നളചരിതത്തിലെ പുഷ്ക്കരൻ

Thursday, November 14, 2013 - 06:47
Kalamandalam Gopi and Kalamandalam Krishnakumar as Nalan and Pushkaran

ഹേമാമോദസമാ - 14

നളനും ദമയന്തിയും ഹംസവും കഴിഞ്ഞാൽ പിന്നെ പ്രാധാന്യമുള്ള നളചരിതകഥാപാത്രമാണ് പുഷ്ക്കരൻ. പുഷ്ക്കരന്റെ പാത്രസ്വഭാവത്തെയും അരങ്ങവതരണരീതികളെയും പഠനവിധേയമാക്കയാണീ ലേഖനത്തിൽ. ആദ്യമായി മഹാഭാരതം 'നളോപഖ്യാന'ത്തിൽ പുഷ്ക്കരനെ എങ്ങിനെ അവതരിപ്പിച്ചിരിക്കുന്നു എന്നു നോക്കാം.

നളോപാഖ്യാനം 58 -)o അദ്ധ്യായം (കലിദേവസംവാദം): 'വാനോർമദ്ധ്യേ മാനവനെ ഭർത്താവായവൾ വേട്ടതിൽ അവൾക്കു (ദമയന്തിക്ക്) വലുതാം ശിക്ഷ കൊടുക്കേണ്ടതു ഞായമാം'  എന്ന് ചിന്തിച്ച കലി 'ഭൈമിയൊത്തു നളൻ സുഖിക്കൊല' എന്നു  മനസ്സിൽ  ഉറപ്പിച്ചു  'നീയും അക്ഷങ്ങളിൽ കയറി സഹായം ചെയ്തു കൊള്ളണം' എന്നു  ദ്വാപരനു നിർദ്ദേശവും നൽകി നളനെ ചൂതിൽ ബന്ധിപ്പിക്കുവാൻ നളസവിധത്തിലേക്ക് യാത്രയായി. നളനിൽ ആവേശിക്കാൻ നീണ്ട പന്ത്രണ്ടു വർഷങ്ങൾ കാത്തിരുന്ന കലി ഒരു നാൾ നളൻ 'മൂത്രം വീഴ്ത്തി കാൽ കഴുകാതാചമിച്ചിട്ടു' സന്ധ്യാവന്ദനത്തിനു പോകുന്ന വേളയിൽ  നളനിൽ കടന്നു കൂടി [അദ്ധ്യായം 59 (നളദ്യൂതം)]

'"അവൻ നളാവേശമാർന്നു പുഷ്ക്കരൻ തന്റെയന്തികേ
ചെന്നു ചൊന്നാൻ വരൂ ചൂതു കളിക്ക നളനോടു നീ
നിഷധം  വാഴ്‌ക നളനെ വെന്നു രാജ്യം പിടിച്ചു നീ
കലി വാക്കാൽ നളൻ തന്റെ നേരേ ചെന്നിതു പുഷ്ക്കരൻ
കലി ഗോവൃഷമായ് ചെന്നു പുഷ്ക്കരനു സഹായിയായ്
നള വീരാന്തികം പുക്കു പുഷ്ക്കരൻ പരനാശനൻ
തമ്പി ചൊന്നാൻ വൃഷത്താൽച്ചൂതാടുകെന്നായി വീണ്ടുമേ" .......

ചൂതുകളി തുടർന്നു,

"രാജ്യവും മറ്റു മുതലും നേടിക്കൊണ്ടിതു  പുഷ്ക്കരൻ
രാജ്യവും നേടി ചിരിച്ചോതി നളനോടങ്ങു പുഷ്ക്കരൻ
ദ്യൂതം നടക്കട്ടെ, നിനക്കെന്നാൽ പണയമെന്തിനി
നിനക്കു ശേഷിച്ചീ ഭൈമി മാത്രം; മറ്റൊക്കെ നേടി ഞാൻ
വെയ്ക്കു സമ്മതമാണെങ്കിൽ പണയം ഭൈമിയെ"

കളിയിൽ എല്ലാം നഷ്ട്ടപ്പെട്ടു  ദമയന്തിയുമായി നാടുവിടുന്ന 'നളന്നു (നാട്ടുകാർ ആരെങ്കിലും) ലൗകികം ചെയ്‌താൽ അവൻ വദ്ധ്യനാണുമേ' എന്ന പുഷ്ക്കര പ്രഖ്യാപനവും തുടർന്നുണ്ടായി.

Damayanthi, Nalan, Pushkaran

ഇനി പുഷ്ക്കരനെക്കുറിച്ച്‌ പരാമർശിക്കുന്നതു 78-)o  അദ്ധ്യായം 'രാജ്യപ്രത്യാനയനത്തി' ലാണ്. കല്യാവേശം മാറി, ദമയന്തിയുമായി ചേർന്ന നളൻ, ദമയന്തി  ഉൾപ്പടെ  തന്റെ  പക്കലുള്ള  എല്ലാം  പണയമായി  വെച്ചു  ചൂതുകളിക്കാൻ പുഷ്ക്കരനെ വിളിച്ചു. കളിയിൽ പുഷ്ക്കരൻ തോറ്റു രാജ്യവും നഷ്ട്ടപ്പെട്ടു.

"കലിയാണതു പറ്റിച്ച,തറിഞ്ഞില്ലതു, മൂഢ നീ
ഞാനന്യൻ ചെയ്ത കുറ്റത്തെ നിങ്കലാക്കില്ലൊരിക്കലും
നീ ജീവിക്ക സുഖത്തോടു പ്രാണൻ വിട്ടു തരുന്നു ഞാൻ
എൻ തമ്പിയാം പുഷ്ക്കര, നീയിനി നൂറാണ്ടു വാഴുക"

എന്നു പറഞ്ഞ നളനോട്

"കെടാക്കീർത്തിയോടും സൌഖ്യം വാഴ്ക  വർഷായുതം പ്രഭോ
എനിക്കു ജീവനുമിരിപ്പിടവും തന്നവൻ ഭവാൻ"

എന്ന സ്നേഹവാക്കുകൾ  പറഞ്ഞു  പുഷ്ക്കരൻ  തന്റെ വാസസ്ഥലത്തേക്ക് നിഷ്ക്രമിക്കുന്നതോടെ പുഷ്ക്കരന്റെ ഭാഗം 'നളോപാഖ്യാന' ത്തിൽ അവസാനിക്കുകയായി. ഇനി നളചരിതം ആട്ടക്കഥയിലെ പുഷ്ക്കരനെ ഒന്നു  മനസ്സിലാക്കാൻ ശ്രമിക്കാം.

"പുഷ്കരനെന്നുണ്ടേകന്‍ തത്കുലസമുത്ഭവന്‍
മുഷ്കരനാക്കേണം നാം സല്‍ക്കരിച്ചവന്‍ തന്നെ"

എന്ന ദ്വാപരന്റെ പദത്തോടെ ഉണ്ണായി വാരിയർ നമുക്കു മുൻപിൽ അവതരിപ്പിക്കുന്ന പുഷ്ക്കരന്റെ യഥാർത്ഥ പ്രകൃതം ഒരു ജളന്റെതാണെന്നു അടുത്തു വരുന്ന ശ്ലോകത്തിൽ പറഞ്ഞു വച്ചിരിക്കുന്നു.

'കോപവശംവദ കലിർ-
ദ്വാപരേണ സഹ മേദിനീം ഗത
സ്വാപദെ  സ്വയമചോദയജ്ജളം
സ്വാപതേയ  ഹരണായ പുഷ്ക്കരം"

(കോപത്തിനും ഈർഷ്യക്കും അടിമയായ കലി, ദ്വാപരനോടു കൂടെ ഭൂമിയിൽ ചെന്നിട്ടു താൻ തന്നെ തനിക്കാപത്തു വരുത്തിവക്കാൻ വേണ്ടി മൂഢനായ പുഷ്ക്കരനെ നളന്റെ സ്വത്ത് അപഹരിക്കാൻ പ്രേരിപ്പിച്ചു )

തന്റെയടുത്തുവന്ന  അപരിചിതരായ കലിദ്വാപരന്മാരോട്  അവരൊന്നും ചോദിക്കാതെ പോലും തന്നെ

"നമുക്കില്ലാ നാടും നഗരവും കുടയും ചാമരവും
അമിത്രവീരന്മാരെ അമർക്കും വൻപടയും,

ബാഹുജനെന്നുള്ളതേ നമുക്കൊന്നുള്ളു മുറ്റും"

(ക്ഷത്രിയനെന്ന ഒരു പേരു മാത്രമേയുള്ളൂ)

തുടങ്ങി

"പഴുതേ ഞാനെന്തേ പലവക പറഞ്ഞു കേൾപ്പിക്കുന്നു?
നളനു വേറെ കർമ്മം നമുക്കു കർമ്മം വേറെ"

എന്നു വരെ തന്റെ തലഴിലെയഴുത്തിനെയും ശപിച്ചു സംസാരിച്ചു. ഇതോടെ തന്റെ കാര്യസാദ്ധ്യത്തിനു കിട്ടാവുന്ന ഏറ്റവും നല്ല ചട്ടുകമാണ് പുഷ്ക്കരനെന്നു കലിക്കു മനസ്സിലായി. കലിപ്രേരണയാൽ 'അസഭ്യവാക്കുകൾ ഓതി നളനെ ചൂതിനു വിളിക്കുന്ന' നളചരിതത്തിലെ പുഷ്ക്കരൻ, ചൂതിൽ  ജയിച്ചതിന്റെ വിജയോന്മാദത്തിൽ നളനോട്

"മിണ്ടാതെ  നടകൊണ്ടാലും
നൈഷധേന്ദ്രൻ  നീയല്ല , കേളിനിമേലഹമത്രേ"

എന്നു പ്രഖ്യാപിച്ചു,  നീ ഇന്നുവരെ അനുഭവിച്ച സൌഭാഗ്യങ്ങൾ  എല്ലാം ഇനി  തനിക്കു അവകാശപ്പെട്ടതാണെന്നും

"നിനക്കില്ലിനി  രാജ്യമൊരിക്കലും, പിന്നെ
നിനക്കു തനയരുണ്ടെന്നിരിക്കിലും
കൊടുക്കുമോ, ഞാൻ മരിക്കിലും ധർമ്മ
ലബ്ധമല്ലോ മമ ഭാഗ്യം, മമ പുത്രനത്രേ യോഗ്യം
----------------------------------------------------------
മല്ലാക്ഷി ഭൈമിയെയുമൊല്ലാ കൊണ്ടങ്ങുപോകിൽ
ഭൂമിയെന്നപോലെ  ഭൈമിയും ചേരുമെന്നിൽ"

എന്നു വരെ പുലമ്പി, നളനെ നാട്ടിൽ നിന്നും പുറത്താക്കി. മൂന്നു വർഷങ്ങൾക്കു ശേഷം വീര്യവാനായി തിരിച്ചെത്തിയ നളനോട് (നളചരിതം നാലാം ദിവസം) 'മാനാഭിമാനോന്മനാ; ദുരാപാസ്തനയ' നായ (മദം കൊണ്ടും അഹങ്കാരം കൊണ്ടും മതിമറന്നവനും നയത്തെ ദൂരെ വെടിഞ്ഞവനുമായ) പുഷ്ക്കരൻ

"പുതു മധുമൊഴിയാളാം ഭൈമിയെ
പുണരുവതിന്നു മേ സമ്പ്രതി തരുവാനോ നീ വന്നു?"

എന്നു തന്നെ ധിക്കാരപൂർവം ചോദിച്ചു. ഇതു കേട്ടു ക്രുദ്ധനായ നളൻ പുഷ്ക്കരനെ ചൂതിൽ വിളിച്ചു തോൽപ്പിച്ച് ഇവനെ കൊല്ലുന്നതാണോ കൊല്ലാതെ വിടുന്നതാണോ നല്ലതെന്ന് ചിന്തിച്ചു നിൽക്കുമ്പോൾ ബ്രഹ്മദേവനാൽ നിയോഗിക്കപ്പട്ട 'കല്യാണാല്മാവായ ഹംസരാജൻ' അവിടെ പ്രത്യക്ഷപ്പെട്ട്‌ പുഷ്ക്കരനെ വധിക്കരുതെന്നുള്ള ബ്രഹ്മസന്ദേശം അറിയിക്കുകയും ഇതു കേട്ടു ശാന്തനായ നളൻ,

"പുഷ്ക്കരാസനാജ്ഞ പുഷ്ക്കലാദരേണ ഹന്ത
പുഷ്ക്കരാ ഭവാനെ ഞാൻ വധിക്കയില്ലിനി"

എന്നു ചൊല്ലി പുഷ്കരനെ സ്നേഹപൂർവ്വം വിട്ടയക്കയും ചെയ്തു. സ്വതന്ത്രനാക്കപ്പെട്ട പുഷ്ക്കരൻ, 'കലി വിലാസത്തിനാൽ താൻ ബാലചാപേന' ചെയ്ത തെറ്റുകൾ പൊറുക്കേണമേ എന്നു പ്രാർഥിച്ച്,

"അവനിപാലധുർവഹോ ഭവാനഹോ ഭുവോ
നള, ചിരായ സാർവഭൗമനായി വാഴ്ക നീ"

എന്നു വാഴ്ത്തി മടങ്ങുന്നതോടെ നളചരിതം ആട്ടക്കഥയിലെ പുഷ്ക്കരന്റെ ഭാഗത്തിനു തിരശ്ശീല വീഴുകയായി.

ആട്ടക്കഥാ സാഹിത്യപ്രകാരം മറ്റൊരുവനാൽ സല്ക്കരിക്കപ്പെട്ടാൽ കരുത്താർജ്ജിക്കുന്ന വെറും ജളനായ ഒരു കഥാപാത്രമാണ് നളചരിതത്തിലെ പുഷ്ക്കരന്‍ എന്നു വ്യക്തമാണ്. കലി ദ്വാപരന്മാരോട്, അവർ ആരെന്ന് ചോദിച്ചറിയുക പോലും ചെയ്യാതെ, തന്റെ തലഴിലെഴുത്തിനെ പോലും ശപിച്ചു സംസാരിക്കുന്ന പുഷ്ക്കരന്റെ പാത്രപ്രകൃതത്തിൽ ക്ഷാത്രവീരന്റെ വിദൂരലക്ഷണങ്ങൾ പോലും കാണാൻ കഴിയില്ലെന്നു മാത്രമല്ല, ഒരു കഥയില്ലാത്ത അൽപ്പന്റെ പ്രകൃതം ആനയോളം വളർന്നു നിൽക്കുന്നതു കാണാനും കഴിയും. പാത്രപ്രകൃതപരമായി ചിന്തിച്ചാൽ ഇതിഹാസത്തിലെ പുഷ്ക്കരനിൽ നിന്നും നിലവാരം കുറഞ്ഞ ഒരു പുഷ്ക്കരനെയാണ് ആട്ടക്കഥയിൽ കാണാൻ കഴിയുക. മഹാഭാരതത്തിലെ പുഷ്ക്കരൻ ആരെങ്കിലും സൽക്കരിച്ചാൽ മുഷ്ക്കരനാകുന്നയാളോ, ഒരു ആനവിഡ്ഢിയോ ആയിരുന്നെന്നൊന്നും കരുതാൻ കഴിയില്ല. ദമയന്തിയെ നളനു ലഭിച്ചതിൽ അസൂയാലുവായ നളസഹോദരൻ ആയിരുന്നു പുഷ്ക്കരൻ എന്നു മാത്രം ചിന്തിക്കാനേ 'നളോപാഖ്യാനം' അനുവദിക്കുന്നുള്ളൂ. ഇതിഹാസത്തിലേയും ആട്ടക്കഥയിലെയും പുഷ്ക്കരന്റെ പാത്രപ്രകൃതത്തിലുള്ള ഈ അന്തരം കാണിക്കുന്നത്‌, ഇതിഹാസകാരന്റെ ധർമ്മസംസ്ഥാപനാർത്ഥപരമായ നളകഥ പറച്ചിലിലല്ല, മറിച്ച് ആ കഥയുടെ നാടകീയമായ രംഗാവതരണ സാധ്യതകൾക്കുതകുന്ന വിധത്തിലുള്ള പാത്രസൃഷ്ടിക്കായിരുന്നു, മറ്റു കഥാപാത്രങ്ങൾക്കെന്നപോലെ പുഷ്ക്കര വിഷയത്തിലും ഉണ്ണായി വാരിയർ ഊന്നൽ കൊടുത്തിരുന്നത്‌ എന്നാണ്.

ഇനി ആട്ടക്കഥയിലെ പുഷ്ക്കരന്റെ അരങ്ങവതരണത്തിലേക്കൊന്നു കടന്നു ചെല്ലാം. നളചരിതത്തിന്റെ ഇക്കഴിഞ്ഞ സുവർണ്ണ കാലഘട്ടങ്ങളിൽ (അറുപതുകൾ മുതൽ തൊണ്ണൂറുകൾ വരെ) പുഷ്ക്കരൻ, ഹംസം വേഷങ്ങളിൽ തെക്കൻ കേരളത്തിൽ ജനപ്രീതി നേടിയിരുന്ന കഥകളി കലാകാരനായിരുന്നു യശഃശ്ശരീരനായ ശ്രീ. ചെന്നിത്തല ചെല്ലപ്പൻ പിള്ള. പ്രശസ്ത കഥകളി നിരൂപകനായിരുന്ന പ്രൊഫ: അമ്പലപ്പുഴ രാമവർമ്മ  എഴുതിയ 'ചെന്നിത്തല ചെല്ലപ്പൻ പിള്ള' എന്ന ലേഖനത്തിൽ  "കൃഷ്ണൻനായരുടെ രണ്ടാം ദിവസത്തെ നളനോടൊപ്പം ചെല്ലപ്പൻ പിള്ളയുടെ പുഷ്ക്കരൻ അരങ്ങത്തു വരുന്നതായിരുന്നു അദ്ദേഹത്തിനു കൂടുതൽ ഇഷ്ടം" എന്ന് എഴുതിയിട്ടുണ്ട്. ശ്രീ. കെ. പി. എസ് മേനോന്റെ 'കഥകളിരംഗ' ത്തിൽ (പേജ് : 446) "പുതിയ തലമുറയിലെ നടന്മാരിൽ ചെന്നിത്തലയുടെ പുഷ്ക്കരൻ നല്ലതാണെന്ന്" രേഖപ്പെടുത്തിയിട്ടുണ്ട്. ഏവൂർ നളചരിതോൽസവ (2007) വേളയിൽ പ്രശസ്ത കഥകളി നടൻ കലാമണ്ഡലം (ഓയൂർ) രാമചന്ദ്രൻ,  'കൃഷ്ണൻ നായരാശാന്‌ ഏറ്റവും ഇഷ്ടപ്പെട്ട പുഷ്ക്കരൻ ചെന്നിത്തല ചെല്ലപ്പൻ പിള്ള ആശാന്റെതായിരുന്നു' എന്ന് എന്നോട് പറഞ്ഞിരുന്നു.  തിരുവന്തപുരത്ത് 1979 ൽ കൃഷ്ണൻനായർ ആശാൻ നളനായും മറ്റൊരു പ്രശസ്ത കലാമണ്ഡല നടൻ പുഷ്ക്കരനായും തീരുമാനിച്ച കളിയിൽ, 'കളി നന്നാവണമെങ്കിൽ ചെന്നിത്തലയെ പുഷ്ക്കരനാക്കാൻ' ആശാൻ നിർദ്ദേശിച്ചതനുസരിച്ച് കമ്മിറ്റിക്കാർ അപ്രകാരം ചെയ്തതു, ഇതിനു സാക്ഷിയായിരുന്ന ഒരാൾ അടുത്തയിടെ ഈ-മെയിൽ സന്ദേശമയിച്ചറിയിച്ചതും ഇവിടെ പ്രസ്താവയോഗ്യമാണ്. നമ്മുടെ കാലഘട്ടത്തിൽ, കലാമണ്ഡലം കൃഷ്ണൻ നായരേക്കാൾ നളചരിതം  അറിഞ്ഞഭിനയിച്ചിട്ടുള്ള മറ്റൊരു നടൻ കഥകളിയിൽ ഉണ്ടായിട്ടില്ല എന്നു തന്നെ പറയാം. ചെന്നിത്തല ചെല്ലപ്പൻ പിള്ളയുടെ പുഷ്ക്കരനെ കലാമണ്ഡലം കൃഷ്ണൻ നായർക്കും കെ.പി.എസ്‌.മേനോനും ഇഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ അതു പഠന വിഷയമാക്കേണ്ടതാണല്ലോ? ഇതു പോലെ കഴിഞ്ഞ പത്തു നാൽപ്പതു വർഷങ്ങളായി കളിയരങ്ങുകളുടെ നിറ സാന്നിദ്ധ്യമായ, പുഷ്ക്കര വേഷത്തിൽ വളരെ ജനപ്രീതിയാർജ്ജിച്ചിട്ടുള്ള മറ്റൊരു നടനാണ്‌  ശ്രീ. സദനം കൃഷ്ണൻകുട്ടി. അവതരണത്തിൽ പ്രകടമായ വ്യത്യാസങ്ങൾ കാണുന്ന ഈ രണ്ടു പുഷ്ക്കരവേഷങ്ങളെയും ആട്ടക്കഥാ സാഹിത്യത്തിന്റെ വെളിച്ചത്തിൽ ഒന്നവലോകനം ചെയ്യാൻ ശ്രമിക്കാം. അഭിനയിക്കുന്ന നടന്മാരെയല്ല, കഥാപാത്രാവിഷ്ക്കാരത്തിന്റെ വ്യത്യസ്തതലങ്ങളെയാണ് ഇവിടെ പഠനവിധേയമാക്കുന്നതെന്ന് ആദ്യം തന്നെ പറഞ്ഞു കൊള്ളട്ടെ.

കലി പ്രേരണയാൽ തന്റെ ജ്യേഷ്ഠനും രാജാവുമായ നളനെ ചൂതിനു വിളിക്കുന്ന ചെന്നിത്തലയുടെ പുഷ്ക്കരനിൽ  നളനോടുള്ള ഭയവും ബഹുമാനവും, ശക്തനായ കലി തന്റെ കൂടെ ഉണ്ടെന്നുള്ള ധാർഷ്ട്യവും അതിൽ നിന്നുളവാകുന്ന ധൈര്യവും മഹത്വാകാംക്ഷയും എല്ലാം ഒരു പോലെ സമ്മേളിക്കുന്നതായി കാണാം. ചൂതിനു വിളിക്കുന്നത്‌, ധൈര്യം ഉണ്ടായിട്ടല്ല, കലിയുടെ സാമീപ്യം നൽകുന്ന ഒരു 'അഭിനവധൈര്യ' ത്തിൻ പുറത്താണ് എന്ന് തോന്നും ചെന്നിത്തലയുടെ അഭിനയം കണ്ടാൽ. ശരിക്കും നോക്കിയാൽ ആ പുഷ്ക്കരപ്രകൃതത്തിൽ ധൈര്യത്തെക്കാൾ ഏറെ ഭയമാണ് ഉണ്ടായിരുന്നത്. അതേ സമയം ചൂതിൽ ജയിച്ചു കഴിഞ്ഞ്, വിജയശ്രീലാളിതനായ ചെന്നിത്തലയുടെ പുഷ്ക്കരൻ അതീവ ധൈര്യവാനായിരിക്കും. ഐശ്വര്യം വരുമ്പോൾ അർദ്ധരാത്രിയിൽ കുട പിടിക്കുന്നവന്റെ അൽപ്പത്വമാണ് പിന്നീടുള്ള ആട്ടങ്ങളിൽ എല്ലാം നിറഞ്ഞു നില്ക്കുക. ശ്രീ. സദനം കൃഷ്ണൻ കുട്ടിയുടെ പുഷ്ക്കരൻ ഇതല്ല. നളനെ ചൂതിനു വിളിക്കുന്നതു മുതൽ അരങ്ങിൽ നിന്നും നിഷ്ക്രമിക്കുന്നത് വരെ ആ പുഷ്ക്കരൻ കോപമദ മാൽസര്യങ്ങളുടെ ഒരു മൂർത്തിമത് രൂപമായിരിക്കും - അക്ഷരാർഥത്തിൽ ഒരു 'പുഷ്ക്കര ധൂമകേതു'. ചൂതുകളി കഴിയുന്നതു  വരെ ചെന്നിത്തലയുടെ അരങ്ങ് പ്രായേണ ശബ്ദരഹിതം ആയിരിക്കുമെങ്കിൽ, സദനവും മേളവും  എല്ലാം കൂടി ചൂതിനു വിളി മുതലേ അരങ്ങിൽ ഒരു താണ്ഡവതരംഗം സൃഷ്ടിച്ചുകൊണ്ടായിരിക്കും മുന്നേറുന്നത്. നളനൊന്നു കയ്യുയർത്തിയാല്‍ അതിനേക്കാള്‍ ഉയരത്തിൽ കയ്യുയർത്തി നളനെ അടിക്കാന്‍ ചെല്ലുന്ന പുഷ്ക്കരനാണ് സദനത്തിന്റെതെങ്കിൽ, നളനെന്തു പറഞ്ഞാലും 'എനിക്കു ചൂതു കളിക്കണം' എന്നൊരു പിടിവാദത്തിൽ ഉറച്ചു നിന്ന്, മനഃപൂർവ്വം ധൈര്യം അവലംബിച്ച് കൈയും കെട്ടി ഒരേ ഒരു നിൽപ്പു നിൽക്കുന്ന പുഷ്ക്കരനെയായിരുന്നു ചെന്നിത്തല അവതരിപ്പിച്ചിരുന്നത്.

Damayanthi, Nalan, Pushkaran

ശ്രീ.ചെന്നിത്തല ചെല്ലപ്പൻ പിള്ളയുടെ പുഷ്ക്കരനെ കലാകേസരിയായ കൃഷ്ണൻ നായർക്ക് അത്ര ഇഷ്ട്ടപ്പെടാനുള്ള  കാരണം അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നു തന്നെ നമുക്കു വായിച്ചെടുക്കാം (എന്റെ ജീവിതം: അരങ്ങിലും അണിയറയിലും, ശ്രീ. കലാമണ്ഡലം കൃഷ്ണൻ നായർ, D.C.Books).
''ആദ്യം മുതല്‍ എന്റെ പുഷ്ക്കരന്‍ മറ്റുള്ളവരുടേതില്‍ നിന്നും വ്യത്യസ്ത സമ്പ്രദായത്തിലായിരുന്നു. ഒരിക്കല്‍ വേഷം കഴിഞ്ഞപ്പോള്‍ നളനായി വേഷമിട്ട ശ്രീമാന്‍. തോട്ടം ശങ്കരന്‍ നമ്പൂതിരി എന്നെ വിളിച്ചു പറഞ്ഞു; ഇങ്ങിനെയാണ്‌ ശരിക്കും ആടേണ്ട രീതി. പുഷ്ക്കരന്‍ ഒരിക്കലും നളനോട് കടുത്ത വൈരാഗ്യ ബുദ്ധി കാണിക്കരുത്. കലിയുടെ പ്രേരണകൊണ്ടു മാത്രമാണ് പുഷ്ക്കരന്‍ രണ്ടും കല്‍പ്പിച്ച് നളനെ ചൂതിനു വിളിച്ചത്. ചൂതിന്റെ ഫലമായി നളന്റെ സര്‍വസ്വവും കൈക്കലാക്കിയതിനു ശേഷം കുറച്ചു തന്റെടത്തോടുകൂടി ശാസനാരൂപത്തില്‍ പുഷ്കരനു നളനോടു പെരുമാറാം. അത്രയേ ആകാവൂ. പുഷ്കരന് അപ്പോഴും ഉള്ളില്‍ ഭയം ഉണ്ട്. ആ ഭയം പുറത്തു കാണിക്കാത്ത പ്രവര്‍ത്തിയേ ചെയ്യാവൂ. ചിലര്‍ കാണിക്കുന്നതുപോലെ നളനെ അടിക്കാനും പിടിക്കാനുമൊക്കെ തുനിഞ്ഞാൽ, രാജാവായിരിക്കുന്ന നളന്‍ ഭൃത്യരെ വിളിച്ച് ' ഇവന്‍ ബോധമില്ലാതെ കിടന്നു പുലമ്പുന്നു, ഇവനെ പിടിച്ചു കാരാഗൃഹത്തിലടയ്ക്കൂ' എന്നു കല്‍പ്പിച്ചാല്‍ തല്‍ക്കാലം പുഷ്ക്കരന്‍ തടവിലായതു തന്നെ. ചൂതുകളി കഴിയുന്നതു വരെ നളന്‍ മഹാരാജാവു തന്നെയാണ്. ഇപ്രകാരം തോട്ടം തിരുമേനി എന്നെ പലതും ഉപദേശിച്ചിട്ടുണ്ട്".

ചില നടന്മാരുടെ അനവസരത്തിലുള്ള 'പുഷ്കരരൌദ്രം' കഥാപാത്രത്തിന്റെ പ്രകൃതിക്ക് ഒട്ടും തന്നെ യോജിച്ചതല്ലെന്ന് യശഃശ്ശരീരനായ ശ്രീ. എം.കെ. കെ. നായർ അഭിപ്രായപ്പെട്ടിട്ടുണ്ട്.1961 ഫെബ്രുവരി 25, 26  തീയതികളിലെ ഏറണാകുളം കഥകളിക്ലബ്ബിന്റെ  രണ്ടാം വാർഷിക കളി കണ്ട് ശ്രീ. എം.കെ. കെ.നായർ എഴുതിയ  അവലോകനത്തിൽ ഇങ്ങിനെ രേഖപ്പെടുത്തിയിരിക്കുന്നു; "നിലവാരം ഉയർന്ന ഈ കഥകളിയിൽ വിമർശനാർഹമായ ഒരേ ഭാഗം, പുഷ്ക്കരൻ നളനെ ചൂതിനു വിളിക്കുന്ന രംഗം മാത്രമായിരുന്നു. സാധാരണ കാണാറുള്ള വിധത്തിൽ ഇവിടേയും, പുഷ്കരന്റെ ചൂതിനു വിളി പോർവിളിയായിട്ടാണ് കണ്ടത്. എന്നാൽ കവിയുടെ ഉദ്ദേശവും പാത്രസ്വഭാവത്തിന്റെ പ്രത്യേകതയും മനസിലാക്കിയാൽ ഇമ്മാതിരി ഒരു ചിത്രീകരണം തികച്ചും അനുവദനീയമല്ലെന്നു പറയേണ്ടിയിരിക്കുന്നു. സന്ദർഭത്തിന്റെ ഗൌരവം കണക്കിലെടുത്തുകൊണ്ട് ആട്ടത്തിന്റെ രീതിയിൽ നടന്മാർ ഇവിടെ ഔചിത്യപൂർവ്വം മാറ്റം വരുത്തിയേ തീരൂ".

ശ്രീ. കലാമണ്ഡലം കൃഷ്ണൻ നായരുടെയും മറ്റു പണ്ഡിതന്മാരുടെയും അഭിപ്രായങ്ങൾ ഇങ്ങിനെയായിരിക്കുമ്പോൾ തന്നെ 'അസഭ്യ വാക്കുകളോതി' നളനെ ചൂതിനു വിളിക്കുന്ന അൽപ്പനും ബുദ്ധിഹീനനും മലിനാശയനുമായ 'നിഷധ പുഷ്ക്കര ധൂമകേതു' വിനെ ആ പാത്രപ്രകൃതത്തിൽ കണ്ട് ഒരു നടൻ അവതരിപ്പിച്ചാൽ അതിൽ കുറ്റം പറയാനും കഴിയില്ല. പക്ഷെ നളചരിതം രണ്ടും നാലും ദിവസങ്ങളിലെ പുഷ്ക്കരന്റെ പാത്രപ്രകൃതത്തെ സമഗ്രമായി വിലയിരുത്തുമ്പോഴും, ഉദാത്തമായ ഒരു പ്രണയകാവ്യമായ നളചരിതത്തിന്റെ പൊതു സൌന്ദര്യഭൂമികക്കുള്ളിൽ നിൽക്കുന്ന ഒരു കഥാപാത്രം ആണ് പുഷ്ക്കരൻ എന്നു കാണുമ്പോഴും, വീര്യം തെല്ലു കുറയുമ്പോഴാണ് ആ വേഷത്തിന്റെ മാറ്റു വർദ്ധിക്കുന്നത് എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. ഉദ്ധത കലാശങ്ങളും ശബ്ദായമാനമായ അരങ്ങും ആ വേഷത്തിന്റെ ഭാവാവിഷ്ക്കാര സാദ്ധ്യതകൾക്ക്  മങ്ങലേൽപ്പിക്കുന്നില്ലേ എന്നൊരു സംശയം. ഇങ്ങിനെ നോക്കുമ്പോൾ ഒരു നളചരിത ആരാധകനും സാഹിത്യ വിദ്യാർഥിയുമായ എനിക്കും പുഷ്ക്കരവിഷയത്തിൽ കലാമണ്ഡലം കൃഷ്ണൻ നായരടങ്ങുന്ന നളചരിതസൌന്ദര്യാരാധക പക്ഷത്തേക്ക് ചാഞ്ഞു നിൽക്കാനാണിഷ്ടം.

Article Category: 
Malayalam

Comments

Mohandas's picture

 

പുഷ്ക്കര വിഷയത്തിൽ എന്റെ അറിവിലുള്ള ഒരു സംഭവം കൂടി ഇവിടെ എഴുതട്ടെ. ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ വർഷങ്ങൾക്കു മുൻപ് നടന്ന രണ്ടാം ദിവസം കഥയിൽ ശ്രീ. കൃഷ്ണൻ നായർ ആശാൻ നളനും ശ്രീ. ചെന്നിത്തല ചെല്ലപ്പൻ പിള്ളയാശാൻ പുഷ്കരനും. ചൂതു കളി കഴിഞ്ഞു രാജ്യം നഷ്ടപ്പെട്ട നളനോട് രാജ്യം വിടാൻ പുഷ്ക്കരൻ ആജ്ഞാപിച്ചു. പക്ഷെ നളനു രാജ്യം വിടാൻ വല്ലാത്ത വൈഷമ്യം. സാധാരണയിൽ കൂടുതൽ നേരം രംഗത്ത്‌ നിന്ന നളനെ നോക്കി അധിക്ഷേപിച്ച പുഷ്ക്കരൻ, ഇനി നീ ഇവിടെ നിന്നാൽ ഞാൻ കഴുത്തിന്‌ പിടിച്ചു പുറത്താക്കും എന്ന് കാണിച്ചു. നളൻ വേദിയും വിട്ടു. പുഷ്കരന്റെ ഇതേ തുടർന്നുള്ള ആട്ടം കഴിഞ്ഞു. ഇതോടെ സദസ്സ് രണ്ടായി, ചെന്നിത്തല കാണിച്ചത് ഒട്ടും തന്നെ ശെരിയായില്ലെന്നായി കൂടുതൽ പേരും. വല്ലാത്ത ചർച്ചയും ബഹളവും ആയി. ചെന്നിത്തല, കൃഷ്ണൻ നായർ ആശാനോട് ക്ഷമ ചോദിക്കണമെന്നായി. വിഷയം അണിയറയിൽ ആശാന്റടുത്തെത്തി. വല്ലാതെ വികാരഭരിതരായിരുന്ന കഥകളിപ്രേമികളെ ആശ്വസിപ്പിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു; ചെന്നിത്തല കാണിച്ചതിൽ തെറ്റു പറയാൻ കഴിയില്ല. രാജ്യം നഷ്ട്ടപ്പെട്ടു കഴിഞ്ഞാൽ പിന്നെ നളൻ അവിടെ നിൽക്കാൻ യോഗ്യനല്ല. 'ഭൂമി എന്നപോലെ ഭൈമിയും ചേരുമെന്നിൽ' എന്നു പറഞ്ഞു കഴിഞ്ഞാൽ പിന്നെ അവിടെ ഒരു നിമിഷം നില്ക്കാതെ പോകുന്നതാണ് ശെരി. ഞാനാണ് തെറ്റു ചെയ്തത്. അതിനയാളെ കുറ്റം പറയുന്നത് ശെരിയല്ല'.

ഇത് കേവലമായ ഒരു സംഭവം മാത്രമല്ല; കഥകളിയുടെ സുവർണ്ണ കാലത്ത് കലാകാരന്മാർ കാണിച്ചിരുന്ന പരസ്പര ബഹുമാനത്തിന്റെയും മര്യാദകളുടെയും ചിത്രം കൂടിയാണ്. അങ്ങിനെയുള്ള കലാകാരന്മാരെ പ്രെക്ഷകർ എത്രമാത്രം സ്നേഹിച്ചിരുന്നു എന്നതിന്റെയും ഉദാഹരണമാണ്. 

കൃഷ്ണൻ നായരാശാന്റെ ആത്മകഥയുടെ അവസാനഭാഗത്തിൽ ഒരു നള-പുഷ്കര അനുഭവം വിവരിക്കുന്നുണ്ട്, കുഞ്ചുനായരാശാനെ അനുസ്മരിക്കുന്നിടത്ത്. കുഞ്ചുനായർ-കൃഷ്ണൻ നായർ നള-പുഷ്കരന്മാർ എന്ന് നിശ്ചയിച്ച ഒരു കളി കുഞ്ചുവാശാന്റെ നിർബന്ധത്താൽ തിരിച്ചാക്കിയത്രെ. ആ പുഷ്കരൻ എങ്ങിനെയായിരുന്നിരിക്കണം എന്നറിയാൻ നിർവ്വാഹമില്ല. എങ്കിലും ആശാന്റെ ശിഷ്യനായ വാസുവാശാന്റെ പുഷ്കരവേഷം കണ്ടിട്ടുള്ളവരുണ്ടാകുമല്ലൊ, അവർ അനുഭവം പങ്കു വെച്ചാൽ നന്നായിരുന്നു.

വളരെ യുക്തിയുക്തവും, വിശദവുമായ പാത്രവിചാരം, സർ. ഭാരതത്തിൽ സൂചിപ്പിച്ചുമാത്രം പോകുന്ന ഒരു കഥാപാത്രത്തെ കഥയുടെ പ്രധാനഗതിയ്ക്കനുഗുണമായി ആട്ടക്കഥാകൃത്ത് വളരെ ഭംഗിയായി, കാവ്യാത്മകമായി വികസിപ്പിച്ചിരിക്കുന്നതിനെപ്പറ്റിയുള്ള ഈ പഠനത്തിനും വിശകലനത്തിനും നന്ദി. കഥാപാത്രങ്ങളുടെ ഉള്ളറിഞ്ഞവതരിപ്പിയ്ക്കുക എന്ന ഉണ്ണായിരീതിയ്ക്ക് മറ്റൊരുദാഹരണമാണ് പുഷ്കരന്റെ ഈ വ്യക്തിത്വവികാസം.

ഇതിഹാസം, കാവ്യം (ആട്ടക്കഥ), രംഗാവതരണം എന്നീ മൂന്നു ഘടകങ്ങളേയും അനുക്രമമായി ചേർത്തുകൊണ്ടുള്ള ഈ പാത്രഗവേഷണം വിലപ്പെട്ടതാണ്.

അവതരണത്തിൽ പുഷ്കരനെ സാമാന്യം ഉദ്ധതനായി ആവിഷ്കരിയ്ക്കുന്ന രീതിയ്ക്ക്, പക്ഷേ ചില ശ്രദ്ധേയമായ ന്യായങ്ങളുണ്ടാകാമെന്നു തോന്നുന്നു: (1) "ഉത്സാഹിതോഥ കലിനാ" - കലിയാൽ പ്രേരിപ്പിയ്ക്കപ്പെടുക മാത്രമല്ല പുഷ്കരൻ, ശരിയ്ക്കും "ഉത്സാഹിത"നാവുകയാണ് - ആ സാഹസാത്മകമായ ഉത്സാഹമാണ് 'ഉത്സാഹിതോഥ' എന്ന ശ്ലോകത്തിനു ശേഷമുള്ള പുഷ്കരനെ നയിയ്ക്കുന്നത് (2) സ്വതേ മന്ദനായ പുഷ്കരന് കലിയുടെ പ്രേരണ കൊണ്ട് ബുദ്ധിവിപര്യയം ഉണ്ടാവുകയാണെന്നാണല്ലോ സൂചന -"പര്യസ്തധീ:" (ബുദ്ധിഭേദം വന്ന) എന്നു നളനെ കവി വിശേഷിപ്പിയ്ക്കുന്നു; കലി പുഷ്കരനെ "ആവേശി"യ്ക്കുന്നതായി പറയുന്നില്ലെങ്കിലും, കലിയുടെ പ്രേരണയെന്നത് മനസ്സിനേയും ബുദ്ധിയേയും വഴിതിരിയ്ക്കുന്ന ഒന്നാണല്ലോ. അതുകൊണ്ട് "മുൻപിൻ നോക്കാത്ത" -താൻ ചാടിക്കയറിയാൽ മഹാരാജാവ് പിടിച്ചകത്താക്കുമെന്ന ബോധമില്ലാത്ത- ഒരവസ്ഥയിലാണ് പുഷ്കരൻ; ഇയാളുടെ കളിയ്ക്കു നിൽക്കുകയല്ല, ശിക്ഷിയ്ക്കുകയാണ് വേണ്ടത് എന്ന വിവേകം ഉദിയ്ക്കാത്ത നിലയിൽ തന്നെയാണ് നളനും. അതുകൊണ്ട് പുഷ്കരന്റെ ഈ ആടോപപ്രകടനം കലിയുടെ ചോദനയായി കാണാവുന്നതല്ലേ ? - "പ്രകടിതനിജാടോപം" എന്നു കലിസ്വഭാവം അവതരണശ്ലോകത്തിൽ തന്നെ കവി സുചിപ്പിച്ചിട്ടുമുണ്ടല്ലോ. “നിഷധാകാശത്തിലെ ധൂമകേതു” എന്ന കവികല്പനയോടൊപ്പം നില്ക്കുന്നതല്ലേ ഈ ധിക്കാരഭാവം ?

പൂർവാചാര്യന്മാരുടെ പാത്രവ്യാഖ്യാനം ആദരണീയമാണ്; വ്യത്യസ്തമായ ചില സമീപനങ്ങളും ന്യായയുക്തമല്ലേ (അങ്ങ് അവസാനഖണ്ഡികയിൽ പറഞ്ഞിരിയ്ക്കുന്നതുപോലെത്തന്നെ) എന്ന സംശയം മാത്രമേ ഈ കുറിപ്പിലുള്ളൂ.

അവധാനപൂർവമായ ഈ അന്വേഷണത്തിനും വിശകലനത്തിനും നന്ദി - ഒരിയ്ക്കൽകൂടി.

ഡോക്ടർ. ഏവൂർ മോഹൻദാസ് അവർകളുടെ 'ഹേമാമോദസമാ' എന്ന ലേഖനത്തിന്റെ തുടർച്ചയായി എഴുതിയ 'നളചരിതത്തിലെ പുഷ്ക്കരൻ' എന്ന ആർട്ടിക്കിൾ, തുടർന്ന് ശ്രീകൃഷ്ണൻ അവർകൾ എഴുതിയ '"നിഷധപുഷ്കരധൂമകേതു:" - പുഷ്കരധിക്കാരം' എന്ന ചിന്താപരമായ കമന്റും വളരെ ഹൃദ്യമായി.
കഥകളിയിലെ ഒരു അവതരണ ഒരു വിഷയത്തെ ഇങ്ങിനെ ചിന്താപരമായി ആസ്വാദകന് നേരിടുവാനുള്ള സന്മനസ്സാണ് ഒരു യഥാർത്ഥ ആസ്വാദകന് ഉണ്ടാകേണ്ടത്.

മാതൃഭൂമിയിൽ ഒരു ആസ്വാദകൻ എഴുതിയ കത്ത് ഒരിക്കൽ വായിക്കാൻ ഇടയായി. അതിൽ എഴുതിയ ഒരനുഭവം - കോട്ടയത്ത് ഒരു ദിക്കിൽ ആസ്വാദകർ മാങ്കുളം ആശാൻ-കൃഷ്ണൻ നായരാശാൻ ടീമിന്റെ നള-പുഷ്കരവേഷങ്ങൾ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചത്രെ. തന്നേക്കാൾ ഏറെ വയസ്സു കുറവുള്ള കൃഷ്ണൻ നായരാശാന്റെ നളന്ന് പുഷ്കരൻ കെട്ടാൻ മാങ്കുളം ആശാൻ ലേശം മടി പ്രകടിപ്പിച്ചപ്പോൾ സംഘാടകർ ആശാന്റെ നളൻ ആക്കി നിശ്ചയിച്ചു. കൃഷ്ണൻ നായരാശാന്റെ ആയിരുന്നുവോ പുഷ്കരൻ, അതോ അദ്ദേഹം വേറെ വേഷം കെട്ടുകയാണോ ഉണ്ടായത് എന്നറിയില്ല. കൃഷ്ണൻ നായരാശാന്റെ പുഷ്കരൻ കണ്ടവർ ആരെങ്കിലും ഇവിടെയുണ്ടോ ?. (കളി കണ്ട ആ ആസ്വാദകൻ എഴുതിയത്, കൃഷ്ണൻ നായരാശാന്റെ പ്രസിദ്ധ വേഷമായിരുന്ന രണ്ടാം ദിവസം നളനുമായി താരതമ്യം ചെയ്യുമ്പോൾ മാങ്കുളമാശാന്റെ നളൻ അഭിനയപാടവത്തിൽ ഒരു പടി താഴെയായിരുന്നുവെന്നാണ്.)

Mohandas's picture

ശ്രീ. ശ്രീകൃഷ്ണൻ : അഭിപ്രായങ്ങൾക്കു നന്ദി. താങ്കളെപ്പോലെ ചിലരെങ്കിലും ഇവിടെ ചർച്ച ചെയ്യപ്പെടുന്ന നളചരിത സാഹിത്യവിഷയത്തെ ഗൌരവമായി കണ്ടു അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നത്, വിഷയത്തെ കൂടുതൽ പഠിക്കാനും ചിന്തിക്കാനും എനിക്ക് പ്രേരകമാകുന്നു എന്ന് പറയുന്നതിൽ സന്തോഷമുണ്ട്.

താങ്കൾ ചൂണ്ടിക്കാട്ടിയതു പോലെയുള്ള സാഹിത്യപരാമർശങ്ങളെ ഞാനും ഉൾക്കൊണ്ടതിനാലാണ് 'നിഷധ പുഷ്ക്കര ധൂമകേതു' വിനെ ആ പാത്രപ്രകൃതത്തിൽ കണ്ട് ഒരു നടൻ അവതരിപ്പിച്ചാൽ അതിൽ കുറ്റം പറയാനും കഴിയില്ല' എന്നെഴുതിയത്. കലാമണ്ഡലം കൃഷ്ണൻ നായരടങ്ങുന്ന പക്ഷത്തേക്ക് മൊത്തത്തിൽ മാറാതെ 'ചാഞ്ഞു' മാത്രം നിന്നതിന്റെയും കാരണം അതാണ്‌. ഇങ്ങനെ പറയുമ്പോൾ തന്നെ പാത്രപരമായി നോക്കുമ്പോൾ 'പുഷ്കരനെ ഉദ്ധതനായി ആവിഷ്കരിയ്ക്കുന്ന രീതി'ക്ക് ഒരു മയം വേണമെന്ന അഭിപ്രായവും എനിക്കുണ്ട് എന്നും പറയേണ്ടതുണ്ട്.
 
താങ്കൾ ചൂണ്ടിക്കാട്ടിയ പരാമർശങ്ങളിലെ എന്റെ ചില ചിന്തകൽ കൂടി പങ്കു വെക്കട്ടെ. നളനെ കലി ആവേശിച്ചിരിക്കുന്നതിനാൽ 'ഇയാളുടെ കളിയ്ക്കു നിൽക്കുകയല്ല, ശിക്ഷിയ്ക്കുകയാണ് വേണ്ടത് എന്ന വിവേകം നളനു ഉദിയ്ക്കാത്തതു ന്യായമാണ്'. കല്യാവേശം കൊണ്ടു മാത്രമേ ബുദ്ധിഭേദം ("പര്യസ്തധീ:" - ബുദ്ധിഭേദം വന്ന) സംഭവിക്കൂ എന്നു കാണുമ്പോൾ കലി ബാധിച്ച നളനെപ്പോലെ കലി ബാധിക്കാത്ത പുഷ്ക്കരൻ  പ്രവൃത്തിക്കേണ്ടതില്ല. മന്ദനായ പുഷ്ക്കരന്റെ ബലം കലി പ്രേരണ മാത്രമാണല്ലോ? പക്ഷെ ഒരു മന്ദന് എത്രമാത്രം ബലം നൽകാൻ മറ്റൊരാൾക്ക്‌ കഴിയും? ബലം കൊടുക്കുന്നയാൾ എത്ര ഗംഭീരനാനെങ്കിലും ഒരു ജളനു അതെത്രമാത്രം സ്വീകരിക്കാൻ കഴിയും? കലി പിറകിലുന്ടെന്ന ബലത്തോടെ നളനെ ചൂതിനു വിളിച്ചാലും, നളനെ കാണുന്ന മാത്രയിൽ പുഷ്ക്കരന്റെ ജളപ്രകൃതം മുന്നിൽ വന്നു് അതിന്റെ ഫലമായ ഭയം പാത്രസ്വഭാവത്തിൽ ഉണ്ടാകുക തന്നെ വേണം. പക്ഷെ, കലി കൂടെ ഉണ്ടല്ലോ എന്ന ചിന്തയിൽ വീണ്ടും ബലം ആർജിക്കുന്നതിൽ തെറ്റില്ല താനും. ഇങ്ങിനെ നോക്കുമ്പോൾ ഭയലേശമില്ലാത്ത ഒരു പുഷ്ക്കരനോ വെറും പേടിതൊണ്ടൻ ആയ പുഷ്കരനോ കഥാപാത്രപരമായി ശരിയാകില്ല. ഇതിന്റെ രണ്ടിന്റെയും ഇടയിലായിരിക്കണം പുഷ്ക്കര പ്രകൃതം.

ലേഖനത്തിൽ പരാമർശിച്ചിട്ടുള്ള അവസാന നള-പുഷ്ക്കര പദങ്ങളിൽ നിന്നും പുഷ്കരന് നളനോട് ബഹുമാനവും അതുപോലെ തന്നെ പുഷ്ക്കരനോട് നളനു സ്നേഹവും ഉണ്ടെന്നത് സ്പഷ്ടമാണ്. ഒരു ദുർബുദ്ധിയുടെ  പ്രേരണകൊണ്ട്‌ തെറ്റായ പെരുമാറ്റങ്ങൾ ഉണ്ടായി എന്നു മാത്രം. നളനും പുഷ്കരനും ബദ്ധവൈരികൾ അല്ലാത്ത സ്ഥിതിക്ക് അവരുടെ ഇടയിലുണ്ടായ അസ്വാരസ്യങ്ങൾക്കും കാഠിന്യം കുറഞ്ഞു നിൽക്കുന്നതായിരിക്കും ഭംഗി. ഓരോരോ പദങ്ങൾ വച്ചു നോക്കിയാൽ 'പുഷ്ക്കരരൗദ്രം' ന്യായമായി തോന്നുമെങ്കിലും കാര്യങ്ങളെ മൊത്തത്തിൽ കണ്ട്‌ സൂക്ഷ്മതലത്തിൽ വിലയിരുത്തുമ്പോൾ രൗദ്രം കുറഞ്ഞ പുഷ്കരനാണ് ഭംഗി എന്നാണു എനിക്കു തോന്നുന്നത്.

ഭഗവത് ഗീത, ഒന്നാം അദ്ധ്യായം മാത്രം വായിച്ചാൽ ഭഗവാൻ കൃഷ്ണൻ ഒരു യുദ്ധക്കൊതിയനായി വിലയിരുത്തപ്പെടാം. പക്ഷെ ഗീതയെ മൊത്തത്തിൽ കാണുമ്പോൾ ഭഗവൽ പ്രകൃതം ഇതിൽ നിന്നും വളരെ വ്യത്യസ്തമാണ്. നളചരിതത്തിലെ പുഷ്ക്കര പ്രകൃതവും ഏതാണ്ട് ഇതുപോലെയാണ്.

Mohandas's picture

ശ്രീ. നിഖിൽ: താങ്കൾ പരാമർശിച്ച വിഷയങ്ങളിൽ എനിക്ക് അറിവില്ലാത്തതിനാൽ പ്രതികരിക്കാൻ കഴിയുന്നില്ല. ഷാരോടിയാശാന്റെയോ കൃഷ്ണൻ നായരാശാന്റെയോ പുഷ്ക്കരൻ ഞാൻ കണ്ടിട്ടില്ല. പക്ഷെ ഇവരുടെ പുഷ്ക്കരൻ അനേകം പ്രാവശ്യം കണ്ടിട്ടുള്ള തിരുവല്ല ഗോപിക്കുട്ടൻ നായരാശാൻ പറഞ്ഞത്, ഇവരുടെ പുഷ്ക്കരൻ പ്രായേണ 'രൗദ്രം' കുറഞ്ഞവർ ആയിരുന്നു എന്നാണ്‌.

'നളചരിതത്തിലെ പുഷ്ക്കരനെ' കളിപ്രേമികളിലേക്ക് എത്തിക്കുവാൻ താങ്കൾ 'ഫേസ് ബുക്കി'ൽ നടത്തുന്ന ശ്രമങ്ങൾ ശ്ലാഘനീയം തന്നെ. സമയക്കുറവു മൂലവും അവിടെ ചർച്ച ചെയ്യുന്ന വിഷയത്തി വിവരം അത്ര പോരാ എന്നതിനാലും പങ്കെടുക്കുന്നില്ല എന്നെ ഉള്ളൂ.

ശ്രീ. കൃഷ്ണൻ നമ്പൂതിരി: അഭിപ്രായങ്ങൾക്ക് നന്ദി. കഥകളിയെ സ്നേഹിക്കാൻ തുടങ്ങിയാൽ സങ്കുചിതചിന്തകൾക്കുള്ള പ്രസക്തി കുറഞ്ഞു വരും. അങ്ങിനെ നല്ല കഥകളി ആസ്വാദകരുണ്ടാകട്ടെ എന്നാണ്‌ എന്റെയും പ്രാര്ത്ഥന.

കലിയുടേത് ഒരു ബാഹ്യപ്രേരണമാത്രമായി കരുതുമ്പോൾ അങ്ങയുടെ പക്ഷം തന്നെയാണ്‌ കൂടുതൽ ഉചിതം - പുഷ്കരന്റെ ധാർഷ്ട്യത്തിന്‌ മിതത്വം വേണം. സഹായത്തിനൊരാളുണ്ടെന്നതുകൊണ്ട് സ്വഭാവം പാടേ മാറുമെന്നു കരുതാൻ വയ്യ. നളനെപ്പോലെ ബൗദ്ധികവും മാനസികവും ആയിക്കൂടി ‘പരിഭൂതൻ’ ആയിരിയ്ക്കാനുള്ള ഒരു സാധ്യതയായിരുന്നു ഈ പാത്രാവിഷ്കരണസമീപനത്തിന്റെ ന്യായീകരണമായി തോന്നിയത്.

സമഗ്രമായ പാത്രസ്വഭാവമാണ്‌ രംഗാവതരണത്തിൽ പ്രതിഫലിയ്ക്കേണ്ടത് എന്നതിനോട് പൂർണ്ണമായും യോജിയ്ക്കുന്നു (ഗീതയുടെ ഉദാഹരണത്തോടും).

C.Ambujakshan Nair's picture

(കൃഷ്ണൻ നായർ) ആശാന്റെ മുൻപിൽ പുഷ്കരന് വല്ലാത്ത കഷ്ടപ്പാടാണ്. അടങ്ങി ഒതുങ്ങി നിന്നാലും പറ്റില്ല. ചാടിക്കയറി പ്രാഗത്ഭ്യം കാട്ടിയാലും പറ്റില്ല. അദ്ദേഹത്തിൻറെ മനസ്സിനു പിടിച്ച ആളാണെങ്കിൽ കൊണ്ടുനടക്കും. അല്ലെങ്കിൽ തൂത്തുവാരിക്കളയും

പ്രസിദ്ധനായ ശ്രീ. കോട്ടക്കൽ ശിവരാമൻ അവർകൾ, പത്മശ്രീ. കലാമണ്ഡലം കൃഷ്ണൻ നായർ അനുസ്മരണത്തിൽ എഴുതിയ "കൃഷ്ണകാണ്ഡം " എന്ന ലേഖനത്തിൽ നിന്ന്.

Mohandas's picture

കല്യാവേശിതനായ നളനെപ്പോലെ ബൗദ്ധികവും മാനസികവും ആയി പുഷ്ക്കരൻ ‘പരിഭൂതൻ’ ആകുന്നില്ല.

 'പുഷ്കരഭയ' ത്തിനു മേൽപ്പറഞ്ഞ കാരണങ്ങളല്ല്ലാതെ ഒരു കാരണം കൂടി പറയാം. പുഷ്കരനു മുൻപരിചയം ഉള്ളവരല്ല കലിദ്വാപരന്മാർ. അങ്ങിനെ അപരിചിതരായ രണ്ടു പേരുടെ വാക്കിൽ വിശ്വസിച്ചാണ് നളനെ ചൂതിനു വിളിക്കുക എന്ന സാഹസത്തിനു പുഷ്ക്കരൻ മുതിരുന്നത്. തന്റെയുള്ളിലെ അടങ്ങാത്ത മോഹങ്ങൾ കാരണം അവർ പറയുന്നതൊക്കെ ചെയ്യാൻ പുഷ്ക്കരൻ 'ഉൽസാഹിത'നാണെങ്കിലും അവരുടെ വാക്കുകളിൽ പൂർണ്ണവിശ്വാസം അയാൾക്കുണ്ടെന്നു കരുതുക വയ്യ. കാര്യങ്ങൾ കൈവിട്ടു പോയാൽ തന്റെ ഇനിയുള്ള ജീവിതവും അവതാളത്തിലാകും. ഇങ്ങനെ മനസ്സിനെ മുന്നോട്ടും പിന്നോട്ടും പിടിച്ചുവലിക്കുന്ന ഒരു സംഘർഷ മാനസികസ്ഥിതിയാണ് നളനെ ചൂതിനു വിളിക്കുന്ന പുഷ്ക്കരന്റേത്. അതിരുവിട്ട 'പുഷ്കരരൗദ്രം', കഥാപാത്രത്തിന്റെ ഈ ഭാവാഭിനയ സാദ്ധ്യതകൾ എല്ലാം തന്നെ മറയ്ക്കുകയാണ്  ചെയ്യുന്നതു്.  

C.Ambujakshan Nair's picture

കലി ദ്വാപരന്മാരുടെ വാക്കുകളിൽ വിശ്വാസം വരാത്ത പുഷ്ക്കരൻ എന്ന ഒരു അവതരണ രീതിയായിരുന്നു പണ്ട് നിലവിൽ ഉണ്ടായിരുന്നത്. എഷ്യാനെറ്റ് കഥകളി സമാരോഹത്തിൽ ഈ അവതരണം കാണാം.

തങ്ങളുടെ (കലി- ദ്വാപരന്മാരുടെ) പ്രേരണയിൽ വശംവദനാകാതെ, സംശയാലുവായ പുഷ്ക്കരൻ "എന്റെ അന്നം മുട്ടിക്കരുതേ", "നിങ്ങൾ എന്നെ നളന്റെ മുൻപിലേക്ക് തള്ളി വിട്ടിട്ട് ഓടിപ്പോകുമോ" എന്നിങ്ങനെയുള്ള ഭയവും സംശയവും നിറഞ്ഞ പുഷ്കരനെ ഉത്തേജിപ്പിക്കുക അല്ലെങ്കിൽ പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു കലിയുടെയും ദ്വാപരന്റെയും പണ്ടുള്ള അവതരണ രീതി.

ഒരു വിഷയത്തിലും താൽപ്പര്യമില്ലാത്ത പുഷ്കരന്റെ പിന്നിൽ നിന്നുകൊണ്ട് കലി- ദ്വാപരന്മാർ ഉത്തരീയം താഴോട്ടും മേലോട്ടും ചലിപ്പിക്കുക, അലറുക തുടങ്ങിയ പ്രയോഗങ്ങളായിരുന്നു ഈ ഉത്തേജനം. ഈ ഉത്തേജനത്തിൽ (പ്രോത്സാഹനത്തിൽ) കൂടി ആവേശനായി നളനെ നേരിടുവാൻ പുഷ്ക്കരൻ തയ്യാറാവുക എന്ന ഈ രീതിയിൽ മാറ്റം ഉണ്ടായത് ആദ്യം ദക്ഷിണ കേരളത്തിൽ തന്നെയാണ്. വടക്ക് ഈ രീതി മാറ്റിയെടുത്തത് ശ്രീ. ഗോപി ആശാനാണ് എന്നാണ് എന്റെ അറിവ്.

ഈ രാജ്യത്തെ എല്ലാ ജനങ്ങളും നളന്റെ ഭരണത്തിൽ സംതൃപ്തരും സന്തോഷവാന്മാരും ആണ്. നിങ്ങൾ രണ്ടു പേർക്ക് മാത്രം നളനോട് ശതൃതയ്ക്ക് എന്താണ് കാരണം, ആരാലും ശ്രദ്ധിക്കപ്പെടാത്ത എന്നോട് , നിങ്ങൾക്ക് ഇത്രയും സ്നേഹം തോന്നുവാനുള്ള കാരണം ചോദിക്കുക തുടങ്ങിയ പുഷ്കരന്റെ ആട്ടങ്ങളിൽ കണ്ട് അനുഭവം ഉണ്ട്.

Mohandas's picture

ശ്രീ. അമ്ബുജാക്ഷൻ നായർ മുകളിൽ പരാമർശിച്ചതുപോലെ ചില ആട്ടരീതികൾ പണ്ട് നിലവിലുണ്ടായിരുന്നു. ചൂതുകളി കഴിഞ്ഞ് രാജ്യം നേടിയ പുഷ്ക്കരൻ നളന്റെ കഴുത്തിൽ പിടിച്ചു തള്ളുകയും പിന്നെ നളൻ പോയ ദിക്കു നോക്കി നമസ്ക്കരിക്കുന്നതായും അഭിനയിച്ചിരുന്നതായി ദേശമംഗലം രാമവാര്യരും കലാ. കൃഷ്ണൻ നായരും  രേഖപ്പെടുത്തിയിട്ടുണ്ട്. പാത്രപരമായി ചിന്തിച്ചാൽ ഔചിത്യമില്ലാത്ത ഈ ആട്ടരീതികൾ എല്ലാം ഒഴിവാക്കപ്പെട്ടു എന്നത് ആശ്വാസകരമാണ്.
നളനോടു ചൂതു കളിച്ചു രാജ്യം നേടാൻ തന്നെ സഹായിക്കാം എന്നു പറഞ്ഞു സമീപിക്കുന്ന കലിദ്വാപരന്മാരോട് പുഷ്ക്കരൻ തന്റെ നിസ്സാരത പ്രകടിപ്പിക്കാൻ ഒരു ശ്ലോകം (കലാ.കൃഷ്ണൻ നായരുടെ 'നളചരിതം ആട്ടപ്രകാര' ത്തിൽ നിന്ന്) നല്കിയിട്ടുള്ളതിന്റെ ആട്ടക്രമം താഴെ പറയും വിധമാണ്. 

''ഞാനാകട്ടെ, സംസാരസമുദ്രത്തെ തരണം ചെയ്യാനായി വേണ്ടതുപോലെ ഈശ്വരനെ ഈ ജീവിതത്തിൽ ഭജിച്ചിട്ടില്ല. പിന്നെ ഭൂമിയി ധാരാളം ധര്മ്മാനുഷ്ട്ടാനങ്ങൾ ചെയ്തു സ്വർഗ്ഗകവാടം തുറന്ന് അവിടെ പ്രവേശിക്കാനുള്ള അർഹത നേടിയിട്ടും ഇല്ല. ഇഹത്തിലുള്ള സംസാരസുഖമാണെങ്കിൽ സുന്ദരതരുണീമണിമാരുടെ  പീനപയോധാരോരുയുഗങ്ങൾ സ്വപ്നത്തിൽ പോലും ആശ്ലേഷിക്കാൻ എനിയ്ക്കു സാധിച്ചിട്ടുമില്ല. ഇങ്ങനെയൊക്കെയിരിക്കുന്ന എന്റെ ജന്മം എന്തിനാണെന്ന് ഞാൻ പറയാം, കേട്ടാലും. എന്നെ പ്രസവിച്ച അമ്മയുടെ യൗവനമാകുന്ന വനത്തെ വെട്ടി നശിപ്പിക്കുന്ന ഒരു കോടാലി യായിട്ടാണ് ഞാൻ തീർന്നിരിക്കുന്നത്".     

'ജള' നാണെങ്കിലും ഇത്രമാത്രം ദുർബലനാണ് നളചരിതത്തിലെ പുഷ്ക്കരൻ എന്ന് ആട്ടക്കഥാ സാഹിത്യം വച്ച് അനുമാനിക്കുക വയ്യ. 

Mohandas's picture

പച്ച വേഷത്തിൽ അവതരിപ്പിക്കപ്പെടുന്ന പുഷ്ക്കരനെ പരിഷ്കരിച്ചു കത്തിവേഷത്തിലാക്കാനുള്ള ശ്രമങ്ങൾ മുൻപുണ്ടായിട്ടുണ്ട്. ഇതിനനുകൂലമായ അഭിപ്രായം ശ്രീ.ദേശമംഗലം രാമവാര്യർ തന്റെ ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. സാത്വികഭാവം വലുതായില്ലാത്ത, എന്നാൽ വീരരസത്തോടെ കൂടുതൽ അടുത്തു നില്ക്കുന്ന കഥാപാത്രം എന്നു ചിന്തിച്ചതിനാലായിരിക്കാം ഇങ്ങിനെ കത്തിവേഷമായി പുഷ്കരനെ കണ്ടത്. കഥകളിയിലെ പച്ചവേഷത്തിനനുഗുണമായ ഒരു പാത്രസ്വഭാവമാണ് പുഷ്കരന്റെതെന്നു പറയാൻ കഴിയില്ലെങ്കിലും വിദൂരമായിപ്പോലും വീരരസം കാണാൻ കഴിയാത്ത ഈ കഥാപാത്രത്തിന് കത്തിവേഷം ഒട്ടും തന്നെ ചേരില്ല എന്നു പറയേണ്ടിയിരിക്കുന്നു. പുഷ്കരനെ കത്തിവേഷമാക്കി, 'കത്തിവേഷമില്ലാത്ത കഥകളി' എന്ന നളചരിതത്തിന്റെ കുറവ് നികത്താം എന്നുള്ള ചിന്തക്കും അടിസ്ഥാനമോ ന്യായീകരണമോ ഇല്ല എന്ന് കൂടി പറയട്ടെ.