താപസേന്ദ്ര കേള്‍ക്ക
ഇത്യുക്ത്വാ ഗതവതി താപസേ ദധീചൌ
ബുദ്ധ്വൈതല്‍ കലഹപരായണോ മുനീന്ദ്രഃ
കൈലാസം ഗിരിമഥ നാരദഃ പ്രപേദേ
കാലാരിര്‍മ്മുദിതമനാ ജഗാദ ചൈനം.
പല്ലവി
താപസേന്ദ്ര! കേള്‍ക്ക മേ ഗിരം
താപസേന്ദ്ര! കേള്‍ക്ക മേ
ചരണം
എന്തുവിശേഷങ്ങളുള്ളൂ ജഗത്രയേ?
ഇന്നു ഭവാനറിയാതെയില്ലൊന്നുമേ
ഹന്ത! തവാഗമം ചിന്തിച്ചു വാഴുമ്പോള്‍
അന്തികേ വന്നതും സന്തോഷമായി മേ.
ദധീചി മഹര്‍ഷി ഇപ്രകാരം പറഞ്ഞ് പോയപ്പോള്‍ , കലഹതല്‍പ്പരനായ നാരദമഹര്‍ഷി ഇതറിഞ്ഞ് കൈലാസപര്‍വ്വതത്തെ പ്രാപിച്ചു. അനന്തരം ശിവന്‍ സന്തുഷ്ടഹൃദയനായിട്ട് ഈ നാരദനോടു പറയുകയും ചെയ്തു.
അല്ലയോ താപസശ്രേഷ്ഠ! എന്‍റെ വാക്കുകള്‍ കേട്ടാലും. മൂന്ന് ലോകങ്ങളിലും എന്താണ് വിശേഷങ്ങള്‍ ? അങ്ങ് അറിയാതെ യാതൊന്നും ഇല്ലല്ലൊ. അങ്ങയുടെ വരവ് പ്രതീക്ഷിച്ചുകൊണ്ടിരിക്കുമ്പോള്‍ സമീപത്തില്‍ വന്നത് എനിക്ക് സന്തോഷമായി.