സുന്ദര ശൃണു കാന്താ
പല്ലവി
സുന്ദര! ശൃണുകാന്താ! മാമക വാചം
നിന്ദിതരതികാന്താ!
അനുപല്ലവി
മന്ദപവനനാകും സ്യന്ദനമതിലേറി
കുന്ദവിശിഖനുമമന്ദമരികിലിതാ
വന്നു കണകൾ ചൊരിയുന്നു മുതിർന്നു.
ചരണം 1
നിർജ്ജനമീവിപിനം നിനക്കധീന-
മിജ്ജനമെന്നു നൂനം
നിർജ്ജിതരിപുബല! നിർജ്ജരവരസമ!
സജ്യശരാസിജഗജ്ജയി മന്മഥ-
നുജ്ജ്വലയതി മമ സജ്ജ്വരമധികം.
ചരണം 2
നല്പരിമളസഹിതം ദരദലിത
പുഷ്പനികരഭരിതം
കല്പതരു ശിഖരം കെല്പൊടു കാണുന്നേരം
സ്വല്പമപി മധു കുടിപ്പതിനിഹ വദ
ഷഡ്‌പദമാല മടിപ്പതുമുണ്ടോ?
ചരണം 3
പരിചിനൊടതിരുചിരം വൈകാതേ തവ
തരിക മധുരമധരം
കുരുകുല നായക! കുരു പരിരംഭണം
സ്മരനുടെ കളികളിലുരുസുഖമൊടു തവ
പരവശതകൾ കാണ്മാൻ കൊതി പെരുകുന്നു.
സുന്ദരാ, കാന്താ, കാമദേവനിലും കവിഞ്ഞ സൌന്ദര്യമുള്ളവനേ, എന്റെ വാക്കുകള്‍ കേട്ടാലും. മന്ദമാരുതനാകുന്ന തേരിലേറി തയ്യാറെടുത്ത് കാമദേവന്‍ പെട്ടന്ന് അരികില്‍ വന്ന് അസ്ത്രങ്ങള്‍ ചൊരിയുന്നു. ഏകാന്തമാണീ ഉദ്യാനം. തീര്‍ച്ചയായും ഈയുള്ളവള്‍ ഭവാന് അധീനയുമാണ്. ശത്രുസേനയെ ജയിച്ചവനേ, ഇന്ദ്രതുല്യാ, കുലയേറ്റിയ വില്ലോടുകൂടി ലോകജേതാവായ കാമദേവന്‍ എന്റെ ദു:ഖത്തെ വല്ലാതെ ആളികത്തിക്കുന്നു. നല്ല പരിമളത്തോടെ അല്പമാത്രം വിടര്‍ന്ന പൂക്കുലനിറഞ്ഞ കല്പവൃക്ഷശിഖരം കാണുമ്പോള്‍ സ്വല്പമെങ്കിലും തേന്‍ കുടിക്കുവാന്‍ ഷട്പദങ്ങള്‍ മടിക്കാറുണ്ടോ? പറയുക. അതിമനോഹരമായ ഭവാന്റെ മധുരാധരം വൈകാതെ സാദരം തന്നാലും. കുരുകുലനായകാ, ആലിംഗനം ചെയ്താലും. കാമകേളികളില്‍ ഭവാന്റെ വര്‍ദ്ധിച്ച സുഖത്തോടുകൂടിയ പരവശതകള്‍ കാണാന്‍ കൊതിയേറുന്നു.
മല്ലികാ മികുളേ ഭാതി മഞ്ജു കൂജയന്‍ മധുവ്രത
എന്ന ശ്ലോകത്തെ അടിസ്ഥാനമാക്കി ചിട്ടപ്പെടുത്തിയിട്ടുള്ളതാണ്.