മുദ്രാപീഡിയയുടെ രണ്ടാം പാദം
കഥകളി ഊമക്കളിയാണ് എന്ന പരിഹാസം പണ്ടു മുതല്‍ക്കേ ഉണ്ട്. നടന് വാചികമില്ലാത്തതിനാല്‍ അഭിനയത്തിന്റെ രസനീയതയ്ക്ക് ഭംഗം വരുന്നു എന്നതായിരിക്കാം ഒരു പക്ഷേ ഈ വിമര്‍ശനത്തിന്റെ ആന്തരാര്‍ത്ഥം. അതെന്തായാലും ആധുനിക കഥകളിയുടെ ശരീരപ്രാധാന്യത്തെപ്പറ്റി ഇന്ന് ഏറെക്കുറെ ഒട്ടു മിക്ക തീയ്യറ്റര്‍ വക്താക്കള്‍ക്കും അറിയാം. സര്‍വ്വസാധാരണമായ പ്രമേയാംശങ്ങള്‍ സവിശേഷമായ ശരീരഭാഷയിലൂടെ അവതരിപ്പിക്കുന്ന കഥകളിയുടെ സൌന്ദര്യം ഏറെ പ്രകീര്‍ത്തിക്കപ്പെട്ടിട്ടുള്ളതാണ്.
ആ ശരീരഭാഷയിലെ പരമപ്രധാന അംഗമാകുന്നു ഹസ്തമുദ്രകള്‍. പിന്നണിയില്‍ സംഗീതരൂപത്തിലുള്ള വാചികമുണ്ടെങ്കിലും ഇല്ലെങ്കിലും നടന്‍ സംസാരിക്കുന്ന ഭാഷ മുദ്രകളുടേതാണ്. അതിനാല്‍ മുദ്രകള്‍ അറിഞ്ഞിരിക്കുക എന്നത് ആസ്വാദകനെ സംബന്ധിച്ചിടത്തോളം പ്രാഥമികമായ ആവശ്യമായി വരുന്നു. ഈ വസ്തുത മനസ്സിലാക്കിയാണ്, കഥകളിയുടെ സങ്കേതവിവരങ്ങള്‍ സാര്‍വത്രികമായി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന കഥകളി.ഇന്‍ഫൊ, അതിന്റെ ആദ്യ പടിയായി മുദ്രകളുടെ സര്‍വ്വവിജ്ഞാനകോശം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത്. പ്രിയത്തേക്കാള്‍ ഹിതകരമായ ഈ സംരംഭത്തില്‍ തിരനോട്ടത്തിന്റെ സമയോചിതമായ പങ്കാളിത്തവും എടുത്തു പറയേണ്ടതാണ്.
"മുദ്രാപീഡിയ" എന്നാണ് ഈ വിജ്ഞാനകോശത്തിന്റെ പേര്. തിരനോട്ടവുമായി ഒരുമിച്ച് ചേര്‍ന്ന്, സഹൃദയ പങ്കാളിത്തത്തോടെയാണ് മുദ്രാപീഡിയ കഥകളി.ഇന്‍ഫൊ നിര്‍മ്മിച്ചു കൊണ്ടിരിക്കുന്നത്. അതിന്റെ ആദ്യ ഘട്ട ഷൂട്ടിങ്ങ് ഇക്കഴിഞ്ഞ 2011 ഡിസംബറില്‍ കാറല്‍മണ്ണയില്‍ വെച്ച് നടന്നു. ആദ്യ ഘട്ടത്തില്‍ കലാമണ്ഡലത്തിലെ വടക്കന്‍/തെക്കന്‍ ചിട്ടകളിലുള്ള മുദ്രകളാണ് ചിത്രീകരിച്ചത്. ഫേസ്ബുക്ക് "കഥകളി" ഗ്രൂപ്പില്‍ നിന്നും നെറ്റിലെ മറ്റിടങ്ങളും നിന്നും കലാസ്നേഹികളീല്‍ നിന്നു ലഭിച്ച അകമഴിഞ്ഞ പിന്തുണയാണ് ആദ്യ ഘട്ടം സഫലമായി മുഴുമിക്കാന്‍ കാരണമായത് എന്ന് കൃതജ്ഞതയോടെ ഓര്‍മ്മിക്കട്ടെ.
രണ്ടാം പാദത്തിലേക്ക് കടക്കുമ്പോള്‍ കഥകളിയിലെ രണ്ടു സവിശേഷ മാര്‍ഗ്ഗങ്ങളാണ് മുദ്രാപീഡിയയില്‍ ചിത്രീകരിക്കാന്‍ വിചാരിക്കുന്നത് - കീഴ്പടം ശൈലിയും, കോട്ടക്കല്‍ ശൈലിയും. കീഴ്പ്പടം കളരിയില്‍ ഏകദേശം നൂറോളം മുദ്രകള്‍ വ്യത്യസ്തമായവയാണ്. കോട്ടക്കലെ കളരിയില്‍ ഏകദേശം മുപ്പതോളം മുദ്രകള്‍ തനതു പ്രാധാന്യം അര്‍ഹിക്കുന്നു. ഇതു കൂടാതെ സദനം ബാലകൃഷ്ണന്‍ ആശാന്‍ അഭ്യസിച്ച കല്ലടിക്കോടന്റെയും ചില മുദ്രകള്‍ വരുന്നുണ്ട്. ചുവട്ടില്‍ കാണിച്ചിരിക്കുന്ന പട്ടികയില്‍ രണ്ടു പാദങ്ങളിലും ചിത്രീകരിക്കുന്ന കളരികളുടേയും കലാകാരന്‍മാരുടേയും ഒരു ഏകദേശ ചിത്രം ലഭ്യമാകും.
മുദ്രാപീഡിയ ഘട്ടങ്ങള്‍ |
||||
---|---|---|---|---|
ഘട്ടം |
കളരി |
ആചാര്യന്‍ |
കലാകാരന്‍ |
തിയ്യതി |
1 |
കലാമണ്ഡലം വടക്കന്‍, കലാമണ്ഡലം തെക്കന്‍ |
പദ്മഭൂഷണ്‍ മടവൂര്‍ വാസുദേവന്‍ നായര്‍, കലാമണ്ഡലം വാസുപ്പിഷാരടി |
ഏറ്റുമാനൂര്‍ പി കണ്ണന്‍, കലാ. പ്രദീപ് കുമാര്‍, കലാ. രവികുമാര്‍, കലാ. ഷണ്മുഖദാസ് |
2011 ഡിസംബര്‍ 21, 22, 23 |
2 |
കീഴ്പ്പടം, കോട്ടക്കല്‍, കല്ലടിക്കോടന്‍ |
സദനം ബാലകൃഷ്ണന്‍, കോട്ടക്കല്‍ ചന്ദ്രശേഖര വാര്യര്‍ |
സദനം നരിപ്പറ്റ നാരായണന്‍ നമ്പൂതിരി, കോട്ടക്കല്‍ കേശവന്‍, സദനം ഭാസി |
2012 ഏപ്രില്‍ 16 |
രണ്ടാം പാദം കൂടി പിന്നിടുമ്പോള്‍ മുദ്രാപീഡിയ ഏറെക്കുറെ സമഗ്രത കൈവരിക്കുന്നു. ഇനി ബാക്കിയുള്ള കളരികളില്‍ ഒന്നുകില്‍ സവിശേഷമായ മുദ്രകള്‍ കുറവാണ്, അല്ലെങ്കില്‍ അവയെക്കുറിച്ച് ആധികാരികമായി പറഞ്ഞുതരാന്‍ ഇന്ന് ആരും ജീവിച്ചിരിപ്പില്ല. എന്തായാലും തുടര്‍ന്നു വരുന്ന പാദങ്ങളില്‍ അവയും ആവുന്ന പോലെ ചിത്രീകരിക്കാന്‍ തന്നെയാണ് പദ്ധതി.
ഈ വരുന്ന ഏപ്രില്‍ 16ന് ജനകീയപങ്കാളിത്തത്തോടു കൂടി ആണ് ഷൂട്ടിങ്ങ് പദ്ധതിയിട്ടിട്ടുള്ളത്. ഇത് പൊതു പ്രദര്‍ശനമായല്ല ചെയ്യുന്നതെങ്കിലും, സഹൃദയര്‍ക്ക് ഷൂട്ടിങ്ങ് വന്നു കാണാവുന്നതാണ്. കഴിഞ്ഞ പാദത്തിലെ ഷൂട്ടിങ്ങ് കണ്ടവര്‍ക്ക് അതൊരു നല്ല അനുഭവമായി തോന്നിയിട്ടുണ്ടാകാം. ഓരോ മുദ്രയും അഭിനയിക്കുന്നത് കളരിയോട് അടുത്ത് നില്‍ക്കുന്ന പ്രക്രിയയിലൂടെയാണ്. അതു കൊണ്ട് തന്നെ മുദ്രയുടേയും കഥകളിയുടെ ശരീരഭാഷയുടെയും സൌന്ദര്യം അടുത്തറിയാനുള്ള ഒരവസരമാകും ഷൂട്ടിങ്ങ്, മറന്നു പോയ മുദ്രകള്‍ ഓര്‍മ്മിക്കുന്നതിന്നും.
മുദ്രകളെ കൂടാതെ കീഴ്പടം വഴിയിലുള്ള പ്രധാനപ്പെട്ട കലാശങ്ങളും ചിത്രീകരിക്കുന്നുണ്ട് 16ന്. 15ന് ഇതിന്റെ റിഹേഴ്സലും ഉണ്ടായിരിക്കും. അതും സഹൃദയര്‍ക്ക് കാണാന്‍ വരാവുന്നതാണ്.
മുദ്രകളെ പരിചയപ്പെടാന്‍ അവസരമൊരുക്കിയും, മുദ്രകളെക്കുറിച്ച് അറിയുന്നവര്‍ വിട്ടു പോയ മുദ്രകള്‍ പറഞ്ഞു തന്നും, തിരുത്തിയും, നിരന്തരം നവീകരിക്കപ്പെടുന്ന ഒരു വിജ്ഞാനകോശമായാണ് മുദ്രാപീഡിയ നിര്‍മ്മിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്. ഈ സംരംഭത്തില്‍ പങ്കാളികളാകാന്‍ എല്ലാ കലാസ്നേഹികളേയും ഈ വരുന്ന 16ന് കാറല്‍മണ്ണയിലേക്ക് ക്ഷണിച്ചു കൊള്ളുന്നു.