കണ്ടിവാർ കുഴലീ
ഇത്ഥം വാതത്മജാതസ്സദയമനുനയൻ ആത്മകാന്താം നിശാന്താം
നീത്വാ പശ്ചാദ്ദിനാന്തേ തമസി തമഹിതം പ്രത്യവേക്ഷ്യാധ്യവാത്സീത്
നൃത്താഗാരം മൃഗാരിര്‍ദ്വിപമിവ നിഭൃതം സൂതസൂനുര്‍ന്നിദേശാത്
കൃഷ്ണാകാമാന്തകാനാം തദനു തദുപഗമ്യാത്തമോദം ജഗാദ.
ചരണം1:
കണ്ടിവാര്‍ കുഴലീ എന്നെ കണ്ടീലയോ ബാലേ?
മിണ്ടീടാഞ്ഞതെന്തേ നിദ്രപൂണ്ടീടുകകൊണ്ടോ?
ചരണം2
പ്രേമകോപം പൂണ്ടു മയി കാമിനി വാഴുകയോ?
കാമകേളി ചെയ്‌വതിന്നു താമസിച്ചീടൊല്ലാ.
ചരണം3
വല്ലാതെ ഞാന്‍ ചെയ്ത പിഴയെല്ലാം സഹിക്ക നീ.
സല്ലാപം ചെയ്തീടുകെന്നോടുല്ലാസേന സുദതീ!
ചരണം4
പല്ലവകോമളതനു തല്ലജമെന്തഹോ!
കല്ലിനോടു തുല്യം നീ താനല്ലല്ലീ മാലിനീ?
ഇപ്രകാരം ഭീമസേനൻ തന്റെ പത്നിയെ ദയയോടെ സമാധാനപ്പെടുത്തി പറഞ്ഞയച്ച് ആ രാത്രി കഴിച്ചുകൂട്ടിയിട്ട് പിറ്റേദിവസം സന്ധ്യക്ക്, ഇരുട്ടിൽ സിംഹം എന്നപോലെ ശത്രുവിനെ കാത്ത് നൃത്തശാലയിൽ അനക്കം കൂടാതെ ഇരുന്നു. കീചകനാകട്ടെ പാഞ്ചാലിയുടേയും കാമദേവന്റേയും അന്തകന്റേയും നിർദ്ദേശമനുസരിച്ച് സന്തോഷത്തോടെ ഇപ്രകാരം പറഞ്ഞു.
സുന്ദരീ ബാലേ! നീ എന്നെ കണ്ടില്ലേ? എന്താണ് മിണ്ടാത്തത്? ഉറങ്ങിയതുകൊണ്ടാണോ? എന്നോടു പ്രണയ കലഹത്തിലാണോ? കാമകേളി ചെയ്യാൻ താമസമരുതേ. വല്ലാതെ ഞാൻ ചെയ്ത പിഴകളൊക്കെ നീ ക്ഷമിച്ചാലും. സുന്ദരീ! എന്നോട് സംസാരിച്ചാലും. തളിരുപോലെ കോമളമായ ശരീരമെന്താണ് കല്ലുപോലെയിരിക്കുന്നത്? ഇത് നീ തന്നെയല്ലേ മാലിനീ?