കണ്ണിണക്കാനന്ദം

രാഗം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 

യമിനാം പ്രവര: കദാപി പുണ്യാം
യമുനാം സ്നാതുമനാ ഗത: പ്രഭാതേ
അമനാക്കമനീയതാം തദീയാം
പ്രമനാ വീക്ഷ്യ സ വിസ്മയം ജഗാഹേ.  
 
പല്ലവി
കണ്ണിണക്കാനന്ദം നല്‍കീടുന്നൂ പാരം
കാളിന്ദീനദി സാമ്പ്രതം
അനുപല്ലവി
എണ്ണമറ്റുള്ള നല്ലോരേതല്‍ ഗുണങ്ങളെല്ലാം
വര്‍ണ്ണിപ്പാനാവതല്ല കുണ്ഡലീശനു പോലും
ചരണം 1
ഞാനെന്നുടലിലഭിമാനം വെടിഞ്ഞു പര-
മാനന്ദാകാരമാനസന്മാര്‍,
നാനാമുനികള്‍ വന്നു സ്നാനവും ചെയ്തുചെമ്മേ
ധ്യാനം പൂണ്ടിഹ തീരകാനനേ വാഴുന്നഹോ
ചരണം 2
നളിനങ്ങളളിവൃന്ദമിളിതങ്ങള്‍ കാന്തമാര്‍ത-
ന്നളകാഞ്ചിതാസ്യങ്ങള്‍ പോല്‍ വിളങ്ങീടുന്നു.
പുളിനങ്ങള്‍തന്നില്‍ നല്ല കളഹംസലീല കണ്ടു
കളിയല്ലേ മനതാരില്‍ വളരുന്നൂ പരിതോഷം.
ചരണം 3
ശരദിന്ദുകാന്തികോലും വരകംബുമണിയൊന്നു
അരവിന്ദപത്രം തന്നില്‍ മരുവീടുന്നു.
പരമിന്നതിനെക്കണ്ടു പെരുകുന്നൂ കൗതൂഹലം
വിരവോടിതിനെയിപ്പോള്‍ കരഗതമാക്കീടുവന്‍

അർത്ഥം: 

ഒരിക്കല്‍ യോഗിവര്യനായ അദ്ദേഹം ഒരുപ്രഭാതത്തില്‍ പുണ്യനദിയായ കാളിന്ദിയില്‍ സ്നാനം ചെയ്യാന്‍ പോയി. അതിന്റെ അളവറ്റ അഴകുകണ്ട് അദ്ദേഹം വിസ്മയാധീനനായി.

ഈ കാളിന്ദീനദി കണ്ണുകള്‍ക്ക് അളവറ്റ ആനന്ദം നല്‍കുന്നു. ഇതിന്റെ ഗുണങ്ങള്‍ വര്‍ണ്ണിപ്പാന്‍ അനന്തനുപോലും കഴിയില്ല. 'ഞാന്‍' എന്ന അഹന്തവിട്ട് ആനന്ദമാനസന്മാരായ ധാരാളം മുനികള്‍ ഇവിടെവന്ന് സ്നാനം ചെയ്ത് ഇതിന്റെ കരയിലുള്ള വനങ്ങളില്‍ ധ്യാനനിരതരായി കഴിയുന്നു. വണ്ടുകളിരിക്കുന്ന താമരപ്പൂക്കള്‍ കണ്ടാല്‍ സുന്ദരിമാരുടെ കുറുനിരകളോടുകൂടിയ മുഖങ്ങള്‍ പോലെ തോന്നുന്നു. മണല്‍ത്തിട്ടകളില്‍ ഹംസങ്ങളുടെ കളികള്‍ കണ്ട് മനസ്സില്‍ സന്തോഷം വളരുന്നു. ശരത്കാലചന്ദ്രനെപ്പോലെ ശോഭയുള്ള ഓരു ശംഖ് അതാ താമരയിലയില്‍ ഇരിക്കുന്നു. അതുകണ്ടിട്ട് വളരെ കൗതുകം തോന്നുന്നു. അതിനെ കൈക്കലാക്കാം.