വാങ്മനസാതിവിദൂരൻ
ഹേമാമോദസമാ - ഭാഗം രണ്ട്
നമുക്ക് നളചരിതത്തിലെ പ്രേമത്താമരയിലേക്ക് തിരിച്ചുപോകാം. ഈ അനുരാഗകഥയിലെ നായകനായ നളന് ആരായിരുന്നു ? 'നളചരിതം' പുറപ്പാട് പദത്തില്‍ നളനെ അവതരിപ്പിക്കുന്നത്
'ആസീല്‍ പുരാ പരമപാവനകീര്‍ത്തിഭൂമാ
നാകോപമേ നിഷധനിവൃതി നീതിശാലീ
രാജോ രതീശസുഭഗോ ജഗദേകവീരഃ
ശ്രീ വീരസേനതനയോ നളനാമധേയഃ'
(സകലരേയും പരിശുദ്ധരാക്കുന്ന കീര്‍ത്ത്യതിശയമുള്ളവനും നീതിമാനും കാമദേവനെപ്പോലെ സുന്ദരനും ലോകത്തിലെ മികച്ച വീരനുമായി വീരസേനന്റെ പുത്രനായി നളന് എന്നു പേരുള്ള ഒരു രാജാവ് പണ്ട് സ്വര്‍ഗ്ഗത്തിനൊത്ത നിഷധരാജ്യം വാണിരുന്നു) എന്നാണ്. തുടര്‍ന്നു വരുന്ന പദങ്ങളില്‍ നിന്നും നളന് ലോകത്തിന്റെ കരള്‍ കവരുന്ന സുന്ദരശരീരത്തിനുടമയും, പ്രസിദ്ധന്മാരായ മന്ത്രിമാരോടു കൂടിയവനും, അറിവിന്റെ കടലും, ഭൂമിയുടെ ഭരണം വ്രതമായി കൈക്കൊണ്ടവനും, കലിബാധയകറ്റുന്ന ഔഷധവും, ഇന്ദ്രനെപ്പോലെ പരാക്രമശാലിയും, വിഷ്ണുവിന്റെയും ശിവന്റെയും പാദങ്ങളെ ആരാധിക്കുന്നവനും, വാക്കു കൊണ്ടു വര്‍ണ്ണിപ്പാനോ, മനസ്സു കൊണ്ടു നിര്‍ണ്ണയിപ്പാനോ കഴിയാത്ത ഗുണഗണങ്ങള്‍ക്കുടമയും ആയിരുന്നു എന്നു കാണാം.
'ഊര്‍ജ്ജിതാശയ ! പാര്‍ത്ഥിവ ! തവ
..
ഉപമാ നഹി തവ മൂന്നുലകിലും'
എന്നു തുടങ്ങുന്ന ഗംഭീര പദാവലികളിലൂടെ നളന്റെ ഗുണമഹിമകളുടെ ഒരു ഭണ്ഡാരം തന്നെ 'നളചരിതം ഒന്നാം ദിവസ'ത്തില്‍ ഹംസം നമ്മുടെ മുമ്പില്‍ തുറന്നിടുന്നുണ്ട്.
തന്റെ പുരികക്കൊടിയുടെ ഇളക്കം കൊണ്ട് ഭൂമിയെ ഭരിക്കുന്ന പ്രതാപവാനായ രാജാവാണ് നളനെന്ന് ഹംസം പറയുന്നുണ്ട് (“ഭൂതലമഖിലം ഭൂലതികാ പരിപാതി നൃപാധിപ, തേ..”). പക്ഷേ ഈ വീരശൂരപരാക്രമിയായ നളമഹാരാജാവിനെയല്ല 'കുണ്ഡിനനായക നന്ദിനി' എന്ന ആത്മഗതത്തില്‍ നാം കാണുന്നത്. 'വിധുമുഖിയുടെ രൂപമധുരത കേട്ട് വിധുരത വന്ന് കൃത്യചതുരത പോയ' ഒരു സാധാരണ കാമുകനേ ഉള്ളൂ അവിടെ. പ്രജാക്ഷേമതല്പരനായ ഒരു മഹാരാജാവിന് ഇത് ചേര്‍ന്നതാണോ എന്ന് ഞാന്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. പക്ഷേ 'വൃന്ദാരകന്മാര്‍ക്കു പോലും മോഹം ഉദിപ്പിച്ച' ഒരു ഭൂലോകസുന്ദരിയാണ് നളന്റെ കൃത്യചതുരതാലോപത്തിന് ഹേതു എന്നു കാണുമ്പോള്‍ നമുക്ക് അദ്ദേഹത്തിനോട് പരിഭവത്തിനു കാരണമില്ല. രാജാവാണെങ്കിലും നളനും ഒരു പച്ചമനുഷ്യന് തന്നെ. മാനുഷികമായ വികാരങ്ങള്‍ക്ക് അടിമപ്പെടുക സ്വാഭാവികം മാത്രം.
'വചനാകൗശലേന കാമിനീമാര്‍മണിയെ
വശഗയാക്കി മമ തരിക സഖേ നീ'
എന്നു നളമഹാരാജാവ് ഹംസത്തിനോട് യാചിക്കുന്നത് കാണുമ്പോള്‍ ഇദ്ദേഹം ദമയന്തിയില്‍ എത്രമാത്രം അനുരക്തനായിരുന്നു എന്നു നമുക്ക് മനസ്സിലാക്കാം.
ദമയന്തിയെ മനസ്സില്‍ താലോലിച്ചു കൊണ്ടു നടക്കുമ്പോഴാണ് ആ സൗന്ദര്യധാമത്തെ 'വേള്‍പ്പതിനുള്ള താല്പരിയം' ഇന്ദ്രാദികള്‍ നളനോട് പറഞ്ഞത്. എന്നു മാത്രമല്ല ഈ ‘താല്പരിയം’ നളന് തന്നെ ചെന്ന് ദമയന്തിയെ അറിയിക്കണം പോലും! ആര്‍ക്കാണെങ്കിലും പറഞ്ഞവരോട് നീരസവും ദ്വേഷവും തോന്നേണ്ട കാര്യമാണിത്. പക്ഷേ നളന്
'ഭൈമീകാമുകനല്ലോ ഞാനും
ദേവസ്വാമികളേ കരുണ വേണം'
എന്നൊരപേക്ഷ നടത്തി നോക്കിയതല്ലാതെ മറ്റൊരു വിരോധഭാവവും ഇന്ദ്രാദികളോടു കാട്ടിയില്ല. എന്നു മാത്രമല്ല അവരുടെ ആഗ്രഹം പോലെ ആ 'താല്പരിയം' ദമയന്തിയെ ഒരു ദൂതഭാവത്തില്‍ തന്നെ അറിയിക്കുകയും ചെയ്തു. ദേവന്മാരുടെ ദൂതനാകുന്നതില്‍ തെറ്റില്ല എന്ന് മനുഷ്യനായ നളന് ചിന്തിച്ചിരിക്കണം. നളന്റെ ധര്‍മ്മനിഷ്ഠയ്ക്കുള്ള ഒരു ഉത്തമോദാഹരണമാണിത്.
വീരശൂര പരാക്രമിയായ നളന് ദമയന്തിയെക്കുറിച്ചുള്ള ചിന്തകളില്‍ എത്ര മാത്രം മങ്ങിമയങ്ങിപ്പോയി എന്നു നമ്മള് കണ്ടതാണ്. ഇനി രണ്ടാം ദിവസത്തിലെ 'കുവലയവിലോചനേ' മുതല്‍ 'ദയിതേ' വരെയുള്ള പദങ്ങളും ശ്ലോകങ്ങളും അവലോകനം ചെയ്താല്‍ നളമഹാരാജാവിന് രാജ്യഭരണം മാത്രമല്ല, ഒരു പുതുമണവാളന്റെ ഉടുപ്പും നന്നായി ചേരും എന്നു മനസ്സിലാകും.
പുഷ്കരനോട് ചൂതില്‍ തോറ്റ്, വനപ്രദേശത്ത് നായാടിയെപ്പോലെ അലയുമ്പോല്‍ നളന് നടത്തുന്ന
'അന്തകവൈരി പദചിന്തന കുറകയോ
ബന്ധമെന്തെനിയ്ക്കേവം സന്താപം വരുത്തുവാന്‍'
എന്ന വിലാപത്തില്‍ നിന്നും അദ്ദേഹത്തിന്റെ കറ കളഞ്ഞ ഈശ്വരഭക്തിയാണ് വെളിപ്പെടുത്തുന്നത്. ഭൈമീ പരിണയത്തിനു ശേഷം വിഷയാസക്തനായിട്ട് ശ്രീ പരമേശ്വരന്റെ കാലടികളെ ചിന്തിക്കുന്നതില്‍ വന്ന ഉദാസീനതയായിരിക്കുമോ തന്റെ ഈ ദുഃഖാവസ്ഥയ്ക്കു ഹേതു എന്നാണ് നളന് ചിന്തിക്കുന്നത്. തികഞ്ഞ ഒരു ഈശ്വരഭക്തനു മാത്രമേ ഇവ്വിധം ചിന്തിക്കാന്‍ കഴിയൂ.
ആ 'ഘോരവിപിന'ത്തിലെ സഞ്ചാരത്തിനിടയില്‍ വനഭംഗികളുമായി താദാത്മ്യം പ്രാപിക്കുകയും ആ ഉള്‍ക്കാഴ്ചയില്‍ കൂടി ശുഭ്രമായ വനഭംഗികളേയും ദുരിതപൂര്‍ണ്ണമായ നഗരജീവിതത്തേയും താരതമ്യപ്പെടുത്തുന്നതും കാണുമ്പോള്‍ ഉണ്ണായിവാര്യരുടെ നളന് ഒരു തത്വചിന്തകന്റെ തലത്തിലേക്ക് ഉയരുന്നതായാണ് അനുഭവപ്പെടുന്നത്.
ദമയന്തിയോടുള്ള നളന്റെ അളവില്ലാത്ത സ്നേഹത്തിന്റെയും ആത്മാര്‍ത്ഥതയുടേയും ശീതളരശ്മികളാണ് നളചരിതം മൂന്നാം ദിവസ പദങ്ങളില്‍ മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്നത്. 'ലോകപാലന്മാരെ' എന്നു തുടങ്ങുന്ന പദത്തില്‍ ലോകപാലന്മാരോട് നളന് യാചിക്കുന്നത് തന്റെ പതിദേവതയ്ക്ക് ദുഃഖം വരുത്തരുതേ' എന്നാണ്. അത്യാപത്തില്‍ കിടന്നു നീറുമ്പോഴും നളന്റെ മനസ്സു മുഴുവന്‍ ദമയന്തിയും അവളെക്കുറിച്ചുള്ള വേവലാതികളുമാണ്. 'ഇന്ദുമൗലീഹാര'മായ കാര്‍ക്കോടകനോടുള്ള പ്രാര്‍ത്ഥനയിലും തന്റെ പ്രാണനാഥയുമായി 'മുന്നേപ്പോലെ മന്ദിരത്തില്‍ ചെന്നു വാഴാനു'ള്ള ഉല്‍ക്കടമായ അഭിവാഞ്ഛയാണ് പ്രകടമാക്കുന്നത്.
സാകേതത്തില്‍ ഋതുപര്‍ണ്ണരാജാവിന്റെ സൂതനായി കഴിയവേ ഒരു നാള് നളന് നടത്തുന്ന 'വിജനേ ബത' എന്ന ഹൃദയഭേദകമായ വിലാപം ആരുടെ കരളാണ് അലിയിക്കാത്തത് ?
"പ്രിയേ, നിന്നെ ഞാന്‍ കാട്ടില്‍ വിട്ടു പോന്നിട്ട് നിന്റെ ഗതി പിന്നെന്തായി? ചെന്നായ് മുതലായ ദുഷ്ടമൃഗങ്ങളുള്ള കൊടുംകാട്ടില്‍ നിന്നെ രക്ഷിക്കാന്‍ ആരുണ്ട് ? അതോ ഏതെങ്കിലും വിധത്തില്‍ നീ ബന്ധുഗൃഹത്തില്‍ എത്തപ്പെട്ടോ ? നിനക്കു വിശപ്പുമാറ്റാന്‍ കാട്ടില്‍ എന്തെങ്കിലും കിട്ടിയോ ?
ആര്‍ക്കറിയാം? എന്തായാലും നീ ചെയ്തിട്ടുള്ള സല്ക്കര്മ്മങ്ങളും നിന്റെ കറതീര്‍ന്ന വിഷ്ണുഭക്തിയും പാതിവ്രത്യനിഷ്ഠയും സദാചാരതല്‍പ്പരതയും നിനക്കെന്നും എവിടെയും തുണയായിരിക്കും എന്നെനിയ്ക്കുറപ്പുണ്ട്."
ഈ പുണ്യവാന് എത്ര വിശ്വാസമാണ് സ്വന്തം ഭാര്യയെ? ആരായിരുന്നു നളന് എന്നറിയണമെങ്കില്‍ നാം വീണ്ടും നമുക്കു ചുറ്റുമുള്ള സമൂഹത്തിലേക്കു തിരിഞ്ഞുനോക്കിയാല്‍ മതി. പരപുരുഷന്റെ മുഖത്ത് അറിയാതെങ്കില്‍ പോലും ഒന്നു നോക്കിപ്പോയാല്‍ അതിലും ഭാര്യയുടെ ചാരിത്രഭംഗം ദര്‍ശിക്കുന്ന മനോരോഗികളായ പല ഭര്ത്താക്കന്മാരെയും നമുക്കവിടെ കാണാം. നമുക്ക് നളനിലേക്കു തിരിച്ചു പോകാം. ദമയന്തിയുടെ രണ്ടാം വിവാഹവാര്‍ത്തയറിഞ്ഞ് നളന് ചിന്തിക്കുന്നത്
'അതൊഴികെ അനുചിതമൊരുനാളും
അപഥിഷുമതിഗതി അവള്‍ക്കില്ല
അതിപരിചിതമെനിക്കവള്‍ ശീലം;
അലമലമതിചല വിലപിത വിലസിതമിതു നൂനം'
എന്നു മാത്രമാണ്. അങ്ങേയറ്റം ദുഃഖഭാരം പേറുന്ന ദമയന്തി, ഏറ്റവും ചാഞ്ചല്യത്തോടു കൂടിയ വിലാപത്തില്‍ ഫലമായി 'മറ്റൊരാളെ വരിക്കാം' എന്നു വെറുതെ ഒന്നു പറഞ്ഞിരിക്കാം. അതില്‍ കൂടുതലായി വലിയ കഴമ്പൊന്നും ആ വാര്‍ത്തയില്‍ കാണില്ല എന്നു നളന് ഉറച്ചു വിശ്വസിക്കുന്നു. അതുകൊണ്ടാണ് 'അതിപരിചിതമെനിയ്ക്കവള്‍ ശീലം' എന്നു പറയുന്നത്. എനിയ്ക്കറിയാത്തവളാണോ എന്റെ ഭാര്യ അവളുടെ മനസ്സും ? ഹാ ദമ്പതികളെ ! നളചരിതം മനസ്സിരുത്തി രണ്ടാവര്‍ത്തി വായിക്കൂ. എന്നാല്‍ പിന്നെ വിവാഹമോചനവും കുടുംബകോടതിയും ഒന്നും ഈ നാട്ടില്‍ ഇനി വേണ്ടി വരില്ല !
തന്നെ ക്രൂരനായി ഉപദ്രവിച്ചവനെങ്കിലും കലിയെ, നളന് വധിയ്ക്കാതെ വിട്ടയയ്ക്കൂന്നതു കാണുമ്പോള്‍ നളന് ഒരു ദയാലു ആണെന്നു മനസ്സിലാക്കാം. ആ ക്ഷമ കൊടുക്കലിനിടയിലും
'ജനത്തിനി നിന് ബാധയരുതേ
യഥാകാലമഥവായഥാരുചി
വിവൃത്തനാകിലും സുവൃത്തകാരികളൊ-
രുത്തരെയും ഉപദ്രവിക്കൊലാ;'
എന്നു കലിയെ താക്കീതു ചെയ്യുന്നതില്‍ നിന്നും നളന് ദയാലു മാത്രമല്ല, ജനക്ഷേമതല്പരനായ ഒരു നല്ല ഭരണാധിപനും മനുഷ്യനും ആണെന്നു കൂടി കാണാം. തന്റെ പ്രാണനാഥനെ എങ്ങിനെയെങ്കിലും കണ്ടുപിടിക്കാനായി താന്‍ ആസൂത്രണം ചെയ്തു നടപ്പാക്കിയ ഒരു നാടകം മാത്രമായിരുന്നു 'രണ്ടാം സ്വയംവരം' എന്ന വാര്‍ത്ത എന്ന ഭൈമിയുടെ സത്യസന്ധമായ വാക്കുകള്‍ കേട്ടിട്ടൊന്നും കലിയടങ്ങാതെ
'അഭിലാഷം കൊണ്ടു തന്നെ ഗുണദോഷം വേദ്യമല്ല;
..
തരുണീ നാം മനസ്സില്‍ മേവും കുടിലങ്ങള്‍ ആരറിഞ്ഞു?'
എന്നും 'രതിരണവിഹരണ വിതരണചരണനാ'യ ആ ഋതുപര്‍ണ്ണരാജാവിനോടൊപ്പം നീ പോയി വസിക്ക എന്നും മറ്റുമുള്ള പരുഷവാക്കുകള്‍ പ്രയോഗിക്കുന്ന നളനോട് ആദ്യം നമുക്കല്പം ഈര്‍ഷ്യ തോന്നാം. പക്ഷേ അദ്ദേഹം കടന്നുപോയ അങ്ങേയറ്റം കഷ്ടകരവും സങ്കടകരവുമായ അവസ്ഥകളെ ഒന്നാലോചിച്ചു നോക്കുമ്പോള്‍ മറിച്ചു ചിന്തിക്കുവാനേ നമുക്കു കഴിയൂ. 'എനിയ്ക്കറിയാത്തവളാണോ എന്റെ ഭാര്യയും അവളുടെ മനസ്സും' എന്ന് അല്പം മുമ്പു വരെ ചിന്തിച്ചിരുന്ന ആ നളന് തന്നെയാണ്, ഈ പരുഷവാക്കുകള്‍ പറയുന്നതെന്നു കാണുമ്പോള്‍ അത് ആത്മാവില്‍ നിന്നുയരുന്ന ക്രുദ്ധവചനങ്ങളല്ല, മറിച്ച് താനനുഭവിച്ച സങ്കടാവസ്ഥകളില്‍ നിന്നുളവായ ഒരു വികാരവിസ്ഫോടനം മാത്രമായിരുന്നു എന്നു മനസ്സിലാക്കാം. അതുകൊണ്ടു തന്നെയാണ് വൈകാരികത നിറഞ്ഞ ആ സന്ദര്‍ഭത്തില്‍ ആ ദിവ്യമായ ഇടപെടല്‍ ഉണ്ടായതും നളനും ദമയന്തിയും വീണ്ടും ഒന്നാകാന്‍ കഴിഞ്ഞതും. സ്നേഹിക്കുന്നവരെ പിരിക്കാന്‍ ദൈവത്തിനു പോലും കഴിയില്ല. അങ്ങനെ നിര്‍മ്മലപ്രേമത്തിന്റെ സ്വര്‍ണ്ണത്താമര വീണ്ടും പ്രശോഭിതമായി.
സമസ്തസൗന്ദര്യങ്ങളോടും വിടര്‍ന്നുല്ലസിച്ച് ശാന്തശീതളമായ പ്രേമഗന്ധം പരത്തി പ്രശോഭിക്കുന്ന ഈ 'നളചരിത താമര'യുടെ മണം ആസ്വദിക്കാന്‍ നമ്മുടെ നാസാരന്ധ്രങ്ങള്‍ക്കു കഴിഞ്ഞിരുന്നുവെങ്കില്‍ ! ഉത്തമസാഹിത്യകൃതികള്‍ അനുവാചകന്റെ ആത്മോല്‍ക്കര്‍ഷത്തിനും സാമൂഹ്യനന്മയ്ക്കും ഉപകരിക്കും എന്നതിന് ഉത്തമദൃഷ്ടാന്തം കൂടിയാണ് 'നളചരിതം ആട്ടക്കഥ'.
'സാഹിത്യപോഷിണി'യില്‍ ഈ ലേഖന പരമ്പര വന്നപ്പോള്‍ അതിനെ സംബന്ധിച്ചു കൊണ്ട് പ്രശസ്ത സാഹിത്യകാരനായ ശ്രീ പി. നാരായണ കുറുപ്പ് എഴുതിയ കുറിപ്പും ഇതിനോടൊപ്പം ചേര്‍ക്കുന്നു.
പ്രേമത്താമരയെപ്പറ്റി
പി. നാരായണക്കുറുപ്പ്
സാഹിത്യപോഷിണിയില്‍ ഈ ചര്‍ച്ച ഉന്നയിച്ച ഡോ. ഏവൂര്‍ മോഹന്‍ദാസിന് അഭിനന്ദനം. സാഹിത്യസൗരഭം കണ്ടെത്താനുള്ള നിഷ്ഠ ഇക്കാലത്ത് എത്ര വിരളം !
പെണ്ണിനൊരാണിനൊരു പ്രേമതാമരയ്ക്കിന്നു
കന്ദര്‍പ്പന്‍ വേണമല്ലോ കന്ദം സമര്‍പ്പയിതും
എന്നാണ് കവിതാഭാഗം. സാഹിത്യദൃഷ്ട്യാ ധ്വനിയുടെ സൗഭാഗ്യം ശ്രദ്ധേയമാണ്. താമര, സൃഷ്ടിയുടെ ആസ്ഥാനമാണ്. ബ്രഹ്മാവിന്റെ പീഠമാകയാല്‍ സരസ്വതിയുടെ (കലയുടെ)യും ഉല്‍ഭവകേന്ദ്രമാണ്. പെണ്ണിന് ആണിനോടുള്ള മമതാബന്ധം, ജൈവനൈരന്തര്യത്തിനും ജീവിതത്തെ കലാസുന്ദരമാക്കുക, കലാസൗന്ദര്യത്തിലൂടെ ബ്രഹ്മാനുഭൂതിയില്‍ എത്തിക്കുക, എന്നിങ്ങനെ മാനുഷികവൃത്തിയുടെ സാക്ഷാല്‍ക്കാരത്തിന് ആവശ്യമാകുന്നു എന്ന് അര്‍ത്ഥം ഗ്രഹിക്കാം.
രംഗകലയില്‍ ഈ സാഹിത്യം പ്രയോഗിക്കുമ്പോഴാണ് വിഷമം. 'പ്രേമതാമര' (പ്രേമം ആകുന്ന താമര) രൂപകാലങ്കാരമാണ്. 'പ്രേമത്തിനു തുല്യമായ താമര' എന്നേ അഭിനയത്തിലും മുദ്രയിലും കാണിക്കാന്‍ പറ്റൂ. താമരയെ സംബന്ധിച്ച് മുന്‍പറഞ്ഞ അര്‍ത്ഥവ്യാപ്തിയാകട്ടെ, അഭിനയിച്ചു കാണിക്കാന്‍ പറ്റുമെന്നു തോന്നുന്നില്ല. ഒരു നടനും അതിനു ശ്രമിച്ചിട്ടുമില്ല. പ്രേമം അഭിനയിച്ചു കാണിക്കും. തുടര്‍ന്ന് താമര മേല്പോട്ട് വളര്‍ന്ന് പൂ വിടരുന്നത് കാണിക്കും. പ്രേമമാകുന്ന താമര എന്ന് സദസ്യര്‍ അനുമാനിച്ചു കൊള്ളണം. ബാക്കിയുള്ള ഭാഗമാണ് കൂടുതല്‍ ദുര്‍ഘടം. കന്ദര്‍പ്പന്‍ (കാമദേവന്) വിത്തു കൊണ്ടു വന്ന് ഹൃദയത്തില്‍ നിക്ഷേപിക്കേണ്ടതായിട്ടുണ്ട് എന്ന കവിസങ്കല്‍പ്പം എങ്ങിനെ അരങ്ങില്‍ കാണിക്കും? കന്ദര്‍പ്പന്‍ പഞ്ചബാണം തൊടുത്തു വിടുന്നതിനേ ചിട്ടയുള്ളു. ഇവിടെ പഞ്ചബാണം ഇല്ല. മല്‍സ്യമുദ്രയിലൂടെ പഞ്ചബാണനെ കാണിക്കും. അതു മനസ്സിലാകും. അയാള്‍ വിത്തു കൊണ്ടുവരുന്നതോ നിക്ഷേപിക്കുന്നതോ നൃത്തത്തിന്റെ ചിട്ടയില്‍ പെടുന്ന കാര്യമല്ല. ഇപ്പോള്‍ പല നടന്മാരും കാണിക്കുന്നത് (അല്പം പരിഭവത്തോടെ) "എടാ കന്ദര്‍പ്പാ, നീ എളുപ്പം വിത്ത് (കല്ല് എന്ന മുദ്ര) ഇവിടെ കുഴിച്ചിടുക" എന്നാണ്. കാല് കൊണ്ട് ചവുട്ടി വിത്ത് താഴ്ത്തുന്നതായിട്ടാണ് കാണിക്കുന്നതും. ഇത് തീരെ ഉചിതമല്ല. കാലുകൊണ്ടുള്ള വിത്തുനടീല്‍ എങ്ങുമില്ല. നൃത്തചലനത്തിന് അത് ഇണങ്ങുകയുമില്ല. കവി വിവക്ഷ അനുസരിച്ചാണെങ്കില്‍ പുണ്യവസ്തുവെപ്പോലെ ഒരു താലത്തില്‍ വിത്തു വഹിച്ച് അത് തടാകത്തില്‍ സമര്‍പ്പിക്കണം. ആ വിത്ത് മുളച്ച് നാമ്പിട്ടു വളര്‍ന്ന് ജലോപരി വികസിക്കണം. നളചരിതം ഒന്നാം ദിവസം ആടാന്‍ തുടങ്ങിയിട്ട് ഏതാണ്ട് 60 കൊല്ലമേ ആയിട്ടുള്ളു. മാത്തൂര്‍ കുഞ്ഞുപ്പിള്ളപ്പണിക്കരുടെ ചിട്ടയാണ് പിന്തുടരുന്നത്. കലാമണ്ഡലം കൃഷ്ണന് നായരും മാങ്കുളവും അതില്‍ മാറ്റമൊന്നും വരുത്തിയില്ല. കാലപ്രമാണത്തിനകത്ത് (താളവട്ടത്തില്‍ കൊള്ളിച്ച്) ഇതില്‍ കൂടുതല്‍ കാണിക്കാന്‍ വയ്യെന്നാണെങ്കില്‍ കാലു കൊണ്ടുള്ള വിത്തിടീല്‍ (കരയില്‍ അല്ലല്ലൊ താമര വിതയ്ക്കേണ്ടത്) മാറ്റി ജലത്തില്‍ സമര്‍പ്പിക്കുന്ന മട്ടില്‍ ആക്കാവുന്നതാണ്.
സാഹിത്യത്തിന്റെ ധ്വനിസൗന്ദര്യം കാട്ടാനുള്ള അവസരം പദം ആടിക്കഴിഞ്ഞുള്ള ഇളകിയാട്ടത്തിലാണ് ഉണ്ടാവുക. ഇളകിയാട്ടത്തിന്റെ ഉദ്ദേശ്യം തന്നെ ഇതാണ്. എന്നാല്‍ ഇന്ന് ഇളകിയാട്ടത്തില്‍ നായികയെ അംഗപ്രത്യംഗം വര്‍ണ്ണിച്ച് നായകന് രോമാഞ്ചം കൊള്ളുന്നതും, സാങ്കല്‍പ്പിക സംഭോഗ ശൃംഗാരത്തില്‍ കാമോദ്വേഗം പ്രകടിപ്പിക്കുന്നതും മാത്രമാണ് കാണുന്നത്. താമര അവിടെ സൗകര്യപൂര്‍വ്വം ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു. അതായത് സാഹിത്യഭംഗി പകുതിയിലേറെ രംഗത്ത് ചോര്‍ന്നുപോകുന്നു. ശ്രദ്ധിച്ചാല്‍ ഈ നഷ്ടം പരിഹരിക്കാവുന്നതു മാത്രമാണ്.
Comments
C.Ambujakshan Nair
Mon, 2012-07-02 20:54
Permalink
"വാങ്മനസാതിവിദൂരൻ"
ഡോക്ടര്‍. ഏവൂര്‍ മോഹന്‍ദാസിന്റെ "വാങ്മനസാതിവിദൂരൻ" എന്ന ലേഖനം വായിച്ചു. പ്രശസ്ത സാഹിത്യകാരനായ ശ്രീ പി. നാരായണ കുറുപ്പ് അവര്‍കള്‍ പ്രേമത്താമരയെപ്പറ്റിഎഴുതിയ അഭിപ്രായ കുറിപ്പിലെ "വിത്തിടീല്‍" ഇനി മേല്‍ നളചരിതം ഒന്നാം ഭാഗം കാണുമ്പോള്‍ നടന് എങ്ങിനെയാണ് അവതരിപ്പിക്കുന്നത് എന്ന് ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
ramadasn
Mon, 2012-07-02 23:01
Permalink
ആട്ടക്കഥ പ്രേക്ഷകരില്‍
ആട്ടക്കഥ പ്രേക്ഷകരില്‍ എത്തുന്നത് രംഗാവതരണത്തിലൂടെ ആണ്. അങ്ങനെ നോക്കുമ്പോള്‍ നളന് എന്ന കഥാപാത്രത്തിനു ഉണ്ടായിട്ടുള്ള ഏറ്റവും മികച്ച രംഗവ്യാഖ്യാനം നല്‍കിയിട്ടുള്ളത് പത്മശ്രീ വാഴേങ്കട കുഞ്ചുനായര്‍ ആണെന്നാണ് എന്റെ വിശ്വാസം. (ഞാന്‍ കുഞ്ചുനായര്‍ ആശാന്റെ വേഷങ്ങള്‍ കണ്ടിട്ടില്ല. സമാനഹൃദയര്‍ പറഞ്ഞുള്ള അറിവും ആശാന്റെ പാത പിന്തുടരുന്ന ശിഷ്യന് ശ്രീ. കലാമണ്ഡലം വാസു പിഷാരോടിയുടെ അവതരണങ്ങള്‍ കണ്ടതും ആണ് ഈ അഭിപ്രായത്തിനു ആധാരം)
"പ്രേമതാമര" ഇവിടെ അവതരിപ്പിക്കുന്നത് ഇങ്ങനെ ആണ്. കൈകളില്‍ താമരയുടെ മുദ്ര വിരിയുന്നു. ഒപ്പം തന്നെ മുഖത്ത് പ്രേമം വിരിഞ്ഞു നിറയുന്നു. അങ്ങനെ കൈകളിലെ താമരമുദ്രയും മുഖത്തെ പ്രേമഭാവത്തിന്റെ പൂര്‍ണ്ണതയും ഒരുമിക്കുമ്പോള്‍ നളന് തന്നെ ഒരു പ്രേമതാമര ആയി മാറുന്നു.
കന്ദം സമര്‍പ്പിക്കുന്നത് കരയിലും അല്ല, വെള്ളത്തിലും അല്ല. മനസ്സില്‍ ആണ്. (മണ്ണ് കുഴിച്ചു വിത്ത് പാകുന്ന അവതരണം എനിക്ക് വളരെ അരോചകം ആയാണ് തോന്നിയിട്ടുള്ളത്)
ഈ ശൈലിയിലെ അവതരണത്തില്‍ "കുണ്ഡിനനായക" എന്ന പദത്തിന്റെ ഏറ്റവും കാതലായ ചരണം "എന്തൊരു കഴിവിനി" എന്ന് തുടങ്ങുന്ന ഈ ചരണം ആയി മാറുന്നു.
സുനില്‍ (not verified)
Mon, 2012-07-02 23:58
Permalink
പ്രേമത്താമര
http://youtu.be/RNpeWmvW1cg
ഇവിടെ കൂടല്ലൂര്‍ മനക്കല് 2008ല്‍ നടന്ന ഒന്നാം ദിവസം "കുണ്ഡിന നായക.." ഉണ്ട്. മുഴുവനായിട്ടില്ല എങ്കിലും ഈ ലേഖനത്തിന്റെ ചര്‍ച്ചക്ക് ഉപകാരപ്രദമാകും എന്ന് വിശ്വസിക്കുന്നു. -സു-
Devadas Vempanat (not verified)
Tue, 2012-07-03 09:19
Permalink
സകല ഗുണങ്ങളുടെയും വിളനിലമായി
സകല ഗുണങ്ങളുടെയും വിളനിലമായി വിശേഷിപ്പിക്കപ്പെടുന്ന നളമഹാരാജാവിനു തന്റെ പ്രാണപ്രേയസിയുടെ ചാരിത്ര്യശുദ്ധിയില്‍ വിശ്വാസം വരാന്‍ ഒരു 'ദിവ്യമായ ഇടപെടല്‍' വേണ്ടി വന്നു എന്നത് ഒരു ന്യൂനത തന്നെയാണ്. നളന് അനുഭവിച്ചതിനേക്കാള്‍ എത്രയോ അധികം ദുരിതവും ഒറ്റപ്പെടലും അനുഭവിച്ചതിനു ശേഷവും - അതും തന്റെതല്ലാത്ത കുറ്റത്തിന് - ദമയന്തി ഒരിക്കല്‍ പോലും നളനെക്കുറിച്ചു മോശമായി ചിന്തിക്കുകപോലും ചെയ്യുന്നില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. മറിച്ച് , "ഒരു ഭൂതത്തിനാലേവം പരിഭൂതന്‍ മമ കാന്തന് " എന്ന് വളരെ നേരത്തെ തന്നെ അവള് തിരിച്ചറിയുന്നുമുണ്ട്. ഇതുകൊണ്ടൊക്കെയാവാം നളചരിതം പലപ്പോഴും ദമയന്തീചരിതം ആയി മാറുന്നത്. ഉണ്ണായിയുടെ പ്രതിഭാവിലാസത്തിനു മുന്പില് സാഷ്ടാംഗപ്രണാമം!
Mohandas
Tue, 2012-07-03 10:16
Permalink
അവനെ ചെന്നായോ
'ഹെമാമോദസമ' യുടെ രണ്ടാം ഭാഗത്തെക്കുറിച്ചു ഇന്നലെ 'ഫേസ്ബുക്കി' ല്‍ വന്ന ചര്‍ച്ചയുടെ ചില ഭാഗങ്ങള്‍ എനിക്ക് കിട്ടി (സമയക്കുറവു കാരണം ഫേസ് ബുക്കില്‍ ചര്‍ച്ചക്കുവരാന്‍ എനിക്ക് കഴിയാറില്ല). അതില്‍ പ്രധാനമായും കണ്ടത് 'അവനെ ചെന്നായോ, ബന്ധു ഭവനെ ചെന്നായോ' എന്ന പദത്തിന് ലേഖനത്തില്‍ നല്‍കിയിരിക്കുന്ന അര്‍ത്ഥത്തെക്കുറിച്ചുള്ള ചര്‍ച്ചയാണ്. ഈ പദങ്ങളെ സാഹിത്യ പണ്ഡിതന്മാര് പല വിധത്തില്‍ വ്യാഖ്യാനം ചെയ്തിട്ടുണ്ട്. അതില്‍ സാമാന്യം തെറ്റില്ല എന്ന് തോന്നിയ ഒരു വ്യാഖ്യാനം ഞാന്‍ ഉപയോഗിച്ചു എന്നെ ഉള്ളൂ. 'അവനെ ചെന്നായോ' എന്നതിന് വനമില്ലാത്ത സ്ഥലത്ത് ചെന്നെത്തിയോ' എന്ന അര്‍ത്ഥവും ചിലര്‍ നല്‍കിയിട്ടുണ്ട്. സാന്ദര്‍ഭികമായി നോക്കിയാല്‍ അതും നല്ല വ്യാഖ്യാനമാണ്. 'ഞാന്‍ വനത്തില്‍ വിട്ടിട്ടു പോന്നതില്‍ പിന്നെ അവള് വനമില്ലാത്ത സ്ഥലത്തും പിന്നീടു ബന്ധുഗൃഹത്തിലും ചെന്നെത്തിയോ'.
പ്രേമത്താമാരയുടെ അവതരണം കഥകളി കലാകാരന്മാര്ക്ക് വിടാം. ആ പ്രയോഗത്തിലെ സാഹിത്യഭംഗി എടുത്തുകാണിക്കുകയും അതില്‍ ഉദ്ദേശിച്ചിരിക്കുന്ന അര്‍ത്ഥതലങ്ങള്‍ നളചരിതം ആട്ടക്കഥയുടെ ശരീരമാസകലം പ്രസരിച്ചു നില്ക്കുന്നു എന്നും പറയാനേ ഞാന്‍ ശ്രമിക്കുന്നുള്ളൂ. ഉല്‍കൃഷ്ടമായ സാഹിത്യഭംഗികള്ക്ക് നേരര്‍ത്ഥം പറയാന്‍ കഴിയില്ല. വളരെ ചിന്തിച്ചും മനനം ചെയ്തും അരങ്ങത്തു പ്രവര്‍ത്തിക്കുന്ന കലാകാരന്മാര്ക്ക് ഉണ്ണായിസാഹിത്യം ഒരു പരിധി വരെ കൈകാര്യം ചെയ്യാന്‍ കഴിഞ്ഞേക്കും.
Mohandas
Tue, 2012-07-03 11:26
Permalink
പെണ്ണിലോരാണിലിന്നു പ്രേമത്താമാര
ശ്രീ. ശങ്കരന് എമ്പ്രാന്തിരി ഉള്‍പ്പെടെ പലരും അരങ്ങത്ത് 'എന്തോരുകഴിവിനി' എന്ന് തുടങ്ങുന്ന ചരണം ഒഴിവാക്കരുണ്ടായിരുന്നു എന്നും ഫേസ്ബുക്ക് ചര്‍ച്ചയില്‍ ഒരു അഭിപ്രായം കണ്ടു. പക്ഷെ ഞാന്‍ കണ്ടിട്ടുള്ള കളികളിലെല്ലാം എംബ്രാന്തിരി ഗംഭീരമായി ഇത് പാടികേട്ടിട്ടുണ്ട്. എന്റെ നന്നേ ചെറുപ്പത്തില്‍ കഥകളി ഗായകര്‍ വീണ്ടും വീണ്ടും ഒരേ പദം പാടുന്നത് കേട്ടിട്ട്, അത് എത്ര പ്രാവശ്യം പാടി എന്ന് എണ്ണി നോക്കാന്‍ കൌതുകം തോന്നിയിരുന്നു. അങ്ങിനെ ഒരുപ്രാവശ്യം മാങ്കുളം നമ്പൂതിരിയുടെ നളന്, 'പെണ്ണിലോരാണിലിന്നു പ്രേമത്താമാര' കലാനിലയം ഉണ്ണികൃഷ്ണന് പതിനാറു പ്രാവശ്യം പാടുകയും അതിനുശേഷം ഭാഗവതര്‍ ആ ചരണം വിട്ടപ്പോള്‍ ഇനിയും എന്തൊക്കെയോ ആടാന്‍ മനസ്സില്‍ ബാക്കി നിന്നിരുന്ന നളന് തിരിഞ്ഞു ഭാഗവതരെ കോപത്തോടു നോക്കിയതും അതിനാല്‍ ഭാഗവതര്‍ ആ വരികള്‍ വീണ്ടുമൊരു ആറോ എട്ടോ പ്രാവശ്യം പാടിയതും എനിക്കോര്‍മ്മയുണ്ട്. എന്തൊക്കെയാണ് മാങ്കുളം അന്ന് ആടിയതെന്നു എനിക്ക് മനസ്സിലായില്ല! സത്യത്തില്‍, ഈ ഒരു സംഭവം ആണ് ഈ പദങ്ങളെ മനസ്സില്‍ ഇങ്ങനെ കൊണ്ടുനടന്നു ചിന്തിപ്പിക്കാന്‍ എന്നെ പ്രേരിപ്പിച്ചത്.
Mohandas
Thu, 2012-07-05 10:27
Permalink
ദേവദാസ് വേമ്പനാട്ടിന്റെ നിരീക്ഷണം
ദേവദാസ് വേമ്പനാട്ടിന്റെ നളനെക്കുരിച്ച്ചുള്ള നിരീക്ഷണം ശെരിയാണ്. പക്ഷെ എത്ര വലിയവനായാലും മനുഷ്യന് അപൂര്ണ്ണനാനെന്നാണ് ഇതില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയുക. ഇന്ദ്രിയപ്രേരിതമായ തെറ്റുകള്‍ മനുഷ്യസഹജമാണ്; സകല ഗുണങ്ങളുടെയും വിളനിലമായിരിക്കെത്തന്നെ മനുഷ്യനായ നളനും ഇങ്ങിനെ ചില തെറ്റുകള്‍ ചെതിട്ടുണ്ട്; അതാണ് നളന്റെ സകല ദുഖങ്ങള്‍ക്കും കാരണവും. ഭാര്യയെ തികച്ചും വിശ്വാസമാനെങ്കിലും അവളുടെ രണ്ടാം കല്യാണമാണെന്ന് കേള്‍ക്കുമ്പോള്‍ ഏതൊരാളും ഒന്ന് പതറും, അതാണ് നളനും സംഭവിച്ചത്. സംശയവും സ്ത്രീയോടുള്ള ആധിപത്യവും പുരുഷപ്രകൃതമാണ്. എത്ര മൂടിവച്ചാലും ചില സന്ദര്‍ഭങ്ങളില്‍ ഈ സ്വഭാവം പുറത്തുവരും. അങ്ങിനെ അന്ധനായി നില്ക്കുന്ന ഒരാളിനെ സഹായിക്കാന്‍ ഈശ്വരനു മാത്രമേ കഴിയൂ. അതാണിവിടെയും സംഭവിച്ചത്. കഷ്ടതകള്‍ സഹിക്കാനുള്ള ശക്തി പുരുഷനേക്കാള്‍ സ്ത്രീക്കാണ്. ഈ മനുഷ്യസ്വഭാവങ്ങളെല്ലാം ജീവിതഗന്ധിയായ നളച്ചരിതത്തില്‍ കണ്ടില്ലെന്കിലല്ലേ അത്ഭുതപ്പെടെണ്ടാതുള്ളൂ.
C.Ambujakshan Nair
Thu, 2012-07-05 17:41
Permalink
പെണ്ണിലോരാണിലിന്നു പ്രേമത്താമാര
ഓരോ പ്രശസ്ത നടന്മാരുടെ ഇംഗിതത്തിനു ഇണങ്ങി പാടുക എന്ന രീതി കഥകളിയില്‍ പണ്ടേ നിലനിന്നിരുന്നു എന്നത്തിന് ആധാരം ആണ് ഡോക്ടര്‍: മോഹന്‍ദാസ് അവര്‍കള്‍ വിവരിച്ചിരിക്കുന്നത്.