വാടാ പോരിന്നായി വൈകാതെ
നിശമ്യ പൌലസ്ത്യനിദേശകാരിണാം
നിശാചരാണാം രുദിതം രുഷാന്വിതഃ
രുശന്നഥ ക്രോധവശസ്സമേയിവാ-
നശാന്തധീരക്ഷ ഇവാനിലാത്മജം
വാടാ പോരിന്നായി വൈകാതെ മാനുഷാധമ
ആടലകന്നു നിശാടകുലത്തൊടു
കൂടാ നരാധമ കപടപടുത്വം
നക്തഞ്ചരരുടെ ഭുക്തിക്കുള്ളൊരു
മർത്ത്യൻ വരവിതു ചിത്രമിദാനീം
രാത്രിഞ്ചരരെയമർത്തുതിമിർത്തൊരു
മർത്ത്യ നിനക്കൊരു മൃത്യുസമൻ ഞാൻ
ചെകിടുടയും പടി ചടുലചപേടകൾ
പൊടുപോടെയാമെന്നടികളിനാലെ
ശ്ലോകം ഒന്ന്:-ഉദാരമനസ്കനായ ഭീമൻ യുദ്ധത്തിൽ എതിരാളികളെ എല്ലാം തോൽപ്പിച്ച് വീണ്ടും നല്ല പൂക്കൾ അറുത്തുകൊണ്ട് വേഗം തടാകത്തിൽ നിന്ന് കരയ്ക്ക് കയറി.
ശ്ലോകം രണ്ട്:- അതിനുശേഷം കുബേരന്റെ (പുലസ്ത്യപുത്രൻ) ആജ്ഞാനുസാരികൾ ആയ രാക്ഷസന്മാരുടെ നിലവിളിശബ്ദം കേട്ട് ദേഷ്യം വന്ന ക്രോധവശൻ (എന്ന രാക്ഷസൻ) ചീത്തവാക്കുകൾ പറഞ്ഞുകൊണ്ട് ധീരനായ അക്ഷകുമാരൻ എന്നപോലെ വായുപുത്രനായ ഭീമനെ സമീപിച്ചു.
പദം:- എടാ മനുഷ്യപ്പുഴുവേ, യുദ്ധത്തിനായി വാടാ വേഗം. നിന്റെ കള്ള സാമർത്ഥ്യം എല്ലാം ആരേയും പേടിക്കാത്ത ഞങ്ങൾ രാക്ഷസന്മാരോട് വേണ്ടാ. ഞങ്ങൾ രാക്ഷസരുടെ ഭക്ഷണസാധനമായി നീ ഇവിടെ വന്നത് ആശ്ചര്യം തന്നെ. അനവധി രാക്ഷസന്മാരെ കൊന്ന നിനക്ക് ഞാൻ മരണസമാനനാണ്. (കാലനാണ്.) ചെകിട് അടച്ച് കിട്ടുന്ന എന്റെ ചടുലമായ അടികൾ കൊണ്ട് നിന്റെ ശരീരം പൊടി പൊടിയാകും. (ചപേട എന്നാൽ, വിരലുകൾ നിവർത്തി പിടിച്ച് കൈപ്പടം കൊണ്ട് ഉള്ള അടിയാണ്. വിരൽ മടക്കി കയ്യും ചുരുട്ടി ഇടിയ്ക്കുന്നത് മുഷ്ടിയും.)