മാൻചേൽ മിഴിയാളേ
മാഞ്ചേല്‍മിഴിയാളെ നിന്നാല്‍ വാഞ്ഛിതങ്ങളായീടുന്നോ-
രഞ്ചിതസൌെഗന്ധികങ്ങള്‍ അഞ്ചാതെകൊണ്ടന്നീടാം
പല്ലവി
ചഞ്ചലാക്ഷിമാരണിയും മൌലിരത്നമേ
(അല്പം കാലം തള്ളി)
ശൈലമുകളിലെന്നാലും ശക്രലോകത്തെന്നാകിലും
(വീണ്ടും കാലം വലിഞ്ഞ്)
വേലയില്ല തവ ഹിതം വിക്രമേണ സാധിപ്പാനും
തിരശ്ശീല
മാനിന്റെ കണ്ണുകള്‍ പോലെ ഭംഗിയുള്ള കണ്ണുകളോടു കൂടിയവളേ, നിന്നാല്‍ ആഗ്രഹിക്കപ്പെട്ട സുന്ദരസൌഗന്ധികങ്ങള്‍ തമസിയാതെ കൊണ്ടുവന്നീടാം. ചലിക്കുന്ന മിഴികളുള്ളവരുടെ(സുന്ദരികളുടെ) ശിരോരത്നമേ, മലമുകളിലായാലും സ്വര്‍ഗ്ഗലോകത്തായാലും ശരി, വിക്രമംകൊണ്ട് നിന്റെ ആഗ്രഹം സാധിപ്പിക്കുവാന്‍ എനിക്ക് പ്രയാസമില്ല.
1) "ശൈലമുകളിലെന്നാലും" എന്ന ഭാഗത്തിന്റെ ഉപാംഗാഭിനയം ശ്രദ്ധേയമാണ്. പർവ്വതത്തിന്റെ ഉയരത്തെ നടൻ ശരീരഭാഷ കൊണ്ടും മുഖാഭിനയം കൊണ്ടും സാക്ഷാത്കരിക്കുന്നു. 2) പദാഭിനയത്തിനുശേഷം നടപ്പുള്ള ഒരു മനോധർമ്മം ഉണ്ട്. തുടർന്നുവരുന്ന രംഗത്തിലെ ആദ്യശ്ലോകങ്ങളിലെ കൽപ്പനകളെ ഉപജീവിച്ചുകൊണ്ടാണ് പ്രസ്തുത ആട്ടം പതിവുള്ളത്. ആട്ടം താഴെച്ചേർക്കുന്നു: ( നടന്മാരുടെ ഭാവനയനുസരിച്ച് മാറ്റങ്ങൾ വരാം) ഭീമൻ: എന്നാൽ ഞാൻ ഭവതിയ്ക്ക് ഇഷ്ടമുള്ള പൂക്കൾ കൊണ്ടുവരാൻ പോയ്ക്കൊള്ളട്ടെയോ? പാഞ്ചാലി: നിൽക്കൂ! ഭവാന് വഴിയിൽ ശത്രുക്കളെ ജയിക്കാൻ ഒരു സഹായം എന്താണ്? ഭീമൻ: (വീരഭാവത്തോടെ) ഈ ഗദ തന്നെ. പാഞ്ചാലി: ഭാവാന് പോകും വഴിയ്ക്ക് വിശപ്പും ദാഹവും തീർക്കാൻ ഉപായം എന്താണ്? ഭീമൻ: സുന്ദരിയായ ഭവതിയുടെ ചഞ്ചലവും മനോഹരവുമായിട്ടുള്ള നോട്ടം പാഥെയമായി ഉള്ളപ്പോൾ എനിയ്ക്ക് എന്തു ദാഹം! വിശപ്പ്! 3) തുടർന്ന് ഭീമൻ പാഞ്ചാലിയെ യാത്രയാക്കി വനത്തിലേക്കു പ്രവേശിക്കുകയാണ്. ഗന്ധമാദനപർവ്വതത്തിന്റെ താഴ്വാരത്തിലൂടെ കാറ്റിന്റെ ഗതിനോക്കിയുള്ള ഭീമന്റെ സഞ്ചാരം കഥകളിൽ ഒരു പ്രത്യേക നൃത്തചലനത്തോടെയാണ് പ്രകാശിപ്പിക്കുന്നത്. 4) തുടർന്ന് വനത്തിലെ ദൃശ്യങ്ങളുടെ ആട്ടമാണ്. ഇവിടെ നടന്റെ സ്വാതന്ത്ര്യമനുസരിച്ച് ഉചിതങ്ങളായ ആട്ടങ്ങൾ ചെയ്യുന്നു. സാധാരണയായി ആടുന്ന രണ്ടു ശ്ലോകങ്ങൾ ആണ് "പാഷാണപ്രകരാന്ത" "ഏതദ് ദുർഗ്ഗമ" എന്നിവ. (ശ്ലോകങ്ങളുടെവിശദവിവരങ്ങൾക്ക് ആമുഖപേജ് നോക്കുക) 5) തുടർന്ന് അജഗരകബളിതം എന്ന പേരിൽ പ്രസിദ്ധമായ ഒരു ആട്ടവും പതിവുണ്ട്. ഇത് കൂടിയാട്ടത്തിൽ നിന്ന് വന്നതാണ്. ദുർഗമമായ കാട് ഗദകൊണ്ട് അടിച്ചു തകർത്ത്, ഭീമസേനൻ യാത്രതിരിക്കുന്നതോടെ ഈ രംഗത്തിന് അവസാനമാവും.
ഗന്ധമാദനപർവ്വതം
പാഞ്ചാലീസവിധത്തിൽ നിന്നു പിരിഞ്ഞ്, ഭീമൻ ഉത്സാഹ പ്രഹർഷം നടിച്ച് ‘ ഇനി വേഗം സൗഗന്ധികപ്പൂക്കൾ കൊണ്ടുവരാനായി കാറ്റിന്റെ ഗതി നോക്കി പുറപ്പെടുക തന്നെ.’ കുറേദൂരം സഞ്ചരിച്ച് ദൂരെ സ്ഥിതിചെയ്യുന്ന ഗന്ധമാദന പർവ്വതം നെടുനീളത്തിൽ ഇരുവശത്തേക്കും വിസ്തരിച്ച് നോക്കി കാണുന്നു. (ഗന്ധമാദനപർവ്വതത്തിന്റെ താഴ്വരയിലൂടെ യാത്രതിരിക്കുന്ന ഭീമസേനൻ കാണുന്ന കാഴ്ച്ചകളുടെ വർണ്ണനയ്ക്കായി കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ വിഖ്യാത കഥകളി ആചാര്യനായ പട്ടിയ്ക്കാംതൊടി രാവുണ്ണിമേനോന് ചില ആട്ടശ്ലോകങ്ങൾ എഴുതി നൽകുകയുണ്ടായി. അവയിൽ രണ്ടെണ്ണം എന്നും സാധാരണയായി രംഗത്ത് അവതരിപ്പിച്ചുവരുന്നു.)
അജഗരകബളിതം