ഹന്ത ദൈവമേ

ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 

 ശ്ലോകം
തിരോഹിതേ ദ്രാഗമൃതാത്മനീശ്വരേ
വിയോഗ താപാദഥ വിഹ്വലാ സതി
വിഹായ സാ മോദവിലാസമാസ്ഥിതാ
കുമുദ്വതീവാളികുലാകുലേക്ഷിതാ

ചരണം 1
ഹന്ത ദൈവമേ എന്തുഞാന്‍ ചെയ്‌വൂ
 ഹന്ത ദൈവമേ
അന്തരാര്‍ത്തി മമ നല്‍കിയീവണ്ണം
ബന്ധുരാംഗനവനെങ്ങു മറഞ്ഞു?
ചരണം 2
മല്‍പ്രിയന്നു ഞാന്‍ ചെയ്തില്ല ചെറ്റുമപ്രിയമയ്യോ
തല്‍പ്രസാദമിഹ വരുവാന്‍ ചെയ്തൊരു
മല്‍പ്രയാസഫലമിങ്ങനെ തീര്‍ന്നു
പ്രാണവല്ലഭന്‍ ചെയ്യുമ്പോളെന്റെ പാണിപീഡനം
നാണമാര്‍ന്നു നതമുഖിയായ്‌ നിന്നതിനാലെ
കോപമവനുള്ളിലുദിച്ചോ
ചരണം 3
ദേവദേവനാം നീലകണ്ഠന്റെ സേവയിലെന്യേ
കേവലം കുതുകമൊന്നിലുമില്ലിഹ
ഖേദഹാനി വരുമതിനാലിനിയും
പല്ലവി
പാലയാശുമാം ഫാലലോചന, പാലയാശുമാം

അർത്ഥം: 

അമൃതാത്മാവായ ഈശ്വരന്‍ പെട്ടെന്ന് മറഞ്ഞപ്പോള്‍ വിരഹതാപത്താല്‍ പരവശയായി, വണ്ടുകളാകുന്ന സഖിമാരാല്‍ ദുഃഖത്തോടെ വീക്ഷിക്കപ്പെടുന്ന ആമ്പല്‍പൊയ്ക പോലെ, സന്തോഷം വെടിഞ്ഞവളായിത്തീര്‍ന്നു.

കഷ്ടം! ദൈവമേ ഞാന്‍ എന്തുചെയ്യും? മനസ്സില്‍ ആധി നല്‍കിക്കൊണ്ട് ആ സുന്ദരശരീരന്‍ എങ്ങോട്ട് മറഞ്ഞു. എന്റെ പ്രിയതമന് അല്പം പോലും അപ്രിയം ഞാന്‍ ചെയ്തിട്ടില്ല. അദ്ദേഹത്തിന്‍റെ സന്തോഷം കിട്ടാന്‍ വേണ്ടി ഞാന്‍ ചെയ്ത പ്രയത്നത്തിന്റെ  ഫലം ഇങ്ങിനെ ആയല്ലോ. പ്രാണവല്ലഭന്‍ പാണിഗ്രഹണം ചെയ്യുമ്പോള്‍ ലജ്ജകൊണ്ട് തലകുനിച്ചുനിന്നതിനാല്‍ അദ്ദേഹത്തിന് കോപം വന്നോ? ദേവന്മാരുടെ ദേവനായ നീലകണ്ഠന്റെ സേവയല്ലാതെ മറ്റൊന്നിലും എനിക്ക് സന്തോഷം ഇല്ല. അതുകൊണ്ട് എന്റെ ദു:ഖത്തിന് അറുതി വരും. അല്ലയോ ഫാലലോചനാ രക്ഷിച്ചാലും.

അനുബന്ധ വിവരം: 

സതിയുടെ അന്തഃപ്പുരം