ഭാഗ്യപൂരവസതേ

രാഗം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 

പല്ലവി
ഭാഗ്യപൂരവസതേ! ശൃണു മമ
വാക്യമിന്നു നൃപതേ!
അനുപല്ലവി
ശ്ലാഘ്യതമ മഹീപാലകുലത്തിനു
യോഗ്യഗുണജലധേ! ശുഭാകൃതേ !
ചരണം 1
അക്ഷയകീര്‍ത്തേ! ഞാന്‍ അക്ഷക്രീഡതന്നി-
ലക്ഷമനായി മുന്നം പരപക്ഷജിതനായി,
ഭിക്ഷുവായോരോരോ ദിക്ഷു നടന്നീടുന്നു.
അക്ഷീണമോദേന നിന്നെക്കണ്ടീടുവാന്‍
ഇക്ഷണമത്ര വന്നു മഹാമതേ!
ചരണം 2
പങ്കജസംഭവ ശങ്കരാദിക്കുള്ള
സങ്കടം തീര്‍ത്തു കാമം നല്‍കും
പങ്കജലോചനന്‍ തന്‍ കൃപയാ,
ഗതശങ്കമഹം നികാമം
പങ്കഹരങ്ങളാം തീര്‍ത്ഥങ്ങളാടിനേന്‍ .
കങ്കനെന്നല്ലോ നാമം മാമധുനാ.
ചരണം 3
സത്തമന്‍മാരില്‍ വെച്ചുത്തമനാം നിന്‍റെ
പത്തനം തന്നിലഹം ചിരം
ചിത്തമോദത്തോടു വാണീടുവേ-
നതിനെത്രയുമുണ്ടു മോഹം
നിസ്തുല സൌജന്യരാശേ! നിനക്കിനി
സ്വസ്തിവരുമന്വഹമസംശയം.

അർത്ഥം: 

ഭാഗ്യത്തിന് ഇരിപ്പിടമായവനേ,   പ്രശംസിക്കത്തക്ക യോഗ്യതയോടുകൂടിയവനേ, ക്ഷത്രിയവംശത്തിനു യോഗ്യമായ ഗുണസമുദ്രമേ, മംഗളരൂപാ, അല്ലയോ രാജാവേ എന്‍റെ വാക്കുകള്‍ കേട്ടാലും. ചൂതുകളിയില്‍ അഭിനിവേശം കൊണ്ട് ശത്രുക്കളാല്‍ പരാജിതനായി ഞാന്‍  ഓരോദിക്കുതോറും ഭിക്ഷുവായി നടക്കുന്നു. ഇപ്പോള്‍ സന്തോഷത്തോടെ അങ്ങയെ കാണാന്‍ ഞാന്‍ ഇവിടെ വന്നിരിക്കുന്നു. ബ്രഹ്മാവ്‌,പരമശിവന്‍ തുടങ്ങിയവര്‍ക്കുള്ള വിഷമം തീര്‍ത്ത് ആഗ്രഹത്തെ നല്‍കുന്ന മഹാവിഷ്ണുവിന്‍റെ കൃപയാല്‍ ഞാന്‍ പാപഹാരികളായ ധാരാളം തീര്‍ത്ഥങ്ങളില്‍ സ്നാനം ചെയ്തു. കങ്കനെന്നാണ് ഇപ്പോള്‍ എന്‍റെ പേര്. നല്ലവരില്‍ വച്ച് നല്ലവനായ അങ്ങയുടെ കൊട്ടാരത്തില്‍ സന്തോഷത്തോടെ കുറച്ചുകാലം താമസിക്കാന്‍ ആഗ്രഹമുണ്ട്. അങ്ങക്ക്‌ മേലില്‍ ക്ഷേമം വരും സംശയമില്ല.