യാഗശാലയില്‍ നിന്നു പോക

രാഗം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 

യജ്ഞാലോകനകൌതുകാല്‍ സ്വയമനാദൃത്യൈവ പത്യുര്‍ഗ്ഗിരം
പ്രസ്ഥായ പ്രമഥൈസ്സമം നിജപുരീമഭ്യാഗതാം താം സതീം
ദൃഷ്ട്വാ ഹൃഷ്ടസുരാംഗനാഭിരഭിതോ ജുഷ്ടാം സ ദക്ഷോധികം
രുഷ്ടോ ഘൂര്‍ണ്ണിത ദൃഷ്‌ടി നിഷ്‌ഠുരതരം വ്യാചഷ്ട ദുഷ്ടാശയ:

പല്ലവി
യാഗശാലയില്‍ നിന്നു പോക ജവാല്‍
ഭൂതേശദയിതേ !
യാഗശാലയില്‍ നിന്നു പോക ജവാല്‍ .
അനുപല്ലവി
ആഗമിപ്പതിനാരു ചൊന്നതു
ഹന്ത, നിന്നൊടു കുടില ശീലേ !
ചരണം 1
പ്രീതി നിന്നിലെനിക്കു നഹി, ഗത-
നീതിയാം തവ പതിയിയില്‍ നിന്നൊരു
ഭീതി തെല്ലുമതില്ല നിന്നുടെ
താതനും ഞാനല്ല സമ്പ്രതി.
 

അർത്ഥം: 

യാഗം കാണുവാനുള്ള ആഗ്രഹത്താല്‍ , ഭര്‍ത്താവിന്‍റെ വാക്കിനെ വകവെക്കാതെ തന്നത്താന്‍ ശിവ ഭൃത്യന്മാരോടു കൂടി പുറപ്പെട്ട് തന്‍റെ പുരത്തില്‍ എത്തിച്ചേര്‍ന്നവളും  ദേവസ്ത്രീകളാല്‍ ചുറ്റപ്പെട്ടവളുമായ ആ സതിയെ കണ്ട് ഏറ്റവും കോപിച്ച ദുഷ്ടഹൃദയനായ ദക്ഷന്‍ കണ്ണുകള്‍ ഉരുട്ടി ഏറ്റവും ക്രൂരമായി ഇപ്രകാരം പറഞ്ഞു.

അല്ലയോ ഭൂതേശപത്നീ, നീ യാഗശാലയില്‍ നിന്ന് വേഗം പോകുക.നിന്നോട് വരുവാന്‍ ആരാണ് പറഞ്ഞത്? നിന്നില്‍ എനിക്ക് ഒട്ടും പ്രീതി ഇല്ല. മര്യാദ ഇല്ലാത്തവനായ നിന്നുടെ ഭര്‍ത്താവിനെ എനിക്ക് ഒട്ടും പേടിയില്ല. ഇനി നിന്‍റെ അച്ഛനും ഞാന്‍ അല്ല.