കണ്ടാലതി സുന്ദരിയാകും

രാഗം: 
താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 

മരാളകന്യാമിവ മാനസം ഗതാ-
മരാളകേശീമവലോക്യ താം സതീം
കരാളദംഷ്ട്രോ ദനുജോപി ജാതുചല്‍
സ്മരാളസാത്മാ മനസൈവമബ്രവീത്

കണ്ടാലതി സുന്ദരിയാകും കന്യാമണിയാരിവള്‍ ഭുവനേ?
തണ്ടാര്‍മകളിവളുടെ കാന്ത്യാ രണ്ടാമവളെന്നതു മന്യേ
പൂമെയ് മരവുരിയും ജടയും പൂണ്ടെങ്കിലുമതിരമണീയം
താമര ശൈവലസംഗോപി സാമോദം വിലസുന്നല്ലോ
ഏതാദൃശമായ വയസ്സും ഇവള്‍തന്റെ തപസ്സും കണ്ടാല്‍
ചേതസ്സിലൊരുത്തനെ വരനായി ചിന്തിച്ചീടുന്നതു നൂനം

 ഭാഗ്യവിലാസം കൊണ്ടെന്റെ ഭാര്യയായീടുവാന്‍
യോഗ്യയാമിവളെയിന്നു കൈക്കലാക്കീടുന്നേന്‍
 

അർത്ഥം: 

മാനസസരസ്സില്‍ ഇറങ്ങിയ അരയന്നത്തെപ്പോലെയുള്ള, ചുരുണ്ട മുടിയോടുകൂടിയവളായ ആ സതിയെ കണ്ടിട്ട് കാമപരവശനായ കരാളദംഷ്ട്രന്‍ എന്ന അസുരന്‍ മനസ്സില്‍ ഇങ്ങിനെ പറഞ്ഞു.

കണ്ടാല്‍ അതിസുന്ദരിയായ ഇവള്‍ ആരാണ്? ഇവളുടെ കാന്തി മൂലം ലക്ഷ്മീദേവി രണ്ടാം സ്ഥാനക്കാരിയാണ് എന്നുകരുതാം. ഇവളുടെ പൂമെയ് മരവുരിയും ജടയും അണിഞ്ഞതെങ്കിലും അതിരമണീയമാണ്. പായല്‍ ചേര്‍ന്നാലും താമര നല്ലപോലെ വിലസുമല്ലോ. ഇവളുടെ പ്രായവും തപസ്സും കണ്ടിട്ട് മനസ്സില്‍ ഒരുത്തനെ വരനായി ചിന്തിക്കുന്നുണ്ടെന്ന് ഉറപ്പാണ്.   ഭാഗ്യംകൊണ്ട് എന്റെ ഭാര്യയാവാന്‍ യോഗ്യതയുള്ള ഇവളെ കൈക്കലാക്കാം