ജയ ജയ നാഗകേതന

രാഗം: 
കഥാപാത്രങ്ങൾ: 

ശ്ലോകം
ഗാന്ധാരകർണ്ണ സുര സിന്ധുജ സിന്ധുരാജ-
ശല്യാദി കല്യതര ബന്ധുജനൈഃ പരീതം.
അദ്ധാ കദാചന സുയോധനമഭ്യുപേത്യ
ബദ്ധാഞ്ജലിസ്സദസി കോപി ജഗാദ ദൂതഃ

പല്ലവി
ജയ ജയ നാഗകേതന! ജഗതീപതേ!
ജയ ജയ നാഗകേതന!
അനുപല്ലവി
നയവിനയജലധേ!
നമാമി നിൻ പദ സരോരുഹം.
ചരണം 1
സാദരം നിന്നുടയ നിദേശം കൈക്കൊണ്ടെല്ലാരും
മേദിനിതന്നിലോരോ ദേശംതോറുമധികം.
മോദേനവാണീടുന്നനിശമുള്ളിലാർക്കുമേ
ഖേദമില്ലൊരു ലവലേശം.
അത്രയുമല്ല,
കുരു പ്രവരനിഹ സുയോധനൻ
രിപുപ്രകര മദ വിനാശനൻ
ഹരിപ്രതിമനതി യശോധനൻ
ഇതി പ്രശംസതി മഹാജനം
ചരണം 2
പാർത്ഥിവേന്ദ്ര, ഞാനിവിടെനിന്നു തിരിച്ചു വേഗം
പാർത്തലം തന്നിൽ സ്വൈരമിന്നു ഗൂഢമായിട്ടു
പാർത്ഥന്മാരെങ്ങു മരുവുന്നുവെന്നുള്ള പര-
മാർത്ഥമറിഞ്ഞീടുവതിന്നു
അവരെ നന്നായ്
വിരഞ്ഞു മുരരിപു പുരത്തിലും
ചിരം ജലനിധികൾ തടത്തിലും
തിരിഞ്ഞു ബഹുജനപദത്തിലും
തിരിഞ്ഞതില്ലൊരു വിധത്തിലും.
ചരണം 3
പിന്നെയുമവരെയന്വേഷിച്ചു വിരാടഭൂപൻ-
തന്നുടെ രാജ്യത്തിൽ ഗമിച്ചു അവിടെയൊരു
കന്നൽമിഴിതന്നെക്കുറിച്ചു കീചകവീരൻ-
തന്നുള്ളിലാഗ്രഹമുദിച്ചു, ഗന്ധർവ്വന്മാരി-
ലൊരുത്തനവനെയും ഹനിച്ചുപോൽ
തരത്തിലനുജരും ധരിച്ചുപോൽ
പെരുത്തരണമതു ഭവിച്ചുപോൽ
കരുത്തനവരെയും വധിച്ചുപോൽ.

അർത്ഥം: 

ശ്ലോകം:-ഒരിക്കല്‍ ഗാന്ധാരരാജാവായ സുബലന്‍, കര്‍ണ്ണന്‍, ഗംഗാപുത്രനായ ഭീഷ്മര്‍, സിന്ധുരാജാവായ ജയദ്രഥന്‍, ശല്യര്‍ മുതലായ സമര്‍ത്ഥന്മാരായ ബന്ധുജനങ്ങളാല്‍ ചുറ്റപ്പെട്ട് സഭയിലിരിക്കുന്ന സുയോധനന്റെ മുന്നില്‍ ഒരു ദൂതന്‍ ചെന്നിട്ട് കൂപ്പുകൈയോടെ പറഞ്ഞു.
പദം:-
നാഗം കൊടിയടയാളമായുള്ളവനേ, ഭൂലോകാധിപതേ, വിജയിച്ചാലും, വിജയിച്ചാലും. നയവിനയങ്ങളുടെ സമുദ്രമേ, അങ്ങയുടെ പാദപത്മത്തെ നമിക്കുന്നു.സാദരം അങ്ങയുടെ കല്പന കൈക്കൊണ്ട് എല്ലാവരും ഭൂമിയില്‍ ഓരോരോ ദേശങ്ങളില്‍ എപ്പോഴും അധികം സന്തോഷത്തോടെ വാഴുന്നു. ആര്‍ക്കും തന്നെ ഉള്ളില്‍ ലേശം പോലും ദു:ഖമില്ല. അത്രമാത്രവുമല്ല, കുരുശ്രേഷ്ഠനായ സുയോധനന്‍ ശത്രുക്കളുടെ അഹങ്കാരത്തെ നശിപ്പിക്കുന്നവനാണ്, സിംഹതുല്യനാണ്, അതിയശ്വസിയാണ്, എന്നിങ്ങനെ ജനങ്ങള്‍ അങ്ങയെ പ്രശംസിക്കുകയും ചെയ്യുന്നു. രാജേന്ദ്രാ, ഞാന്‍ ഇവിടെ നിന്നും വേഗത്തില്‍ തിരിച്ചിട്ട്, ഇന്ന് സ്വൈര്യമായി പാര്‍ത്ഥന്മാര്‍ പാരില്‍ ഗൂഢമായിട്ട് എവിടെയാണ് കഴിയുന്നതെന്നുള്ള പരമാര്‍ത്ഥം അറിഞ്ഞീടുവാനായി  ദ്വാരകയിലും അനവധി സമുദ്രതടങ്ങളിലും വളരെ പ്രദേശങ്ങളിലും അവരെ നന്നായി തിരഞ്ഞു. ഒരു വിധത്തിലും ഒന്നും അറിഞ്ഞില്ല.പിന്നെയും അവരെ അന്യൂഷിച്ച് വിരാടരാജന്റെ രാജ്യത്തില്‍ പോയി. അവിടെ ഒരു സുന്ദരിയെകുറിച്ച് കീചകവീരന്റെ ഉള്ളില്‍ ആഗ്രഹമുറച്ചു. ഗന്ധര്‍വ്വന്മാരില്‍ ഒരുത്തന്‍ അവനെ വധിച്ചുവത്രേ. കീചന്റെ അനുജര്‍ ഇത് ധരിച്ചുപോല്‍. വലിയ രണമുണ്ടായത്രേ. കരുത്തനായ ഗന്ധര്‍വ്വന്‍ അവരേയും വധിച്ചുപോല്‍.

അരങ്ങുസവിശേഷതകൾ: 

വലത്തുവശത്തായി വാള്‍കുത്തിപ്പിടിച്ചുകൊണ്ട് ദുര്യോധനനും, ചാപബാണധാരിയായി കര്‍ണ്ണനും, ഇടതുഭാഗത്തായി ഭീഷ്മരും പീഠങ്ങളില്‍ ഇരിക്കുന്നു. രംഗമദ്ധ്യത്തില്‍ പിന്നില്‍നിന്നും ഇരട്ടിവട്ടം ചവുട്ടിക്കൊണ്ട് പ്രവേശിക്കുന്ന ദൂതന്‍ ‘കിടതധിം,താം’ മേളത്തിനൊപ്പം മുന്നോട്ടുവന്ന് ദുര്യോധനനെ കണ്ട്, കെട്ടിച്ചാടി കുമ്പിടുന്നു. ദുര്യോധനന്‍ അനുഗ്രഹിക്കുന്നു. ഭീഷ്മാദികളേയും കുമ്പിട്ടശേഷം ദൂതന്‍ ദുര്യോധനസമീപം വന്ന് ഓച്ഛാനിച്ച് നില്‍ക്കുന്നു. അനന്തരം ദൂതന്‍ പദാഭിനയം ആരംഭിക്കുന്നു.

പദശേഷം ദുര്യോധനന്‍:(അമ്പരപ്പോടെ ആത്മഗതമായി) ‘കഷ്ടം! ആ സുന്ദരി ആരാണ്? കീചകനെ വധിച്ച ഗന്ധര്‍വ്വന്‍ ഏതാണ്? ഏതായാലും ബന്ധുജനങ്ങളോടുകൂടി ആലോചിക്കുക തന്നെ.’
 
പദാഭിനയവും വട്ടംവെച്ചു കലാശവും കഴിഞ്ഞ് ‘കിടതകധീം,താം’ മേളത്തിനൊപ്പം ദൂതന്‍ ദുര്യോധനനേയും ഭീഷ്മാദികളേയും കുമ്പിട്ട് അനുഗ്രഹം വാങ്ങി പിന്നിലേയ്ക്ക് കാല്‍കുത്തിമാറി നിഷ്ക്രമിക്കുന്നു. അനന്തരം ദുര്യോധനന്‍ എഴുന്നേറ്റ് അടുത്ത പദമാടുന്നു.