തോന്നയ്ക്കൽ പീതാംബരൻ

Thonnakkal Peethambaran

തിരുവനന്തപുരം ജില്ലയിലെ ചിറയൻകീഴ് താലൂക്കിലുള്ള തോന്നക്കൽ വിളയിൽ വീട്ടിൽ പി. രാമകൃഷ്ണൻ വൈദ്യൻ, ജി. തങ്കമ്മ ദമ്പതികളുടെ മകനായി 1939 ഡിസംബർ 2 ന് തോന്നയ്ക്കൽ പീതാംബരൻ ജനിച്ചു.

പിരപ്പൻകോട് കുഞ്ഞൻപിള്ള എന്ന ആശാനാണ് കച്ചയും മെഴുക്കും കൊടുത്ത് അഭ്യസിപ്പിച്ച ആദ്യ ഗുരുനാഥൻ. ഓയൂർ കൊച്ചുഗോവിന്ദപ്പിള്ളയുടെ ശിക്ഷണത്തിലും കുറച്ചു നാൾ അഭ്യസിച്ചു. അതിനു ശേഷം തൃപ്പൂണിത്തുറ ആർ.എൽ.വിയിൽ ചേർന്നു.

കലാമണ്ഡലം കൃഷ്ണൻ നായർ അവിടെ സേവനമനുഷ്ഠിക്കുന്ന അവസരത്തിലാണ് പീതാംബരൻ അവിടെ ചേരുന്നത്. കഥകളി നടൻ എന്ന നിലയിൽ അദ്ദേഹം കൈവരിച്ച നേട്ടങ്ങൾ കൃഷ്ണൻ നായരുടെ ആത്മാർത്ഥമായ ശിക്ഷണത്തിലൂടെ നേടിയിട്ടുള്ളതാണ്. കൃഷ്ണൻ നായരാശാന്റെ പല സിദ്ധികളും അദ്ദേഹത്തിന് കിട്ടിയിട്ടുണ്ട്.

പച്ചവേഷങ്ങളും കത്തിവേഷങ്ങളും ഒരുപോലെ ഭംഗിയായി അവതരിപ്പിക്കാൻ വൈഭവമേറെയുണ്ട്. ദുര്യോധനവധം, ഉത്തരാസ്വയംവരം, നിഴൽക്കുത്ത് എന്നീ കഥകളിലെ ദുര്യോധനൻ, കീചകൻ, രാവണൻ തുടങ്ങിയ കത്തിവേഷങ്ങൾ പ്രസിദ്ധമാണ്. അദ്ദേഹത്തിന്റെ മറ്റൊരു പ്രസിദ്ധമായ വേഷമാണ് രൌദ്രഭീമൻ. അതുപോലെ അദ്ദേഹത്തിൻറെ വളരെ പ്രധാനപ്പെട്ട ഒരു വേഷമാണ് കചൻ. നിഴൽക്കുത്തിലെ ഭാരതമലയൻ, കിരാതത്തിൽ കാട്ടാളൻ തുടങ്ങിയ കരി വേഷങ്ങളും പീതാംബരന്റെ കൈകളിൽ ഭദ്രമാണ്.

നിഴൽക്കുത്തിൽ ദുര്യോധനനായി അദ്ദേഹം ആദ്യമായി വേഷം കെട്ടിയത് കൊട്ടാരക്കര ക്ഷേത്രത്തിൽ വെച്ചാണ്. പ്രസിദ്ധ കഥകളി നടനായിരുന്ന ചെന്നിത്തല ചെല്ലപ്പൻ പിള്ളയുടെ നിർബന്ധവും, അദ്ദേഹം പകർന്നുകൊടുത്ത ആത്മബലവുമാണ് അന്ന് ദുര്യോധന വേഷം കെട്ടാൻ ധൈര്യം നൽകിയതെന്ന് പീതാംബരൻ അനുസ്മരിച്ചിട്ടുണ്ട്.

2012 ലെ ചെന്നിത്തല ചെല്ലപ്പൻപിള്ള പുരസ്കാരം തോന്നയ്ക്കൽ പീതാംബരനു നല്കി ആദരിക്കുകയുണ്ടായി.

പൂർണ്ണ നാമം: 
തോന്നയ്ക്കൽ പീതാംബരൻ
വിഭാഗം: 
ജനന തീയ്യതി: 
Saturday, December 2, 1939
ഗുരു: 
പിരപ്പൻകോട് കുഞ്ഞൻപിള്ള
ഓയൂർ കൊച്ചുഗോവിന്ദപ്പിള്ള
കലാമണ്ഡലം കൃഷ്ണൻ നായർ
കളിയോഗം: 
ആർ. എൽ. വി. തൃപ്പൂണിത്തുറ
മുഖ്യവേഷങ്ങൾ: 
പച്ച
കത്തി
കരി
പുരസ്കാരങ്ങൾ: 
ചെന്നിത്തല ചെല്ലപ്പൻപിള്ള പുരസ്കാരം (2012)
വിലാസം: 
നിഷധം
കൊട്ടിയം - പി.ഓ.
കൊല്ലം

Comments

C.Ambujakshan Nair's picture

ശ്രീ. തോന്നക്കൽ പീതാംബരൻ കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ്‌ (2011), കേരള സംഗീത നാടക അക്കാദമി അവാർഡ് (2003) നേടിയിട്ടുണ്ട്.
 
കലാമണ്ഡലം നടത്തിയ നൂറ് കഥകളി അരങ്ങുകളുടെ സമാപനം കൊല്ലം ജില്ലയിൽ 2009, ഫെബ്രുവരിയിൽ നടന്നപ്പോൾ മൂന്നു ദിവസങ്ങളായി അവതരിപ്പിച്ച നളചരിതം കഥയുടെ സമാപ്തിയിൽ പങ്കെടുക്കുവാൻ വിധി ശ്രീ. തോന്നക്കൽ പീതാംബരനെ തേടിയെത്തി. നളചരിതം നാലാംദിവസത്തിൽ ബാഹുകവേഷത്തിന് ക്ഷണിക്കപ്പെട്ട നടന് ശാരീരികമായി അസ്വസ്ഥത ഉണ്ടാവുകയും അപ്പോൾ സംഘാടകർ ശ്രീ. പീതാംബരനെ  തേടി അദ്ദേഹത്തിൻറെ  ഗൃഹത്തിൽ എത്തുകയുമാണ് ഉണ്ടായത്. തന്റെ ഗുരുനാഥനായ പത്മശ്രീ. കലാമണ്ഡലം കൃഷ്ണൻ നായരാശാന്റെ അനുഗ്രഹമാണ് ഈ ക്ഷണം എന്ന് ഉറച്ചു വിശ്വസിച്ചു കൊണ്ട് ബാഹുകനെ അവതരിപ്പിച്ച് നൂറരങ്ങിനു അദ്ദേഹം സമാപ്തി ചെയ്തു.

ശ്രീ. തോന്നയ്ക്കൽ പീതാംബരൻ അവർകളുടെ കർണ്ണൻ, നളൻ, മലയൻ, ദുര്യോധനൻ, രാവണൻ, തുടങ്ങിയ ധാരാളം വേഷങ്ങൾ കാണുവാൻ അവസരം ലഭിച്ചിട്ടുണ്ട്.
കൊല്ലം ജില്ലാ കഥകളി ക്ലബ്ബു ആൻഡ്‌ ട്രൂപ് രൂപീകരിച്ച് കേരളത്തിലെ എല്ലാ കഥകളി കലാകാരന്മാർക്കും പങ്കെടുക്കുവാൻ അവസരം സൃഷ്ടിച്ചു കൊടുക്കുന്നതിൽ ശ്രീ. പീതാംബരൻ അവർകളുടെ പങ്ക് സ്മരണീയമാണ്.
http://sangeetnatak.gov.in/sna-awards-2011/sna-awards-2011-schedule-1210...

തോ ന്നക്കൾ പീതംബാരനും തലവടി അരവിന്ദനും RLV യിൽ സഹാപടികളയിരുന്നു തലവടി അരവിന്ദനെ vaikom കരുണാകരന പഠിപ്പിച്ചിട്ടുണ്ട് ,അതെന്ദെന്നരിയില്ല തോന്നക്കൽ പീതംബാരനെ vaikom കരുണാകരന പഠിപ്പിച്ചിട്ടില്ലേ .