രംഗം ഒൻപത് ഹനൂമാനും ഭീമനും

ഗന്ധമാദനഗിരിയുടെ താഴ്വാരത്തിലെ വനാന്തരത്തിലൂടെ സഞ്ചരിക്കുന്ന ഭീമനെ സഹോദരനായ ഹനുമാൻ ദൂരെ നിന്നു കാണുന്നതും പരീക്ഷണാർത്ഥം വൃദ്ധവാനരരൂപം പൂണ്ട് വഴിയിൽ കിടക്കുന്നതും പരീക്ഷണാന്ത്യത്തിൽ സ്വരൂപം കൈക്കൊണ്ട് അനുജനു വിശ്വരൂപദർമ്നം നൽകി അനുഗ്രഹിച്ചു യാത്രയാക്കുന്നതുമടങ്ങുന്ന സൗഗന്ധികകഥയിലെ ഏറ്റവും നാടകീയമായ മുഹൂർത്തങ്ങൾ എല്ലാം ഈ രംഗത്തിൽ ഉള്ളടങ്ങിയിരിക്കുന്നു. താരതമ്യേന ദീർഘമായ ഈ ഒറ്റരംഗത്തിലാണ് സൗഗന്ധികത്തിലെ ആദ്യാവസാനവേഷമായ ഹനുമാന്റെ പ്രവേശം മുതൽ നിർഗമനം വരെ. രണ്ടു യുഗങ്ങളുടെ അതിർത്തികൾ കടന്ന് വന്നെത്തുന്ന സഹോദരസ്നേഹത്തിന്റെ പ്രത്യക്ഷീകരണമാണ് നാടകീയവും ഭാവോജ്വലവുമായ സന്ദർഭങ്ങളടങ്ങിയ ഈ രംഗം.