട്ടുണ്ട്. പാട്ടുകാര്‍ക്കും മേളക്കാര്‍ക്കും നടന്മാര്‍ക്കും നിര്‍ദ്ദേശങ്ങള്‍ നല്‍കിക്കൊണ്ട് അധൃഷ്യമായ ആജ്ഞാശക്തിയോടെ ഒന്നിനുപിറകെ മറ്റൊന്നായി ഈ ഭാഗത്തെ ഗാനങ്ങളും കലാശങ്ങളും ആട്ടങ്ങളും നളപുഷ്കരന്മാരുടെ ചൂത്കളിയുള്‍പ്പെടെയുള്ള പര ‍സ്പരവിനിമയങ്ങളും ആശാന്‍ ചിട്ടചെയ്തുമുന്നേറിയ കാഴ്ച്ക അവിസ്മരണീയമായിരുന്നു. പുഷ്കരനായി ശ്രീ പീശപ്പള്ളി രാജീവനും നളനായി ഞാനും ആ സന്ദര്‍ഭം ആവോളം ആസ്വദിച്ചു. ചില ഗാനങ്ങളുടെ ആലാപനരീതികണ്ടെത്താനുള്ള ദീര്‍ഘമായ സംവാദങ്ങളായിരുന്നു മറ്റൊരു രസകരമായ ഭാഗം. 

Photo by Aniyan Mangalassery

ഒരു ഗാനത്തിന്‍റെ ആലാപനരീതി കണ്ടെത്തിയതെങ്ങനെയെന്ന് ഉദാഹരണമായി വിവരിക്കാം. മൂന്നാം ദിവസത്തില്‍ ബാഹുകന്‍ തെളിക്കുന്ന തേരിലി‍രിക്കുന്ന ഋതുപര്‍ണ്ണന്‍റെ വസ്ത്രം കാറ്റില്‍ പറന്ന് പോകുന്നു. ഋതുപര്‍ണ്ണന്‍ തേര്‌ മന്ദമാക്കുന്നതിന്‌  ബാഹുകനോട് അപേക്ഷിക്കുന്നു. ഇതാണ്‌ സന്ദര്‍ഭം. ഋതുപര്‍ണ്ണന്‍റെ സംഭാഷണമാണ്‌ ഗാനം.

മന്ദം മന്ദമാക്ക ബാഹുക, രഥഹയ വേഗം
മന്ദം മന്ദമാക്ക ബാഹുക.
നിന്നു ചൊല്ലേണ്ടതുണ്ടൊരു വാക്കെനി-
ക്കെന്നുമല്ലയെന്നുത്തരീയം വീണു.

തക്കിട്ടതകധിമി എന്നു വായ്ത്താരിയില്‍ 'ത'കാരത്തിനുള്ള ഓരോ അടിയായി രണ്ടടി ആവര്‍ത്തിച്ചു പിടിക്കുന്ന മുറിയടന്ത താളത്തിലാണ്‌ ഗാനം. അപ്പോള്‍

മന്ദം-മന്ദ-മാക്ക-ബാഹുക!!
രഥ-ഹയ---വേഗം!!
നിന്നു-ചൊല്ലേണ്ട-തുണ്ടൊരു-വാക്കെനി-!!
എന്നു-മല്ലയെന്‍-ഉത്തരീയം-വീണു!!

എന്ന് പാടുന്നതിനു കൃത്യമാണ്‌. ശ്രീ കലാമണ്ഡലം ബാബുനമ്പൂതിരിയും ശ്രീ കലാമണ്ഡലം വിനോദും ഇത്രയും പാടി. അടുത്ത വരിയാണ്‌ കുഴപ്പക്കാരന്‍. ബാഹുകന്‍റെ മറുപടിയാണത്.

അന്തിയാം മുമ്പേ കുണ്ഡിനം തന്നില്‍ ചേരേണമെങ്കില്‍-
ലെന്തിനുണ്ടാക്കുന്നു കാലവിളംബന കാരണം?

എങ്ങനെയൊക്കെ ശ്രമിച്ചിട്ടും ഇരട്ടിയക്ഷരം പറഞ്ഞിട്ടും ഭാഗം താളത്തില്‍ ഒതുങ്ങുന്നില്ല. രഥയാത്രയായതിനാല്‍ മുറിയടന്ത താളം മാറ്റുന്നതിനും കഴിയില്ല. ഋതുപര്‍ണ്ണന്‍റെ വരികള്‍ താളത്തിലൊതുങ്ങി. അതിനാല്‍ ഇതും താളത്തിലാകുമെന്ന പ്രതീക്ഷയോടെ ശ്രമം തുടര്‍ന്നു. ചൊല്ലിയാട്ടം നിര്‍ത്തി. ഈ വരികള്‍ക്കുമുകളില്‍ അവിടെയുള്ളവര്‍ ഓരോരുത്തരും അഭിപ്രായം പറഞ്ഞു തുടങ്ങി. പാട്ടറിയാത്ത ഞാനും പാടിനോക്കാതിരുന്നില്ല. അപ്പോഴാണ്‌ ഏഴുമാത്രകളുടെ അഞ്ചുഖണ്ഡങ്ങളാണ്‌ ഓരോ വരിയും എന്ന് രാജാനന്ദന്‍ ചൂണ്ടിക്കാട്ടിയത്. അടുത്ത നിമിഷം ബാബു പാടി.

അന്തി-യാം മുമ്പേ-കുണ്ഡിനം-തന്നില്‍!!
ചേരേണ---മെങ്കില്‍--!!
എന്തി-നുണ്ടാക്കുന്നു-കാല-വിളംബന!!
കാ---രണം!! 

Photo by Aniyan Mangalassery

നളചരിതത്തിലോ മറ്റേതെങ്കിലും ആട്ടക്കഥയിലോ ഉപയോഗിക്കാത്ത അപൂര്‍വമായ ഒരു ഘടനയാണിത്. ഇതുകണ്ടെത്തിക്കഴിഞ്ഞപ്പോള്‍ എന്തൊരു ലളിതവും ഋജുവുമാണ്‌ ഇതെന്നുതോന്നും. എന്നാല്‍ കണ്ടെത്താനെടുത്ത മുപ്പതോളം മിനുട്ടുകള്‍ മനോഹരമായ അന്വേഷണാനുഭവമാണ്‌ അവിടെ ഉണ്ടായിരുന്നവര്‍ക്ക് നല്‍കിയത്. ഇതുപോലെ നാലോ അഞ്ചോ അപൂര്‍വ ഗാനരീതികള്‍ ശ്രീ കോട്ടയ്കല്‍ മധുവും ബാബുവും വിനോദും നെടുമ്പള്ളി രാം‍മോഹനും ചേര്‍ന്ന് കണ്ടെത്തിയിട്ടുണ്ട്. വാസുവാശാന്‍റെ നേതൃത്വത്തില്‍ നടന്നചരിത്രസംഭവമായ ഈ രംഗസംവിധാനശില്‍പശാലയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞത് ഭാഗ്യമാണ്‌. സമഗ്രവും കഥകളിത്തം നിറഞ്ഞതുമായ ഒരു രംഗസം‍വിധാനം നളചരിതത്തിലെ ഒഴിവാക്കപ്പെട്ട രംഗങ്ങള്‍ക്ക് ഇതിനും മുമ്പ് ഉണ്ടായിട്ടുണ്ടോ എന്നറിയില്ല. അക്ഷരങ്ങളിലും ചലച്ചിത്രങ്ങളിലും രേഖപ്പെടുത്തുന്ന ഈ നളചരിതരംഗസംവിധാനം അരങ്ങില്‍ വാഴ്ച്ക നേടുമെന്ന് പ്രത്യാശിക്കാം.

Article Category: 
Malayalam

Comments

Mohandas's picture

ശ്രീ.കൃഷ്ണൻ നമ്പൂതിരി:  അദ്ദേഹം എത്രയും വേഗം അത് പാടി എനിക്ക് എത്തിക്കാം എന്ന്  പറഞ്ഞിട്ടുണ്ട്. എല്ലാവർക്കും കേൾക്കാൻ വേണ്ടി വെബ്സൈറ്റിൽ ഇടാൻ കൂടി ആണെന്ന് പറഞ്ഞപ്പോൾ അത് ഭംഗിയായി പാടി റെക്കോർഡ്‌ ചെയ്തു എടുക്കണം എന്നാണ് അദ്ദേഹത്തിൻറെ താത്പര്യം. ഇതിനായി ചില ദിവസങ്ങൾ  കാത്തിരിക്കേണ്ടി വരും. അദ്ദേഹം 'begada' യിലുള്ള ആ പദങ്ങൾ എല്ലാം തന്നെ വളരെ മനോഹരമായി എന്നെ പാടിക്കേൾപ്പിക്കയും ചെയ്തു. അദ്ദേഹത്തിൻറെ ഫോണ്‍ നമ്പർ കഥകളി.ഇൻഫോ പ്രൊഫൈലിൽ ഉണ്ട്.

വളരെ നല്ലത് ശ്രീ മോഹന്ദാസ് . ഇരിങ്ങാലക്കുടയിലെ സംരംഭകർ ചിട്ടപ്പെടുത്തിയ പോലെതന്നെ ആണ് മുൻപും പാടിയിരുന്നത് എന്ന് വന്നാലും, അല്ല മറ്റൊരുതരത്തിലായിരുന്നു എന്ന് വന്നാലും താങ്കളുടെ പ്രയത്നം വിജയിച്ചു എന്ന് പറയാം. ആസ്വാദകരെ മറ്റൊരു കാലഘട്ടത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുക കൂടി ആണല്ലോ അത് .
രണ്ടു തരത്തിലാണെന്ന് കണ്ടാൽ രണ്ടിന്റെയും വ്യത്യാസങ്ങളെ ആസ്വാദകരെ മനസ്സിലാക്കാൻ ഒരു വസ്തുനിഷ്ഠമായ സംവാദവും നല്ലതായിരിക്കും, അതൊക്കെ അല്ലെ ഒരു രസം. ഇരിങ്ങാലക്കുട സംരംഭത്തിൽ ഭാഗഭാക്കായ ബാബു നമ്പൂതിരിക്കോ മറ്റാർക്കുമോ അവർ ചിട്ടപ്പെടുത്തിയതും ഇവിടെ ചേര്ക്കാം.

ഇത്തരം സ്വതന്ത്രാന്വേഷണങ്ങളുമായി അങ്ങക്ക്‌ ഇനിയും മുന്നോട്ട് പോകാൻ കഴിയട്ടെ. ശ്ലാഘനീയം തന്നെ അങ്ങയുടെ പ്രവൃത്തി.

ശ്രീ മോഹൻദാസ് ,

അങ്ങേക്ക് ഗോപിക്കുട്ടൻ നായരുമായി ബന്ധപ്പെടാൻ കഴിഞ്ഞിരുന്നോ ? ആ നളചരിതം പദം ഇതുവരെ
പോസ്റ്റ്‌ ചെയ്തു കണ്ടില്ല. എല്ലാവർക്കും അതൊരു ഉത്സാഹം ആവും. അങ്ങാണെങ്കിൽ ഇതിനൊക്കെ വേണ്ടി കുറച്ചൊന്ന് ബുദ്ധിമുട്ടാൻ തെയ്യാറുള്ള ആളും.

ബുദ്ധിമുട്ടിക്ക്യല്ലാന്ന് വിചാരിക്കുന്നു.

Mohandas's picture

രണ്ടു ദിവസങ്ങൾക്കു മുന്പും ഞാൻ ഇക്കാര്യം ഗോപിക്കുട്ടൻ നായരാശാനെ ഓർമ്മിപ്പിച്ചിരുന്നു. ഉടൻ തന്നെ ശെരിയാക്കാം എന്നും പറഞ്ഞു. എന്റെ കയ്യിൽ കിട്ടിയാൽ അന്ന് തന്നെ ഞാൻ പോസ്റ്റ്‌ ചെയ്യുന്നതായിരിക്കും. 

Mohandas's picture

ശ്രീ. കൃഷ്ണൻ നമ്പൂതിരി: ശ്രീ. ഗോപിക്കുട്ടൻ നായർ പാടിയ 'മന്ദം മന്ദമാക്ക ബാഹുക' എന്ന പദം താഴെക്കൊടുത്തിരിക്കുന്ന ലിങ്കിൽ കൊടുത്തിട്ടുണ്ട്. ഈ പദം മേളത്തോടെ പാടി റെക്കോർഡ്‌ ചെയ്യണം എന്നാണു ഗോപിക്കുട്ടൻ ആശാൻ ആഗ്രഹിച്ചിരുന്നത്. അതിനുള്ള ഒരു സാഹചര്യം അദ്ദേഹത്തിനു കിട്ടിയില്ല. പിന്നെ എന്റെ നിര്ബന്ധപ്രകാരം ഒന്ന് പാടി കിട്ടിയതാണ് താഴെക്കാണുന്ന ലിങ്കിൽ കൊടുത്തിരിക്കുന്നത്. മേളത്തോടെ പാടിക്കിട്ടുമ്പോൾ അത് കഥകളിപദം.കോം അപ്ലോഡ് ചെയ്യാം.  
http://dhanyaasi.blogspot.in/2013/11/blog-post_28.html
 

നന്ദി ശ്രീ മോഹൻദാസ്‌, പക്ഷെ ഒരു സംശയം..

അന്തിയാം മുമ്പേ കുണ്ഡിനം തന്നില്‍ ചേരേണമെങ്കില്‍-
ലെന്തിനുണ്ടാക്കുന്നു കാലവിളംബന കാരണം?

എന്നാണ് കണ്ണൻ തന്റെ ലേഖനത്തിൽ എഴുതിയിരിക്കുന്നത്.
പക്ഷെ ശ്രീ. ഗോപിക്കുട്ടാൻ നായർ പാടിയത് ' ചെന്നു ചേരേണമെങ്കില്‍ ' എന്നാണ്. ഇവിടെ ഇരിങ്ങാലക്കുട സംരംഭകർ അഭിമുഖീകരിച്ച പ്രശ്നം വരില്ല.

അപ്പോൾ വാസ്തവത്തിൽ എങ്ങനെയാണ് ഉണ്ണായിവാരിയർ എഴുതിയിരിക്കുന്നത് ? എന്റെ കയ്യിൽ നളചരിതം സാഹിത്യം ഇല്ല.

കണ്ണനും ഇരിങ്ങാലക്കുട സംരംഭകർക്കും പദത്തിന്റെ വരി ശരിക്ക് അറിയാതെ പോയതാണോ ? അതോ ശ്രീ. ഗോപിക്കുട്ടാൻ നായർ ' ചെന്നു ' എന്നുകൂടി ചേർത്ത് പ്രശ്നം ഇല്ലാതാക്കിയതാണോ ?

കൃഷ്ണന്‍ നായരാശന്റെ ആട്ടപ്രകാരത്തിലും, പന്മനസാറിന്‍റെ കൈരളീ വ്യാഖ്യാനത്തിലും ശ്രീ ഗോപിക്കുട്ടന്‍ നായര്‍  പാടിയപോലെ ഇങ്ങനെയാണ്പദം.                                                                                                                                                                     "അന്തിയാം  മുന്‍പേ കുണ്ടിനം തന്നില്‍ ചെന്നുചേരേണമെങ്കില്‍"

ശ്രീ മോഹൻദാസ്‌,
കൃഷ്ണന്‍ നായരാശന്റെ ആട്ടപ്രകാരത്തിലും, പന്മന രാമചന്ദ്രൻ നായരുടെ കൈരളീ വ്യാഖ്യാനത്തിലും ഉള്ളതുപോലെയാണോ, വാസ്തവത്തിൽ ഈ പദഭാഗം ഉണ്ണായി വാരിയർ രചിച്ചിട്ടുള്ളത്‌ ?

അങ്ങ് നളചരിതത്തിൽ ധാരാളം ഗവേഷണങ്ങൾ നടത്തിയതാണല്ലോ. അങ്ങേക്ക് അറിവുള്ളതായിരിക്കും ഇത്.

Mohandas's picture

രഞ്ജിനി നായർ പറഞ്ഞതുപോലെ "അന്തിയാം  മുന്‍പേ കുണ്ടിനം തന്നില്‍ ചെന്നുചേരേണമെങ്കില്‍" എന്നാണു പ്രസ്തുത ഗ്രന്ഥങ്ങളിൽ എഴുതിയിട്ടുള്ളത്. പക്ഷെ ദേശമംഗലം രാമവാര്യരുടെ 'നളചരിതം ആട്ടക്കഥ' യിൽ "അന്തിയാം  മുന്‍പേ കുണ്ടിനം തന്നിൽച്ചേരണമെങ്കിൽ" എന്നാണു കാണുന്നത്. ഇരിങ്ങാലക്കുട സംരംഭകർ ഈ ഗ്രന്ഥമോ ഇതുപോലെയുള്ള   മറ്റേതെങ്കിലും ഗ്രന്ഥമോ ആയിരിക്കും അവലംബമാക്കിയിട്ടുള്ളത്. 
 
ശ്രീ. ഗോപിക്കുട്ടൻ നായർ അദ്ദേഹത്തിൻറെ ഗുരുനാഥന്മാരിൽ നിന്നും പഠിച്ചിരിക്കുന്നത് '... ചെന്നുചേരേണമെങ്കില്‍' എന്നാണ്‌. '....ചെന്നു ചേരേണം, അതെങ്കിൽ എന്തിനുണ്ടാക്കുന്നു..' എന്ന രീതിയും സ്വീകരിച്ചിരുന്നത്രേ. ഗോപിക്കുട്ടൻ ആശാന്റെ ഗുരുപരമ്പര നീളുന്നത്, നളചരിതം ആട്ടക്കഥ കഥകളിയാക്കിയ തെക്കൻ കഥകളി രംഗത്തിലെ ആചാര്യവര്യന്മാരിലേക്കാണ്.  അതായത് നളചരിതം ആട്ടക്കഥ കഥകളിയാക്കിയവർ തുടങ്ങി ഇങ്ങനെയാണ് പാടിയിരുന്നത്. ഉണ്ണായി വാരിയർ കഥ എഴുതിയതിനു ശേഷം അതിന് ഏറ്റവും അടുത്ത കാലത്ത് നടന്നിട്ടുള്ള ഈ രംഗാവതരണങ്ങളിൽ ' ..ചെന്നുചേരേണമെങ്കില്‍' എന്നാണ്‌ പാടിയിരുന്നതെങ്കിൽ, ഉണ്ണായി ഇങ്ങിനെയായിരിക്കണം കഥയിൽ എഴുതിയിരുന്നതെന്ന് സ്വാഭാവികമായും അനുമാനിക്കാം. പിന്നെ എങ്ങിനെ 'ചെന്നു', പദത്തിൽ നിന്നും മാറിപ്പോയി എന്ന് ചിന്തിച്ചാൽ, കാലാകാലങ്ങളായി പല കഥകളി പദങ്ങലിലും കടന്നു കൂടിയിട്ടുള്ള അബദ്ധങ്ങളിൽ ഇതും ഒന്ന് എന്ന് പറയാം എന്നു മാത്രം. നാലാം ദിവസത്തിലെ 'മരണം', 'മാരണം' ആയി ഇപ്പോൾ അരങ്ങു തകർക്കുന്നതു പോലെ! പലരും എഴതി എഴുതി വരുന്ന വഴിയിൾ ഏതോ ഒരു വിദ്വാന് അറിഞ്ഞോ അറിയാതെയോ ഒരു തെറ്റ് പറ്റിയിരിക്കാം. പിന്നാലെ വരുന്നവർ അത് ഏറ്റു പാടും. അങ്ങിനെ പല വാക്കുകളും കഥകളിപദങ്ങളിൽ മാറിപ്പോയിട്ടുണ്ട്.   

ഇനി 'കുണ്ടിനം തന്നില്‍ ചെന്നുചേരേണമെങ്കില്‍" എന്നുള്ളതും 'കുണ്ടിനം തന്നിൽച്ചേരണമെങ്കിൽ' എന്നുള്ളതും ഭാഷാപരമായി ഒന്ന് നോക്കാം. 'ചേരുന്നേൻ ഭവാനോട് കൂടി ഞാൻ' എന്നു മോഹിനി പറയുമ്പോൾ ശരിയാണ്, സ്ത്രീ പുരുഷനോട് ചേരുന്നു. ഞാൻ ഇവിടെ 'എത്തി ചേർന്നു' ; 'അയാൾ അവിടെ ചെന്നു ചേർന്നു' എന്നൊക്കെയാണല്ലോ മലയാള ഭാഷാപ്രയോഗങ്ങൾ? ഞാൻ ഇവിടെ 'ചേർന്നു', അയാൾ അവിടെ 'ചേർന്നു' എന്നൊക്കെ പറയുമോ? അങ്ങിനെ പറഞ്ഞാൽ  വല്ല സ്കൂളിലോ മറ്റോ ചേർന്നെന്നു പറയുംപോലെയാകില്ലേ? അതുകൊണ്ട് ഭാഷാപരമായി 'കുണ്ടിനം തന്നില്‍ 'ചെന്നുചേരുക' തന്നെ വേണം. ഉണ്ണായി വാരിയർ ശരിയായിട്ടായിരിക്കണം എഴുതിയത്. അദ്ദേഹത്തിനു തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ അതിനു പിറകെ വന്നവർ ആ തെറ്റ് തിരുത്തിയിരുന്നു എന്നു ചിന്തിക്കാം. അർത്ഥത്തിന്റെയും താളത്തിന്റെയും കാര്യത്തിൽ 'ചെന്നു' ആവശ്യമായി വരുമ്പോൾ, അതില്ലാത്ത ഒരു സാഹിത്യം ഉപയോഗിക്കേണ്ട സാഹചര്യം എങ്ങിനെ വന്നു എന്ന ചോദ്യം അവശേഷിക്കുന്നു. പന്മന സാറിന്റെ പുസ്തകമോ കൃഷ്ണൻ നായർ ആശാന്റെ ആട്ടപ്രകാരമോ ഒന്ന് നോക്കിയിരുന്നെങ്കിൽ ഇവിടെ ഉണ്ടായ ബുദ്ധിമുട്ടുകൾ ഒഴിവാക്കാമായിരുന്നു.

പത്തു നൂറു വർഷങ്ങൾക്ക് മുൻപ് അന്തസ്സായി ചെയ്തു വച്ച ഒരു പദത്തിൽ കിടന്നു നളചരിത പരിഷ്ക്കർത്താക്കൾ കഷ്ട്ടപ്പെട്ടതിനു കാരണം, വ്രണിതഹൃദയരായ ആചാര്യപരമ്പരയുടെ അപ്രീതി ഒന്നു മാത്രമാണെന്നേ ചിന്തിക്കാൻ കഴിയൂ.  ആചാര്യ- ദേവാനുഗ്രഹങ്ങൾക്കും ഗുരുത്വത്തിനും വളരെ പ്രാധാന്യം കല്പ്പിക്കുന്ന ഒരു പാരമ്പര്യ കലയാണല്ലോ കഥകളി.

ശ്രീ. മോഹൻദാസ്‌ ,

ചരിത്ര സംഭവങ്ങളിൽ, അതും താരതമ്യേന അടുത്ത് നടന്ന കാര്യങ്ങളിൽ, ഓരോരുത്തരും അനുമാനിക്കാൻ തുടങ്ങിയാൽ അതിന് അന്തമില്ല !

ഇവിടെ അപ്രകാരം അനുമാനിക്കുകയാണെങ്കിൽ തന്നെ പന്മന രാമചന്ദ്രൻ നായർക്കും, കൃഷ്ണൻ നായർക്കും മുൻപുള്ള രാമ വാരിയർ രുടെ പുസ്തകം ആയിരിക്കെണ്ടേ ശരിയായത്‌ ? തിരുവിതാംകൂറിൽ ഇത് രംഗത്ത് അവതരിക്കപ്പെട്ടപ്പോൾ ഈ പ്രയാസം അവരും നേരിട്ടിട്ടുണ്ടാകാം. അപ്രകാരം അവർ മാറ്റിയതുമാകാം ഈ വരി. പന്മനയുടെയും, കൃഷ്ണൻ നായരുടെയും ഗ്രന്ഥങ്ങളിൽ അങ്ങനെ കാണുന്നത് ആ സാധ്യതക്ക് കൂടുതൽ ബലം കൊടുക്കുന്നു.

' അന്തിയാം മുമ്പേ കുണ്ഡിനം തന്നില്‍ ചേരേണമെങ്കില്‍ ' എന്ന വരിക്ക് കുണ്ടിനത്തിൽ എത്തുക എന്ന അർഥം വരില്ല എന്ന് പറയുന്നത് ബാലിശമല്ലേ ? ' ചെന്നു ' എന്ന വാക്ക് ഇല്ലാതെ തന്നെ ആ അർത്ഥത്തിൽ എത്തി ചേരുമല്ലോ ? ഉണ്ണായി വാരിയരെ സാഹിത്യം പഠിപ്പിക്കാൻ മുതിരുക എന്നത് സാഹസം ആവില്ലേ ?

ഇവിടെ ഇരിങ്ങാലക്കുട സംരംഭകർക്കും, കലാകാരൻമാർക്കും കവിവാക്യം മാറ്റാതെ തന്നെ ആ പദത്തിനെ അരങ്ങതെതിക്കാൻ കഴിഞ്ഞു എന്നതിൽ അവരെ അഭിനന്ദിക്കുകയല്ലേ വേണ്ടത് ?

പല യുവഗായകരും, പരിചയ സമ്പന്നരും പ്രഗൽഭരും ആയ കഥകളി നടന്മാരും ഉണ്ടായിരുന്ന സംഘത്തിനും, ആ പദം പാടുന്നത് എങ്ങനെ എന്ന് മനസ്സിലാകാൻ കഴിഞ്ഞില്ലല്ലോ ? കഥകളിയിൽ അഗാധ പണ്ടിത്യവും, അസാമായ ധീഷണാശക്തിയും ഉള്ള രാജാനന്ദിനെ അഭിനന്ദിക്കാനെ എനിക്ക് തോന്നുന്നുള്ളൂ !

Mohandas's picture

ശ്രീ. കൃഷ്ണൻ നമ്പൂതിരി:
എന്റെ അറിവിലും ബോധത്തിലും ശരിയെന്നു തോന്നിയതാണ് ഞാൻ എഴുതിയത്. ഞാൻ ഒരു മലയാളം മുൻഷി അല്ലാത്തതിനാൽ മലയാള ഭാഷാ പ്രയോഗങ്ങളെക്കുറിച്ചു കൂടുതൽ ഒന്നും പറയാൻ എനിക്ക് കഴിയില്ല. അറിവുള്ളവർ ചിന്തിച്ചു ശരിയെന്നു തോന്നുന്നത് എടുത്തുകൊള്ളട്ടെ. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലുള്ള അനുമാനം അത്ര അശാസ്ത്രീയം ഒന്നുമല്ല; പ്രത്യേകിച്ചും കൃത്യതയോടെ പറയാൻ കഴിയാത്ത ചരിത്ര സംഭവങ്ങളിൽ. ഉണ്ണായി വാരിയർക്കെന്നല്ല, ഏതു മഹാപണ്ടിതനും ചെറിയ തെറ്റുകൾ സംഭവിക്കാം. അത് പറയുന്നതിൽ സാഹസികത്തത്തിന്റെ കാര്യമൊന്നും ഇല്ല. എന്നു പറയുമ്പോൾ പോലും ഇവിടെ പരാമർശന വിധേയമായ കാര്യത്തിൽ ഉണ്ണായി വാരിയരുടെ കാവ്യം പിൽക്കാലങ്ങളിൽ പകർത്തി എഴുതിയവർ ആരെങ്കിലും ആകും തെറ്റുകാർ എന്നു വിശ്വസിക്കാനാണ് എനിക്ക് കൂടുതൽ ഇഷ്ടം. ദേശമംഗലം രാമവാരിയർ അദ്ദേഹത്തിൻറെ ഗ്രന്ഥം രചിച്ചിട്ടുള്ളത് 1945 ലാണ്. ഇതിനും അമ്പതു വർഷങ്ങൾക്കു മുന്പെങ്കിലും തെക്കൻ ഗായകർ  പാടിയിരുന്നത് '.....ചെന്നു ചേരേണമെങ്കിൽ' എന്നാണു ഞാൻ പറഞ്ഞിരുന്നത്. ഗോപിക്കുട്ടൻ നായരും പന്മന സാറും കലാമണ്ഡലം കൃഷ്ണൻ നായരും എല്ലാം ആ വഴി തുടർന്നു എന്നേ ഉള്ളൂ. അവരൊന്നും അല്ല ആ പദം അങ്ങിനെ ആക്കിയിട്ടുള്ളത്. ഞാൻ ഒരു പണ്ടിതനെയും കുറച്ചു കാണുന്നില്ല. പാണ്ടിത്യത്തെ ബഹുമാനിക്കാനാണ് എനിക്കിഷ്ടം. കഥകളി വിഷയത്തിൽ എനിക്ക് വ്യക്തിപരമായ ഇഷ്ട്ടാനിഷ്ടങ്ങൾക്കും മുകളിലാണ് വിഷയഗൌരവം എന്നു കൂടി പറഞ്ഞു കൊള്ളട്ടെ.  

ശ്രീ മോഹൻദാസ്‌,

സത്യത്തിൽ അങ്ങയെ എനിക്ക് ബഹുമാനമാണ്. അങ്ങയുടെ തൊട്ടുമുന്പിലെ കമന്റിലെ സത്യസന്ധത ആണ് അതിന് കാരണം.

ആ പദഭാഗം "അന്തിയാം മുമ്പേ കുണ്ഡിനം തന്നില്‍ ചെന്നു ചേരേണമെങ്കില്‍-
ലെന്തിനുണ്ടാക്കുന്നു കാലവിളംബന കാരണം?" എന്നും, "ചെന്നു ചേരേണം, അതെങ്കിൽ എന്തിനുണ്ടാക്കുന്നു.." എന്നും രണ്ടു രീതികളിൽ ശ്രീ. ഗോപിക്കുട്ടൻ നായർ തന്നെ പാടി ശീലിച്ചിരുന്നു എന്ന് അങ്ങ് വളരെ സത്യസന്ധമായി ഈ സംവാദത്തിൽ പറഞ്ഞുവല്ലോ ?

ഉണ്ണായി വാരിയർ രണ്ടു തരത്തിലും ഏതായാലും ഏഴുതിയിട്ടുണ്ടാവില്ലല്ലോ ? ഇതിൽ നിന്ന് മനസ്സിലാക്കാവുന്നത് തെക്ക് പാടിയിരുന്നവർ ഇതേ പ്രശ്നം അഭിമുഖീകരിച്ചു എന്നും, ഈ രണ്ടു തരത്തിലും അവർ വരി മാറ്റി ആ പ്രശ്നം ഒഴിവാക്കി എന്നുമല്ലേ ?

അങ്ങയുടെ സ്വതന്ത്രാന്വേഷണബുദ്ധിയും, സത്യസന്ധതയെയും ഒരിക്കൽ കൂടി നമിക്കുന്നു. അങ്ങേക്ക് എല്ലാ ഭാവുകങ്ങളും ആശംസിക്കുന്നു.

Mohandas's picture

ശ്രീ. കൃഷ്ണൻ നമ്പൂതിരി :  എന്നെക്കുറിച്ച് അങ്ങു പറഞ്ഞ നല്ലവാക്കുകൾക്ക് നന്ദി.
 
ഒരു പദത്തെ ആലാപനസൌകര്യത്തിനായി മുറിച്ചു പാടുന്ന രീതി കഥകളിയിൽ സർവസാധാരണമാണ്.ഇതിനു എത്ര ഉദാഹരണങ്ങൾ വേണമെങ്കിലും നിരത്താൻ കഴിയും. അങ്ങിനെ മുറിച്ചു പാടുന്നതിൽ ഭാഷാപരമായി തെറ്റില്ലെങ്കിൽ കുഴപ്പമൊന്നുമില്ല. "അന്തിയാം മുമ്പേ കുണ്ഡിനം തന്നില്‍ ചെന്നു ചേരേണമെങ്കിലെന്തിനുണ്ടാക്കുന്നു കാലവിളംബന കാരണം?" എന്നുള്ളത് , "ചെന്നു ചേരേണം, അതെങ്കിൽ എന്തിനുണ്ടാക്കുന്നു.." എന്ന് പാടുന്നത് അങ്ങിനെ ഒരു രീതിയെന്നേ ധരിക്കേണ്ടതുള്ളൂ. ഗായകൻ ഇങ്ങിനെ പാടുന്നു എന്നതുകൊണ്ട്‌ സാഹിത്യം അങ്ങിനെയാകണം എന്നില്ല.
 
പദം എങ്ങിനെ പാടിയാലും 'ചെന്നു' അവിടെ തന്നെയുണ്ട്‌. അതിൽ മാറ്റം വരുന്നില്ല. സാഹിത്യത്തിന്റെ ഭാഗം മാറിയാൽ അർത്ഥവും മാറും.
 
കേരളത്തിൽ അങ്ങോളമിങ്ങോളം പതിറ്റാണ്ടുകളായി നൂറു കണക്കിനു കഥകളി ഗായകരിലും താളിയോല ഗ്രന്ഥങ്ങളിലും അച്ചടിശാലകളിലും ദേശ-ഭാഷാ-സംസ്കാര വ്യത്യസ്തകളിലും കൈകാര്യം ചെയ്യപ്പെട്ടു വരുന്ന കഥകളിപദങ്ങൾക്കു ചെറിയ മാറ്റങ്ങൾ സംഭവിക്കും എന്നത് സ്വാഭാവികമാണ്. ഇതിൽ ഭാഷാപരമായോ സാഹിത്യപരമായോ കഥാപരമായോ ദോഷമില്ലാത്തതും ആലാപന സൗകര്യം ഉള്ളതുമായ പദങ്ങൾ നമ്മുടെ മുൻപിൽ ഉള്ളതു സ്വീകരിച്ചു മുൻപോട്ടു പോകുക എന്നതല്ലേ അഭിലഷണീയം, അഭികാമ്യം? പരിഷ്ക്കാരം എന്നാൽ സംസ്കാരം നഷ്ടപ്പെടുത്താതെ കാലാകാലങ്ങളിൽ വരുന്ന മാറ്റങ്ങളെ ഉൾക്കൊണ്ടു മുന്നോട്ടു പോകുക എന്നാണല്ലോ? ഉണ്ണായി വാരിയരോട് ചോദിച്ചു ശരിതെറ്റുകൾ മനസ്സിലാക്കാൻ കഴിയാത്ത ഒരു കാര്യത്തിൽ, പൂർവസൂരികൾ ചിന്തിച്ചും മനനം ചെയ്തും ഉണ്ടാക്കി വച്ചിട്ടുള്ളത് ആദരവോടെ സ്വീകരിക്കേണ്ട കാര്യമല്ലേ ഉള്ളൂ?മനസ്സ് അൽപ്പമൊന്നു വലുതാക്കിയാൽ അവരുടെയൊക്കെ അനുഗ്രഹവർഷം താനേ വന്നു നിറഞ്ഞു കൊള്ളും. കേവലം ഉപകരണങ്ങൾ ആയ നമ്മൾ എന്തിനു അനാവശ്യമായി ബലം പിടിക്കണം?
 
ഞാൻ യാതൊരു സങ്കുചിത ചിന്തയുമില്ലാതെ, എന്റെ മുൻപിലുള്ള  വിവരങ്ങളുടെ അടിസ്ഥാനത്തിൽ സ്വതന്ത്രമായി ചിന്തിച്ചു മാത്രമേ കഥകളി വിഷയം കൈകാര്യം ചെയ്യൂ എന്ന് ഉറപ്പു തരുന്നു. അതിലുണ്ടാകുന്ന കുറവുകൾ എന്റെ അറിവിന്റെ പരിമിതിയായി ധരിച്ച് ക്ഷമിക്കണം.

താങ്കൾ അവകാശപ്പെടുന്നപോലെ സത്യസന്ധത ഉണ്ടായിരുന്നെങ്കിൽ ഗോപിക്കുട്ടൻ നായർ പാടിയ പദം പോസ്റ്റ് ചെയ്യുമ്പോൾ, പദത്തിൽ ഒരു വ്യത്യാസം വരുത്തിയ കാര്യം സൂചിപ്പികേണ്ടതായിരുന്നില്ലേ മോഹൻദാസ് ? അതോ താങ്കൾ അത് ശ്രദ്ധിക്കാതെ പോയതാണോ ?

Mohandas's picture

ഞാൻ എങ്ങും സത്യസന്ധത അവകാശപ്പെട്ടിട്ടില്ല. എന്റെ സത്യസന്ധതയും ചാരിത്ര്യവും തെളിയിക്കാനുള്ള ഒരു 'സ്മാർത്തവിചാര' സ്ഥലം ഒന്നുമല്ലല്ലോ ഇത്?. ഇവിടെ കഥകളി കാര്യങ്ങളാണ് ചർച്ച ചെയ്യുന്നത്. സങ്കുചിത താത്പര്യങ്ങളും വച്ചു കൊണ്ട് ഓരോരോ പേരുകളിൽ മുഖമില്ലാത്ത ആളുകൾ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞുകൊണ്ടിരിക്കാനും കഴിയില്ല.  ഇവിടെ പരാമർശനവിധേയമായ പദത്തെക്കുറിച്ച് എന്തെങ്കിലും സംശയം താങ്കൾക്കുണ്ടെങ്കിൽ അതിനുള്ള ഉത്തരങ്ങൾ എല്ലാം തന്നെ മുകളിൽ നടത്തിയിട്ടുള്ള ചർച്ചകളിൽ കിട്ടും.   

ശ്രീ ഗോപികുട്ടൻ നായർ പാടിനിർത്തിയ വരികൾ :

"തന്നുടെ വിദ്യ അന്യനു വേണ്ടുകിൽ
നന്നു നല്കുകിലെന്നല്ലോ കേൾപതും "

ഇതിൽ കൂടുതൽ എന്ത് പറയാൻ ?

Pages