സ്വാഗതം തേ യതിവര

രാഗം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 

ശാന്തം കമണ്ഡലുധരം കലിതത്രിദണ്ഡം
കാഷായചേലമളികോല്ലസദൂര്‍ദ്ധ്വപുണ്ഡ്റം
ഭാന്തം സഭാന്തരഗതം സ നൃപോ നിതാന്തം
പ്രാഹ സ്മ വിസ്മിതമനാ സ്മിതപൂര്‍വ്വമേവം.

ചരണം 1
സ്വാഗതം തേ യതിവര! ഭാഗവതോത്തമ! ഭവാന്‍
ആഗമിച്ചതോര്‍ക്കില്‍ മമ ഭാഗധേയമല്ലോ.
ചരണം 2
സംഗഹീനന്‍മാരായുള്ള നിങ്ങളുടെ ദുര്‍ല്ലഭമാം
സംഗമം കൊണ്ടല്ലോ ലോകേ മംഗളം വന്നീടൂ.
ചരണം 3
ഏതൊരു ദിക്കിനെ ഭവാന്‍ പാദരേണുപാതംകൊണ്ടു
പൂതയാക്കീടുവാനിന്നു ചേതസാ കാണുന്നു?
ചരണം 4
എന്തൊരു കാംക്ഷിതംകൊണ്ടു നിന്തിരുവടിയിന്നെന്‍റെ
അന്തികേ വന്നതു ചൊല്‍ക ശാന്തിവാരിരാശേ?

അർത്ഥം: 

ആ വിരാടരാജാവ് , ശാന്തനും കമണ്ഡലു, യോഗദണ്ഡ് എന്നിവ ധരിച്ചവനും, കാഷായ വേഷ ധാരിയും, നെറ്റിയില്‍ ഗോപിക്കുറി അണിഞ്ഞവനും, വളരെയധികം ശോഭിക്കുന്നവനും, സഭയില്‍ വന്നവനുമായ അദ്ദേഹത്തോട്, വിസ്മയത്തോടെ, പുഞ്ചിരിതൂകിക്കൊണ്ട്‌, ഇങ്ങിനെ പറഞ്ഞു.

അല്ലയോ സന്യാസിവര്യ, ഭാഗവതോത്തമാ സ്വാഗതം. അങ്ങ് വന്നത് എന്‍റെ ഭാഗ്യമാണ്. ആഗ്രഹഹീനന്മാരായ അങ്ങയെപ്പോലുള്ളവരുടെ സംഗമംകൊണ്ടാണ് ലോകത്തില്‍ മംഗളം വരുന്നത്. അങ്ങയുടെ പാദരേണുക്കള്‍ കൊണ്ട് ഇന്ന് ഏത് ദിക്കിനെയാണ് ശുദ്ധീകരിക്കാന്‍ ഉദ്ദേശിക്കുന്നത്? അല്ലയോ ശാന്തിസമുദ്രമേ, എന്ത് ആഗ്രഹം കൊണ്ടാണ് അങ്ങ് എന്റെ അടുത്തു വന്നത് എന്ന് പറഞ്ഞാലും?