കാമിനിമാരേ കേള്‍പ്പിന്‍

രാഗം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 

മാകന്ദോത്കര മഞ്ജരീ മധുഝരീമത്താന്യപുഷ്ടാംഗനാ-
ചഞ്ചൂദഞ്ചിത പഞ്ചമാഞ്ചിതതരേ കേളിവനേ മോഹനേ
സ്വച്ഛന്ദം വിഹരന്‍ കദാചിദുദിതം ദൃഷ്ട്വാ വിധോര്‍മ്മണ്ഡലം
പ്രോവോചല്‍ പ്രമദാകുലോ നരപതിര്‍ന്നേദീയസീ: പ്രേയസീ:

പല്ലവി
കാമിനിമാരേ കേള്‍പ്പിന്‍ നിങ്ങള്‍ മാമകം വചനം

അനുപല്ലവി
യാമിനീകരനിതാ വിലസുന്നധികം കാമസിതാതപവാരണം പോലെ
ചരണം 1
നല്ലൊരു വാപീകാമിനിമാരുടെ നാളിനകരാഞ്ചലമതിലതിചടുലം 
മല്ലികാക്ഷാവലിയായീടുന്നൊരു മന്മഥചാമരജാലം കാണ്‍ക

ചരണം 2
മലയസമീരണനായീടുന്നൊരു മത്തഭടന്‍ പരിപാലിച്ചീടും
മലര്‍ശരന്‍തന്നുടെ ശസ്ത്രനികേതം മന്യേ കുസുമിതമുദ്യാനമിദം

ചരണം 3
വാരണഗാമിനിമാരേ കാണ്‍ക വാസന്തീ നടീനടന വിലാസം
മാരമഹോത്സവമാടീടുക നാം  മന്ദാക്ഷം ഹൃദി കരുതരുതധുനാ.

അർത്ഥം: 

തേന്‍മാവിന്‍റെ പൂങ്കുലകളില്‍ നിന്നുതിരുന്ന തേന്‍ നുകര്‍ന്നുമദിച്ച, കുയിലുകളുടെ ചുണ്ടില്‍നിന്നും ഉയരുന്ന പഞ്ചമസ്വരം കൊണ്ട് മനോഹരമായ ഉദ്യാനത്തില്‍ , ഇഷ്ടംപോലെ വിഹരിച്ചിരുന്ന വിരാടരാജാവ് ഒരിക്കല്‍ ഉദിച്ചുയരുന്ന ചന്ദ്രനെക്കണ്ട്  സന്തോഷഭരിതനായി അടുത്തുനില്‍ക്കുന്ന പത്നിമാരോടുപറഞ്ഞു.

അല്ലയോ കാമിനിമാരേ എന്‍റെ വാക്കുകള്‍ കേട്ടാലും. കാമദേവന്റെ വെണ്‍കൊറ്റക്കുട പോലെ ചന്ദ്രന്‍ ഇതാ വിലസുന്നു. തടാകമാകുന്ന സുന്ദരിയുടെ കൈകളാകുന്ന താമരയില്‍ ഏറ്റവും ഭംഗിയുള്ള അരയന്നങ്ങളെ കണ്ടാല്‍ കാമദേവന്‍റെ വെഞ്ചാമരക്കൂട്ടമാണെന്നുതോന്നും.പൂത്തുനില്‍ക്കുന്ന ഈ ഉദ്യാനം, മലയാമാരുതനാകുന്ന ഭടനാല്‍ പരിപാലിക്കപ്പെടുന്ന കാമദേവന്റെ ആയുധപ്പുരപോലെ തോന്നുന്നു. അല്ലയോ ആനകളെപ്പോലെ മനോഹരമായി നടക്കുന്നവരേ, മുല്ലവള്ളിയുടെ നടനഭംഗി കാണുവിന്‍ . നമുക്ക് കാമകേളികള്‍ ചെയ്യാം. മനസ്സില്‍ നാണം കരുതരുത്.