നൃപതേ ഞാനും
രൂക്ഷാക്ഷരൈരിതി മുഹുര്‍മ്മുഹുരാക്ഷിപന്തം
വീക്ഷന്നഥാര്‍ദ്ധവനിനിമീലിതചക്ഷുഷാ തം
പ്രക്ഷീണശക്തിരിവ വേപഥുമാന്‍ വിലക്ഷോ
ദക്ഷോപി ദീനവദുവാച തമൃക്ഷനാഥഃ
പല്ലവി
നൃപതേ ഞാനും ഉപചാരാദികള്‍ ചെയ്യാ-
ഞ്ഞതിനാലരുതു കോപം നൃപതേ
അനുപല്ലവി
ജരകൊണ്ടു നടപ്പാനും അരുതാതെ വലഞ്ഞുഞാന്‍
ചിരകാലമിഹവാഴുന്നതു ഭവാനറിഞ്ഞാലും
ചരണം 1
നരന്മാരിലൊരുവനുമിതിലൂടെ വഴി
നടപ്പാറില്ലതു വീര ധരിച്ചാലും
സുരജനപരിഭവം വരുമിഹ ചരിക്കിലോ
നരവര വിരവോടു പുരമേവ ഗമിച്ചാലും
രൂക്ഷാക്ഷരൈരിതി:
പരുഷവാക്കുകള്‍ പറഞ്ഞ് വീണ്ടും വീണ്ടും ആക്ഷേപിച്ചുകൊണ്ടിരിക്കുന്ന ഭീമനെ പകുതിയടഞ്ഞ കണ്ണുകൊണ്ട് നോക്കി ശക്തിയില്ലാത്തവനെപോലെ വിറച്ചുകൊണ്ട് ആ വാനരശ്രേഷ്ഠന്‍ പറഞ്ഞു.
നൃപതേ ഞാനും:
അല്ലയോ രാജാവേ, ഞാന്‍ ഉപചാരാദികള്‍ ചെയ്യാത്തതിനാല്‍ കോപമരുതേ. രാജാവേ, ജരകൊണ്ട് നടക്കാന്‍ വയ്യാതെ വലഞ്ഞ് ഞാന്‍ വളരെക്കാലമായി കഴിയുകയാണെന്ന് ഭവാന്‍ അറിഞ്ഞാലും. മനുഷ്യരാരും ഇതിലെ വഴിനടക്കാറില്ല എന്നതും മനസ്സിലാക്കിയാലും വീരാ. നടന്നാല്‍ ദേവന്മാര്‍ക്ക് ഇഷ്ടമാവില്ല. അതിനാല്‍ മാനുഷശ്രേഷ്ഠാ, പെട്ടന്ന് പുരത്തിലേക്ക് മടങ്ങിയാലും.
ഹനുമാന്‍ കിടന്നുകൊണ്ടുതന്നെ പദം അഭിനയിക്കുന്നു.