അനന്ത ജന്മാര്‍ജ്ജിതമാം

രാഗം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 

പങ്കം പോക്കുന്ന കാളിന്ദിയില്‍ മുഴുകി മുദാ പത്മപത്രേ വിളങ്ങും
ശംഖം തന്‍ കൈക്കലാക്കുന്നളവിലതുമഹോ കന്യകാരത്നമായീ
ശങ്കിച്ചൂ ശങ്കരസ്യ പ്രണയിനി മകളായ് വന്നു ഭാഗ്യാലെനിക്കെ-
ന്നങ്കേ ചേര്‍ത്തിട്ടു പത്ന്യാ പ്രണയപരവശന്‍ ദക്ഷനിത്ഥം ബഭാഷേ

പല്ലവി

അനന്തജന്മാര്‍ജ്ജിതമാം അസ്മല്‍ പുണ്യഫലം
അനവദ്യകന്യാരൂപം കാണ്‍ക നീ
അനുപല്ലവി

മനംതന്നില്‍ കൃപയില്ലേ സ്തനമെന്തേ നല്കീടാത്തൂ?
മഹിളാമാന്യേ അതിധന്യേ
ചരണം 1

വിധി തന്ന നിധിയാമീ നന്ദിനി മേലില്‍
വിവിധ കാമം തരുവാന്‍ നന്ദിനി
വിധിവിലാസം നമുക്കു നന്നിനി,യിവള്‍
വിധുമുഖി സര്‍വ്വലോകാനന്ദിനി ഹേ ജായേ

അർത്ഥം: 

പാപമകറ്റുന്ന കാളിന്ദിയില്‍ മുങ്ങി, താമരയിലയില്‍ ശോഭിക്കുന്ന ശംഖ് കൈക്കലാക്കിയപ്പോള്‍ അതൊരു കന്യകാരത്നമായി. ശ്രീപരമേശ്വരന്റെ പത്നിയാകാന്‍ പോകുന്നവള്‍ ഭാഗ്യംകൊണ്ട് തനിക്ക് പുത്രിയായി ലഭിച്ചു എന്നുകരുതി ശിശുവിനെ മടിയില്‍ ചേര്‍ത്ത് പത്നിയോട് ദക്ഷന്‍ ഇപ്രകാരം പറഞ്ഞു.

അനേകജന്മങ്ങളെക്കൊണ്ടു നേടിയ നമ്മുടെ പുണ്യഫലം കന്യാരൂപത്തില്‍ നീ കണ്ടാലും. സ്ത്രീകളില്‍ ശ്രേഷ്ഠയായവളേ, ധന്യേ, നിനക്കു മനസ്സില്‍ അനുകമ്പയില്ലേ,? എന്താണ്  മുലകൊടുക്കാത്തത്? ഈശ്വരന്‍ തന്ന നിധിയായ ഈ പുത്രി, വിവിധ ആഗ്രഹങ്ങള്‍ സാധിച്ചു തരുന്ന നന്ദിനിയാണ്. ഈശ്വരേച്ഛ ഇനി നമുക്കനുകൂലമാണ്. ഈ സുന്ദരി സകലലോകത്തേയും ആനന്ദിപ്പിക്കുന്നവളാണ്.
 

അനുബന്ധ വിവരം: 

ദക്ഷവസതി