ശശിമുഖി വരിക

രാഗം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 

ഇതി കുരുവൃഷഭേഷു പ്രാപ്തരൂപാന്തരേഷു
ക്ഷിതിരമണനിയുക്തസ്ഥാനധുര്യേഷു തേഷു
ദ്രുപദനൃപതിപുത്രീമാത്തസൈരന്ധ്രിരൂപാം
സ്വപുരമുപഗതാംതാമേവമൂചേ സുദേഷ്ണാ

പല്ലവി:
ശശിമുഖി വരിക സുശീലേ മമ നിശമയ ഗിരമയിബാലേ
അനുപല്ലവി:
ഗജഗമനേ പികലാപേ കചവിജിതകലാപികലാപേ
ചരണം1:
ആരഹോ നീ സുകപോലേ സാക്ഷാല്‍ ചാരുത വിലസുകപോലെ
ഇന്നിഹ നിന്നുടെ വേഷം കണ്ടു വന്നിതു ഹൃദി മമതോഷം
ചരണം2:
ഇന്ദിരയോ രതിതാനോ സുരസുന്ദരികളിലാരാനോ
മന്മഥനും കണ്ടീടും നേരം നിന്മലരടി പണിഞ്ഞീടും
കനിവൊടു വദ പരമാര്‍ത്ഥം മമ മനമിഹ കലയ കൃതാര്‍ത്ഥം

അർത്ഥം: 

ഇങ്ങിനെ കുരുശ്രേഷ്ഠന്‍മാര്‍ ഓരോ രൂപം ധരിച്ച് രാജാവ് നിശ്ചയിച്ച വിവിധ സ്ഥാനങ്ങള്‍ ഏറ്റെടുത്തപ്പോള്‍  സൈരന്ധ്രിയായി തന്‍റെ കൊട്ടാരത്തില്‍ വന്ന പാഞ്ചാലിയോട്‌ സുദേഷ്ണ ഇപ്രകാരം പറഞ്ഞു.

അല്ലയോ ചന്ദ്രനെപ്പോലെ സുന്ദരമായ മുഖത്തോടുകൂടിയവളേ, നല്ല ശീലത്തോടുകൂടിയവളേ, വന്നാലും. ആനയെപ്പോലെ മന്ദമായി നടക്കുന്നവളേ, കുയിലിനെപ്പോലെ ശബ്ദമുള്ളവളേ, മയില്‍പ്പീലിയെ ജയിച്ച തലമുടിയോടുകൂടിയവളേ, സുന്ദരമായ കവിള്‍ത്തടത്തോടുകൂടിയവളേ, സൌന്ദര്യം വിളങ്ങുന്നപോലെയുള്ളവളേ നീ ആരാണ്? നിന്‍റെ വേഷം കണ്ടിട്ട് എനിക്ക് സന്തോഷം തോന്നുന്നു. നീ ലക്ഷ്മീദേവിയാണോ? രതീദേവിയാണോ? അതോ ദേവസുന്ദരികളില്‍ ആരെങ്കിലുമാണോ? കാമദേവന്‍ നിന്നെ കണ്ടാല്‍ നിന്‍റെ കാല്‍ക്കല്‍ വീഴും. ദയവായി സത്യം പറഞ്ഞ് എന്‍റെ മനസ്സിന് സന്തോഷം തന്നാലും.