കീഴ്പ്പടം സ്മരണ

കീഴ്പ്പടം സ്മരണ

കീഴ്പ്പടം കുമാരൻ നായർ എന്ന മഹാ നടൻ നമ്മോട്‌ വിട പറഞ്ഞിട്ട്‌ 5 വർഷം പിന്നിടുകയാണ്‌. ഈ അവസരത്തിൽ കഥകളി.ഇൻഫൊ അദ്ദേഹത്തിന്റെ സ്മരണയ്ക്ക്‌ ഒരു പ്രത്യേക താള്‌ തയ്യാറാക്കുകയാണ്‌. അദ്ദേഹത്തെക്കുറിച്ചുള്ള ലേഖനങ്ങൾ, അഭിമുഖം, കളരി സമ്പ്രദായം, ശിഷ്യരുമായുള്ള സംവാദങ്ങൾ, ഇവയൊക്കെ ഈ താളിൽ ലഭ്യമാകും. കലാസ്നേഹികൾക്ക്‌ അദ്ദേഹത്തെ അനുസ്മരിക്കാൻ ഈ താളിൽ കമന്റ്‌ ചേർക്കാവുന്നതുമാണ്‌. എല്ലാ സഹൃദയരേയും ആചാര്യസ്മരണയ്ക്കായി ക്ഷണിച്ചു കൊള്ളുന്നു.

കീഴ്പ്പടം അഷ്ടകലാശം - ഒരു വിശകലനം

Keezhpadam Ashtakalasham

ഭാഷാവൃത്തങ്ങളെത്തന്നെ ഭാഷയിലൂടെ വിശദീകരിക്കുവാന്‍ പ്രയാസം എന്നിരിക്കെ നൃത്തരൂപങ്ങളെ ഭാഷയിലൂടെ വിശദീകരിക്കുവാന്‍ തുനിയുന്നത് മൗഢ്യമെന്നല്ലേ പറയേണ്ടൂ? എങ്കിലും കഥകളിയില്‍ ഉണ്ടായിട്ടുള്ള നൃത്ത വിന്യാസത്തില്‍ സംഭവിച്ചിട്ടുള്ള ഒരു വിപ്ലവം എന്നനിലക്ക് പ്രസ്തുത കലാശത്തെ കാണാതിരുന്നുകൂടാ, ഗൗനിക്കാതിരുന്നുകൂടാ.

കളിയരങ്ങിലെ കർമയോഗി

Keezhpadam Kumaran Nair

എന്തെന്നില്ലാത്ത ഒരാവേശം ഉണ്ടായിരുന്നു കൊച്ചുനാളിലേ കഥകളിയോട്. വീട് വെള്ളിനേഴിയിൽ കാന്തള്ളൂർ ക്ഷേത്രത്തിനടുത്തായതിനാൽ നാലഞ്ചുവയസ്സാവുമ്പോഴേക്കും തന്നെ ഒരു പാട് കളികണ്ടിരുന്നു. ഒന്നും മനസ്സിലായിട്ടല്ല. വല്ലാത്തൊരു അഭിനിവേശം.

Tribute to a versatile Kathakali artist

Keezhpadam Kumaran Nair and Vasu Pisharodi (Photo: Valsan S. P.)

Padmashree Keezhpadam Kumaran Nair, an outstanding Kathakali actor and a highly respected master of the art form was a rare and distinct personality in the domain of Kathakali.

കീഴ്പ്പടം - വിശകലനവും ചില കാലികചിന്തകളും

Keezhpadam Kumaran Nair

പട്ടിക്കാംതൊടി രാവുണ്ണിമേനോൻ എന്ന ജീനിയസ്സിന്, പല മുഖങ്ങളുണ്ടായിരുന്നു. അവയോരോന്നും ആ യുഗപ്രഭാവൻ തന്റെ ഓരോ ശിഷ്യർക്കു പകർന്നുനൽകി. കളരിയിലെ കടുകിട പിഴക്കാത്ത ആശാന്റെ മുഖം-അതു മകന്,പത്മനാഭന്. നാട്യശാസ്ത്രത്തിന്റെ പ്രകാശധാരയിൽ നിന്ന് ഔചിത്യസമീക്ഷയുടെ പാഠങ്ങളുൾക്കൊണ്ട് അരങ്ങിനെ നവീകരിക്കുന്ന പക്വമതിയായ രംഗപരിഷ്കർത്താവിന്റെ മുഖം-അതു കുഞ്ചുനായർക്ക്. സങ്കേതചാരുത ഉടൽ പൂണ്ട, മറുവാക്കില്ലാത്ത അഭ്യാസബലവും ശൈലീകരണത്തിന്റെ സൌന്ദര്യവും സമന്വയിക്കുന്ന നാട്യധർമ്മീമുഖം-അതു മറ്റാർക്ക്? രാമൻ കുട്ടിക്ക്. പക്ഷേ, ഇതൊന്നുമല്ലാത്ത ഒരു മുഖം കൂടി രാവുണ്ണിമേനോനുണ്ടായിരുന്നു.

ഒരു വള്ളി, രണ്ടു പൂക്കൾ

Kottakkal Sivaraman and Keezhpadam Kumaran Nair (Illustration: Sneha)

കമന്ററി പറയാൻ പുറപ്പെട്ട കെ.പി.സി നാരായണൻ ഭട്ടതിരിപ്പാടിന്‌ കണ്ഠം ഇടറി. മൈക്ക്‌ കൈയിലേന്തിയ മുതിർന്ന പണ്ഡിതന്‌ വാചകങ്ങൾ പലയിടത്തും മുഴുമിക്കാനായില്ല. അതല്ലെങ്കിൽക്കൂടി അന്നത്തെ ആട്ടം കണ്ട്‌ പലരുടെയും കണ്ണുകൾ ഈറനണിഞ്ഞു തുടങ്ങിയിരുന്നു. കഥകളി കാണെ അതിലെ കഥാപാത്രങ്ങളുടെ മനോവ്യാപാരങ്ങളുമായി ഈവിധം താദാത്മ്യം പ്രാപിക്കുകയോ?

കീഴ്പ്പടം കുമാരൻ നായർ

Keezhpadam Kumaran Nair, O. M. Anujan

സഹജമായ താളബോധമാണ് കുമാരൻ നായരുടെ വിജയത്തിന്റെ ഏറ്റവും പ്രധാനമായ അടിത്തറ. രാമൻകുട്ടി നായരെപ്പോലെ താളംകൊണ്ടും ഈരേഴുലോകവും ജയിച്ച ഒരു പ്രതിഭയാണദ്ദേഹം.

തസ്മൈ ശ്രീ ഗുരവേ നമഃ

Sadanam Harikumaran remembers Keezhpadam Kumaran Nair

ജീവിതത്തിലെ ഏറ്റവും ധന്യമായ കാലഘട്ടമേതെന്ന് ചോദിച്ചാൽ എന്റെ സ്കോളർഷിപ്പ് കാലഘട്ടമെന്ന് ഞാൻ പറയും. എന്റെ താമസം കളരിയിലേയ്ക്കാക്കി. കളരിയിൽ അന്ന് വൈദ്യുതിയുണ്ടായിരുന്നില്ല.

കീഴ്പ്പടം കുമാരൻ നായർ

Keezhpadam Kumaran Nair

ഇന്നു ജീവിച്ചിരിക്കുന്ന കഥകളിക്കാരിൽ കീഴ്പ്പടത്തിൽ കുമാരൻ നായരെയാണ്‌ എനിയ്ക്കേറ്റവും ബഹുമാനം. കഥകളിയുടെ ആവിഷ്കാര പ്രകാരത്തിൽ ഇത്രത്തോളം മനസ്സുചെല്ലുന്നവരായി ഇന്നാരും തന്നെ ഇല്ല എന്നതാകുന്നു എന്റെ ഉള്ളുറച്ചവിശ്വാസം.

വാഴേങ്കട ക്ഷേത്രത്തിലെ അഗ്രശാലയിൽ നടത്തിവന്നിരുന്ന, അഭിവന്ദ്യനായ ശ്രീ പട്ടിയ്ക്കാംതൊടി ഗുരുനാഥന്റെ കളരിയിൽ ഞങ്ങൾ സബ്രഹ്മചാരികളായിരുന്നു. ശ്രീ ചന്തുപ്പണിയ്ക്കരുടെ ശിഷ്യത്വവും ഇദ്ദേഹത്തിനു കിട്ടിയിട്ടുണ്ട്‌.

A master who was not paid his due

Keezhpadam Kumaran Nair as Hanuman

Hailing from Vellinezhi which happens to be the ‘birth-home’ of several stalwarts, aassan did not have the recognition that was due for his human nature, mastery over technical skills and aesthetic sensitivity and sensibility.

അഷ്ടകലാശം, കളരി, അരങ്ങ് കീഴ്പ്പടം വഴിയില്‍

Narippatta reminisces about Keezhpadam

ഞാൻ സദനത്തിൽ 1962ലാണ് പഠിക്കാൻ ചെല്ലുന്നത്. അപ്പോൾ കുമാരൻ നായരാശാൻ അവിടെ പ്രധാന അധ്യാപകനാണ്. ഞാൻ കാണുന്ന സമയത്ത് അദ്ദേഹം ശക്തിയായ ആസ്തമയുടെ വിഷമം കൊണ്ട് കട്ടിലിന്മേൽ മൂടിപ്പുതച്ച് ഇരിക്കുന്നതായാണ് കാണുന്നത്. മുന്നേ കണ്ടിട്ടുണ്ടാവാം. പക്ഷെ ചേർന്ന് സമയത്ത് അവിടെ എന്നെ കൂട്ടികൊണ്ടുപോകുമ്പോൾ ഞാൻ കണ്ടത് ഇങ്ങനെ ഒരു രൂപമാണ്.

കീഴ്പ്പടം കുമാരൻ നായർ - അരങ്ങിലെ ധിഷണ

Keezhpadam Kumaran Nair

കീഴ്പ്പടം കുമാരന്‍ നായര്‍ ഇന്ന് നമ്മോടൊപ്പമില്ല. പട്ടിക്കാംതൊടിയില്‍ ഉറവയെടുത്ത സരണി ധാരാളം ഒഴുകി അനന്തസാഗരത്തില്‍ അലിഞ്ഞു മറഞ്ഞു.

Comments

എനിക്കത്ര കളി കണ്ട് പരിചയം ഒന്നുമില്ല. എന്‍റെ നാട് കാറല്‍മണ്ണ, ചെര്‍പ്ളശേരി,വെള്ളിനേഴി,ആനമങ്ങാട് ചുറ്റുവട്ടത്ത് തന്നെ ആണ്‌ എന്നതിനാല്‍ അത്ര വട്ടത്തിലെ ചുരുക്കം ചില കളികള്‍ കാണാനേ ഭാഗ്യം ഉണ്ടായിട്ടുള്ളൂ. കളിക്കമ്പം എങ്ങനെ എനിക്ക് വന്ന് കൂടി എന്നത് തന്നെ അത്ഭുതത്തോടെ ആണ്‌ ഞാന്‍ ഓര്‍ക്കാറുള്ളത്. അത് പോട്ടെ. ഈ 'ഠ' വട്ടത്തിലുള്ള കളികള്‍ തന്നെ കാണാന്‍ പോവുക എന്നത് വല്യേ പ്രശ്നമായിരുന്നു. ഇല്ലപ്പറമ്പില്‍ നിന്ന് പുറത്തിറങ്ങിയാല്‍ പ്രശ്നം. ശീലവുമില്ല.
ആയതിനാലൊക്കെ കൊണ്ട് കലാമണ്ഡലം മേജര്‍ സെറ്റ് കളി എങ്കിലേ പോവുമായിരുന്നുള്ളൂ. മേജര്‍ സെറ്റില്‍ എന്തുകൊണ്ടോ കലാമണ്ഡലം ഗോപിയും കോട്ടക്കല്‍ ശിവരാമനുമൊക്കെ ഉണ്ടായിരുന്നു എന്നതാ അത്ഭുതം. (എന്‍റെ മേജര്‍ സെറ്റ് കളി എന്ന് പറഞ്ഞാല്‍ ട്ടോ. വാസ്തവത്തില്‍ അവരൊന്നും ആ ടീമില്‍ ഉണ്ടായിരുന്നില്ലല്ലൊ.) പദ്മാശാന്‍ ആണേങ്കില്‍ തന്നെ "ഓ മുഖത്തൊന്നും വരില്ലാ" ന്ന് പുച്ഛിക്കാന്‍ എങ്ങിനേയോ പഠിച്ചിരിക്കുന്നു. അതിനു കാരണം എന്താന്ന് എനിക്കിപ്പോള്‍ കൃത്യമായി പറയാന്‍ അറിയില്ല. എന്നാലും അങ്ങനെ ആയിരുന്നു എന്ന് ഇന്ന് ഞാന്‍ ദുഃഖത്തോടെ ഓര്‍ക്കുന്നു. ആ സമയത്താണ്‌ കീഴ്പ്പടം ആശാന്‍റെ രാവണനും ഹനുമാനുമൊക്കെ ഞങ്ങടെ നാട്ടില്‍ ഇറങ്ങുന്നത്. ആശാന്‍റെ ശൈലി തെക്കനല്ല. വടക്കന്‍ തന്നെ. എന്നാല്‍ രാമന്‍ കുട്ടി നായരാശാനെ കഥകളി ദൈവമായി അവരോധിച്ച എന്‍റെ മനസ്സ് കീഴ്പ്പടം ആശാന്‍റെ രാവണനേയോ ഹനുമാനേയോ ഉള്‍ക്കൊള്ളാന്‍ പാകത്തിലുള്ളതല്ലായിരുന്നു എന്ന് ഞാന്‍ ഇപ്പോ സങ്കടത്തോടെ ഓര്‍ക്കുന്നു. കീഴ്പ്പടമാണ്‌ എന്ന് വെച്ചിട്ട് കളിക്കു തന്നെ പോയിരുന്നില്ല. എന്‍റെ അബദ്ധങ്ങളില്‍ ഒന്ന് പറഞ്ഞുവെന്നേ ഉള്ളൂ. ഇന്ന് ഇനി സന്താപിച്ചിട്ട് കാര്യവുമില്ലല്ലൊ. എന്നാലും.
ശേഷം കഥകളി വീഡിയോകളിലൂടെ ആണ്‌ ഞാന്‍ കീഴ്പ്പടം ആശാനെ അറിയുന്നത്. കൂട്ടത്തില്‍ അല്‍പ്പം ചില വായനകളും സഹായകരമായി. എന്‍റെ സന്താപം കൂടിയതേ ഉള്ളൂ. ആരോടും പറയാന്‍ വയ്യല്ലൊ... :(
എന്തായാലും ഈ അനുഭവമായിരിക്കാം ഇന്ന് എന്നെ കൂടുതല്‍ സമചിത്തതയോടെ മുന്‍പത്തേക്കാള്‍ ബെറ്ററായി (എന്ന് ഞാന്‍ വിചാരിക്കുന്നു) കുഞ്ചുവാശാനും കീഴ്പ്പടം ആശാനും പലപല ലേഖനങ്ങളിലൂടേയും അഭിമുഖങ്ങളിലൂടേയും (ഞാന്‍ വായിച്ചിട്ടുള്ള) പറഞ്ഞ് തന്ന തര്യത്രികഭംഗിയോടെ കഥകളി ആസ്വദിക്കാന്‍ എന്നെ പഠിപ്പിച്ചത്.
കഥാവശഷേനയാലെന്ത്? ഇപ്പോഴും പാഠപുസ്തകങ്ങള്‍ തുറന്ന് വെച്ച് തന്നിട്ടല്ലേ കഥാവശേഷനായത് ഇവരൊക്കെ?
പ്രണാമം പൂര്‍വസൂരികളെ.. നിങ്ങള്‍ക്ക് പ്രണാമം.

മഹാനടനായിരുന്ന കീഴ്പ്പടം കുമാരന്‍നായരെക്കുറിച്ചു കേട്ടിട്ടുള്ളതല്ലാതെ അദ്ദേഹത്തിന്റെ വേഷങ്ങളൊന്നും കാണാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടില്ല. കല്ലുവഴി സമ്പ്രദായത്തില്‍ ഉറച്ചു നില്‍ക്കുമ്പോഴും ആ സമ്പ്രദായത്തിന്റെ പല യാഥാസ്ഥിതിക ശീലങ്ങള്‍ക്കും മുകളിലായി തന്റെ സര്‍ഗപ്രതിഭയെ വളര്‍ത്തിയ കലാകാരനായിരുന്നു ആ മഹാനടനെന്നു കേട്ടിട്ടുണ്ട്. 'പാരമ്പര്യവാദികളുടെ ജൽ‌പ്പനങ്ങൾക്ക് തരിമ്പുവില കൽ‌പ്പിക്കാത്ത കലാപകാരിയായിരുന്നു കീഴ്പ്പടമെന്ന' ശ്രി. ചിത്രന്റെ പ്രസ്താവം ഞാന്‍ കേട്ടതിനെ ശെരിവക്കുന്നതും ആയി. പട്ടിലും വളയിലും പുരസ്കാരങ്ങളിലും മനസ്സ് ഉടക്കി, ഗുരുക്കന്മാര്‍ പഠിപ്പിച്ചത് അതേപടി പകര്‍ത്തി ആവര്‍ത്തന വിരസത സൃഷ്ടിച്ചു കഥകളിയെ സിനിമ ആക്കിക്കൊണ്ടിരിക്കുന്ന ഈ കാലഖട്ടത്തില്‍ , തന്റേതായ ചിന്തകള്‍ കൊണ്ട് കഥകളിയെ ചലിപ്പിക്കാന്‍ ശ്രമിച്ച ഇദ്ദേഹത്തെപ്പോലെ ഒരു ഒറ്റയാന് മരണം വരെ കഥകളിയില്‍ വിലയുണ്ടായി എന്നത് അതിശയകരം തന്നെ. ഈ കലാപ്രതിഭ നിറഞ്ഞാടിയ ഒരു കളിവിളക്കിന്റെ മുന്‍പിലെങ്കിലും ഇരിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ ദുഃഖം തോന്നുന്നു. 'അരങ്ങുശാഠ്യങ്ങളുടെയും സങ്കുചിതകലാദർശനത്തിന്റെയും വരേണ്യവാദത്തിന്റെയും ഈ അസ്തമയകാലത്ത്' കഥകളിയെന്ന മഹാകലയെ മുന്നോട്ടു നയിക്കാന്‍ ഈ മഹാനടന്‍ കാടിത്തന്ന വഴികളിലൂടെയും സഞ്ചരിക്കുവാനുള്ള ബുദ്ധിയും വിവേകവും കഥകളിക്കുണ്ടാകട്ടെ. ആ മഹാനടന്റെ സ്മരണക്കു മുന്‍പില്‍ പ്രണാമങ്ങള്‍ അര്‍പ്പിക്കുന്നു.

കീചകന്‍ ആണ് കീഴ്പടം കുമാരന്‍ നായര്‍ ആശാന്റെ വേഷം ഞാന്‍ ആദ്യമായി കാണുന്നത്. അക്കാലത്ത് അദ്ദേഹത്തിന്റെ വേഷങ്ങളെ കുറിച്ച് പ്രത്യേകിച്ചും ഹനുമാന്മാരെ കുറിച്ച് അനുകൂലിച്ചും എതിര്‍ത്തും പല അഭിപ്രായങ്ങളും കേട്ടിരുന്നു. പലരും പറയുന്ന അഭിപ്രായങ്ങള്‍ കേള്‍ക്കുമ്പോള്‍ എനിക്ക് അദ്ദേഹത്തോട് അദ്ദേഹത്തിന്റെ വഴിയോടു എന്തെന്നില്ലാത്ത ഒരു അഭിനിവേശം തോന്നിയിരുന്നു. അങ്ങിനെ ആറ്റു നോറ്റു കിട്ടിയ അവസരം ആണ് കീചകന്‍. സൈരന്ധ്രി സ്വന്തം ജ്യേഷ്ഠത്തിയുടെ ഭ്രുത്യ ആണ് എന്ന് കീചകന് മനസ്സിലാവുന്നത് എങ്ങിനെയെന്ന് അദ്ദേഹത്തിന്റെ കീചകന്‍ കണ്ടപ്പോഴാണ് മനസ്സിലായത്‌. ആട്ടകഥ യില്‍ പറയാത്തെ ഒരു വിഷയം കാണികളില്‍ ഒരു നടന്‍ എത്തിച്ചത് ആദ്യമായി ഞാന്‍ കണ്ടു. അതിനു ശേഷം വേറെ അനവധി വേഷങ്ങള്‍ കാണാന്‍ തരപെട്ടിണ്ടുണ്ട്. ഹനുമാന്മാര്‍, നരകാസുരന്‍, ധര്‍മപുത്രര്‍, അര്‍ജുനന്‍, രാവണന്‍ (ബാലിവിജയം, ബാലിവധം), ബ്രാഹ്മണന്‍ എന്നിവയൊക്കെ കാണുമ്പൊള്‍ തന്നെ അദ്ദേഹത്തിന്റെ പ്രത്യേകതകള്‍ പലതും മറ്റുള്ളവര്‍ പറഞ്ഞു കേട്ടിട്ടുണ്ട്. അതൊന്നുമല്ലാത്ത ഒരു വേഷം കണ്ടത് മൂന്നാം ദിവസത്തെ ബാഹുകന്‍ ആണ്. ആലുവ മണപ്പുറത്ത് വച്ചുള്ള കളി. കടുങ്ങല്ലൂര്‍ നമ്പീശന്‍ കുട്ടിയുടെ (കീഴ്പടത്തിന്റെ ശിഷ്യന്‍) ആദ്യസ്ഥനത്തില്‍ നടന്ന കളി. അന്നാണ് ആദ്യമായി ബഹുകന്റെ അതുവരെ കാണാത്ത പല അട്ടങ്ങളും കണ്ടത്. കര്കോടകനില്‍ നിന്ന് രണ്ടു വസ്ത്രങ്ങള്‍ വാങ്ങി നീങ്ങുന്ന ബാഹുകന്‍ കട്ടില്‍ പല കാഴ്ചകള്‍ കണ്ടു പോകുന്നു. അങ്ങിനെ ഒരു പൊയ്കയില്‍ കുളിച്ചു തോര്‍ത്തി ആദ്യ വസ്ത്രം എടുത്തു ധരിക്കുന്നു. രണ്ടാമത്തെ വസ്ത്രം ഭദ്രമായി സൂക്ഷിച്ചു വക്കുന്നു. അതിനു ശേഷം അതുവരെ ഉടുത്തിരുന്ന പകുതി മുണ്ട് ഇനി എന്തിനാണ് ഇത് എന്ന് വിചാരിച്ചു കളയാന്‍ തുടങ്ങുന്നു. പെട്ടെന്ന് ആരോ പിടിച്ചു നിര്‍ത്തിയത് പോലെ ഒന്ന് നിന്ന് ആ വസ്ത്രം ഭദ്രമായി മടക്കി മാറോടു ചേര്‍ത്ത് ദമയന്തിയെ സ്മരിച്ചു ഇത് കൈവിട്ടാല്‍ എങ്ങിനെ എന്ന് ചിന്തിച്ചു വളരെ ഭദ്രമായി സൂക്ഷിച്ചു വക്കുന്നു. ആ ഒരൊറ്റ കാഴ്ച്ചയില്‍ തന്നെ അന്നത്തെ കളി മുതലായി. കീഴ്പടതിനെ കുറിച്ച് സ്മരിക്കുമ്പോള്‍ ഏറ്റവും ആദ്യം എന്റെ മനസ്സില്‍ വരുന്നത് ഈ അട്ടമാണ്. അതുവരെയും പിന്നീടും അതുപോലെ ആരു മൂന്നാം ദിവസം ഞാന്‍ കണ്ടിട്ടില്ല.
ബുദ്ധിപരമായി കഥകളിയെ സമീപിച്ച ആ മഹാനടന്റെ സ്മരണക്കു മുന്‍പില്‍ ശത കോടി പ്രണാമങ്ങള്‍ അര്‍പ്പിചു കൊണ്ട് തല്‍കാലം വിട.

ഈ കുറിപ്പ് ഗംഭീരം...

The above comment is excellent..

ഒരു എളിയ കീഴ്പ്പടം സ്മരണ, ഒപ്പം കുറേ സംശയങ്ങളും :-)

1985ലാണ് എന്ന് തോന്നുന്നു കവി ഒളപ്പമണ്ണയുടെ അദ്ധ്യക്ഷതയിൽ പാലക്കാട് കളിയരങ്ങ് സ്ഥാപിക്കപ്പെട്ടത്. എന്റെ അച്ഛന്റെ അനിയനായിരുന്നു സെക്രട്ടറി. കുറേ നല്ല അരങ്ങുകളും പ്രഗൽഭരായ ആശാന്മാരുടെ അപൂർവങ്ങളായ വേഷങ്ങളും ഏറെ ബുദ്ധിമുട്ടിയാണെങ്കിലും കളിയരങ്ങ് നടത്തിയിട്ടുണ്ട്.

കളിയരങ്ങിന്റെ ആദ്യ വാർഷികം (1986ൽ?). ആദ്യത്തെ കഥ കീഴ്പ്പടത്തിന്റേതായിരുന്നു. ഒന്നാം ദിവസം നളൻ. അദ്ദേഹം അപൂർവ്വമായി മാത്രം കെട്ടാറുള്ളത്. അന്നത്തെ അരങ്ങ് പക്ഷേ എറെ ചർച്ചാവിഷയമായി (കളി കാണാൻ വന്ന എനിക്ക് 7 വയസ്സു മാത്രം, പല കാര്യങ്ങളും മറ്റുള്ളവർ പറഞ്ഞറിഞ്ഞതാണ്). പ്രണയലോലുപനായ ഒരു വികാരജീവിയെ അല്ല കീഴ്പ്പടത്തിന്റെ നളനിൽ പ്രേക്ഷകർ കണ്ടത്, മറിച്ച്, “ജഗദേകവീരഃ” എന്ന് വാഴ്ത്തപ്പെട്ട, ദമയന്തിയെ നേടാൻ പടപ്പുറപ്പാടെടുത്ത നളമഹാരാജാവിനേയായിരുന്നു. ആ പടപ്പുറപ്പാടിനെ പലരും വിമർശിച്ചു, ചിലർ ഔചിത്യപൂർണ്ണം എന്ന് പുകഴ്ത്തുകയും ചെയ്തു.

അതിനു ശേഷം അദ്ദേഹം ഒന്നാം ദിവസം നളൻ കെട്ടിയിട്ടുണ്ടോ ? ഉണ്ടെങ്കിൽ പടപ്പുറപ്പാടോടു കൂടിയായിരിന്നുവോ ? എന്തായിരുന്നു ആ ആട്ടത്തിന്റെ സവിശേഷതകൾ ? പിന്നീട് അദ്ദേഹത്തിന്റെ ശിഷ്യർ ആരെങ്കിലും ഈ വഴിയ്ക്കു നടന്നോ ?

ഇതിനെക്കുറിച്ച് അറിയാവുന്നവർ സംശയങ്ങൾ തീർത്തുതരാനപേക്ഷ.

നിഖില്‍ ചോദിച്ച ചോദ്യത്തിന് ഉത്തരമല്ല എന്റേത്. നളചരിതത്തിലെ ഒരു വിഷയം ആകയാല്‍ അഭിപ്രായം പറയുന്നു എന്ന് മാത്രം.നളചരിതം ഒന്നാം ദിവസത്തിലെ നളനില്‍ വീരത്തെക്കാള്‍ പ്രണയലോലുപത കൊണ്ടുണ്ടായ വീരരാഹിത്യം ആണ് കാണേണ്ടത്. 'എന്തൊരു കഴിവിനി --' മുതലായ പദങ്ങള്‍ വെച്ചു നോക്കിയാല്‍ ജകദേക വീരനായ നളന്‍ ഒരു വികാരജീവിയുടെ തലത്തിലേക്ക് താഴുന്നതും കാണാം. അതുകൊണ്ട് ദമയന്തിയെ നേടാന്‍ പടപ്പുറപ്പാടെടുക്കുന്ന നളന്‍ ആട്ടക്കഥാ സാഹിത്യത്തിനും പാത്രാവിഷ്കാരത്തിനും ഔചിത്യത്തിനും എതിരാണ്. അന്നത്തെ അരങ്ങിലൊരു വ്യത്യസ്തത കാണിക്കാന്‍ കീഴ്പടം ആശാന്‍ കാണിച്ച ഒരു കുസൃതിയായി മാത്രം ഇതിനെ കണ്ടാല്‍ മതി. മഹാന്മാര്‍ക്ക് ഇങ്ങിനെയുള്ള ചില കുസൃതിത്തരങ്ങള്‍ അനുവദനീയമാണ്. മറ്റുള്ളവര്‍ ഇങ്ങിനെയുള്ള കുസൃതിത്തരങ്ങള്‍ ആവര്‍ത്തിച്ചു കുഴപ്പമുണ്ടാക്കാതിരുന്നാല്‍ മതി.

ഈ വിഷയം കൂടുതല്‍ ചര്‍ച്ച ചെയ്തു ഈ താളിന്റെ പവിത്രത നഷ്ടപ്പെടുത്തരുതേ.

C.Ambujakshan Nair's picture

ശ്രീ. കുമാരന്‍ നായര്‍ ആശാന്റെ സൌഗന്ധികത്തിലെ ഹനുമാനാണ് ആദ്യമായി കണ്ട വേഷം. ഗുരു. ചെങ്ങന്നൂര്‍ ആശാന്‍, ശ്രീ. രാമന്‍ കുട്ടി നായര്‍ ആശാന്‍, ശ്രീ. പള്ളിപ്പുറം ആശാന്‍, ശ്രീ. ഓയൂര്‍ ആശാന്‍, ശ്രീ. ഹരിപ്പാട്ടു ആശാന്‍, ശ്രീ. മടവൂര്‍ ആശാന്‍, ശ്രീ. പന്തളം കേരളവര്‍മ്മ, ശ്രീ. കലാമണ്ഡലം ശേഖര്‍, ശ്രീ. സദനം കൃഷ്ണന്‍ കുട്ടി, ശ്രീ. കലാനിലയം മോഹനകുമാര്‍  എന്നിങ്ങനെ ധാരാളം കലാകാരന്മാരുടെ ഹനുമാന്‍ കണ്ടിട്ട് ശ്രീ. കുമാരന്‍ നായര്‍ ആശാന്റെ ഹനുമാന്‍ കണ്ടപ്പോള്‍ ഞാന്‍ ആശ്ചര്യപ്പെട്ടു പോയി.
ഇങ്ങിനെയും ഒരു ഹനുമാനോ? തികച്ചും വ്യത്യസ്തമായ ഒരു അവതരണ രീതിയാണ് അദ്ദേഹം അന്ന്‌ കാഴ്ചവെച്ചത്. ആശാന്‍ പഠിപ്പിച്ചത് അങ്ങിനേ അരങ്ങില്‍ പ്രകടിപ്പിക്കുക എന്ന രീതിയില്‍ നിന്നും വ്യത്യസ്തമായി  ഓരോ അരങ്ങിലും വ്യത്യസ്തത അനുഭവപ്പെടുത്തുവാനുള്ള അദ്ദേഹത്തിന്‍റെ അന്വേഷണങ്ങളും അതു അനുഭവപ്പെടുത്തുവാനുള്ള അദ്ദേഹത്തിന്‍റെ കഴിവും  സ്മരണീയമാണ്. അദ്ദേഹവുമായി  സംസാരിക്കുവാന്‍ സാധിച്ചിട്ടുണ്ട്. ആ ഓര്‍മ്മകള്‍ മധുരം നിറഞ്ഞതും സ്മരണീയവുമാണ്.

  • Sunil Kumar ഇതില്‍ ലവകുശന്മാരോടൊത്ത് ഹനുമാന്‍ ചെയ്യുന്ന ഈ അഷ്ടകലാശത്തെ പറ്റി ആര്‍ക്കും ഒന്നും പറയാനില്ലേ? യുക്തിക്ക് നിരക്കുന്നതാണോ എന്നൊരു ചോദ്യം ഞാന്‍ ചോദിക്കട്ടെ ആദ്യം...
  • Sunshine Song അഷ്ടകലാശം പൊതുവേ ഇഷ്ടാണെങ്കിലും ഹനുമാൻ അഷ്ടകലാശമെടുക്കുന്നതിന്റെ യുക്തി എനിയ്ക്ക് ഇതുവരെയും മനസ്സിലായാട്ടില്ല. അഷ്ടകലാശത്തെക്കുറിച്ച് ഈചോദ്യം ഞാൻ kathali.info യിൽ ഇട്ടിട്ടുണ്ട്.
  • Sunil Kumar ഹനുമാന്‍ മാത്രം എടുക്കുകയാണെങ്കില്‍ ഒകെ. പക്ഷെ ഇത് മൂന്നുപേരും കൂടെ എന്നതാണ്‌ എനിക്ക് പ്രശ്നമായി തോന്നിയത്... ഒരു പക്ഷെ കുമാരന്‍ നായരാശാന്‍റെ അഷ്റ്റകലാശസങ്കല്‍പ്പം ഞാന്‍ വിചാരിക്കുന്നതാവില്ല. എന്നാലും അറിയാന്‍ ആയി കൌതുകം ഉണ്ട്. Harikumaran Sadanam
  • Madhu Menon Keezhillath ആശാനും സുനില്‍ കുമാറും ആയി അഭേദ്യമായ ദൂരം ഇല്ലെ.. അറിയാന്‍ ശ്രമിക്കൂ.. കണ്ടെന്തും..
  • Nikhil Kaplingat മൂന്നു പേർ ഒന്നിച്ചു ചെയ്താൽ എന്താണ് പ്രശ്നം Sunil ? ഒന്നു വിശദമാക്കൂ.
  • Sreevalsan Thiyyadi കാട്ടില്‍ അപ്രതീക്ഷിതമായി കണ്ടുമുട്ടിയ കുമാരന്മാര്‍ തന്റെ ശ്രീരാമസ്വാമിയുടെ പുത്രര്‍ തന്നെ എന്ന് മനസ്സിലാക്കിയതിന്‍റെ ആനന്ദനൃത്തമാണ് ഈ ക്ലിപ്പിലെ അഷ്ടകലാശമെങ്കില്‍, ഈ സമാഗമത്തിന്‍റെ സാംഗത്യം ഒന്നുംതന്നെ അന്നേരം അറിയാത്ത കുശലവന്മാര്‍ എന്തിന് അതിലേക്ക് കൂടുന്നു എന്നതാണ് സുനിലി ന്‍റെ സംശയം എന്ന് തോന്നുന്നു, Nikhil.

    ഈ നൃത്തശില്‍പ്പം ഇഷ്ടമാണെങ്കിലും "പൊതുവേ ഹനൂമാന്‍ അതെടുക്കുന്നതിന്റെ യുക്തി മനസ്സിലാവുന്നില്ല" എന്ന് പറയുന്ന Sunshine Songന്‍റെ വാചകമാണ് കൂടുതല്‍ വിശദീകരണം അര്‍ഹിക്കുന്നത് എന്ന് തോന്നുന്നു. (ആകെ 'കാലകേയവധ'ത്തിലെ അര്‍ജുനന്‍ മാത്രമേ ഇതിനു പുറപ്പെടാവൂ എന്നാണോ?)

    July 27 at 5:38am · Edited · · 4
  • Nikhil Kaplingat Sunshine's question/explanation:
    http://www.kathakali.info/en/node/945
    "ശ്രീരാമപട്ടാഭിഷേകാനന്തരം ശ്രീരാമധ്യാനത്തിൽ മുഴുകി ചിരഞ്ജീവിയായ് കഴിഞ്ഞുകൂടാൻ േപായ ഹനുമാൻ ഇന്ദ്രിയജയം സിദ്ധിച്ച മഹാനുഭാവനാണ് എന്നാണല്ലോ പുരാണമൊഴി. അങ്ങനെ ഇന്ദ്രിയജയം സിദ്ധിച്ച മഹാനുഭാവന്ന് സഹജനായ ഭീമസേനനെ കാണുംേപാൾ ആനന്ദനൃത്തമാടുന്നതിന്റെ പിന്നിൽ ആചാര്യവര്യന്മാർ കണ്ട യുക്തി എന്താകാനാണ് സാദ്ധ്യത. തീർച്ചയായും അഷ്ടകലാശം വളരെയേറെ ഇഷ്ടപ്പെടുന്നവരിൽ ഒരാളാണ് ഞാനും."
    July 27 at 6:13am · Edited · · 2
  • Sunshine Song ഹനുമാൻ: ശ്രീരാമസ്മരണയിൽ ആനന്ദനൃത്തമാടുന്ന ഹനുമാൻ എന്റെ യുക്തിയ്ക്ക് ചേരുന്നു. മറ്റുള്ള സന്ദർഭങ്ങൾക്ക് ആചാര്യവര്യന്മാർ എന്തെങ്കിലും യുക്തി കണ്ടുകാണും. അത് എന്താണ് എന്ന് എനിയ്ക്ക് അറീല്ല്യ എന്ന് മാത്രം.
  • Harikumaran Sadanam ‎""ഉണ്ണിടെ അനിയത്തി കുട്ട്യേ ഞാന്‍ കൊണ്ടോവാ"" ""വേണ്ട അവളെ എനിക്ക് വേണം'''" "പറ്റില്ല അന്യത്ത്യെ എനിക്ക് കൊണ്ടോണം'' ""എന്നാലേ വാസന്തി അമ്മായ്യോടെയ്‌ ഒരു കുട്ട്യേ പ്രസവിക്കാന്‍ പറഞ്ഞോളോ''എന്നിത്തരം സംഭാഷണങ്ങളെ അനുസ്മരിപ്പിക്കും വിധം കുശലവന്മാരെ പരീക്ഷിക്കാനും പരിശോധിക്കാനും ഹനുമാന്‍ ചെയ്യുന്ന ഒരു "'ഭീര്''എടുപ്പിക്കലാണ് ഈ അഷ്ടകലാശത്തിന്റെ സ്പിരിറ്റ് .ഓരോ കലാശം കഴിയുമ്പോഴും തന്റെ സ്വാമിയുടെ പുത്രന്മാര്‍ ഇത്രക്കും സാമര്ത്ഹ്യ മുള്ളവര്‍ ആണല്ലോ എന്ന് ദ്യോതിപ്പിക്കും വിധമാണ് അദ്ദേഹം അത് ചെയ്യാറ്.ഇവിടെ ആഷ്ടകലാശം '''കലാശം'' അല്ല മറിച്ചു കഥകളി ഉടെ ആശയവിനിമയോപാധി ആണ്.((അനുഭാവം))..ഒരു ജനറല്‍ നോളെജിന്റെ പരീക്ഷണം പോലെ.പിന്നെ ...ഹനുമാന് ഭീമ സെനനെ കാണുമ്പോള്‍ ആനന്ദം ഉണ്ടാവാന്‍ പാടില്ല എന്നാണോ ഉദ്ദേശിക്കുന്നത്?ലക്ഷ്മണന് ആധ്യാത്മിക ഉപദേശം കൊടുത്ത രാമന്‍ പിന്നീട് ഭൌതിക ലോകത്തെക്ക് വരികയും ''സീതേ സീതേ'' എന്ന് വീണ്ടും കരയാന്‍ തുടങ്ങി എന്നും മറ്റുമുള്ള വരികള്‍ രാമായണത്തില്‍ ഉണ്ടല്ലോ..
  • Sunil Kumar ഞാനും ഏകദേശം അങ്ങനെ തന്നെ ഊഹിച്ച് ഹരികുമാരൻ സർ. അല്ലാതെ യുക്തിക്ക് നിരക്കില്ലല്ലൊ. യുക്തി ഇല്ലാതെ ആശാൻ ചെയ്യുകയുമില്ലല്ലൊ. അതിനർത്ഥം ആശാൻ അഷ്ടകലാശത്തെ വെറുമൊരു ആനന്ദനൃത്തമായി നിർത്താതെ പലഭാവങ്ങൾക്കും സന്ദർഭങ്ങൾക്കുമായി ഉപയോഗിച്ചു എന്നാണ്. അല്ലെ? ഗ്രേറ്റ്.... (എന്റെയൊക്കെ മനസ്സിൽ പതിഞ്ഞ അഷ്ടകലാശം=ആനന്ദ നൃത്തം എന്ന ഇക്വേഷൻ ആണ് പൊളിയുന്നത്.. അതിൽ തെറ്റില്ല തന്നെ)
  • Harikumaran Sadanam അതെ സുനില്‍ പുതിയ കണ്ടു പിടുത്തങ്ങള്‍ ഉണ്ടാകുമ്പോള്‍ പുതിയ ടെഫനിഷന്‍സ്‌ ഉണ്ടാകുമാല്ല്ലോ ...പുതിയ സോഫ്റ്റ്‌ വേര്‍ പഴയ കമ്പ്യൂട്ടറില്‍ കയറാത്ത പ്രശ്നം ആണ്.

https://www.facebook.com/groups/kathakali/permalink/443747765646511/